
മിടുക്കിയായ ആ പെൺകുട്ടി ചോദിച്ചു:
"അങ്കിളേ,1991ലല്ലേ, ജില്ലാ കൗൺസിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്?'
"അതെ' എന്ന് ഉത്തരം പറയാൻ വള്ളത്തോൾ നഗർ ഡിവിഷനിൽ നിന്നും തൃശൂർ ജില്ലാ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ. രാധാകൃഷ്ണന് രണ്ടുവട്ടം ആലോചിക്കേണ്ടിവന്നില്ല.
"1996ൽ ചേലക്കരയിൽ നിന്ന് ജയിച്ച് ആദ്യമായി മന്ത്രിയായി. അല്ലേ?'
ആ കാലത്തെ ഇ.കെ. നായനാർ മന്ത്രിസഭയിൽ പട്ടികജാതി- പട്ടികവർഗ ക്ഷേമം, യുവജന കാര്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രിയായിരുന്ന അദ്ദേഹം അതും സമ്മതിച്ചു.
"2001ൽ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും പ്രതിപക്ഷ ചീഫ് വിപ്പാവുകയും ചെയ്തു. അല്ലേ?'
അതും വസ്തുത ആയിരുന്നതിനാൽ എതിർക്കുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യേണ്ടിവന്നില്ല.
"2006ൽ തെരഞ്ഞെടുക്കപ്പെടുകയും പന്ത്രണ്ടാം നിയമസഭയിൽ സ്പീക്കറാവുകയും ചെയ്തുവല്ലേ?'
ആ ചോദ്യത്തിനും അനുകൂലമായി തലയാട്ടി.
2021ൽ വീണ്ടും ചേലക്കര നിന്ന് ജയിക്കുകയും മന്ത്രിയാവുകയും ചെയ്തു എന്നു പറഞ്ഞപ്പോഴും പട്ടികജാതി- പട്ടികവർഗ- പിന്നാക്ക വികസന, ദേവസ്വം, പാർലമെന്ററികാര്യ മന്ത്രിയായ കെ. രാധാകൃഷ്ണന്റെ വിചാരം സ്കൂൾ വിദ്യാർഥിയായ പെൺകുട്ടി ഏതോ പ്രോജക്റ്റിന്റെ ഭാഗമായി തന്നെക്കുറിച്ചുള്ള വിവരങ്ങളുടെ കൃത്യത മനസിലാക്കുകയായിരിക്കും എന്നതായിരുന്നു.
ആ പെൺകുട്ടി ഇങ്ങനെ കൃത്യമായി ആണ്ടുവിവരങ്ങൾ ഉൾപ്പെടെ കൃത്യമായി രേഖപ്പെടുത്തി ഉന്നയിച്ചപ്പോഴാണ് താൻ ഇത്രയേറെ സ്ഥാനങ്ങളിൽ എത്തിയതിനെപ്പറ്റി ഓർത്തതെന്നും തുറന്നു പറയാൻ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ രാധാകൃഷ്ണൻ മടിച്ചില്ല.
അതു കഴിഞ്ഞാണ് ആ പെൺകുട്ടിയുടെ ഭാഗത്തുനിന്ന് മന്ത്രിയെ ഞെട്ടിച്ച ചോദ്യമുണ്ടായത്:
"അങ്കിളേ, അങ്കിൾ മരിക്കുമ്പോൾ എത്ര ദിവസം അവധി കിട്ടും?'
തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ കൂത്തമ്പലത്തിൽ കഴിഞ്ഞ ദിവസം മന്ത്രി തന്നെ വിശദീകരിച്ചതാണ് ഈ അനുഭവം..!
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗവുമായിരുന്ന ബി.എസ്. രാജീവിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട "സമഗ്ര' അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷം നിർജീവമായിരുന്നു. രോഗാതുരമായപ്പോഴും പിന്നീട് ജീവിതത്തിലേക്കു തിരിച്ചുവന്ന ഘട്ടത്തിലും സമഗ്ര പുനരാരംഭിക്കണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. അതിന്റെ പുനരുജ്ജീവനത്തിന്റെ ഭാഗമായ "രാജീവം' ഉദ്ഘാടനം ചെയ്തും രാജീവിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം നടൻ ഇന്ദ്രൻസിന് സമർപ്പിച്ചും സംസാരിക്കുകയായിരുന്നു മന്ത്രി.
