
വിജയ് ചൗക്ക് | സുധീര്‍ നാഥ്
ദേശീയ രാഷ്ട്രീയത്തില്‍ കര്‍ണാടകയ്ക്ക് വലിയ ചരിത്രമുണ്ട്. തെക്കേ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളോടും അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് കര്‍ണാടക. അതുകൊണ്ടുതന്നെ അയല്‍ സംസ്ഥാനങ്ങളുടെ രാഷ്ട്രീയവും കര്‍ണാടക രാഷ്ട്രീയത്തിന് പ്രേരക ശക്തിയാകാറുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ആറാമത്തെ സംസ്ഥാനവും, തെക്കേ ഇന്ത്യയിലെ വലിയ സംസ്ഥാനവുമാണ് കര്‍ണാടക. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയ മലക്കം മറിച്ചിലുകളുടെ കേന്ദ്രമാണ് കര്‍ണാടക. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പല വഴിത്തെരിവുകള്ക്കും തുടക്കം കര്‍ണാടകയില്‍ നിന്നാണെന്ന് ചരിത്രം സാക്ഷിയാണ്. 5 തവണയാണ് കര്‍ണാടകയില്‍ രാഷ്ട്രപതി ഭരണം ഉണ്ടായത് എന്നതിനാൽത്തന്നെ അവിടത്തെ രാഷ്ട്രീയ അവസ്ഥ ഊഹിക്കാവുന്നതാണ്.
കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ ശക്തിയുള്ള ഒരു പ്രദേശമാണ് കര്‍ണാടക. അതിന് കാലങ്ങളുടെ പഴക്കമുണ്ട്. അതുകൊണ്ടാണ് 16ാം നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു തിരിച്ചുവരവിന് വഴിവച്ചത്. രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയായിരുന്ന കോണ്‍ഗ്രസിന് എല്ലായിടത്തും വേരുകളുണ്ട്. പക്ഷെ, രാഷ്ട്രീയ പാപ്പരത്തം കാരണം അവര്‍ക്ക് നഷ്ടക്കണക്കുകളാണ് എല്ലാ തെരഞ്ഞെടുപ്പിലും ലഭിച്ചുവന്നിരുന്നത്. കോണ്‍ഗ്രസിന്റെ വേരുകള്‍ക്ക് ഉണര്‍വ് പകരുന്ന, വെള്ളവും വളവും ഇട്ടാല്‍ അത് വീണ്ടും തളിർക്കുമെന്നു സൂചന നൽകുന്നതാണ് ഈ കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം നല്കുന്ന രാഷ്ട്രീയ പാഠം.
1950ല്‍ ഇന്ത്യ റിപ്പബ്ലിക്കായി. 1956 നവംബര്‍ ഒന്നാം തീയതി ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിച്ചപ്പോള്‍ മൈസൂര്‍ എന്നായിരുന്നു സംസ്ഥാനത്തിന്റെ ആദ്യ പേര്. 1973 നവംബര്‍ ഒന്നു വരെ മൈസൂര്‍ സംസ്ഥാനം എന്ന പേരില്‍ തന്നെയാണ് ഈ പ്രദേശം അറിഞ്ഞിരുന്നത്. 1973 നവംബര്‍ ഒന്നിന് കര്‍ണാടക എന്ന് പുനര്‍നാമീകരണം ചെയ്യുകയാണ് ഉണ്ടായത്. ഒട്ടേറെ വിവാദങ്ങള്‍ക്കും, തര്‍ക്കങ്ങള്‍ക്കും ശേഷമാണ് കര്‍ണാടക എന്ന പേര് നല്‍കുന്നത്. അന്ന് കോണ്‍ഗ്രസ് നേതാവായിരുന്ന ദേവരാജ് അരശ് ആയിരുന്നു കര്‍ണാടക മുഖ്യമന്ത്രി. നവംബര്‍ ഒന്നിന് മലയാളികള്‍ കേരളപ്പിറവി ആചരിക്കുന്നതു പോലെ തന്നെ, നവംബര്‍ ഒന്നിന് കര്‍ണാടകപ്പിറവി ദിനം കര്‍ണാടക രാജോത്സവ് എന്ന പേരിൽ കന്നഡികർ ആഘോഷിക്കുന്നു.
