
ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപ് പ്രതിപക്ഷ പാർട്ടികളുടെ വിശാലസഖ്യം ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കങ്ങൾ ദേശീയ രാഷ്ട്രീയത്തിന്റെ ഒരു ഭാഗത്തു നടക്കുന്നുണ്ട്. ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഡൽഹിയിലെ വസതിയിലെത്തി നടത്തിയ ചർച്ച ഇതിന്റെ ഭാഗമായിരുന്നല്ലോ. രാഹുൽ ഗാന്ധിയും പങ്കെടുത്ത ഈ കൂടിക്കാഴ്ച വിശാല പ്രതിപക്ഷ സഖ്യത്തിനായുള്ള പരിശ്രമങ്ങളുടെ ഭാഗമാണെന്ന് സംയുക്ത വാർത്താസമ്മേളനത്തിൽ നേതാക്കൾ വ്യക്തമാക്കുകയുണ്ടായി.
ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനും രാജ്യത്തിനു പുതിയ ദിശ നൽകാനും പ്രതിപക്ഷ സഖ്യം ശ്രമിക്കുമെന്നാണ് ഖാർഗെ അവകാശപ്പെട്ടത്. പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചാണു രാഹുൽ ഗാന്ധിയും പറഞ്ഞത്. ചരിത്രപരമായ കൂടിക്കാഴ്ചയായിരുന്നു ഖാർഗെയുടെ വസതിയിലേതെന്ന് രാഹുൽ വിശദീകരിക്കുകയുണ്ടായി. അടുത്ത വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രതിപക്ഷ ഐക്യത്തിന്റെ മുഖ്യശിൽപ്പി നിതീഷ്കുമാറായിരിക്കുമെന്നാണ് ജെഡിയു അവകാശപ്പെടുന്നത്.
അടുത്തിടെ പ്രതിപക്ഷ ഐക്യം സംബന്ധിച്ച് എം.കെ. സ്റ്റാലിനും ഉദ്ധവ് താക്കറെയും അടക്കം പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളുമായി ഖാർഗെ സംസാരിച്ചിരുന്നു. വരും ദിവസങ്ങളിലും ചർച്ചകൾ തുടരുമെന്നാണു കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. ബിഹാറിൽ ഭരണസഖ്യത്തിലെ കക്ഷികളാണ് ജെഡിയുവും ആർജെഡിയും കോൺഗ്രസും. സംസ്ഥാന തലത്തിലുള്ള ഈ രാഷ്ട്രീയസഖ്യം വിശാലമാക്കി ദേശീയതലത്തിൽ ഉപയോഗിക്കാനുള്ള സാധ്യത നിതീഷ്കുമാർ ആരായുകയാണ്. പ്രധാനമന്ത്രിസ്ഥാനാർഥിയായി രാഹുൽ ഗാന്ധിയെ അംഗീകരിക്കാൻ മറ്റു പ്രതിപക്ഷ കക്ഷികൾ തയാറായില്ലെങ്കിൽ നിതീഷിനൊരു സാധ്യതയുണ്ടെന്നതും വസ്തുതയാണ്.
എന്നാൽ, എന്താണു കോൺഗ്രസിന്റെ ചിന്തയിലുള്ളതെന്ന് ഇപ്പോഴും വ്യക്തമല്ല. നിതീഷിനും തേജ്വസിക്കും രാഹുൽ എന്തു സന്ദേശമാണു നൽകിയതെന്നും പുറത്തറിയുന്നില്ല. എന്തായാലും കോൺഗ്രസിനു കൂടി പങ്കാളിത്തമുള്ള ഒരു പ്രതിപക്ഷ മുന്നണിയെ ആരൊക്കെ പിന്തുണയ്ക്കുമെന്നത് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറെ നിർണായകമായ ഘടകമാണ്. മമത ബാനർജിയുടെ തൃണമുൽ കോൺഗ്രസ്, അരവിന്ദ് കെജരിവാളിന്റെ എഎപി, കെ. ചന്ദ്രശേഖർ റാവുവിന്റെ ഭാരത് രാഷ്ട്രസമിതി എന്നിവ കോൺഗ്രസിനെ പിന്തുണയ്ക്കാൻ തയാറാവണമെന്നില്ല. ബിജെപിയും കോൺഗ്രസുമില്ലാത്ത സഖ്യത്തെക്കുറിച്ചാണല്ലോ ചന്ദ്രശേഖർ റാവു പറയുന്നതു തന്നെ. അങ്ങനെ വരുമ്പോൾ പൂർണ പ്രതിപക്ഷ ഐക്യം സാധ്യമാവുകയുമില്ല.