മരണം നേട്ടമുണ്ടാക്കാനുള്ള ഒന്നായി പുതിയ തലമുറ പോലും കരുതുന്നതിന്റെ ഞെട്ടലാണ് മന്ത്രി രാധാകൃഷ്ണൻ പ്രകടിപ്പിച്ചത്. മരണം മാത്രമല്ല, ജീവിതത്തിൽ പലതും ഇപ്പോൾ ഞെട്ടിക്കുകയോ സ്പർശിക്കുകയോ ചെയ്യാത്തവയായി മാറിയിരിക്കുന്നു.
കഴിഞ്ഞ ദിവസം വന്ന വാർത്ത:
മരിച്ചുപോയ ജീവനക്കാരന്റെ ആനുകുല്യങ്ങൾ നല്കാനും ആശ്രിത നിയമനത്തിനും സർവീസ് ബുക്ക് കാണാനില്ലെന്ന് തടസം നിന്നത് അതുവരെ "ചങ്കാ'യിരുന്ന സഹപ്രവർത്തകർ ഉൾപ്പെടെയുള്ളവർ!
സംസ്ഥാന വിവരാവകാശ കമ്മിഷണർ വിചാരണ ചെയ്തതോടെ 23 വർഷമായി കാണാതിരുന്ന രേഖ 24 മണിക്കൂറിൽ ലഭ്യമായി! ഇടുക്കി ഡിഎംഒ ഓഫിസിൽ നിന്നാണ് ഫയൽ കാണാതായത്. മലപ്പുറത്തായിരുന്നു വിചാരണ. 24 മണിക്കൂറിനകം സർവീസ് ബുക്ക് ഹാജരാക്കിയില്ലെങ്കിൽ സ്വന്തം സർവീസ് ബുക്കിൽ മോശം റിമാർക്ക് വരുമെന്ന് കമ്മീഷണർ എ. അബ്ദുൽ ഹക്കീം താക്കീത് നല്കിയതോടെയാണ് ഫയൽ എത്തിയത്. തലസ്ഥാനത്തെ ചേംബറിൽ കമ്മിഷണർ തിരിച്ചെത്തിയപ്പോൾ ഇടുക്കി ഓഫിസിൽ നിന്ന് സർവീസ് ബുക്കും ഇതര രേഖകളുമായി ഉദ്യോഗസ്ഥരും എത്തുകയായിരുന്നു..!
ഇടുക്കി ഡിഎംഒ ഓഫിസിൽ ആരോഗ്യ വിദ്യാഭ്യാസ പ്രചാരണ വിഭാഗത്തിൽ ഓഫിസറായിരുന്ന ജയരാജൻ സർവീസിലിരിക്കെ മരിച്ചത് 2017ലാണ്. ജയരാജന്റെ സർവീസ് ബുക്ക് 2000 മേയിൽ അക്കൗണ്ടന്റ് ജനറലിന്റെ ഓഫിസിലേക്ക് അയച്ചതിനു ശേഷം മടങ്ങി വന്നിട്ടില്ലെന്നായിരുന്നു ഇതു സംബന്ധിച്ച വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടി.
5 വർഷമായി ബന്ധുക്കൾ നിലമ്പൂരിൽ നിന്ന് പൈനാവിലെത്തി പരാതി പറയുകയായിരുന്നു. അവസാനം വിവരാവകാശ കമ്മിഷണറുടെ ബെഞ്ചിൽ പരാതിയെത്തി. കമ്മിഷൻ ആവശ്യപ്പെട്ട റിപ്പോർട്ടും ഡിഎംഒ ഓഫിസ് സമർപ്പിച്ചില്ല. തുടർന്നായിരുന്നു തെളിവെടുപ്പ്. 2000 ജൂലൈയിൽ തന്നെ ഏജീസ് ഓഫിസിൽ നിന്ന് സർവീസ് ബുക്ക് തിരികെ അയച്ചിരുന്നതായും അത് ഇടുക്കി ഡിഎംഒ കൈപ്പറ്റിയിരുന്നതായും തെളിവെടുപ്പിൽ വിവരാവകാശ കമ്മിഷണർ കണ്ടെത്തി. 24 മണിക്കൂറിനകം അത് ഹാജരാക്കാൻ നിർദേശിച്ചു.ആനുകൂല്യങ്ങൾ ഉടൻ തിട്ടപ്പെടുത്താനും നടപടിക്രമങ്ങൾ പാലിച്ച് സർവീസ് ബുക്ക് ഹെൽത്ത് ഡയറക്റ്റർക്ക് അയയ്ക്കാനും കമ്മിഷണർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇടുക്കി ഡിഎംഒ ഓഫിസിലെ കുറ്റക്കാരായ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും ഉത്തരവായി.
