
#എം.ബി. സന്തോഷ്
സുവർണ പശ്ചാത്തലത്തിലായിരുന്നു ആ ബോർഡ്. നീല അക്ഷരത്തിൽ "ഡോ. വന്ദനാദാസ് എംബിബിഎസ്' എന്ന് അതിൽ എഴുതിയത് കാണവേ, ആ വീട്ടിലേയ്ക്ക് പോയവർ മുഴുവൻ കണ്ണീരൊപ്പുകയായിരുന്നു. കടുത്തുരുത്തി മാഞ്ഞൂരിലെ കെ.ജി. മോഹന്ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദനാ ദാസ്. ആ കുടുംബത്തിന്റെ സ്വപ്നങ്ങളാണ് ലഹരി ഉപയോഗത്തിന് നടപടി നേരിട്ട ഒരു അധ്യാപകൻ കുത്തിമലർത്തിയത്. സമൂഹത്തിന് വിളക്കാവേണ്ട യുവ ഡോക്റ്ററുടെ അന്തകൻ "തമസോമാ ജ്യോതിർഗമയ' എന്നു പഠിപ്പിക്കേണ്ട അധ്യാപകനാണ് എന്നതിനെ എങ്ങനെയാണ് വിശേഷിപ്പിക്കുക?
ചികിത്സയ്ക്കിടെ ഡ്യൂട്ടി ഡോക്റ്റർ കുത്തേറ്റു മരിയ്ക്കുന്ന അതീവ ഗുരുതരമായ സംഭവം കേരളം പോലൊരു പരിഷ്കൃത സമൂഹത്തിൽ ഉണ്ടായി എന്നത് അങ്ങേയറ്റം ലജ്ജാകരമാണ്. അതിനെക്കാൾ അപമാനകരമായത് ഈ കുറ്റകൃത്യം ചെയ്തത് ഒരു സർക്കാർ സ്കൂൾ അധ്യാപകനാണ് എന്നതാണ്. വിദ്യാർഥികൾക്ക്, അതിനേക്കാൾ ഒരുപാട് തലമുറയ്ക്ക്, മാതൃകയാകേണ്ട ഒരധ്യാപകൻ ഇങ്ങനെ ചെയ്തു എന്നത് ഞെട്ടിപ്പിക്കുന്നു. എന്തിന്റെ പേരിലാണെങ്കിലും ഇങ്ങനെയൊരു അധ്യാപകൻ കേരളത്തിലെ ഒരു വിദ്യാർഥിയെയും പഠിപ്പിക്കാൻ അർഹനല്ല. അതിനാൽ, എത്രയും പെട്ടെന്ന് അയാളെ പിരിച്ചുവിടാനുള്ള നടപടികൾ ഉണ്ടാവുകതന്നെ വേണം. മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിയ്ക്ക് അടിമപ്പെട്ട ഒരാൾ എന്തൊക്കെ ചെയ്യുമെന്നുള്ള ഭീകരചിത്രമാണ് ഈ സംഭവം സമൂഹത്തിന് കാട്ടിത്തരുന്നത്. നവകേരളത്തിന്റെ നേർമുഖങ്ങളാണിവയും എന്ന് തിരിച്ചറിയേണ്ട സമയം കഴിഞ്ഞു.
വന്ദനാ ദാസ് എന്ന 23 വയസുള്ള ഹൗസ് സർജന് കൊല്ലപ്പെട്ടത് ചികിത്സയ്ക്കിടയിലാണെന്നതു മാത്രമല്ല പ്രത്യേകത. ഒരു സംഘം പൊലീസിന്റെ സാന്നിധ്യത്തിലാണത് എന്നതാണ് ശിരസ് കുനിപ്പിക്കുന്നത്. ഒരാൾ മാരകായുധമെടുത്തു വന്നാൽ ഓടി രക്ഷപ്പെടാനാണോ പൊലീസിന് പരിശീലനം ലഭിക്കുന്നത്? കായിക പരിശീലനം ഉൾപ്പെടെ കഠിനമുറകളിലൂടെയാണ് ചെറുപ്പക്കാർ പൊലീസിലെത്തിയിരുന്നത്. പിന്നീട്, എല്ലാ ദിവസവും പരേഡ് ഉണ്ടായിരുന്നത് ആഴ്ചയിലൊരിക്കലായി. ഒടുവിൽ അതുതന്നെ വഴിപാടായി എന്നത് കുടവയറൻ കാക്കിപ്പടയെ കാണുമ്പോൾ സാധാരണക്കാർക്കു പോലും മനസിലാവുമായിരുന്നു. അത് തിരിച്ചറിയാൻ ഐപിഎസുകാർക്കും പൊലീസ് ഭരണക്കാർക്കും കഴിയുന്നില്ലല്ലോ എന്നതാണ് നാടിന്റെ ദുര്യോഗം.
