
ജി7 ഉച്ചകോടിക്കെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്യുന്ന കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി.
ക്യാനഡയുടെ പ്രധാനമന്ത്രിയായി മാർക്ക് കാർണി അധികാരമേറ്റിട്ട് മൂന്നു മാസമേ ആയിട്ടുള്ളൂ. സാമ്പത്തിക വിദഗ്ധൻ കൂടിയായ ഈ ലിബറൽ പാർട്ടി നേതാവ് ഇന്ത്യ- ക്യാനഡ ബന്ധങ്ങൾ മോശമാക്കിയ ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയാണ്. ഒമ്പതു വർഷം പ്രധാനമന്ത്രിയായിരുന്ന ട്രൂഡോയ്ക്ക് ഫെഡറൽ തെരഞ്ഞെടുപ്പിനു മുൻപ് പ്രധാനമന്ത്രി സ്ഥാനവും ലിബറൽ പാർട്ടി നേതൃസ്ഥാനവും രാജിവയ്ക്കേണ്ടിവന്നത് പാർട്ടിയിൽ പിന്തുണ നഷ്ടപ്പെട്ടതോടെയാണ്. ജനപ്രീതി കുത്തനെ ഇടിഞ്ഞ ട്രൂഡോ നയിച്ചാൽ പ്രതിപക്ഷമായ കൺസർവേറ്റിവ് പാർട്ടി വൻ ഭൂരിപക്ഷം നേടുമെന്ന് അഭിപ്രായ വോട്ടെടുപ്പുകളും പ്രവചിച്ചിരുന്നു. ട്രൂഡോയുടെ രാജിയെത്തുടർന്നാണ് പാർട്ടിയുടെ പുതിയ നേതാവായി കാർണിയെ തെരഞ്ഞെടുത്തത്. ബാങ്ക് ഒഫ് ക്യാനഡയുടെയും ബാങ്ക് ഒഫ് ഇംഗ്ലണ്ടിന്‍റെയും ഗവർണറായിരുന്നിട്ടുള്ള കാർണി പ്രധാനമന്ത്രിയായ ശേഷം പാർലമെന്‍റ് പിരിച്ചുവിട്ട് ഫെഡറൽ ഇലക്ഷനെ നേരിടുകയായിരുന്നു. പ്രവചനങ്ങളെ മറികടന്നുള്ള പ്രകടനം കാഴ്ചവച്ച കാർണിക്ക് ന്യൂനപക്ഷ സർക്കാരുണ്ടാക്കാനും കഴിഞ്ഞു.
ഇന്ത്യയോടുള്ള കാർണിയുടെ സമീപനം എന്തായിരിക്കുമെന്ന് മുഴുവൻ ഇന്ത്യക്കാരും ഉറ്റുനോക്കുന്ന അവസരമാണിത്. അതിനിടെയാണ് ജി7 ഉച്ചകോടി ക്യാനഡയിൽ നടക്കുന്നത്. ഉച്ചകോടിക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചുകൊണ്ടുള്ള കാർണിയുടെ ഫോൺ കോൾ എത്തിയപ്പോൾ തെരഞ്ഞെടുപ്പു വിജയത്തിൽ അദ്ദേഹത്തെ മോദി അഭിനന്ദിക്കുകയുണ്ടായി. ഇന്ത്യ-ക്യാനഡ ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ തന്‍റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്ന് അധികാരത്തിൽ എത്തിയപ്പോൾ തന്നെ കാർണി സൂചിപ്പിച്ചിരുന്നതാണ്. ജി7 ഉച്ചകോടിക്കിടെ മോദിയും കാർണിയും തമ്മിൽ നടന്ന കൂടിക്കാഴ്ച പരസ്പര ബഹുമാനത്തോടെയും സഹകരണത്തോടെയും മുന്നോട്ടുപോകാനുള്ള സാധ്യത തെളിയിച്ചിട്ടുണ്ട്. ട്രൂഡോയുടെ കാലത്ത് ഇരു രാജ്യങ്ങളും ഹൈക്കമ്മിഷണർമാരെ തിരിച്ചുവിളിച്ച നടപടി പുനഃപരിശോധിക്കാൻ കൂടിക്കാഴ്ചയിൽ ധാരണയായിട്ടുണ്ട്. വിസ നടപടികൾ വേഗത്തിലാക്കുന്നതിന് ഹൈക്കമ്മിഷണർമാർ ഉണ്ടാവുന്നതു സഹായിക്കും. വിസ നിയന്ത്രണങ്ങൾ ഒഴിവാകാനുള്ള സാധ്യതയും തെളിഞ്ഞിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ ചർച്ചയും പുനരാരംഭിക്കൻ ധാരണയായിട്ടുണ്ട്. 21 മാസമായി സ്തംഭിച്ചുകിടക്കുന്ന ചർച്ചയാണു വീണ്ടും ആരംഭിക്കുന്നത്. സമഗ്രമായ സാമ്പത്തിക പങ്കാളിത്ത കരാറാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്.
