
സംസ്ഥാനത്ത് വിവിധ തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയായിക്കൊണ്ടിരിക്കുന്നവർ വർധിച്ചുവരുന്നതായാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓൺലൈൻ ആപ്പുകൾ വഴിയുള്ള വായ്പാ തട്ടിപ്പുകൾ ഒരു വശത്തുണ്ട്. ജോലിയും ഉയർന്ന വരുമാനവും വാഗ്ദാനം ചെയ്തുകൊണ്ട് ആളുകളെ ആകർഷിക്കുകയും ഇങ്ങനെ കെണിയിൽ വീഴുന്നവരിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്യുന്ന സംഭവങ്ങളും ആവർത്തിക്കുന്നുണ്ട്. ഇത്തരം തട്ടിപ്പുകൾക്കെതിരേ പൊലീസും അധികൃതരും മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. എന്നിട്ടും പലരും ചതിയിൽ വീണുപോകുന്നു എന്നതാണു നിരാശാജനകമായിട്ടുള്ളത്. തട്ടിപ്പിന് ഇരയായാൽ തന്നെ അതു വെളിപ്പെടുത്താനും പൊലീസിൽ പരാതി നൽകാനും പലരും മടിക്കുന്നു. വൻ തുക നഷ്ടമായി കഴിഞ്ഞ ശേഷം മാത്രം പരാതിപ്പെടുന്നത് നടപടികൾ വൈകിപ്പിക്കുകയും കുറ്റവാളികൾക്ക് അവസരങ്ങൾ നൽകുകയും ചെയ്യുകയാണ്.
കഴിഞ്ഞ ദിവസം വായ്പാ ആപ്പുകാരുടെ ഭീഷണിയെ തുടർന്ന് കോഴിക്കോട് കുറ്റ്യാടിയിൽ ഒരു യുവതി ആത്മഹത്യയ്ക്കു ശ്രമിക്കുകയുണ്ടായി. പണം വായ്പയായി നൽകാമെന്നു പറഞ്ഞ് മൊബൈൽ ഫോണിലേക്കു വന്ന സന്ദേശം വിശ്വസിക്കുകയായിരുന്നു ഇവർ. ഇതിനൊപ്പം ലോൺ ആപ്പിന്റെ ലിങ്കും ഉണ്ടായിരുന്നു. ഈ ആപ് ഡൗൺലോഡ് ചെയ്ത് രണ്ടായിരം രൂപ മാത്രമാണു യുവതി വായ്പയെടുത്തത്. ഇതിനു തിരിച്ചടവായി ഒരു ലക്ഷത്തോളം രൂപ സ്വർണം പണയംവച്ചും മറ്റും പല തവണയായി തിരികെ നൽകിയത്രേ. എന്നിട്ടും ആപ്പുകാർ ഭീഷണി തുടർന്നു. ഇനി പണം തരില്ലെന്നു പറഞ്ഞപ്പോൾ മോർഫ് ചെയ്ത് ചിത്രങ്ങൾ അയക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണു പറയുന്നത്. തട്ടിപ്പ് ആപ്പുകളുടെ സ്ഥിരം പരിപാടി ഇങ്ങനെയാണ്. ഇത്തരം തട്ടിപ്പുകൾക്കു പിന്നിൽ മലയാളികളോ ഇന്ത്യക്കാർ പോലുമോ ആവണമെന്നില്ല. വളരെയെളുപ്പം വായ്പ കിട്ടുമെന്നു കരുതി ഇവരുടെ കെണിയിൽ ചെന്നു ചാടുന്നവർക്ക് പിന്നെ അതിൽ നിന്നു പുറത്തുകടക്കാനും കഴിയില്ല. ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ നമ്മുടെ ഫോണിലെ കോൺടാക്റ്റ് നമ്പരുകളും ചിത്രങ്ങളും വിഡിയോകളും എല്ലാം എടുക്കാൻ നാം അവർക്ക് അനുമതി നൽകുകയാണ്. നമ്മുടെ ഫോണിൽ നിന്നു ശേഖരിച്ച വിവരങ്ങളും ചിത്രങ്ങളുമൊക്കെ പിന്നീട് അവർ ദുരുപയോഗിക്കും.
