
"ഞാൻ പൂർണത്രയീശനെ സദാ ഹൃദയത്തിൽ ആരാധിക്കുന്ന ഒരുവളാണ്. അതിൽ തൊട്ടടുത്തു തന്നെ അങ്ങും സ്ഥാനം പിടിച്ചു. ഇവന് ജീവൻ കൊടുത്തത് അങ്ങാണ്. അതുകൊണ്ടാണ് ഇവനെ അങ്ങയുടെ പാദങ്ങളിൽ സമർപ്പിക്കണം എന്ന് അതിയായ ആശ' എന്നു പറഞ്ഞ് തൃപ്പുണിത്തുറ സ്വദേശി പാർവതി മുംബൈയിൽ സർജൻമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ഡോ. പി.കെ.ആർ. വാര്യരുടെ കാലിൽ മകനൊപ്പം സാഷ്ടാംഗം വീണ് നമസ്കരിക്കാനൊരുങ്ങിയത് "അനുഭവങ്ങൾ അനുഭാവങ്ങൾ' എന്ന ആത്മകഥയിൽ വിശദീകരിച്ചിട്ടുണ്ട്. പിറന്നു നാലം ദിനം മരണത്തിലേക്കു നടന്ന മകനെ സങ്കീർണമായ ശസ്ത്രക്രിയ ആധുനിക സൗകര്യങ്ങളൊന്നും ഇല്ലാത്ത ആശുപത്രിയിൽ ചെയ്ത് പുനർജന്മം നൽകിയ ഡോക്ടറെ ഒരമ്മയ്ക്ക് അങ്ങനെയേ കാണാൻ കഴിയൂ. അതുകൊണ്ടാണ് അത്തരം ഡോക്റ്റർമാർ ഇപ്പോഴും ജനഹൃദയങ്ങളിൽ ദൈവമായി വിരാജിക്കുന്നത്.
ഇനി സർക്കാരിന്റെ അന്വേഷണ റിപ്പോർട്ടിലെ വിവരം:
കാല് മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ കോഴിക്കോട് നാഷണല്‍ ആശുപത്രിയിലെ ഡോ. പി. ബെഹിര്‍ ഷാന്‍ പിഴവ് പറ്റിയെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് അഡീഷണല്‍ ഡിഎംഒ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംഭവത്തില്‍ വിശദമായി അന്വേഷണം ആവശ്യമാണെന്നാണ് ശുപാർശ. നാഷണല്‍ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം മേധാവി കൂടിയാണ് ഡോ. പി. ബെഹിര്ഷാന് എന്നതും ഓർക്കണം. പരാതി വന്ന ദിവസം ആശുപത്രി മാനെജ്മെന്റുമായി നടത്തിയ ചര്‍ച്ചയുടെ ദൃശ്യങ്ങളില്‍ ബഹിര്ഷാന് തനിക്കു തെറ്റു പറ്റിയെന്ന് സമ്മതിക്കുന്നതിന്റെ വീഡിയോ എടുത്തുവച്ചതാണ് പരാതിക്കാരിക്ക് ഗുണകരമായത്.
വാതിലിനുള്ളില്‍ കുടുങ്ങി കാലിന്റെ ഞരമ്പിന് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് പരാതിക്കാരി ആശുപത്രിയില്‍ ചികിത്സ തേടിയത്. ഏറെ കാലത്തെ ചികിത്സയ്ക്കു ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്കായി രോമം നീക്കി വൃത്തിയാക്കിയ ഇടതുകാലിന് പകരം രോമം കളയാത്ത വലതു കാലിന് ശസ്ത്രക്രിയ നടത്തുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് മയക്കം വിട്ടപ്പോള്‍ കാല് അനക്കാന്‍ പറ്റാതായതോടെയാണ് ഇടതു കാലിന് പകരം വലതു കാലിനാണ് ശസ്ത്രക്രിയ നടത്തിയതെന്ന് തിരിച്ചറിഞ്ഞത്. എന്നാൽ രണ്ട് കാലുകൾക്കും ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു എന്നാണ് ആശുപത്രി അധികൃതരുടെ വാദം. അതിനിടയിൽ തെറ്റ് പറ്റിയതായി ഡോക്റ്റർ സമ്മതിക്കുന്ന വീഡിയോ ആണ് ആശുപത്രിക്ക് തിരിച്ചടിയായത്.
