കളമശേരി സ്ഫോടനം: അന്വേഷണം തുടരണം | മുഖപ്രസംഗം

ഒരു പകൽ മുഴുവൻ സംസ്ഥാനത്തെ ഭീതിയുടെയും ആശങ്കയുടെയും മുൾമുനയിൽ നിർത്തിയ ക്രൂരകൃത്യത്തിലെ പ്രതിയെ കണ്ടെത്താനായി എന്നതിൽ പൊലീസിന് ആശ്വസിക്കാമെങ്കിലും ഇനിയും പല ചോദ്യങ്ങൾക്കും ഉത്തരം കിട്ടേണ്ടതുണ്ട്.
Kalamasserry blast site
Kalamasserry blast site

കളമശേരിയിലെ കൺവെൻഷൻ സെന്‍ററിലുണ്ടായ സ്ഫോടന പരമ്പരയിൽ ഞെട്ടിത്തരിച്ചു നിൽക്കുകയാണു കേരളം. യഹോവയുടെ സാക്ഷികളുടെ മൂന്നു ദിവസമായി നടന്ന സമ്മേളനത്തിന്‍റെ അവസാന ദിനം രാവിലെ പ്രാർഥന സമയത്ത് ബോംബുകൾ പൊട്ടിത്തെറിച്ചുണ്ടായ ദുരന്തം സംസ്ഥാനത്തെ മുഴുവൻ നടുക്കി. ഐഇഡി സ്ഫോടനത്തിന് ഉപയോഗിച്ച ബാറ്ററികളുടെ ഭാഗങ്ങൾ കണ്ടെത്തിയതോടെ ആസൂത്രിതമായ സ്ഫോടന പദ്ധതിയുടെ സാധ്യതകളാണു തെളിഞ്ഞത്. ആളുകൾ കണ്ണടച്ചു പ്രാർഥിക്കുന്ന സമയത്താണ് സ്ഫോടനങ്ങൾ ഉണ്ടായതെന്നതു ശ്രദ്ധേയമാണ്. ആരാണിതു ചെയ്തത്, എന്തിനായിരുന്നു, പിന്നിൽ ആരൊക്കെയുണ്ട് തുടങ്ങി സ്ഫോടനവുമായി ബന്ധപ്പെട്ട വിവരങ്ങൾ സംസ്ഥാന പൊലീസും കേന്ദ്ര അന്വേഷണ ഏജൻസികളും അന്വേഷിക്കുന്നതിന്‍റെ പിന്നാലെയായി കേരളം മുഴുവൻ. ഇതിനിടെയാണ് താനാണു കുറ്റകൃത്യം ചെയ്തത് എന്ന് അവകാശപ്പെട്ടുകൊണ്ട് എറണാകുളം തമ്മനം സ്വദേശിയായ ഡൊമനിക് മാർട്ടിൻ രംഗത്തുവരുന്നതും പൊലീസിൽ കീഴടങ്ങുന്നതും. വൈകുന്നേരത്തോടെ സ്ഫോടനത്തിൽ ഇയാളുടെ പങ്ക് ഏതാണ്ടു സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

സ്ഫോടനത്തിന്‍റെ പൂർണ ഉത്തരവാദിത്വം ഇയാൾ ഏറ്റെടുത്തിരിക്കുകയാണ്. സ്ഫോടനത്തിന് ഉപയോഗിച്ച റിമോട്ട് അടക്കമുള്ളവ ഇയാളിൽ നിന്നു കണ്ടെടുത്തിട്ടുണ്ടത്രേ. ബോംബ് നിർമിക്കാൻ പഠിച്ചത് ഇന്‍റർനെറ്റ് വഴിയാണെന്നും ഇയാൾ അവകാശപ്പെടുന്നു. പല നിർണായക തെളിവുകളും ഇയാളുടെ മൊബൈൽ ഫോണിൽ നിന്നു കണ്ടെത്തിയെന്നാണു പൊലീസ് പറയുന്നത്. പതിനാറു വർഷമായി യഹോവയുടെ സാക്ഷികളിൽ അംഗമാണെന്നും അവർ തെറ്റായ ആശയം പങ്കുവയ്ക്കുന്നതിനാൽ ഇപ്പോൾ അവരോടുള്ള എതിർപ്പു മൂലമാണ് ബോംബ് സ്ഫോടനം നടത്തിയതെന്നുമാണ് ഇയാൾ അവകാശപ്പെടുന്നത്. യഹോവയുടെ സാക്ഷികൾ ദേശവിരുദ്ധ പ്രവർത്തനമാണ് നടത്തുന്നതെന്നും ഇയാൾ ആരോപിക്കുന്നു.