നേരത്തേ, കൊച്ചി കടമക്കുടിയിൽ രണ്ടു കുട്ടികളെ കൊലപ്പെടുത്തി ദമ്പതിമാർ ജീവനൊടുക്കിയ സംഭവത്തിനു പിന്നിൽ ഓൺലൈൻ വായ്പാ കെണിയാണെന്ന സൂചന പുറത്തുവന്നിരുന്നു. കുടുംബം ജീവനൊടുക്കിയതിനു പിന്നാലെ ഓൺലൈൻ വായ്പക്കാരുടെ ഭീഷണി സന്ദേശങ്ങൾ ഇവരുടെ ബന്ധുക്കൾക്കു ലഭിക്കുകയായിരുന്നു. മരിച്ച യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങളും ഓൺലൈൻ ആപ്പുകാർ തങ്ങൾക്ക് അയച്ചുനൽകിയെന്നു ബന്ധുക്കൾ പറയുകയുണ്ടായി. പണം തിരിച്ചടച്ചില്ലെങ്കിൽ ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. യുവതി ഓൺലൈൻ ആപ്പിൽ നിന്ന് വായ്പയെടുത്തിരുന്നുവത്രേ.
ഓൺലൈൻ വായ്പയെടുത്തതിനെത്തുടർന്നുണ്ടായ ഭീഷണികളെത്തുടർന്ന് വയനാട്ടിൽ യുവാവ് ആത്മഹത്യ ചെയ്തതും അടുത്തിടെയാണ്. ഇയാളുടെയും കുടുംബാംഗങ്ങളുടെയും മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ലഭിച്ചിരുന്നതായി പറയുന്നുണ്ട്. അയ്യായിരം മുതൽ ഇരുപത്തയ്യായിരം വരെ രൂപ യുവാവ് നൽകാനുണ്ടെന്നാണ് പലർക്കും അയച്ച സന്ദേശങ്ങളിൽ വായ്പാ തട്ടിപ്പുകാർ പറഞ്ഞിരുന്നത്. അഞ്ചു മിനിറ്റു കൊണ്ട് വായ്പ എന്ന് സോഷ്യൽ മീഡിയയിലൂടെ വരുന്ന വാഗ്ദാനം കണ്ട് ക്ലിക്ക്ചെയ്തു പോയാൽ ജീവനു തന്നെ ഭീഷണി ഉയരുന്ന സാഹചര്യം അതീവ ഗുരുതരമായി കാണാതിരിക്കാനാവില്ല. നിരന്തരം ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുകയാണ് ജനങ്ങളിൽ ഇവർക്കെതിരേ ജാഗ്രത വളർത്താൻ അനിവാര്യമായിട്ടുള്ളത്. അംഗീകൃത ധനകാര്യ സ്ഥാപനങ്ങളുടെ പേരിൽ പോലും തട്ടിപ്പു നടത്താൻ വ്യാജൻമാരുണ്ടാവുമെന്ന് ഓർക്കേണ്ടതാണ്.
അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പയെടുത്ത് തട്ടിപ്പിന് ഇരയായവർക്കു പരാതി നൽകാൻ പ്രത്യേക വാട്സ്ആപ് നമ്പർ സംവിധാനം തിരുവനന്തപുരത്ത് പൊലീസ് ആരംഭിച്ചത് അടുത്തിടെയാണ്. ഇരുപത്തിനാലു മണിക്കൂറും ഇതുവഴി പൊലീസിനെ ബന്ധപ്പെടാവുന്ന സാഹചര്യമുണ്ട്. ഇത്തരം ആപ്പുകൾക്കെതിരേ പൊലീസിന്റെ പ്രചാരണ പ്രവർത്തനങ്ങളും ഊർജിതമാക്കുന്നുണ്ട് എന്നാണ് അവകാശപ്പെടുന്നത്. സൈബർ തട്ടിപ്പുകൾ പൊലീസിനെ അറിയിക്കുന്നതിനായി സൈബർ ഹെൽപ്പ് ലൈൻ നമ്പർ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. തട്ടിപ്പുകാരിൽ നിന്നു രക്ഷപെടാൻ പൊലീസിന്റെ സഹായം തേടുന്നതിനു മടിക്കേണ്ടതില്ല. വായ്പാ ആപ്പുകൾ അടക്കം സൈബർ തട്ടിപ്പുകാർക്കെതിരേ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത പൊലീസിനും ബോധ്യമുണ്ടാവണം.