പൊലീസുകാരുൾപ്പെടെ 4 പേർക്ക് അക്രമിയുടെ കുത്തേറ്റു. പക്ഷെ, ഈ പൊലീസുകാർ അവിടത്തെ ആളുകളുടെ സഹായത്തോടെയെങ്കിലും പരിശ്രമിച്ചിരുന്നെങ്കിൽ പ്രതിയെ കീഴ്പ്പെടുത്തി പിടികൂടാനാവില്ലായിരുന്നോ?
വലിയ ബഹളവും അതിക്രമവും കാട്ടിയ ഒരു പ്രതിയെ കൊണ്ടുവരുമ്പോൾ പുലർത്തേണ്ട മുൻകരുതൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായില്ല. "എന്നെ കൊല്ലാൻ ശ്രമിക്കുന്നു' എന്നുപറഞ്ഞ് പ്രതിയായ സന്ദീപ് പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് വിവരം. അയാൾ വിളിച്ചതനുസരിച്ച് എത്തിയ പൊലീസ് അയാളുടെ കാലിലെ മുറിവ് ഡ്രസ് ചെയ്യാൻ ആശുപത്രിയിലേയ്ക്ക് കൊണ്ടുവരികയായിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പൊലീസ് എയ്ഡ് പോസ്റ്റുള്ളതുമാണ്. ആ എയ്ഡ് പോസ്റ്റിലെ പൊലീസുകാരനും അക്രമിയുടെ കുത്തേറ്റു.
പ്രതിയുടെ വീട്ടിലെത്തുന്ന പൊലീസ് സാധാരണഗതിയിൽ അപ്പോൾതന്നെ പ്രാഥമിക അന്വേഷണം നടത്താറുണ്ട്. അയാൾ എന്തു ചെയ്യുന്നു എന്ന ചോദ്യം സ്വാഭാവികമായും ഉന്നയിക്കപ്പെടും. ഇയാൾ മയക്കുമരുന്ന ഉപയോഗത്തിന് നടപടിക്കു വിധേയനായതാണ് എന്ന വിവരം അറിയേണ്ടതല്ലേ? അങ്ങനെയൊരാളെ കസ്റ്റഡിയിൽ എടുക്കുകയോ, അല്ലെങ്കിൽ ചികിത്സയ്ക്കായോ കൊണ്ടുപോവുമ്പോൾ പുലർത്തേണ്ട ജാഗ്രത പൊലീസ് കാട്ടിയോ? ഇല്ലെന്നു തന്നെയാണ് ഇതുവരെ പുറത്തുവന്ന വിവരങ്ങൾ വച്ച് പറയേണ്ടത്. പൊലീസ് സ്റ്റേഷനുകളിലും ജീപ്പിലും വിലങ്ങ് എന്നുപറയുന്ന സാധനം ഇത്തരം അക്രമികളെ അണിയിക്കുന്നതിനാണ് എന്നാണ് കേട്ടിട്ടുള്ളത്. എന്നാൽ, പലപ്പോഴും ഒരക്രമവും നടത്താത്തവരെ സ്വന്തം അധികാര ഹുങ്ക് കാട്ടാൻ വേണ്ടി അണിയിക്കുന്നതായി വിലങ്ങ് മാറിയതിന്റെ ഒരുപാട് ഉദാഹരണങ്ങളുണ്ട്.
