
നിയമസഭാ സമുച്ചയം വീണ്ടും അസാധാരണ അക്രമ സംഭവങ്ങളിലേക്കു വഴുതിപ്പോയിരിക്കുന്നു. പ്രതിപക്ഷത്തിന്റെ പ്രതിഷേധ സമരമാണ് ഇന്നലെ ഉന്തിലും തള്ളിലും കൈയേറ്റ ആരോപണങ്ങളിലും എത്തിച്ചേർന്നത്. നിയമസഭാ സമ്മേളനം നടക്കുമ്പോൾ പരസ്പരം പോരുവിളിക്കാനും പോരടിക്കാനുമാണ് ജനപ്രതിനിധികൾ മുന്നണി തിരിഞ്ഞ് സംഘടിക്കുന്നത് എന്നു വരുന്നത് സംസ്ഥാനത്തിനു നാണക്കേടാണ്. ഒരു പക്ഷം മറ്റൊരു പക്ഷത്തെ ആക്രമിക്കുക, അല്ലെങ്കിൽ വാച്ച് ആന്ഡ് വാർഡിനെ ആക്രമിക്കുക, വാച്ച് ആൻഡ് വാർഡും ഒരു പക്ഷവും ചേർന്ന് മറുപക്ഷത്തെ ആക്രമിക്കുക എന്നൊക്കെ ആരോപിക്കപ്പെടുന്നത് ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ വച്ചാണ്. ജനങ്ങൾ കേൾക്കുകയും അറിയുകയും ചെയ്യുന്ന കാര്യങ്ങൾ ജനാധിപത്യ രീതിയിലുള്ളവയല്ല എന്നു വരുന്നു.
ഏതാനും വർഷങ്ങൾക്കു മുൻപ് ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിനിടെ നിയമസഭയിൽ അരങ്ങേറിയ അക്രമസംഭവങ്ങളുടെ പേരിൽ കുപ്രസിദ്ധി നേടിയതാണു സംസ്ഥാനം. അന്നത്തെ കൈയാങ്കളി ജനങ്ങൾ മാധ്യമങ്ങളിലൂടെ കണ്ടതാണ്. സഭയ്ക്കുള്ളിലെ പൊതുമുതൽ തല്ലിത്തകർക്കുന്നതു കണ്ട് ലജ്ജിച്ചിട്ടുണ്ട് ഈ നാട്. എത്രയോ നാളുകൾ പിന്നീട് ഈ വിഷയം പൊതുസമൂഹത്തിന്റെ മുന്നിൽ ചർച്ചയായതാണ്. ഇരുപക്ഷത്തിനും രാഷ്ട്രീയ സ്കോർ ഉയർത്താനുള്ള വേദിയായി നിയമസഭ മാറുന്നതാണ് ഇത്തരം പോരാട്ടങ്ങൾക്കു വഴിവയ്ക്കുന്നത്. ജനകീയ താത്പര്യങ്ങൾ കണ്ടറിഞ്ഞു പ്രവർത്തിക്കേണ്ട സഭ രാഷ്ട്രീയ താത്പര്യങ്ങൾക്കു കൂടുതൽ പ്രാധാന്യം നൽകുമ്പോൾ ഇത്തരം ജനാധിപത്യ വിരുദ്ധ സംഭവവികാസങ്ങൾ ആവർത്തിക്കപ്പെടുന്നു.
തുടർച്ചയായി അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കപ്പെട്ടതിനെത്തുടർന്നാണ് പ്രതിപക്ഷ എംഎൽഎമാർ ഇന്നലെ സ്പീക്കറുടെ ഓഫിസ് ഉപരോധിച്ചത്. ഇത് പ്രതിപക്ഷ എംഎൽഎമാരും വാച്ച് ആൻഡ് വാർഡും തമ്മിലുള്ള ഉന്തിലും തള്ളിലും എത്തുകയായിരുന്നു. ഇതിനിടെ മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനെ വാച്ച് ആൻഡ് വാർഡ് കൈയേറ്റം ചെയ്തതായാണ് പ്രതിപക്ഷം ആരോപിക്കുന്നത്. പ്രതിപക്ഷ അംഗങ്ങളെ വലിച്ചിഴയ്ക്കാൻ ശ്രമം നടന്നതായി അവർ പറയുന്നു. സ്പീക്കറെ ഓഫിസിലേക്കു കയറ്റാനായി ചില ഭരണപക്ഷ എംഎൽഎമാരും രംഗത്തെത്തിയിരുന്നുവത്രേ. ഭരണപക്ഷ എംഎൽഎമാരും വാച്ച് ആന്ഡ് വാർഡും ചേർന്നു നടത്തിയ ആക്രമണത്തിൽ സനീഷ് കുമാർ ജോസഫ്, എ.കെ.എം. അഷറഫ്, ടി.വി. ഇബ്രാഹിം, കെ.കെ. രമ എന്നിവർക്കു പരുക്കേറ്റതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറയുന്നുണ്ട്. ഇതേസമയം, വനിതകൾ അടക്കം വാച്ച് ആൻഡ് വാർഡ് അംഗങ്ങൾക്കു അസ്വസ്ഥതയുണ്ടായെന്നും പരുക്കേറ്റെന്നും പറയുന്നു. ഉന്തിനും തള്ളിനുമിടയിൽ കുഴഞ്ഞുവീണ സനീഷ് കുമാറിനെ ആശുപത്രിയിലേക്കു മാറ്റുകയുണ്ടായി.