ഇതിത്രയും എഴുതിയത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) സംസ്ഥാന ഘടകം നാളെ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള സമരത്തിന്റെ പശ്ചാത്തലത്തിലാണ്. ആശുപത്രി സംരക്ഷണ നിയമം പരിഷ്കരിച്ച് പുതിയ രീതിയില്‍ കൊണ്ടുവരുവാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനത്തെ ഐഎംഎ സഹര്‍ഷം സ്വാഗതം ചെയ്യുന്നു എന്നു പറഞ്ഞാണ് കോഴിക്കോട് ഫാത്തിമ ആശുപത്രിയില്‍ ഡോക്റ്റര്‍ക്കെതിരെ നടന്ന അതിക്രമത്തിനെതിരെ ഡോക്റ്റർമാരുടെ സംഘടന സമരം പ്രഖ്യാപിച്ചത്. ഈ നിയമം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയെ അറിയിക്കുകയും ചെയ്തു. രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ ചികിത്സയില്‍ നിന്നും മാറിനിന്നാണ് മെഡിക്കല്‍ സമരം നടത്തുകയെന്നാണ് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സുള്‍ഫി നൂഹു, സെക്രട്ടറി ഡോ. ജോസഫ് ബെനവന്‍ എന്നിവരുടെ പ്രഖ്യാപനം.
വിജയവാഡയിലെ വിദ്യാസാഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ ആൻഡ് അലൈഡ് സയൻസസിലെ ഡയറക്റ്റർ ഇ. രാമസുബ്ബൂ ഇന്ത്യയിലെ ആരോഗ്യരംഗത്ത് ചികിത്സകർ കൈയേറ്റം ചെയ്യുന്നത് വൈറൽരോഗം പോലെ പടരുന്നു എന്ന് നിരീക്ഷിച്ചെഴുതിയതിൽ ഒരു കാര്യം വ്യക്തമാക്കിയിട്ടുണ്ട്: "മെഡിക്കൽ കരിക്കുലത്തിൽ ക്ലിനിക്കൽ ബിഹേവിയർ പഠിപ്പിക്കുന്നുണ്ടെങ്കിലും "സഹാനുഭൂതി'യെപ്പറ്റി മിണ്ടുന്നേയില്ല!'
അതുതന്നെയാണ് ഇപ്പോൾ ഐഎംഎയുടെ സമര പ്രഖ്യാപനത്തിലും കാണാൻ കഴിയുന്നത്. ഈ സമരം കൊണ്ട് ആർക്കാണ് പ്രശ്നം? പാവപ്പെട്ടവരെ മാത്രമേ ഈ സമരം ബാധിക്കൂ. നാടാകെ പനിയും ചുമയും കൊണ്ട് പൊറുതിമുട്ടുന്ന ഒരു രോഗകാലം തന്നെ ഐഎംഎ സമരത്തിന് തെരഞ്ഞെടുത്തു എന്നത് അതിശയകരമാണ്. നേരത്തേ പറഞ്ഞ "സഹാനുഭൂതി' സംഘടനാ നേതൃത്വത്തിലുള്ളവർക്കു പോലും ഇല്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ സമരപ്രഖ്യാപനം എന്ന് പറയാതെ നിവൃത്തിയില്ല.
