യു20: ഊർജസ്വലമായ ലോകക്രമത്തിന് നഗരങ്ങളുടെ സഹകരണം
#ഹർദീപ് സിങ് പുരി, കേന്ദ്ര ഭവന, നഗരകാര്യ, പെട്രോളിയം- പ്രകൃതിവാതക മന്ത്രി
അർബൻ 20 (യു20) കർമസമിതിയുടെ ഉദ്ഘാടന പരിപാടി ഫെബ്രുവരി 9-10 തീയതികളിലായി അഹമ്മദാബാദിൽ നടന്നു. വർഷം തോറും നടന്നുവരുന്നതും ലോകക്രമത്തിൽ നിർണായക സ്വാധീനം ചെലുത്തുന്നതുമായ നഗരതല നയതന്ത്ര സംരംഭങ്ങളിൽ ഒന്നാണിത്.
മേയർമാരുടെയും ജി20 അംഗരാജ്യങ്ങളിൽ നിന്നുള്ള നിയുക്ത "നഗര ഷെർപ്പ'മാരുടെയും പങ്കാളിത്തം ഉറപ്പാക്കി യു20 തലത്തിൽ സംഘടിപ്പിക്കുന്ന ചർച്ചകൾ ജി20 ഉച്ചകോടിയെ ധരിപ്പിക്കുക എന്നത്, നഗരവികസനം സംബന്ധിച്ച ഈ വിശാല വ്യവഹാരത്തിന്റെ അവിഭാജ്യ ഘടകമാണ്. ഉദ്ഘാടന സമ്മേളനത്തിൽ 42 നഗരങ്ങളിൽ നിന്നുള്ള 70ലധികം പ്രതിനിധികൾ പങ്കെടുത്തു. യു20 സംരംഭത്തിന് തുടക്കമിട്ട ശേഷമുള്ള ഏറ്റവും മികച്ച പങ്കാളിത്തം!
നഗരവത്ക്കരണത്തെയും നഗര പരിവർത്തനത്തെയും സംബന്ധിച്ച ഈ വർഷത്തെ സംവാദങ്ങൾക്ക് ഇന്ത്യയാണ് ചുക്കാൻ പിടിക്കുന്നതെന്നത് ഏറ്റവും ഉചിതമാണെന്നു തന്നെ പറയേണ്ടിയിരിക്കുന്നു. മോദി സർക്കാരിനു കീഴിൽ ഭരണനിർവഹണ വിഷയങ്ങളിൽ ഇന്ത്യ ആഗോള നേതൃത്വം ഏറ്റെടുത്തിരിക്കുന്നു. അത് വ്യക്തമായി സൂചിപ്പിക്കുന്ന വിജയഗാഥയാണ് നമ്മുടെ നഗരപ്രദേശങ്ങളുടെ പരിവർത്തനത്തിൽ ദൃശ്യമാകുന്നത്. ഈ പരിവർത്തനമിപ്പോൾ മറ്റു രാജ്യങ്ങൾക്ക്, പ്രത്യേകിച്ച് ഗ്ലോബൽ സൗത്ത് എന്ന വിശേഷിപ്പിക്കപ്പെടുന്ന രാജ്യങ്ങൾക്ക്, പഠനാർഥമുള്ള ഒരു രൂപരേഖയായി മാറിയിരിക്കുന്നു. നഗരകേന്ദ്രീകൃത നയങ്ങളും വ്യവഹാരങ്ങളും വികസനത്തിന്റെ ആഗോള അജൻഡകളിൽ ചെലുത്തുന്ന ശക്തമായ സ്വാധീനത്തിലേക്കു വെളിച്ചം വീശാനാണ് യു20 ഇക്കുറി ലക്ഷ്യമിടുന്നത്.
സാമ്പത്തിക അഭിവൃദ്ധിയിലും പാരിസ്ഥിതിക സൗഹൃദത്തിലും നഗരങ്ങളുടെ പങ്ക് വിളിച്ചോതുന്നതായിരുന്നു ഉദ്ഘാടന സമ്മേളനം. 6 മുൻഗണനാ മേഖലകൾ ആധാരമാക്കി സമവായം സൃഷ്ടിക്കുന്നതിൽ സമ്മേളനം കാര്യമായ പുരോഗതി കൈവരിച്ചു.
1. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിന് പാരിസ്ഥിതിക ഉത്തരവാദിത്തമുള്ള പെരുമാറ്റ രീതികൾ സ്വീകരിക്കേണ്ടതിന്റെ അടിയന്തര ആവശ്യകത.
2. ജലസ്രോതസുകൾ സംരക്ഷിക്കൽ, സാർവത്രിക ജല ലഭ്യത.
3. പരിസ്ഥിതിയ്ക്ക് വിനാശകരമായതും കാലഹരണപ്പെട്ടതുമായ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാൻ കാലാവസ്ഥാ ധനസഹായം ത്വരിതപ്പെടുത്തേണ്ടതിന്റെ ആവശ്യകത.
4. തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നിയന്ത്രക, ഭരണ ചട്ടക്കൂടുകളിലുള്ള പുനർവിചിന്തനം അത്യന്താപേക്ഷിതം.
5. പൗരസമൂഹത്തെ സജീവമാക്കുന്നതിന് നഗരങ്ങളുടെ പ്രാദേശിക സ്വത്വങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന ജനകീയ ആവശ്യം.
6. സാങ്കേതിക വിദ്യയുടെയും ഡാറ്റയുടെയും ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രക്രിയകളുടെ ജനാധിപത്യവത്ക്കരണം ഒഴിച്ചുകൂടാനാകാത്തതാണ്.
ഇവയെല്ലാം അവിടെ അംഗീകരിക്കപ്പെട്ടു. ഈ മുൻഗണനാ മേഖലകൾ ആധാരമാക്കി സഹകരണ അജൻഡയെ മുന്നോട്ടുനയിക്കുന്നതിൽ നഗര പ്രതിനിധികൾ ഏകാഭിപ്രായം പ്രകടിപ്പിച്ചു.
നഗര ഭരണത്തെക്കുറിച്ചുള്ള ചർച്ചകളെ പ്രായോഗിക പരിഹാരങ്ങളിലേക്കു വിവർത്തനം ചെയ്ത്, നയവും പ്രയോഗവും തമ്മിലുള്ള വിടവു നികത്താൻ നഗര ഭരണ സ്ഥാപനങ്ങളെ സജ്ജമാക്കുന്ന ഒരു പ്ലാറ്റ്ഫോമായി യു20 യുടെ ആറാം പതിപ്പ് മാറിയിരിക്കുന്നു. യു20 യുടെ "അധ്യക്ഷ നഗരം' ആയ അഹമ്മദാബാദ്, സബർമതി നദീതീരത്തെ വികസിപ്പിക്കുന്നതിൽ സ്വീകരിച്ച നൂതനത ആശയങ്ങൾ, ചെലവുകുറഞ്ഞ ഭവന നയം, പൈതൃക പരിപാലന പദ്ധതിയുടെ സവിശേഷതകൾ തുടങ്ങി ഒട്ടേറെ പരിഷ്കാരങ്ങളെക്കുറിച്ച് വിശദീകരിക്കുകയുണ്ടായി.
ഇന്ത്യ മുന്നോട്ടു വയ്ക്കുന്ന പൗരാധിഷ്ഠിത പുനരുജ്ജീവനത്തിന്റെ ആത്മാവിനെയാണ് അഹമ്മദാബാദ് പ്രതിനിധീകരിക്കുന്നത്. സഹകരണാത്മകവും മത്സരാധിഷ്ഠിതവുമായ ഫെഡറലിസം; അടിസ്ഥാന സേവനങ്ങളുടെ സാർവത്രികവത്ക്കരണവും പൂർത്തീകരണവും; സാങ്കേതിക നവീകരണം; സാമ്പത്തിക അവസരങ്ങൾ; ഗ്രാമ-നഗര പാരസ്പര്യം എന്നീ തത്വങ്ങൾ അടിസ്ഥാനമാക്കി ലോകത്തിലെ ഏറ്റവും വലിയ ആസൂത്രിത നഗരവത്ക്കരണ പരിപാടിയാണ് 9 വർഷമായി മോദി സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. പാരിസ് ഉടമ്പടിയുടെ പ്രതിബദ്ധതകൾ നിറവേറ്റുന്ന തരത്തിലാണ് രാജ്യം നഗര ഗതാഗത നയങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ നഗര ഭൂപ്രകൃതിയിലേക്ക് ഹരിത ഗതാഗത സംവിധാനങ്ങൾ വിദഗ്ധമായി സംയോജിപ്പിച്ചിരിക്കുന്നു. നഗരങ്ങളിലെ പരിവർത്തന ദൗത്യങ്ങൾ സാമ്പത്തിക, സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ പിന്തുണയ്ക്കും വിധം ഇന്ത്യൻ നഗരങ്ങളെ സജ്ജമാക്കിയിരിക്കുന്നു.
സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പ്രാഥമിക ചുമതല നഗരങ്ങൾക്കായിരിക്കുമെന്നത് പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ്. 2030ഓടെ 60 കോടിയിലധികം ജനങ്ങൾ നഗരങ്ങളിൽ വസിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന "ഇന്ത്യ വിജയിച്ചാൽ, സുസ്ഥിര വികസന ലക്ഷ്യങ്ങൾ വിജയം കാണും, സുസ്ഥിര വികസന ലക്ഷ്യങ്ങൾ വിജയിക്കണമെങ്കിൽ ഇന്ത്യ വിജയിക്കണം' എന്ന് ഞാൻ പലപ്പോഴും വ്യക്തമാക്കിയിട്ടുള്ളതാണ്. ഇന്ത്യ വിജയിക്കുമെന്ന് സംശയലേശമെന്യേ നമുക്ക് പറയാനാകും. ആഗോള വെല്ലുവിളികളെ വികസ്വര സമ്പദ്വ്യവസ്ഥകൾക്ക് എങ്ങനെ ഫലപ്രദമായി നേരിടാൻ കഴിയുമെന്ന് അതിലൂടെ നാം മറ്റു രാജ്യങ്ങൾക്ക് കാണിച്ചുകൊടുക്കും. മഹാമാരിയെ അതിജീവിച്ച രീതി നമ്മുടെ നഗരങ്ങളുടെ കർമശേഷിക്ക് തെളിവാണ്. വികേന്ദ്രീകൃത ആരോഗ്യ സംരക്ഷണം, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം, സാർവത്രിക സേവന വിതരണം, കുറഞ്ഞ ചെലവിലുള്ള വാടക ഭവനങ്ങൾ തുടങ്ങിയവയിലൂടെ ഇന്ത്യ ഒരു മികച്ച ഭരണ മാതൃക മുന്നോട്ടു വച്ചു. അത് ആഗോള പ്രശംസ നേടുക മാത്രമല്ല, അനുകരിക്കാനുള്ള ആഹ്വാനങ്ങളിലേക്കും നയിച്ചു.
ഭൗമരാഷ്ട്രീയ സംഘർഷം, സാമ്പത്തിക അനിശ്ചിതത്വം, കാലാവസ്ഥാ വ്യതിയാനം എന്നിവയാൽ വലയുന്ന ലോകത്തെ സംബന്ധിച്ചിടത്തോളം പ്രാദേശിക തലം മുതൽ ആഗോള ഉച്ചകോടികളിൽ വരെ ഉയർന്നു വരുന്ന നയപരമായ പരിഹാരങ്ങൾ ഏകോപിപ്പിക്കുകയും സ്വാംശീകരിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ഏറ്റവും പഴക്കമേറിയതും ബൃഹത്തായതുമായ ജനാധിപത്യം എന്ന നിലയിൽ, വൈവിധ്യമാർന്ന അഭിപ്രായങ്ങളിൽ സമവായം സൃഷ്ടിക്കുകയെന്നത് ഇന്ത്യയുടെ ഡിഎൻഎ യിൽ അടങ്ങിയിരിക്കുന്നു. ഈ ധാർമിക നിലപാടിൽ നിന്നാണ് ജി20 ഉച്ചകോടിയുടെ ഈ വർഷത്തെ പ്രമേയമായ "വസുധൈവ കുടുംബകം' അഥവാ "ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന പ്രമേയം ഉദ്ഭൂതമായിരിക്കുന്നത്.
2023 ലെ ജി20യിൽ പരസ്പര പ്രയോജനകരവും സുസ്ഥിരവുമായ അന്താരാഷ്ട്ര സാമ്പത്തിക സഹകരണത്തിനുള്ള ഒരു ചട്ടക്കൂട് ഉരുത്തിരിയാനുള്ള സാധ്യത ഏറെയാണ്. നഗരങ്ങൾക്കിടയിൽ ശക്തമായ സഹകരണം രൂപപ്പെടാൻ അഹമ്മദാബാദിലെ യു20 വേദിയൊരുക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ജി20 സെക്രട്ടേറിയറ്റിന്റെയും യു20 ടെക്നിക്കൽ സെക്രട്ടേറിയറ്റായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൻ അഫയേഴ്സിന്റെയും ലോകമെമ്പാടുമുള്ള വിജ്ഞാന പങ്കാളികളുടെയും നിരന്തര മാർഗനിർദേശങ്ങളിൽ നിന്ന് പ്രേരണ ഉൾക്കൊണ്ട്, അഹമ്മദാബാദ് വേദിയാകുന്ന ഈ ആറാം പതിപ്പ് ശക്തമായ സ്വാധീനം ചെലുത്തുമെന്ന് എനിക്ക് ബോധ്യമുണ്ട്.
യു20 ഉദ്ഘാടന പരിപാടിക്ക് അർഥവത്തായ സംഭാവനകൾ നൽകിയ നഗര ഷെർപ്പമാരെ അഭിനന്ദിക്കുന്നു. ജൂലൈയിൽ നടക്കുന്ന മേയർമാരുടെ ഉച്ചകോടി വരെയുള്ള 2023 ലെ യു20 പരിപാടികളിൽ മേയർമാരും ഷെർപ്പമാരും അടക്കമുള്ള നഗര പ്രതിനിധികൾ തുടർന്നും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. സമൃദ്ധവും സുസ്ഥിരവുമായ ലോകം എന്ന പൊതു ലക്ഷ്യം നാം പിന്തുടരുമ്പോൾ, ഭാവിയിലെ നഗര നയങ്ങൾ വിളംബരം ചെയ്യുന്ന രൂപരേഖ തയാറാക്കാനുള്ള അസുലഭ അവസരമാണ് യു20-യുടെ ഈ ആറാം പതിപ്പിന് കൈവന്നിരിക്കുന്നത്.