കര്‍ണാടക രാഷ്ട്രീയത്തില്‍ ജാതി- മത ശക്തികള്‍ വളരെ ശക്തമാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇത് കണ്ടുകൊണ്ട് തന്നെയാണ് എല്ലാ രാഷ്ട്രീയ കരുനീക്കങ്ങളും തീരുമാനങ്ങളും എടുക്കുന്നത്. അതില്‍ ഏറ്റവും പ്രധാനം ഹിന്ദു മതത്തിലെ തന്നെ രണ്ട് പ്രബല വിഭാഗങ്ങളാണ്. ലിഗായത്ത, വൊക്കലിഗ എന്നിവർ. മൈസൂര്‍ സംസ്ഥാനം വേണമെന്ന് ശാഠ്യം പിടിക്കുകയും അതിനു വേണ്ടി ശക്തിയുക്തം വാദിക്കുകയും ചെയ്ത ഒരു വ്യക്തിയാണ് എസ്. നിജലിംഗപ്പ. പഴയ മൈസൂരിലെ ചിത്രദുര്‍ഗയില്‍ നിന്നുള്ള നേതാവാണ് നിജലിംഗപ്പ. 1973ല്‍ മൈസൂര്‍ സംസ്ഥാനം കര്‍ണാടകമായി മാറിയത് ലിംഗായത്ത് സമുദായത്തെ ചൊടിപ്പിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. വര്‍ണ വ്യവസ്ഥയിലും ജാതിയിലും ലിംഗായത്ത് സമുദായം വിശ്വസിച്ചിരുന്നില്ല. ക്ഷേത്രങ്ങളില്‍ ബ്രാഹ്മണ പൂജാരികള്‍ വേണ്ടെന്നു തീരുമാനിച്ച വിഭാഗമാണ് ലിംഗായത്ത്. 12 ാം നൂറ്റാണ്ടില്‍ ജീവിച്ച ബസവേശ്വരന് എന്ന പണ്ഡിതനാണ് ലിംഗായത്ത് സമുദായം രൂപീകരിക്കുന്നത്. ഇന്ന് കര്‍ണാടകയില്‍ 20 ശതമാനത്തോളം ലിംഗായത്ത് സമുദായാംഗങ്ങള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇവര്‍ രാഷ്ട്രീയത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നുമുണ്ട്. ലിംഗായത്ത് സമുദായത്തെ ചൊടിപ്പിക്കുന്ന ഒട്ടേറെ തീരുമാനങ്ങള്‍ അടുത്ത കാലത്ത് കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടായതാണ് ഇപ്പോള്‍ കോണ്‍ഗ്രസിന് അനുകൂലമായി ലിംഗായത്ത് വിഭാഗം നില്ക്കാന് കാരണമായത് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
ലിംഗായത്ത് സമുദായം പോലെ വളരെ പ്രബലമായ കര്‍ണാടകയിലെ മറ്റൊരു സമുദായമാണ് വൊക്കലിഗ എന്ന വിഭാഗവും. രാഷ്ട്രീയത്തില്‍ അതിശക്തമായ ഇടപെടലുകള്‍ നടത്തുന്ന ഹിന്ദു വിഭാഗമാണ് ഇവര്‍. പ്രധാനമായും പഴയ മൈസൂര്‍ നാട്ടുരാജ്യ പ്രദേശങ്ങളിലും ദക്ഷിണ കന്നഡയിലും അധിവസിക്കുന്നതും പരമ്പരാഗതമായി കാര്‍ഷിക വൃത്തി മുഖ്യതൊഴിലായി സ്വീകരിച്ചിരുന്നതുമായ പൊതുപൈതൃകമുള്ള വിവിധ സമുദായങ്ങളെ പൊതുവായി അറിയപ്പെടുന്ന നാമമാണ് വൊക്കലിഗ എന്നത്. കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെടുന്ന ആളുകളാണ് കൂടുതലായും വൊക്കലിഗ വിഭാഗത്തിലുള്ളത്. ഇവര്‍ കര്‍ഷകര്‍ മാത്രമായിരുന്നില്ല, നല്ല പോരാളികള്‍ കൂടിയായിരുന്നു. അതിശക്തമായ രീതിയില്‍ മൈസൂര്‍ ഭാഗങ്ങളില്‍ രാഷ്ട്രീയ ഗതി നിര്‍ണയിച്ച വിഭാഗമാണ്. ഈ വിഭാഗത്തില്‍ നിന്ന് ഒട്ടേറെ പ്രമുഖര്‍ ദേശീയ രാഷ്ട്രീയത്തില്‍ വരെ എത്തിയിട്ടുണ്ട്. ഇതില്‍ വളരെ പ്രമുഖനാണ് ബംഗളൂരു നഗരം സ്ഥാപിച്ച നാട്ടുപ്രഭുവായ കെംപേഗൗഡ. എച്ച്.ഡി. ദേവഗൗഡയും, എസ്.എം. കൃഷ്ണയും, കുമാരസ്വാമിയും, സദാനന്ദ ഗൗഡയുമെല്ലാം ഈ വിഭാഗത്തില്‍ നിന്നുള്ള നേതാക്കളാണ്. വൊക്കലിഗ സമുദായാംഗങ്ങള്‍ പേരിനൊപ്പം തങ്ങളുടെ ഉപജാതി നാമങ്ങളും ഉപയോഗിക്കാറുണ്ട്. ഇതില്‍ ഏറ്റവും പ്രമുഖമായതാണ് ഗൗഡ എന്നത്. ഭാഷാടിസ്ഥാനത്തിലും മറ്റനേകം ഉപജാതി നാമങ്ങളുണ്ടെങ്കിലും സാധാരണ രീതിയില്‍ ഗൗഡ, വൊക്കലിഗ എന്നിവ പര്യായ പദങ്ങളായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ മറ്റ് സമുദായങ്ങളിലും ഗൗഡ എന്ന പേര് സ്ഥാനനാമമായി സ്വീകരിച്ചിട്ടുണ്ട്.
