
കരാറുകാരും സർക്കാർ ഉദ്യോഗസ്ഥരും എന്ജിനീയർമാരും ഒക്കെ ചേർന്ന് പൊതുഖജനാവിലെ പണം തട്ടിയെടുക്കുന്ന പരിപാടിയിൽ നമുക്കു പുതുമയൊന്നുമില്ല. ഓരോ പദ്ധതിയിലും എങ്ങനെയൊക്കെ പണം തട്ടാനാവുമെന്ന് ഗവേഷണം നടത്തി കണ്ടുപിടിച്ച് ഫലപ്രദമായി നടപ്പാക്കുന്നവരാണ് ഉദ്യോഗസ്ഥരിലെയും കരാറുകാരിലെയുമൊക്കെ ഒരു വിഭാഗം. ഇവർക്കൊപ്പം രാഷ്ട്രീയ നേതാക്കളും ചേരുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നു തുടങ്ങി സർക്കാരിന്റെ ഉന്നത തലത്തിൽ വരെ തട്ടിപ്പ് ആരോപണങ്ങൾ എത്രയെത്ര കണ്ടിരിക്കുന്നു, കേട്ടിരിക്കുന്നു. അഴിമതിക്കെതിരേ ഇതിലും ശക്തമായ നടപടി മറ്റൊരു സർക്കാരും എടുത്തിട്ടില്ലെന്ന് മാറി മാറി വരുന്ന ഓരോ ഭരണാധികാരികളും അവകാശപ്പെടും. അപ്പോഴും ഉദ്യോഗസ്ഥതലത്തിലെ അഴിമതികൾ യാതൊരു കുറവുമില്ലാതെ തുടരുകയും ചെയ്യും.
പലവിധ ദുരിതങ്ങൾ അനുഭവിക്കുന്നവരെ സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തട്ടിപ്പുവരെ അടുത്തകാലത്ത് വിജിലൻസ് കണ്ടെത്തിയിരുന്നു. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകളും മറ്റു തരത്തിലുള്ള വ്യാജ രേഖകളുമൊക്കെ ഹാജരാക്കി ദുരിതാശ്വാസ നിധിയുടെ ഫണ്ടിൽ നിന്നു തട്ടിപ്പു നടത്തുന്നതിനു പിന്നിൽ സർക്കാർ ഉദ്യോഗസ്ഥരുടെയും ഡോക്റ്റർമാരുടെയും ഏജന്റുമാരുടെയും സംഘടിത ശൃംഖലകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഫെബ്രുവരിയിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ വിജിലൻസ് കണ്ടെത്തിയത്. പരിശോധനകൾ നടത്താതെ, മാനദണ്ഡങ്ങൾ നോക്കാതെ പണം അനുവദിച്ചുവെന്നും മരിച്ചവരുടെ പേരിൽ വരെ ചികിത്സാസഹായം തട്ടിയെടുത്തെന്നും വ്യക്തമായതാണ്.
ഇപ്പോഴിതാ മറ്റൊരു വൻ തട്ടിപ്പിന്റെ കഥ കൂടി പുറത്തുവരുകയാണ്. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിലെ ജനങ്ങൾക്കു വെള്ളം എത്തിക്കാനുള്ള സർക്കാരിന്റെ ബൃഹത് പദ്ധതിയായ ജലനിധിയിൽ വലിയ തോതിൽ വെട്ടിപ്പു നടന്നുവെന്ന് വിജിലൻസിനു ബോധ്യമായിരിക്കുന്നു. സാധാരണക്കാരന്റെ തൊണ്ട നനയ്ക്കാനുള്ള ഒരിറ്റു വെള്ളത്തിൽ വരെ തട്ടിപ്പ്! "കുടിക്കുന്ന വെള്ളത്തിൽ വരെ വിശ്വസിക്കരുത്' എന്നു പറയുന്നത് നൂറു ശതമാനവും അതു ശരിയെന്നു തെളിയിക്കുകയാണ് ഇത്തരം തട്ടിപ്പു സംഘങ്ങൾ. വിജിലൻസ് നടത്തിയ ഓപ്പറേഷൻ ഡെൽറ്റ എന്ന മിന്നൽ പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങൾ സർക്കാരിനെ നയിക്കുന്ന രാഷ്ട്രീയ നേതൃത്വം നന്നായി വിലയിരുത്തേണ്ടതാണ്. ലോകബാങ്കിന്റെ ധനസഹായത്തോടെ നടപ്പാക്കിവരുന്ന ഈ പദ്ധതി എത്ര വിദഗ്ധമായാണ് തട്ടിപ്പുകാർ മുതലെടുത്തത്.
