
കലണ്ടർ വർഷത്തിൽ, അതായത് രണ്ടര മാസത്തിനിടെ അര ഡസൻ സന്ദർശനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകയിൽ നടത്തിയത്. ബംഗളൂരു- മൈസൂരു പത്തു വരി എക്സ്പ്രസ് വേ അടക്കം ആയിരക്കണക്കിനു കോടികളുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയോ തുടക്കം കുറിക്കുകയോ ചെയ്തതിട്ടുണ്ട് ഈ സന്ദർശനങ്ങളിൽ. മാണ്ഡ്യയിലെ റോഡ് ഷോ പോലുള്ള പ്രചാരണ പ്രവർത്തനങ്ങൾ വേറെയും. 8,400 കോടി രൂപയാണ് ബംഗളൂരു- മൈസൂരു അതിവേഗ പാതയുടെ നിർമാണച്ചെലവ്. രണ്ടു മാസത്തിനകം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെയും ബസവരാജ് ബൊമ്മൈ നയിക്കുന്ന സംസ്ഥാന സർക്കാരിന്റെയും വിജയത്തിനു പ്രധാന ഘടകമാവണം എന്ന ലക്ഷ്യത്തിൽ തന്നെയാണ് ഈ പാത ഇപ്പോൾ തുറന്നിരിക്കുന്നത്.
എന്നാൽ, അതിവേഗ പാത ബിജെപിക്കു രാഷ്ട്രീയ നേട്ടമാവില്ലെന്ന് ഉറപ്പാക്കാനാണു കോൺഗ്രസിന്റെ ശ്രമം. പണി പൂർത്തിയാവാത്ത പാത നിയമസഭാ തെരഞ്ഞെടുപ്പു മുന്നിൽ കണ്ട് തിടുക്കത്തിൽ തുറന്നുകൊടുത്തിരിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തുന്നു. പ്രധാനമന്ത്രി തുറന്നുകൊടുത്തതിനു തൊട്ടുപിന്നാലെ പാതയിൽ കുഴികൾ കണ്ടത് പരമാവധി പ്രചരിപ്പിച്ച് തിരിച്ചടിക്കാനാണ് ഇപ്പോൾ കോൺഗ്രസ് ശ്രമിക്കുന്നതും. പണി പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ ആരംഭിച്ചതിനെതിരായ പ്രതിഷേധം കത്തിക്കാനും അവർ ശ്രമിക്കുന്നുണ്ട്. പദ്ധതിക്കു തുടക്കമിട്ടത് തങ്ങളുടെ ഭരണത്തിലാണെന്ന പ്രചാരണവും സിദ്ധരാമയ്യയും കൂട്ടരും ഊർജിതമാക്കിയിട്ടുണ്ട്.
എന്തായാലും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലേതു പോലെ പാർട്ടിയുടെ ദക്ഷിണേന്ത്യൻ കവാടത്തിലും നരേന്ദ്ര മോദിയുടെ വികസന പ്രതിച്ഛായയിൽ വോട്ടു നേടുക എന്നതാണ് ബിജെപിയുടെ പ്രധാന പദ്ധതിയെന്ന് അദ്ദേഹത്തിന്റെ തുടർ സന്ദർശനങ്ങൾ വ്യക്തമാക്കുകയാണ്. ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ശക്തമായ വെല്ലുവിളി ഉയർത്തുന്ന സംസ്ഥാനമാവും കർണാടകയെന്നു റിപ്പോർട്ടുകളുള്ള പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതിച്ഛായയെ ആശ്രയിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പു തന്ത്രങ്ങൾക്ക് ഭരണകക്ഷി രൂപം നൽകിയിരിക്കുന്നത്. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ എടുത്തു പറഞ്ഞു പദ്ധതി പ്രഖ്യാപിച്ച സംസ്ഥാനമാണു കർണാടക. വരൾച്ചബാധിത പ്രദേശമായ മധ്യ കർണാടകയിലെ ജനങ്ങൾക്കു വെള്ളമെത്തിക്കാനുള്ള അപ്പർ ഭദ്ര ജലസേചന പദ്ധതിക്ക് 5,300 കോടി രൂപയാണ് നിർമല ബജറ്റിൽ പ്രഖ്യാപിച്ചത്. ചിത്രദുർഗ, ചിക്കമംഗളൂരു, തുംകുരു, ദാവൻഗെരെ ജില്ലകളിലായി നടപ്പാക്കുന്ന ഈ പദ്ധതി 2.25 ലക്ഷം ഹെക്റ്റർ ഭൂമിയിൽ ജലസേചനം നടത്തുന്നതിനുള്ളതാണ്.
നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇങ്ങനെയൊരു പദ്ധതിക്ക് ബജറ്റ് വിഹിതം നീക്കിവയ്ക്കുന്നത് ബിജെപിയുടെ ഇരട്ട എൻജിൻ ഭരണനേട്ടമായി വിശേഷിപ്പിക്കാൻ ഉതകുന്നതാണ്. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ പേരെടുത്തു പരാമർശിക്കാത്ത ബജറ്റിൽ കർണാടക കയറിവന്നത് ബൊമ്മൈ സർക്കാരിന്റെ തുടർച്ച ബിജെപി അത്രമാത്രം ആഗ്രഹിക്കുന്നുണ്ട് എന്നതിന്റെ സൂചനയായി. 2018ലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം ഉറച്ചുനിന്നതാണ് മധ്യ കർണാടക. ഈ ജില്ലകളിൽ നിന്നായി 34 എംഎൽഎമാർ പാർട്ടിക്കുണ്ട്. കോൺഗ്രസിനു പതിനാലും ജെഡിഎസിന് അഞ്ചും എംഎൽഎമാരാണ് ഈ മേഖലയിലുള്ളത്.
മധ്യകർണാടകയിലെ ഹാവേരിയാണ് മുഖ്യമന്ത്രിയുടെ സ്വന്തം ജില്ല. അവിടെ ആറിൽ അഞ്ചു സീറ്റും ബിജെപിയാണു നേടിയത്. ശിവമോഗയിലും ബിജെപി അഞ്ചിടത്തു ജയിച്ചപ്പോൾ കോൺഗ്രസ് ഒരിടത്തുമാത്രം ജയം നേടി. ബിജെപി രാഷ്ട്രീയത്തിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ വോട്ട് ചോർച്ച ഒഴിവാക്കാനുള്ള സഹായമാണ് അപ്പർ ഭദ്ര ജലസേചന പദ്ധതി. ഇപ്പോൾ ഉദ്ഘാടനം ചെയ്ത എക്സ്പ്രസ് വേ ദക്ഷിണ കർണാടകയിലെ ബിജെപിയുടെ വോട്ട് അടിത്തറ വിപുലപ്പെടുത്തുമെന്നാണ് കേന്ദ്ര- സംസ്ഥാന നേതാക്കൾ കരുതുന്നത്. മൈസൂരു-കുശാൽ നഗർ എക്സ്പ്രസ് വേയ്ക്കു തറക്കല്ലിട്ടതടക്കം മറ്റു പല പദ്ധതികളും ഇതിനൊപ്പമുണ്ട്. 4,130 കോടി രൂപയാണ് മൈസൂരു-കുശാൽ നഗർ നാലുവരി ഹൈവേയ്ക്കു വേണ്ടി ചെലവഴിക്കുക.
ഓൾഡ് മൈസൂരു മേഖലയിലെ ജെഡിഎസിന്റെ വൊക്കലിഗ വോട്ടുകൾ പിടിച്ചെടുക്കുകയെന്ന കൃത്യമായ പദ്ധതിയാണ് ബിജെപിക്കുള്ളത്. വടക്കൻ കർണാടകയിലെ ലിംഗായത്ത് വോട്ടുകൾക്കൊപ്പം വികസനത്തിന്റെ പേരിൽ വൊക്കലിഗ വോട്ടുകളും സ്വന്തമാക്കുക എന്നതാണ് അവരുടെ രാഷ്ട്രീയ ലക്ഷ്യം. ലിംഗായത്തുകാർക്ക് നിർണായക സ്വാധീനമുള്ള വടക്കൻ കർണാടകയിലെ ധാർവാഡിൽ 2019 ഫെബ്രുവരിയിൽ പ്രധാനമന്ത്രി തന്നെ തറക്കല്ലിട്ട ധാർവാഡ് ഐഐടി രാജ്യത്തിനു സമർപ്പിച്ച ചടങ്ങും അതിവേഗ പാത തുറന്ന ദിവസം തന്നെയായിരുന്നു. 850 കോടിയിലേറെ രൂപ മുതൽമുടക്കിയുള്ളതാണ് ധാർവാഡിലെ പുതിയ ഐഐടി ക്യാംപസ്. ഹുബ്ലിയിൽ ലോകത്തെ ഏറ്റവും നീളം കൂടിയ റെയ്ൽവേ പ്ലാറ്റ്ഫോമിന്റെ ഉദ്ഘാടനവും അന്ന് മോദി നിർവഹിച്ചിരുന്നു. 1507 മീറ്റർ നീളമുള്ള ഈ പ്ലാറ്റ്ഫോം 20 കോടി മുടക്കിയാണു നിർമിച്ചത്.