1969 വരെ കോണ്‍ഗ്രസും ലിംഗായത്ത വിഭാഗവും വൊക്കലിഗ വിഭാഗവും ഒരു പ്രശ്നവുമില്ലാതെ മുന്നോട്ടുപോയി. 1969ൽ കോണ്‍ഗ്രസ് ദേശീയതലത്തില്‍ തന്നെ രണ്ടാകുന്നു. ഈ പിളർപ്പ് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള കോണ്‍ഗ്രസിന്റെ ഭാവിയെ തുലാസിലാക്കുന്നുണ്ട്. കര്‍ണാടകയിലും കോണ്‍ഗ്രസ് രണ്ടായി. ഇന്ദിര ഗാന്ധി നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ് ആർ, മറുപക്ഷത്ത് കോണ്‍ഗ്രസ് സിൻഡിക്കേറ്റ് എന്നീ പേരിലായിരുന്നു രണ്ടാകല്‍. ഇന്ദിര വിഭാഗത്തെ എതെര്ത്ത കോണ്‍ഗ്രസ് സിന്‍ഡിക്കേറ്റ് വിഭാഗത്തെ നയിച്ചിരുന്നത് നിജലിംഗപ്പ ആയിരുന്നു. ഇന്ദിരയെ പിന്തുണച്ച് കോണ്‍ഗ്രസ് (ആർ) വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഉണ്ടായത് ദേവരാജ് അരസ് ആയിരുന്നു. അന്ന് അത്ര പ്രശസ്തനല്ലാതെരുന്ന ഒരു നേതാവ് രംഗപ്രവേശനം ചെയ്യുന്നത് കര്‍ണാടകയിലെ കോണ്‍ഗ്രസ് ചരിത്രത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ദേവരാജ് അരശ് വളരെ സ്വാധീനമുള്ള കോണ്‍ഗ്രസ് നേതാവായി വളരുകയാണ്. കോണ്‍ഗ്രസിന്റെ തലപ്പത്ത് എത്തുന്ന അദ്ദേഹം ഒരു വലിയ ചര്‍ച്ചാവിഷയം തന്നെയായി മാറി. 1972ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ദിര ഗാന്ധിയുടെ കോണ്‍ഗ്രസ് ആര് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുന്നു, ദേവരാജ് അരശ് മുഖ്യമന്ത്രിയാകുന്നു.
കര്‍ണാടക ചരിത്രത്തില്‍ ആദ്യമായി ഒരു ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള നേതാവ് മുഖ്യമന്ത്രി ആവുകയാണ്. ഇദ്ദേഹമാണ് ലിംഗായത്ത് സമുദായത്തിന്റെ കടുംപിടുത്തത്തില്‍ നിന്നിരുന്ന മൈസൂര്‍ സംസ്ഥാനം എന്നുള്ള പേര് നീക്കം ചെയ്യുകയും, കര്‍ണാടക എന്ന സംസ്ഥാന നാമം നിലവില്‍ കൊണ്ടുവരികയും ചെയ്തത്. ഇദ്ദേഹം കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമപ്രകാരം 23 ഏക്കറില്‍ നിന്ന് 10 ഏക്കറായി ഒരു വ്യക്തിക്ക് ചുരുക്കിയത് വിപ്ലവകരമായ ഒരു തീരുമാനമായിരുന്നു. അടിയന്തരാവസ്ഥാ കാലമായതിനാല്‍ മുഖ്യമന്ത്രിയായ ദേവരാജ അരശിന് ഒട്ടേറെ രാഷ്ട്രീയ തീരുമാനങ്ങള്‍ ഇത്തരത്തില്‍ നടപ്പിലാക്കാനായി. അടിയന്തരാവസ്ഥയ്ക്ക് ശേഷം ചിക്കമംഗലൂരില്‍ നിന്ന് ഇന്ദിരയെ ജയിപ്പിച്ചതും ദേവരാജ അരസ് എന്ന ഇന്ദിരാ ഭക്തന് തന്നെയായിരുന്നു.