അതിനിടെയാണ് എന്സിപി അധ്യക്ഷൻ ശരദ് പവാറിന്റെ നീക്കങ്ങൾ ശ്രദ്ധേയമാവുന്നത്. മഹാരാഷ്ട്രയിൽ കോൺഗ്രസും ശിവസേനയുമായി സഖ്യത്തിലാണ് എൻസിപി. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായത് ഈ വിശാല സഖ്യത്തിന്റെ നേതാവായാണ്. എന്നാൽ, ശിവസേനയിലെ പിളർപ്പും ഷിൻഡെ വിഭാഗവും ബിജെപിയുമായി ചേർന്നുള്ള പുതിയ മന്ത്രിസഭയും മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ നീക്കങ്ങൾക്കു വഴിതെളിക്കുമോ എന്നു കണ്ടറിയണം. ഉദ്ധവ് താക്കറെ കോൺഗ്രസിനൊപ്പം ലോക്സഭാ തെരഞ്ഞെടുപ്പു നേരിടുമോ, എൻസിപി എന്തു നിലപാടു സ്വീകരിക്കും എന്നതൊക്കെ അറിയാനിരിക്കുന്നു.
അടുത്തിടെ രണ്ടു പ്രധാന വിഷയങ്ങളിലാണ് പവാർ കോൺഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളുമായി വിയോജിച്ചത്. ഒന്ന് അദാനി വിഷയത്തിലെ ജെപിസി രൂപവത്കരണം സംബന്ധിച്ചായിരുന്നു. അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളിൽ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ പാർലമെന്റ് നടപടികൾ തുടരെ തടസപ്പെടുത്തി വരുമ്പോഴാണ് പവാർ ഇതിനോടു വിയോജിച്ചത്. അദാനിയും ബിജെപിയും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാണിച്ചാണ് രാഹുൽ ഗാന്ധി നിരന്തരം രംഗത്തുവരുന്നതും. എന്നാൽ, അദാനിയെ വിമർശിക്കുന്നതിനോടു യോജിപ്പില്ലെന്ന് പവാർ പരസ്യമായി പറഞ്ഞു. അദാനി രാജ്യത്തിനു നൽകിയ സംഭാവനകൾ മറക്കാനാവില്ലെന്നായിരുന്നു പവാറിന്റെ പ്രതികരണം. വിശ്വസനീയതയില്ലാത്ത വിദേശ സ്ഥാപനം ഹിൻഡൻബർഗിന്റെ റിപ്പോർട്ടിന് എന്തിനിത്ര പ്രാധാന്യം നൽകുന്നുവെന്നും പവാർ ചോദിക്കുകയുണ്ടായി.
ഫലത്തിൽ ബിജെപിക്ക് അനുകൂലമായി ഈ നിലപാട്. പവാർ പ്രതിപക്ഷ മുന്നണിക്കു തുരങ്കം വയ്ക്കുന്നുവെന്ന് ആരോപണം ഉയരുമ്പോഴാണ് അദ്ദേഹം കഴിഞ്ഞ ദിവസം നിലപാട് ഒന്നു മയപ്പെടുത്തിയത്. ജെപിസി അന്വേഷണത്തോടു താത്പര്യമില്ലെങ്കിലും പ്രതിപക്ഷ ഐക്യത്തിനായി ഈ ആവശ്യത്തെ എതിർക്കുന്നില്ലെന്നു പവാർ നയം തിരുത്തിയിട്ടുണ്ട്. സമിതിയിൽ ബിജെപിയിൽ നിന്ന് കൂടുതൽ അംഗങ്ങൾ ഉണ്ടാവുമെന്നതിനാൽ ജെപിസി കൊണ്ട് ഒരു കാര്യവുമില്ലെന്ന് അപ്പോഴും അദ്ദേഹം ആവർത്തിക്കുകയും ചെയ്യുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദമാണ് മറ്റൊരു വിഷയം. കോൺഗ്രസും എഎപിയും മോദിയുടെ വിദ്യാഭ്യാസ ബിരുദത്തെ ചോദ്യം ചെയ്യുമ്പോൾ ബിരുദത്തിൽ എന്തുകാര്യം എന്നതാണു പവാറിന്റെ മറുചോദ്യം. രാജ്യം തൊഴിലില്ലായ്മയും പണപ്പെരുപ്പവും പോലുള്ള ഭീഷണികൾ നേരിടുമ്പോൾ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയാണോ ചർച്ചയാവേണ്ടത് എന്നത്രേ പവാർ ഉന്നയിക്കുന്ന സംശയം.
ഇതിനിടെയാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെ ചോദ്യം ചെയ്യുന്ന കോൺഗ്രസ് നിലപാടിനെ പവാറിന്റെ അനന്തരവൻ അജിത് പവാർ കഴിഞ്ഞ ദിവസം എതിർത്തതും. ഇവിഎമ്മുകൾക്ക് ഒരു പ്രശ്നവുമില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ഛത്തിസ്ഗഡിലും പശ്ചിമ ബംഗാളിലും രാജസ്ഥാനിലും പഞ്ചാബിലും കേരളത്തിലും തമിഴ്നാട്ടിലും പ്രതിപക്ഷ പാർട്ടികളുടെ സർക്കാരുകൾ അധികാരത്തിൽ വന്നത് ഇവിഎമ്മുകൾ ഉപയോഗിച്ചു തന്നെയല്ലേ എന്നാണ് അജിത്തിന്റെ ചോദ്യം. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയം മോദിയുടെ ബിരുദം നോക്കിയല്ല, അദ്ദേഹത്തിന്റെ കരിസ്മയിലാണെന്ന് അജിത് പവാർ പറഞ്ഞിട്ട് ഏറെ നാളായില്ല എന്നു കൂടി ഓർക്കണം.
കോൺഗ്രസുമായി പവാറിന്റെ മറ്റൊരു വിയോജിപ്പ് വി.ഡി. സവർക്കറുടെ കാര്യത്തിലാണ്. ""മാപ്പു പറയാൻ ഞാൻ സവർക്കറല്ല'' എന്ന രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെ അതിനോടും പവാർ അനിഷ്ടം പ്രകടിപ്പിക്കുകയുണ്ടായി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സവർക്കർ ചെയ്ത ത്യാഗം അവഗണിക്കാനാവില്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവന കോൺഗ്രസിനെ ഞെട്ടിക്കുന്നതായി. സവർക്കർക്ക് പുരോഗമനപരമായ കാഴ്ചപ്പാടുണ്ടെന്നും പവാർ അവകാശപ്പെടുന്നു. രാഹുൽ ഗാന്ധിയും കോൺഗ്രസും സവർക്കർക്കെതിരേ രംഗത്തുവരുന്നതിനെ ഉദ്ധവ് താക്കറെയും എതിർക്കുന്നുണ്ട്.
അടുത്തിടെ നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ നാഗാലാൻഡിൽ എന്ഡിപിപി- ബിജെപി സർക്കാരിന് എന്സിപി പിന്തുണ പ്രഖ്യാപിച്ചതും പ്രതിപക്ഷ കക്ഷികളെ നിരാശപ്പെടുത്തിയ സംഭവമാണ്. പ്രതിപക്ഷത്തിരിക്കേണ്ട, ഭരണപക്ഷത്തു നിൽക്കാമെന്ന പാർട്ടി സംസ്ഥാന ഘടകത്തിന്റെ നിർദേശം പവാർ അംഗീകരിക്കുകയായിരുന്നു. എൻഡിപിപിയും ബിജെപിയും കഴിഞ്ഞാൽ സംസ്ഥാനത്തെ മൂന്നാമത്തെ വലിയ കക്ഷിയാണ് എന്സിപി. അവർ ഭരണപക്ഷത്തായതോടെ അവിടെ ശക്തമായ പ്രതിപക്ഷമുണ്ടാവാനുള്ള സാധ്യതയാണ് അടഞ്ഞത്. ദേശീയ തലത്തിൽ ബിജെപിക്കെതിരേ വിശാല സഖ്യത്തെക്കുറിച്ചു പറയുമ്പോൾ തന്നെ ഒരു സംസ്ഥാനത്ത് ബിജെപിയെ പിന്തുണയ്ക്കുന്നതിലെ രാഷ്ട്രീയ ഇരട്ടത്താപ്പ് അന്നേ ചർച്ചയായതാണ്.
പവാറിനെപ്പോലൊരു സീനിയർ നേതാവ് പ്രതിപക്ഷ നിലപാടുകളോടു തുടർച്ചയായി വിയോജിച്ചുകൊണ്ടിരുന്നാൽ ബിജെപിക്ക് അവരുടെ ജോലി എളുപ്പമാവും. മോദിക്കെതിരായ ആക്രമണം കോൺഗ്രസ് ശക്തമാക്കുമ്പോൾ പവാർ എന്തിന് അതിനെ ദുർബലപ്പെടുത്തുന്നുവെന്ന സംശയത്തിന് ഉത്തരം കിട്ടാനിരിക്കുന്നു. കേന്ദ്രവും മഹാരാഷ്ട്രയും ഭരിക്കുന്ന ബിജെപിയോട് കടുത്ത ശത്രുത പുലർത്തേണ്ടതില്ല എന്നാവുമോ പവാറിന്റെ കാഴ്ചപ്പാട്. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷമുള്ള പലവിധ സാധ്യതകൾ അദ്ദേഹത്തിന്റെ മനസിലൂടെ കടന്നുപോകുന്നുണ്ടാവുമോ?