ആലോചിച്ചു നോക്കൂ;
സർവീസിലിരിക്കേ മരിച്ചുപോയ, സഹപ്രവർത്തകനായ ജീവനക്കാരന്റെ കുടുംബത്തെ സഹായിക്കാൻ ചാടിയിറങ്ങേണ്ട ഉത്തരവാദിത്തമുള്ളവർ ചെയ്തത് മനുഷ്യത്വമുള്ളവർക്ക് അംഗീകരിക്കാൻ കഴിയുന്നതാണോ?
നിലമ്പൂരിൽ നിന്ന് പൈനാവിലെ ഇടുക്കി ഡിഎംഒ ഓഫിസിലെത്തി പരാതി പറഞ്ഞിട്ടും അത് കേൾക്കാത്ത ഈ ചുവപ്പുനാടക്കാരെ പുറത്തിറക്കി ജനകീയവിചാരണ ചെയ്ത് ചമ്മട്ടിക്കടിയ്ക്കണമെന്ന് സാധാരണക്കാർ ആഗ്രഹിച്ചുപോയാൽ ആർക്കെങ്കിലും കുറ്റം പറയാൻ കഴിയുമോ?
മരിച്ചുപോയ ഒരാളുടെ കുടുംബത്തിന് ആനുകൂല്യം നൽകാൻ ഇങ്ങനെ വൈകിപ്പിച്ച ഈ ശവംതീനികളുടെ കൈക്കൂലിയോടുള്ള ആർത്തി കേരളീയ സമൂഹം ചർച്ച ചെയ്യണം. ആള് മരിച്ച് 6 വർഷം കഴിഞ്ഞിട്ടും അർഹമായ ആനുകൂല്യം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇക്കൂട്ടരെയൊക്കെ എന്തിനാണ് സർക്കാർ സർവീസിൽ കനത്ത ശമ്പളം കൊടുത്ത് തീറ്റിപ്പോറ്റുന്നത്?
അവശർക്കും ആർത്തർക്കും അത്താണിയാകട്ടെ എന്നു കരുതി കേരളത്തിലെ നന്മയുള്ള മനുഷ്യർ സംഭാവന നൽകുന്നതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. ഒരു നേരത്തെ ആഹാരം ഉപേക്ഷിച്ച് ആ തുക നൽകിയവരുണ്ട്. ഏക വരുമാനമാർഗമായ ആടിനെ വിറ്റ് പണം നൽകിയതൊക്കെ പല തവണ കേട്ടതാണ്. കുടുക്ക പൊട്ടിച്ച് പണം നൽകിയ വിദ്യാർഥികളുടെ എണ്ണം ചെറുതല്ല. അങ്ങനെയൊക്കെയുള്ള പണം അർഹതപ്പെട്ടവർക്ക് നൽകാതെ തട്ടിയെടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ കലക്റ്ററേറ്റുകൾ കേന്ദ്രീകരിച്ച് ഇപ്പോഴും പ്രവർത്തിക്കുന്നത് ഈ നമ്പർ വൺ കേരളത്തിലാണെങ്കിൽ, അവർക്കൊന്നും ഒന്നും സംഭവിക്കുന്നില്ലെങ്കിൽ നമുക്കൊക്കെ, നമ്മുടെ പ്രതികരണ ശേഷിക്ക് എന്തൊക്കെയോ കുഴപ്പങ്ങളുണ്ടെന്ന് ഉറപ്പാണ്.