പക്ഷെ ഈ ഭക്തി ഏറെ നാള് നീണ്ടു നിന്നില്ല. ഇന്ദിരയുമായി തെറ്റിപ്പിരിഞ്ഞ ദേവരാജ് അരശ്, കർണാടകയിൽ കോണ്‍ഗ്രസ് അരശ് വിഭാഗം എന്ന പേരില്‍ പ്രവര്‍ത്തിച്ചു. അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസിലെ ഇന്ദിരാ വിഭാഗം അവിശ്വാസ പ്രമേയം കൊണ്ടുവന്നെങ്കിലും വിജയിക്കാനായില്ല. പക്ഷേ 1980ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ദിരാ കോണ്‍ഗ്രസ് വലിയ രീതിയിലുള്ള വിജയം കൈവരിച്ചു. തുടര്‍ന്ന് വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവന്ന് വിജയിപ്പിക്കുകയും മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് ദേവരാജിനെ താഴെയിറക്കുകയും ചെയ്തു.
കര്‍ണാടക രാഷ്ട്രീയത്തിലെ വലിയ ഗതി നിര്‍ണയിക്കുന്ന കാലഘട്ടമാണ് പിന്നീടുണ്ടായത്. 1977ല്‍ ജനസംഘം ജനതാ പാര്‍ട്ടിയുമായി ലയിക്കുന്നതും രാജ്യഭരണം പിടിക്കുന്നതും രാഷ്ട്രീയ ഇന്ത്യയുടെ ചരിത്രത്തിലെ പ്രധാന ഭാഗമാണ്. എന്നാൽ ആർഎസ്എസ് ബന്ധമുള്ള ജനസംഘക്കാർ ജനതാ പാർട്ടിയിൽ നിന്നു പുറത്തുവന്ന് 1980ല്‍ അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിൽ ഭാരതീയ ജനതാ പാർട്ടി രൂപീകരിക്കുന്നു. 1983ലെ കര്‍ണാടക നിയമസഭയില്‍ ബിജെപി മത്സരിച്ചു. 18 സീറ്റുകളാണ് അന്ന് ബിജെപിക്ക് ലഭിച്ചത്. രാജ്യത്താദ്യമായി ബിജെപി ജയിക്കുന്നത് കര്‍ണാടക നിയമസഭയിലേക്കാണ് എന്നതും ചരിത്രമാണ്. കര്‍ണാടകയില്‍ ഒരു കോണ്‍ഗ്രസ് ഇതര മന്ത്രിസഭ ആദ്യമായി രൂപം കൊള്ളുന്നതും 83ലെ തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ്. അന്ന് അപ്രതീക്ഷിതമായി മുഖ്യമന്ത്രിയായ വ്യക്തിയാണ് രാമകൃഷ്ണ ഹെഗ്ഡേ; പില്ക്കാലത്ത് ദേശീയ രാഷ്ട്രീയത്തില്‍ പോലും ഇടംപിടിച്ച നേതാവ്.
മുഖ്യമന്ത്രിയായ രാമകൃഷ്ണ ഹെഗ്ഡേ ഒട്ടേറെ മാതൃകാപരമായ കാര്യങ്ങള്‍ ചെയ്തു എന്നതില്‍ സംശയമില്ല. ഇന്ന് നാമെല്ലാം പറയുന്ന ലോകായുക്തയ്ക്ക് തുടക്കം കുറിച്ചത് അദ്ദേഹമാണ്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അദ്ദേഹം കൊണ്ടുവന്നതാണ്. പാവങ്ങളായ ജനസമൂഹത്തെ സംരക്ഷിക്കുന്ന പല പദ്ധതികൾക്കും അദ്ദേഹം തുടക്കമിട്ടു. ഇതൊക്കെ മറ്റ് സംസ്ഥാനങ്ങളില്‍ പിന്നീട് നടപ്പിലാക്കി.