"മോന്തായം വളഞ്ഞാൽ അറുപത്തിനാലും വളയും' എന്ന് കേരള പൊലീസ് ഓരോ ദിവസവും കാട്ടിത്തരികയാണ്. അങ്ങേയറ്റം മുതൽ ഇങ്ങേത്തട്ടു വരെ നിയമവിരുദ്ധത താണ്ഡവമാടുന്നതിന് കാരണം ഒന്നേയുള്ളൂ: ഇരിക്കേണ്ടവരല്ല ഇരിക്കേണ്ടിടത്ത് ഇരിക്കുന്നത്! വിധേയർക്കും അഴിമതിക്കാർക്കും മാത്രമുള്ളതാണ് കാക്കിക്കുപ്പായം എന്ന് ഭാവിതലമുറ മനസിലാക്കാതിരിക്കാനെങ്കിലും മനഃസാക്ഷി പണയം വയ്ക്കാത്ത പൊലീസ് സേനയിലുള്ളവർ ഇനിയെങ്കിലും ഉണരണം. കടകളിൽ നിന്ന് കാക്കിധാർഷ്ട്യത്തിൽ സാധനം പണം കൊടുക്കാതെ എടുത്തുകൊണ്ടു പോവുന്നത് കോട്ടയത്തു മാത്രമല്ല, തലസ്ഥാനത്തുമുണ്ടെങ്കിൽ ഈ രോഗത്തിന് കഠിന ശസ്ത്രക്രിയ കൂടിയേ തീരൂ.
കൊട്ടാരക്കരയ്ക്കു മുമ്പ് കേരളത്തെ നടുക്കിയ താനൂരിലെ ബോട്ടപകടം നോക്കൂ- അവിടെയും പൊലീസ് വിചാരിച്ചിരുന്നെങ്കിൽ അത് ഒഴിവാക്കാമായിരുന്നില്ലേ? വൈകുന്നേരം 5വരെ മാത്രം സർവീസ് നടത്താൻ അനുമതിയുള്ള ബോട്ട് അനവാദമുള്ളതിന്റെ ഇരട്ടിയിലേറെപ്പേരെ കയറ്റി രാത്രി യാത്ര പോകുമ്പോൾ അവിടെ പൊലീസ് ഇടപെടൽ ഉണ്ടാകാത്തതെന്താണ്? അതിനടുത്തു തന്നെ പൊലീസ് ഉണ്ടായിരുന്നെങ്കിലും അന്ന് പൊലീസ് അങ്ങോട്ടേയ്ക്കെത്താതെ "ജാഗ്രത' കാട്ടിയതായി വിനോദസഞ്ചാരത്തിന് എത്തിയവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മനഃപൂർവമുള്ള ഇത്തരം "കണ്ണടപ്പുകൾ' പൊലീസിന് എത്രമാത്രം ഭൂഷണമാണെന്ന് ആലോചിക്കേണ്ട സമയം കഴിഞ്ഞു.
ഇവിടെ, മറ്റൊരു കാര്യം കൂടി പറയേണ്ടതുണ്ട്. നമ്മുടെ ജഡ്ജിമാരും ഡോക്റ്റർമാർ തന്നെയും എത്രമാത്രം ഉപരിപ്ലവവും യാഥാർഥ്യബോധമില്ലാതെയും കാര്യങ്ങൾ നോക്കിക്കാണുന്നു എന്നതിന്റെ ഉദാഹരണങ്ങളിലൊന്നാണത്. പ്രതികളെ പരിശോധിക്കുമ്പോൾ പൊലീസ് സാന്നിധ്യം ഒഴിവാക്കണമെന്ന് കസ്റ്റഡി മരണം അന്വേഷിക്കുന്നതിന് നിയോഗിച്ച ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. താനൂർ സ്വദേശിയും താനാളൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറുമായ ഡോ. കെ. പ്രതിഭ ഇത് നടപ്പാക്കണമെന്നാവശ്യപ്പെട്ട് പലതവണ സർക്കാരിന് നിവേദനം നൽകി. ഫലമുണ്ടാവാതെ വന്നതോടെ അവർ ഹൈക്കോടതിയെ സമീപിച്ചു. കോടതി ഡോ. പ്രതിഭയുടെ ആവശ്യം അംഗീകരിച്ചു. അതോടെ, പ്രതിയെ ഡോക്റ്റർ പരിശോധിക്കുമ്പോൾ പൊലീസ് അടുത്തു നിൽക്കരുതെന്ന് ഉത്തരവിറക്കാൻ സർക്കാർ നിർബന്ധിതമാവുകയായിരുന്നു. പ്രതിക്ക് രക്ഷപ്പെടാൻ കഴിയാത്തത്ര അകലം പാലിക്കണമെന്ന് ആ ഉത്തരവിൽ സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഈ ഉത്തരവും നടപടിക്രമങ്ങളും ഇനി കൊട്ടാരക്കര പൊലീസിന് അവരുടെ വീഴ്ചകൾക്ക് ന്യായീകരിക്കാൻ അവസരമുണ്ടാക്കും.