പലയിടത്തും പദ്ധതി നിർജീവമായിരിക്കുകയാണെന്നു വിജിലൻസ് കണ്ടെത്തിയിരിക്കുന്നു. ഗുണനിലവാരമില്ലാത്ത പൈപ്പുകളും മോട്ടോറുകളും ഉപയോഗിച്ചു നടത്തിയ തട്ടിപ്പുകളുണ്ട്. കിണറുകൾ ആഴം കൂട്ടാതെ കൂട്ടിയെന്നു കാണിക്കുക, പൈപ്പുകൾ ആഴത്തിൽ ഇട്ടിട്ടുണ്ടെന്ന് തെറ്റായി അവകാശപ്പെടുക എന്നിങ്ങനെയും പണം തട്ടിയിട്ടുണ്ട്. പൈപ്പിടാതെ പോലും പണം തട്ടിയിട്ടുണ്ട്. കോടികൾ മുടക്കി പൂർത്തീകരിച്ചുവെന്ന് അവകാശപ്പെട്ട പലതിലും ഒരു തുള്ളി വെള്ളം പോലുമില്ല. കാസർഗോട്ട് ഏഴര കോടിയും മലപ്പുറത്ത് അഞ്ചു കോടിയും വയനാട്ടിൽ 2.45 കോടിയും ചെലവാക്കിയ പദ്ധതികൾ ഉപയോഗശൂന്യമായി കിടക്കുകയാണ്. സാങ്കേതിക അനുമതി പോലുമില്ലാതെയാണ് കോഴിക്കോട് പദ്ധതികൾ പ്രവർത്തനങ്ങൾ നടത്തിയത്. നിർമാണം പൂർത്തിയാകാത്ത പദ്ധതികൾ പൂർത്തിയായെന്ന് എന്ജിനീയർമാർ സാക്ഷ്യപ്പെടുത്തിയ സംഭവങ്ങളുമുണ്ട്. ടെൻഡർ നടപടികളിലെ സുതാര്യതയില്ലായ്മ, ഗുണഭോക്തൃ വിഹിതമായി വാങ്ങാവുന്നതിലധികം തുക പിരിച്ചെടുക്കുന്നത് എന്നിവയും കണ്ടെത്തി.
കൈക്കൂലി വാങ്ങിയുള്ള ഉദ്യോഗസ്ഥരുടെ ഒത്തുകളികൾ അവസാനിപ്പിക്കാൻ ആരെക്കൊണ്ടു കഴിയുമെന്ന ചോദ്യം ഈ തട്ടിപ്പിന്റെ ചുരുളുകൾ അഴിയുമ്പോഴും ഉയർന്നു നിൽക്കുന്നുണ്ട്. കരാറുകാരും ഉദ്യോഗസ്ഥരുമടക്കം തട്ടിപ്പു നടത്തിയ മുഴുവൻ കുറ്റവാളികൾക്കെതിരേയും കർശന നടപടിയെടുക്കാൻ സർക്കാരിനു കഴിയണം. അതുമാത്രമല്ല കോടികൾ തിന്നതിനു ശേഷവും ഉപയോഗശൂന്യമായി കിടക്കുന്ന പദ്ധതികൾ ഉപയോഗത്തിൽ കൊണ്ടുവരുകയും വേണം. ഒരുപയോഗവുമില്ലാതെ സർക്കാർ പണം പാഴായിട്ടുണ്ടെങ്കിൽ അതിന് ആരാണോ കാരണക്കാർ അവർക്ക് രാഷ്ട്രീയമായോ മറ്റേതെങ്കിലും വിധത്തിലോ യാതൊരു സംരക്ഷണവും നൽകരുത്.