1984ല്‍ ഇന്ദിര ഗാന്ധിയുടെ വധത്തിനു ശേഷമുണ്ടായ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ 28 ലോക്സഭാ മണ്ഡലങ്ങളില്‍ 24 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ജയിച്ചു. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹെഗ്ഡെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയും മന്ത്രിസഭ പിരിച്ചുവിടുകയും ചെയ്യുന്നു. തുടര്‍ന്ന് 85ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും വിജയിക്കുകയും മുഖ്യമന്ത്രിയാവുകയും ചെയ്തു. ആ കാലഘട്ടത്തില്‍ ഒട്ടേറെ ആരോപണങ്ങള്‍ ഹെഗ്ഡെയ്ക്കെതിരേ ഉണ്ടാവുകയാണ്. എല്ലാതരത്തിലുള്ള അഴിമതി ആരോപണങ്ങളും സര്‍ക്കാരിനെതിരേ ഉയര്‍ന്നുവരുന്നു. ഈ അവസരത്തില്‍ തന്നെയാണ് അയല്‍ സംസ്ഥാനമായ ആന്ധ്രാ പ്രദേശിലെ മുഖ്യമന്ത്രി എൻ.ടി. രാമറാവുവിനെ സഹായിക്കാനായി തെലുങ്കുദേശം എംഎല്‍എമാരെ റിസോര്‍ട്ടുകളില്‍ താമസിപ്പിക്കാന്‍ ഹെഗ്ഡെ സഹായം ചെയ്യുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ റിസോര്‍ട്ട് രാഷ്ട്രീയത്തിന് തുടക്കം കുറിച്ചത് കര്‍ണാടകയില്‍ രാമകൃഷ്ണ ഹെഗ്ഡെയുടെ കാലത്താണ് എന്നത് എടുത്തു പറയേണ്ടതുണ്ട്.
ഹെഗ്ഡേയ്ക്കെതെരെ ഉണ്ടായ ഒട്ടേറെ ആരോപണങ്ങളെ തുടര്‍ന്ന് 1988നു ശേഷം അദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തില്‍ പരാജയപ്പെടുകയാണ്. അവിടെ ജനതാ പാര്‍ട്ടിയുടെ എസ്.ആര്. ബൊമ്മെ മറ്റു പാര്‍ട്ടികളുടെ സഹായത്താല്‍ കര്‍ണാടകയുടെ മുഖ്യമന്ത്രിയാകുന്നു. ബൊമ്മെ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നു എന്ന ഒരു കത്ത് ലഭിച്ചതിന്റെ പേരില്‍ രാഷ്ട്രപതി അദ്ദേഹത്തിന് അയോഗ്യത കല്‍പ്പിക്കുകയും പിരിച്ചുവിടുകയും ചെയ്തത് വലിയ കോളിളക്കത്തിന് കാരണമായി. സുപ്രീം കോടതിയില്‍ എസ്.ആര്. ബൊമ്മെ വേഴ്സസ് രാഷ്ട്രപതി എന്ന ഒരു നിയമ പോരാട്ടം തന്നെ ഉണ്ടായി. ഒരു മന്ത്രിസഭയെ പുറത്താക്കും മുമ്പ് ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരം നല്‍കണം എന്ന നിര്‍ണായക സുപ്രീം കോടതി വിധി ഉണ്ടാകുന്നതും ആ കേസിലാണ്.
അങ്ങനെ കലങ്ങിമറിഞ്ഞ രാഷ്ട്രീയ നാടകങ്ങള്‍ക്കു പിന്നാലെ, എസ്.ആര്. ബൊമ്മെയ്ക്ക് ശേഷം ഒട്ടേറെപ്പേര്‍ കര്‍ണാടക മുഖ്യമന്ത്രിമാരാകുന്നുണ്ട്. അതേ ബൊമ്മെയുടെ മകനാണ് ഇപ്പോൾ കർണാകത്തിലെ ബിജെപിയുടെ മുഖ്യമന്ത്രിയായ ബസവരാജ് ബൊമ്മെ എന്നതും ശ്രദ്ധേയമാണ്. എല്ലാ തെരഞ്ഞെടുപ്പുകളും കര്‍ണാടകയിലെ രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ പ്രതിസന്ധികളുടെ കാലം സൃഷ്ടിച്ചതാണ്. ഒരു മന്ത്രിസഭയ്ക്കു പോലും ശക്തമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കര്‍ണാടകയില്‍ സാധിച്ചിരുന്നോ എന്നതു സംശയമാണ്. ഒരു പാർട്ടിക്കും കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി തുടർഭരണവും അവിടെ കിട്ടിയിട്ടില്ല. ഇത്തവണയും ചരിത്രം തിരുത്തപ്പെട്ടില്ല. ബിജെപി ഭരണത്തിനു തുടർ അവസരം ലഭിച്ചില്ല.