മാവേലിക്കരയിലെ സർക്കാർ ആശുപത്രിയിൽ ഡോക്റ്റർക്കെതിരെ ആക്രമണം ഉണ്ടായതും നീതിക്കു വേണ്ടി ഡോക്റ്റർക്ക് കോടതി കയറേണ്ടി വന്നതും മറക്കാറായിട്ടില്ല. ഒരു പൊലീസുകാരൻ പ്രതിസ്ഥാനത്തു വന്നപ്പോൾ നിയമ സംവിധാനങ്ങൾ നീതിക്കു നേരെ കണ്ണടയ്ക്കുകയായിരുന്നു. പൊലീസ് പ്രതിസ്ഥാനത്താണെങ്കിൽ നിയമം പാലിക്കപ്പെടാതിരിക്കുന്നത് പുതിയ കാര്യമല്ല. ഗർഭിണിയായ ഡോക്റ്ററാണ് ചെങ്ങന്നൂരിൽ ആക്രമിക്കപ്പെട്ടത്. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളെജ് ആശുപത്രിയിൽ വനിതാ ഡോക്റ്ററെ അടിവയറ്റിൽ ചവിട്ടിവീഴ്ത്തിയ സംഭവം വിവാദമായിരുന്നു. അതീവ ഗുരുതരാവസ്ഥയിലുള്ള, തലച്ചോറിനുള്ളിൽ ട്യൂമർ ബാധിച്ച രോഗി, ഓപ്പറേഷൻ കഴിഞ്ഞതിനു ശേഷവും നില വഷളാവുകയും മരണം സംഭവിക്കുകയും ചെയ്തത് ഐസിയുവിനു വെളിയിൽ രോഗിയുടെ ഭർത്താവിനോട് പറയുമ്പോഴായിരുന്നു ഇത്. ഇതിനൊന്നും ഒരു ന്യായീകരണവുമില്ല. ആശുപത്രികളിൽ ഡോക്റ്റർമാർ ഒരു കാരണവശാലും ആക്രമിക്കപ്പെടാൻ പാടില്ല.
ഇപ്പോഴത്തെ ഈ വികാരപ്രകടനങ്ങൾ അധികം കഴിയും മുമ്പ് എല്ലാവരും മറക്കും. കാലം കടന്നുപോവുമ്പോൾ ഇന്നത്തേത് ഒരു പഴങ്കഥയാവും...
എങ്കിലും, ഡോ. വന്ദനാ ദാസ് എംബിബിഎസ് എന്നെന്നും ഡോക്റ്ററായി ജീവിക്കേണ്ടതുണ്ട്. കാരണം, ചികിത്സയ്ക്കിടയിലാണ് ആതുരസേവനരംഗത്തേക്കു കടന്നുവന്ന ആ പെൺകുട്ടിയുടെ ജീവൻ പൊലിഞ്ഞത്. ഡോക്റ്ററുടെ സ്റ്റെതസ്കോപ്പും പേനയും മുതൽ ചെരിപ്പു വരെ കൊട്ടാരക്കര ഗവ. താലൂക്ക് ആശുപത്രിയിൽ ചിതറിക്കിടക്കുന്ന കാഴ്ച ഹൃദയഭേദകമാണ്. ഇത്തരം കാഴ്ചകൾ ഇനി ആവർത്തിക്കാതിരിക്കാനുള്ള കഠിന ചികിത്സ ആരു നൽകും എന്ന ചോദ്യത്തിനാണ് നവകേരളം ഉത്തരം തേടുന്നത്.