ഈ സമരം മൂലം സ്വകാര്യ ആശുപത്രികൾക്ക് ഒന്നും സംഭവിക്കില്ല. കാരണം, അവിടെ ഒപിയിലെത്തുന്നവർക്ക് അത്യാഹിത വിഭാഗങ്ങളിലൂടെ ചികിത്സ ഉറപ്പാക്കും. സർക്കാർ ആശുപത്രികളിൽ സമരം ചെയ്യുന്നവർക്ക് ഒന്നും നഷ്ടപ്പെടാനില്ലാത്തതിനാൽ പാവപ്പെട്ടവരും പട്ടിണിക്കാരും ചുമച്ചും തളർന്നും അവരുടെ ആയുസിന്റെ ബലം അനുവദിക്കുമെങ്കിൽ അടുത്തദിവസം മരുന്നു വാങ്ങാൻ വന്നെന്നിരിക്കും. അല്ലെങ്കിൽ, അവരൊക്കെ അനിവാര്യമായ വിധിയെ പുൽകും. അവരൊക്കെ എല്ലാക്കാലത്തും ജീവിതത്തിന്റെ പുറമ്പോക്കിലാണ്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവരൊന്നും ഒരു കാലത്തും ഇവിടത്തെ ഒരു സംഘടനയുടെയും കണക്കുകളിൽ ഉണ്ടാവാറില്ലല്ലോ.
ഡോക്റ്ററെ ആക്രമിച്ച സംഭവത്തെ ഒരു കാരണവശാലും ന്യായീകരിക്കുകയല്ല. പ്രസവത്തിനിടെ കുഞ്ഞ് മരിച്ച ആളിന്റെ ബന്ധുക്കളാണ് ഡോക്റ്ററുടെ ഭർത്താവു കൂടിയായ ഹൃദ്രോഗ വിദഗ്ധനെ മർദിച്ചത്. ചികിത്സയ്ക്കായി പ്രവേശിപ്പിച്ച കുന്നമംഗലം സ്വദേശിയുടെ കുഞ്ഞ് പ്രസവ ശസ്ത്രക്രിയക്കിടെ മരിച്ചിരുന്നു. പനി ബാധിച്ചാണ് ഗർഭിണി ആശുപത്രിയിലെത്തിയത്. കുഞ്ഞ് മരിച്ചതോടെയാണ് ആശുപത്രിയിൽ സംഘർഷം ഉണ്ടായത്. സിസേറിയനെ തുടർന്ന് സ്ത്രീയുടെ സ്ഥിതി മോശമായെന്നും സ്കാൻ റിപ്പോർട്ട് നൽകിയില്ലെന്നും രോഗാവസ്ഥ അറിയിച്ചില്ലെന്നുമാണ് ബന്ധുക്കളുടെ പരാതി. ഈ പരാതിയും പരിഗണിക്കണം. രണ്ടിലും നിയമപ്രകാരം നടപടികൾ അടിയന്തരമായി സ്വീകരിക്കുകയാണ് വേണ്ടത്.
ചികിത്സകർ ഒരു കാലത്തും ആക്രമിക്കപ്പെടാൻ പാടില്ല. ഒരു രോഗി വരുമ്പോൾ എന്താണ് അസുഖമെന്നും അതിന്റെ സങ്കീർണതകൾ എന്താണെന്നും വിശദീകരിച്ചുനൽകാൻ ഡോക്ടർമാർ തയാറാവണം. ചികിത്സാ രേഖകൾ രോഗിയുടെ അവകാശമാണ്. അത് സ്വകാര്യ ആശുപത്രികൾ രഹസ്യമായി സൂക്ഷിക്കേണ്ടതല്ല. അക്കാര്യത്തിൽ ഓരോ ദിവസവും നൽകുന്ന ചികിത്സകൾ എന്തൊക്കെയാണെന്നും രേഖപ്പെടുത്തുന്നത് രോഗിക്ക് നൽകണം. ഇതിനൊന്നും പരിഹാരം കാണാതെ കേരളത്തിലെ ചികിത്സാ രംഗത്തെ സംഘർഷാവസ്ഥ പരിഹരിക്കപ്പെടില്ല. രോഗികളുടെ അവകാശവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
സംസ്ഥാനത്തെ ഭരണ നേതൃത്വത്തോട്, പ്രത്യേകിച്ച് ആരോഗ്യ മന്ത്രിയോട് ഒരഭ്യർഥന. ഐഎംഎ പോലൊരു സംഘടന ഒരു സമരത്തിന് ആഹ്വാനം ചെയ്യുമ്പോൾ അത് ഒഴിവാക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്. അതുകൊണ്ട് ഇന്ന് ഒറ്റ ദിവസമേയുള്ളൂ എന്നത് പരിമിതിയായി കാണാതെ അത് അവസരമാക്കി ഈ പനിക്കാലത്ത് ഇത്തരമൊരു സമരത്തിൽനിന്ന് പിന്മാറണമെന്ന് അഭ്യർഥിച്ചാൽ ഒരു പക്ഷെ, സമരം അവസാനിച്ചുകൂടെന്നില്ല.