മാണ്ഡ്യയിലെ മോദിയുടെ മെഗാ റോഡ് ഷോ ആയിരക്കണക്കിനാളുകളെയാണ് ആകർഷിച്ചത്. പാർട്ടിയുടെ മാസ്റ്റർ സ്ട്രാറ്റജിസ്റ്റായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തേ തന്നെ മാണ്ഡ്യയിലെത്തി വൊക്കലിഗ വോട്ടുകൾ സ്വന്തമാക്കാനുള്ള പദ്ധതികൾക്കു രൂപം നൽകിയിരുന്നതാണ്. മാണ്ഡ്യയിലെ ഏഴിൽ നാലു സീറ്റെങ്കിലും ഇക്കുറി ബിജെപി പിടിക്കണമെന്നത്രേ അമിത് ഷാ നൽകിയിരിക്കുന്ന നിർദേശം. ഓൾഡ് മൈസൂരു മേഖലയിലെ ബിജെപി തന്ത്രങ്ങളെ നേരിടാൻ പദ്ധതികൾ ആവിഷ്കരിക്കുന്ന തിരക്കിലാണ് ഇപ്പോൾ ജെഡിഎസ്. ഈ മാസം 26ന് മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ നയിക്കുന്ന റോഡ് ഷോ നടത്താനാണ് അവരുടെ പദ്ധതി. രാമനഗര മുതൽ മൈസൂരു വരെ വൊക്കലിഗ ബെൽറ്റിൽ 90 കിലോമീറ്റർ റോഡ് ഷോയാണ് നടത്തുക.
കെപിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ കോൺഗ്രസും ഓൾഡ് മൈസൂരു മേഖയിലെ കരുത്തു തെളിയിക്കാൻ ഒരുങ്ങുന്നുണ്ട്. ജെഡിഎസ് വോട്ടുകളിൽ അവരും കണ്ണുവയ്ക്കുന്നു. പത്തു ലക്ഷം പ്രവർത്തകരെ അണിനിരത്തിക്കൊണ്ട് പാർട്ടി തളർന്നിട്ടില്ലെന്ന് റോഡ് ഷോയിലൂടെ തെളിയിക്കുമെന്നാണ് ജെഡിഎസ് അവകാശപ്പെടുന്നത്. രാമനഗര, മാണ്ഡ്യ, മൈസൂരു ബെൽറ്റ് ജെഡിഎസിന്റെ കോട്ടയാണെന്നും അതു തകർക്കാമെന്ന് ബിജെപിയും കോൺഗ്രസും സ്വപ്നം കാണേണ്ടെന്നുമാണ് മുൻ മുഖ്യമന്ത്രി കുമാരസ്വാമിയുടെ അവകാശവാദം.
2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തീര കർണാടകയിലും മുംബൈ- കർണാടകയിലും മികച്ച പ്രകടനമാണു ബിജെപി കാഴ്ചവച്ചിരുന്നത്. എന്നാൽ, ഓൾഡ് മൈസൂരു, ഹൈദരാബാദ്- കർണാടക മേഖലകളിൽ ആ തിളക്കം കിട്ടിയില്ല. ഓൾഡ് മൈസൂരു മേഖലയിൽ ജെഡിഎസ് പിടിച്ചുനിന്നപ്പോൾ ഹൈദരാബാദ്-കർണാടകയിൽ കോൺഗ്രസിനായിരുന്നു കൂടുതൽ സീറ്റുകൾ. അറുപതോളം സീറ്റുകളുള്ള ഓൾഡ് മൈസൂരു മേഖലയിൽ ഇക്കുറി മുപ്പത്തഞ്ചോളം മണ്ഡലങ്ങളിൽ ജയിക്കണമെന്നാണ് അമിത് ഷാ ബിജെപി പ്രവർത്തകരോടു നിർദേശിച്ചിരിക്കുന്നതത്രേ. വൊക്കലിഗ ഹൃദയഭൂമി പിടിച്ചെടുക്കുകയെന്ന മഹാലക്ഷ്യത്തിൽ മോദിയും അമിത് ഷായും എത്രമാത്രം മുന്നേറുമെന്നത് കർണാടക തെരഞ്ഞെടുപ്പിൽ ഏറെ ശ്രദ്ധയാകർഷിക്കുന്ന വിഷയമാണ്. എക്സ്പ്രസ് വേ ഉദ്ഘാടനത്തിനു മോദിയെത്തുന്നതിനു തൊട്ടുമുൻപാണ് വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ച് മാണ്ഡ്യ എംപിയും നടിയുമായ സുമലത രംഗത്തുവന്നത്. ഇതുവരെ സ്വതന്ത്ര നിലപാട് സ്വീകരിച്ചിരുന്ന സുമലത ബിജെപിയോട് അനുഭാവം പ്രകടിപ്പിക്കുന്നത് നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പുകഴ്ത്തിയാണ്. മോദിയിൽ വിശ്വസിക്കുന്നുവെന്ന് സുമലത പറയുമ്പോൾ അതു മാണ്ഡ്യയിലെയും സമീപ മേഖലകളിലെയും ജനങ്ങളെയും സ്വാധീനിക്കുമെന്നാണ് ബിജെപി കരുതുന്നത്.