ഇന്ത്യ-ക്യാനഡ ബന്ധങ്ങളിൽ ഉലച്ചിലുണ്ടായ കാലഘട്ടത്തിലും ഉഭയകക്ഷി വ്യാപാരം ചെറിയ തോതിലെങ്കിലും വളർച്ച കൈവരിച്ചിരുന്നു എന്നതാണ് എടുത്തുപറയേണ്ടത്. 2022- 2023 സാമ്പത്തിക വർഷത്തിൽ 8.3 ബില്യൻ ഡോളറിന്‍റേതായിരുന്ന ഉഭയകക്ഷി വ്യാപാരം 2023- 2024 സാമ്പത്തിക വർഷത്തിൽ 8.4 ബില്യൻ ഡോളറിന്‍റേതായി വളർന്നു. ക്യാനഡയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 4.6 ബില്യൻ ഡോളറിന്‍റേതായി വർധിച്ചു. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ നേരിയ ഇടിവുണ്ട്. 3.8 ബില്യൻ ഡോളറിന്‍റെ കയറ്റുമതിയാണുണ്ടായത്. 2024-25ൽ ക്യാനഡയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി വർധിച്ച് 4.2 ബില്യൻ ഡോളറിന്‍റേതായി. ക്യാനഡയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി അൽപ്പം കുറഞ്ഞ് 4.4 ബില്യൻ ഡോളറിന്‍റേതുമായിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിൽ വസ്തുക്കളുടെ വ്യാപാരം മാത്രമല്ല സേവനങ്ങളുടെ കൈമാറ്റവും നടക്കുന്നുണ്ട്. സമഗ്രമായ സാമ്പത്തിക പങ്കാളിത്ത കരാറിനുള്ള ശ്രമങ്ങൾ 2010ൽ ആരംഭിച്ചതാണ്. എന്നാൽ, അതിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. പ്രൊഫഷണലുകൾക്കുള്ള വിസ മാനദണ്ഡങ്ങൾ കൂടുതൽ ഉദാരമാക്കുക, പരമ്പരാഗത ഉത്പന്നങ്ങൾക്കു വിപണി കിട്ടുക എന്നിവയൊക്കെയാണ് ഇന്ത്യയുടെ ലക്ഷ്യം. തങ്ങളുടെ കാർഷികോത്പന്നങ്ങൾക്കും ഓട്ടൊമൊബീൽ മേഖലയ്ക്കും ഇന്ത്യയിൽ വിപണി കിട്ടുകയെന്നതു ക്യാനഡയുടെ ലക്ഷ്യമാണ്.
ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറുടെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്കിനു തെളിവുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രിയായിരുന്നപ്പോൾ ജസ്റ്റിൻ ട്രൂഡോ ആരോപിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. ഫെഡറൽ തെരഞ്ഞെടുപ്പിൽ ക്യാനഡയിലുള്ള ഖാലിസ്ഥാൻ അനുകൂലികളുടെ പിന്തുണ ലക്ഷ്യമാക്കിയുള്ള രാഷ്‌ട്രീയ നീക്കമായിരുന്നു ട്രൂഡോയുടേതെന്നു നിരീക്ഷണങ്ങളുണ്ടായി. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച ട്രൂഡോ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും ചെയ്തു. ഇതേത്തുടർന്ന് ക്യാനഡയിലുള്ള ഇന്ത്യൻ ഹൈക്കമ്മിഷണർ അടക്കം നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച ഇന്ത്യ ക്യാനഡയുടെ ഹൈക്കമ്മിഷണർ അടക്കം കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി. നിജ്ജറുടെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന ആരോപണം ഉന്നയിച്ചത് അതിനുവേണ്ട തെളിവില്ലാതെയാണെന്ന് ട്രൂഡോ പിന്നീടു സമ്മതിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. മുൻപ് ഖാലിസ്ഥാൻ വിഘടനവാദികൾ ക്യാനഡയിൽ ഇന്ദിര ഗാന്ധിയുടെ വധം ആഘോഷിച്ച സംഭവമുണ്ടായപ്പോഴും ഇന്ത്യയിൽ നിരോധിക്കപ്പെട്ട സിഖ്സ് ഫോർ ജസ്റ്റിസ് എന്ന സംഘടന ക്യാനഡയിൽ ഖാലിസ്ഥാൻ ഹിതപരിശോധന നടത്തിയപ്പോഴും അതിനെതിരേ കർശനമായ നടപടിയെടുക്കാൻ ട്രൂഡോ തയാറായിരുന്നില്ല എന്നതും ഇതിനോടു ചേർത്തു കാണണം. എന്തായാലും ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള കാർണിയുടെ നീക്കം ഇരു രാജ്യങ്ങൾക്കും ഗുണകരമാണ്. വിദ്യാർഥികൾ അടക്കം ലക്ഷക്കണക്കിന് ഇന്ത്യക്കാരാണു ക്യാനഡയിലുള്ളത്. അവരിൽ നല്ലൊരു പങ്ക് മലയാളികളുമുണ്ട്. ഇവരുടെയെല്ലാം താത്പര്യം ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടണമെന്നതാവും.