എറണാകുളം കലക്റ്ററേറ്റിൽ നടന്ന പ്രളയ ഫണ്ട് തട്ടിപ്പിൽ 5 വർഷം പിന്നിട്ടിട്ടും കാര്യമായി ഒന്നും സംഭവിച്ചില്ല. കോടികളുടെ തട്ടിപ്പിന് ഒരു ക്ലർക്കിനു മാത്രം പങ്ക് എന്നു വരുത്തിത്തീർക്കാനാണ് ശ്രമം. സർക്കാർ സംവിധാനങ്ങളുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്ത കേസാണിത്. നഷ്ടപ്പെട്ട തുകയുടെ കൃത്യമായ കണക്കെടുക്കാനോ അത് തിരിച്ചുപിടിക്കാനോ സർക്കാരോ റവന്യു വകുപ്പോ ഇതുവരെ തയാറായിട്ടില്ല.
ഒരേ അക്കൗണ്ടിലേക്ക് ഒട്ടേറെ തവണ തുക നൽകി. 2,753 അക്കൗണ്ട് നമ്പറുകളിലേക്ക് ഇങ്ങനെ 14,94,41,500 രൂപ മാറ്റി. ഗുണഭോക്തൃ പട്ടികയിൽ ഇല്ലാത്ത 288 അക്കൗണ്ടുകളിലേക്ക് രണ്ടു പ്രാവശ്യം വീതം 3,89,27,500 രൂപ നൽകി...
ഇങ്ങനെ ഒരുപാട് വീഴ്ചകളുണ്ടായിട്ടും നടപടി ഉണ്ടാവാതെ വരുമ്പോഴും നിസ്സംഗമായി അത് അംഗീകരിച്ചുപോവുമ്പോഴും ഒരു സമൂഹം എന്ന നിലയിൽ മലയാളികൾക്ക് എന്തോ വലിയ കുറവുകളുണ്ടെന്ന് തിരിച്ചറിയണ്ടേ?
എറണാകുളം കലക്റ്ററേറ്റ് ജീവനക്കാരുടെയും നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ പരിശോധനാ വിഭാഗത്തിന്റെയും പിഴവുകളും ട്രഷറിയിലേതുൾപ്പെടെയുള്ള അപാകതകളും അക്കമിട്ടുനിരത്തുന്ന, 24 ശുപാർശകളുള്ള ഡോ. എ. കൗശിഗൻ റിപ്പോർട്ട് നടപ്പാക്കാനോ പരിശോധിക്കാനോ ഇപ്പോഴും അധികൃതർക്ക് നേരമില്ല. (ആരാണ് കൗശിഗൻ എന്നറിയാമല്ലോ? ഐഎഎസ് ഉദ്യോഗസ്ഥനായ കൗശിഗൻ അന്ന് ലാൻഡ് റവന്യൂ കമ്മിഷറായിരുന്നു).
ആ റിപ്പോർട്ട് അലമാരയിൽ വച്ചതുകൊണ്ട് കൊണ്ട് എന്തു സംഭവിച്ചു? മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് വ്യാപകമായി തട്ടിപ്പ് അരങ്ങേറി. പ്രളയ ദുരിതാശ്വാസ തട്ടിപ്പിന് കാര്യമായ നടപടിയെന്നും ഉണ്ടായില്ലെങ്കിൽ അടുത്ത തട്ടിപ്പ് കുറേക്കൂടി വിപുലമായ നിലയിൽ നടക്കുമെന്ന് ഉറപ്പല്ലേ? അതു നടന്നു.
അതിലെ പ്രതികളും ഒരു കുഴപ്പവും ഇല്ലാതെ കുറേ കഴിയുമ്പോൾ വെളുക്കെച്ചിരിച്ച് ഇനിയും പാവങ്ങൾ മുണ്ടുമുറുക്കി നൽകുന്ന നികുതിപ്പണത്തിന്റെ സിംഹഭാഗവും തിന്നു മുടിക്കും. തട്ടിപ്പുകാർക്കെതിരേ കാര്യമായ നടപടിയൊന്നും പ്രതീക്ഷിക്കേണ്ട. സദ്ഭരണ പുരസ്കാരവും മാതൃകാ സമ്മാനവും എന്ന് അവരെ തേടിയെത്തുമെന്നു മാത്രം നോക്കിയാൽ മതി. അന്നും വലിയ ഞെട്ടലിനൊന്നും മുതിരാത്ത സമൂഹമായി നമ്മൾ ഇവിടൊക്കെത്തന്നെ ഉണ്ടാവും!