ആറ് വാച്ച് ആൻഡ് വാർഡുകൾ ചേർന്ന് കെ.കെ. രമയെ വലിച്ചിഴയ്ക്കുകയും കൈ പിടിച്ചു തിരിക്കുകയും ചെയ്തു എന്നാണു പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്. രണ്ടു ഭരണപക്ഷ എംഎൽഎമാർ പ്രതിപക്ഷ അംഗങ്ങളെ ചവിട്ടിയെന്നും സതീശൻ ആരോപിക്കുകയുണ്ടായി. സ്പീക്കറുടെ ഓഫിസിനു മുന്നിലിരുന്നു പ്രതിഷേധിച്ചവരെ ഒരു പ്രകോപനവും ഇല്ലാതെ ആക്രമിച്ചു എന്നത്രേ പ്രതിപക്ഷ ആരോപണം. ചെങ്കോട്ടുകോണത്ത് പതിനാറുകാരി നടുറോഡിൽ ക്രൂരമായി മർദിക്കപ്പെട്ട സംഭവത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ടാണ് വനിതകൾക്ക് അടക്കം പരുക്കേറ്റെന്നു പറയുന്ന സംഭവവികാസങ്ങളുണ്ടായത് എന്നതാണു ശ്രദ്ധേയം. സംസ്ഥാനത്തു സ്ത്രീകളുടെ സുരക്ഷയെ ചൊല്ലിയുള്ള ഭരണ പ്രതിപക്ഷ തർക്കം സഭാ സമുച്ചയത്തിലെ സുരക്ഷിതത്വത്തിനു വെല്ലുവിളിയായി മാറിയെന്നതാണു വിരോധാഭാസം.
സഭയ്ക്കുള്ളിൽ ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം പ്രകോപിപ്പിക്കുകയും അത് സംഘർഷത്തിലേക്കു നയിക്കുകയും ചെയ്യുന്നത് ആരോഗ്യകരമാണോയെന്ന് ജനപ്രതിനിധികളും അവരുടെ രാഷ്ട്രീയ പാർട്ടികളെ നയിക്കുന്നവരും നന്നായി ആലോചിക്കട്ടെ. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണു കേരളം. ജനങ്ങൾ വർധിച്ച നികുതി-സെസ് ഭാരങ്ങൾ ചുമക്കേണ്ടിവരുന്നു. വിലക്കയറ്റം സഹിക്കേണ്ടിവരുന്നു. ഇതിനിടയിലാണ് ലക്ഷങ്ങൾ ചെലവഴിച്ച് നിയമസഭാ സമ്മേളനം നടത്തുന്നത്. അത് ഏറ്റവും കാര്യക്ഷമമായി നടക്കാനുള്ള മാർഗങ്ങളാണ് ജനപ്രതിനിധികൾ ആരായേണ്ടത്. വിഷയങ്ങൾ ഉന്നയിക്കപ്പെടുകയും അതിന് ഉചിതമായ മറുപടി നൽകുകയും ഒക്കെ വേണം. അതൊന്നും സംഘർഷത്തിലേക്കു നയിക്കാൻ ഇടവരുത്തരുത്. എല്ലാവരും അവരവരുടെ ഉത്തരവാദിത്വം ഓർക്കുക എന്നതാണ് സമാധാനപരമായി സഭ നടന്നുപോകാൻ ആവശ്യമായിട്ടുള്ളത്.