6 മാസം കഴിയുമ്പോൾ മന്ത്രിയാകാനുള്ള കെ.ബി. ഗണേഷ് കുമാർ ഡിസംബര്‍ 17ന് തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ഒടുവിൽ സര്‍ജറി ചെയ്ത സ്ത്രീയുടെ അവസ്ഥ കഴിഞ്ഞ ദിവസം നിയമസഭയിൽ അവതരിപ്പിച്ചത് ഇങ്ങനെ: "ആ സഹോദരിയുടെ വയറ് ചക്ക വെട്ടിപ്പൊളിച്ചതു പോലെയോ, ഒരു അലമാര തുറന്നിട്ടിരിക്കുന്നതു പോലെയോ വെട്ടി വച്ചിരിക്കുകയാണ്!' ആ പ്രസംഗം ഓൺലൈനിൽ ലഭ്യമാണ്. കുറഞ്ഞ പക്ഷം ഐഎംഎ അംഗങ്ങളെങ്കിലും അത് കേൾക്കണം.
മുമ്പ് സ്വകാര്യ ആശുപത്രികളിൽനിന്ന് എന്ത് പ്രശ്നമുണ്ടായാലും തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്കായിരുന്നു അവസാനത്തെ അത്താണിയായി രോഗികളെ അയച്ചിരുന്നത്. ആ ആശുപത്രി ഇങ്ങനെയാക്കിയ രോഗിയെ ശുശ്രുൂഷിക്കാനുള്ള ചുമതല ആസ്റ്റർ മെഡ്സിറ്റി ഏറ്റെടുത്തു. നല്ലത്. അതിന് അവരെ അഭിനന്ദിക്കുന്നു. പക്ഷെ, അതിന്റെ പേരിൽ തിരുവനന്തപുരം മെഡിക്കൽ കോളെജിലെ സർജറി വിഭാഗത്തിന്റെ ശിരസ് ഇനി കുറേ നാളത്തേക്കെങ്കിലും ഉയർത്തുന്നത് എളുപ്പമല്ല. ഒരു കൂട്ടം മഹത്തായ ഡോക്ടർമാർ അവരുടെ ജീവിതം നൽകി കെട്ടിപ്പടുത്ത സ്ഥാപനങ്ങളാണ് ചിലർ ചവിട്ടിമെതിക്കുന്നത്. പിഎസ്സി പരീക്ഷയില്‍ പങ്കെടുത്ത ഭൂരിഭാഗം ഡോക്ടര്‍മാര്‍ക്കും അവരുടെ ജോലിയെപ്പറ്റി വിവരമുണ്ടായിരുന്നില്ല എന്നും പൊതുവിവരത്തിന്റെ കാര്യത്തിലും വളരെയേറെ പിന്നിലായിരുന്നു എന്നും പറഞ്ഞത് പിഎസ്സി ചെയർമാനായിരിക്കവേ ഡോ. കെ.എസ്. രാധാകൃഷ്ണനാണ്. അതും ഇതിനൊപ്പം കൂട്ടിവായിക്കാം.
തുടങ്ങിയത് പി.കെ.ആർ. വാര്യരിൽ നിന്നാണല്ലോ. അദ്ദേഹത്തിൽ തന്നെ അവസാനിപ്പിക്കാം: "ഇന്നത്തെ പണപ്പെരുപ്പത്തിൽ വൈദ്യശാസ്ത്രവും കച്ചവടവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്നുണ്ടോ? അതിനെ ജനകീയമാക്കേണ്ടതല്ലേ?' -ആ ചോദ്യം കേരളം ഏറ്റെടുക്കേണ്ടതല്ലേ?