ഒരു പകൽ മുഴുവൻ സംസ്ഥാനത്തെ ഭീതിയുടെയും ആശങ്കയുടെയും മുൾമുനയിൽ നിർത്തിയ ക്രൂരകൃത്യത്തിലെ പ്രതിയെ കണ്ടെത്താനായി എന്നതിൽ പൊലീസിന് ആശ്വസിക്കാമെങ്കിലും ഇനിയും പല ചോദ്യങ്ങൾക്കും ഉത്തരം കിട്ടേണ്ടതുണ്ട്. മാർട്ടിൻ ഒറ്റയ്ക്കാണോ ഇതു ചെയ്തത് എന്നതാണ് ഇതിൽ പ്രധാനം. മറ്റാർക്കും പങ്കില്ലെന്ന് അയാൾ പറഞ്ഞാലും അതു അന്വേഷിക്കേണ്ടതു തന്നെയാണ്. രണ്ടായിരത്തിലേറെ ആളുകൾ സമ്മേളിക്കുന്ന ഒരു ഹാളിൽ ബോംബുകൾ കൃത്യമായി കൊണ്ടുവച്ച് റിമോട്ട് ഉപയോഗിച്ചു സ്ഫോടനം നടത്തി സുരക്ഷിതമായി അവിടെനിന്നു രക്ഷപെട്ടു എന്നത് ഒരൊറ്റയാളുടെ ബുദ്ധിയിൽ ഉദിച്ച പദ്ധതിയായിരുന്നു എന്നാണല്ലോ പറയുന്നത്. ഇത്ര വലിയൊരു സ്ഫോടനം ഉണ്ടാക്കാൻ വേണ്ട എല്ലാ സാങ്കേതിക വിദ്യകളും സ്വയം പഠിച്ചു എന്നു പറയുന്നതിലും വിശദമായ അന്വേഷണം ആവശ്യമുണ്ട്. എവിടെ നിന്നാണ് ഇയാൾക്ക് ഐഇഡി കിട്ടിയത് എന്നും കണ്ടെത്തേണ്ടതാണ്. എന്തായാലും കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിലേ വ്യക്തമാകൂ. സംഭവവുമായി ബന്ധപ്പെട്ട് യാതൊരു സംശയവും ശേഷിക്കാത്ത വിധത്തിൽ അന്വേഷണം പൂർത്തിയാക്കാൻ പൊലീസിനു കഴിയട്ടെ.

ഏതെങ്കിലും പ്രസ്ഥാനങ്ങളോടോ ആശയങ്ങളോടോ ഉള്ള വിരോധം തീർക്കാൻ നൂറുകണക്കിന് ആളുകളുള്ള സ്ഥലങ്ങളിൽ അവരുടെ ജീവൻ അപഹരിക്കുന്ന തരത്തിൽ ആക്രമണം നടത്തുകയാണു മാർഗമെന്നു കരുതുന്നവർ ഒറ്റയ്ക്കായാലും സംഘമായാലും സമൂഹത്തിനു വലിയ ദുരന്തമാണു വരുത്തിവയ്ക്കുക. ഈ വർഷം തന്നെയാണ് കോഴിക്കോട് എലത്തൂരിൽ ട്രെയ്ൻ തീവയ്പ്പു കേസുണ്ടായത്. ഓടിക്കൊണ്ടിരുന്ന ട്രെയ്‌നിലെ ബോഗിയിൽ ഷാരൂഖ് സെയ്ഫിയെന്ന അക്രമി പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. മൂന്നു പേരുടെ മരണത്തിനും പലർക്കും പൊള്ളലേൽക്കാനും ഇടയാക്കിയ ആ സംഭവത്തിൽ എന്‍ഐഎ കുറ്റപത്രം സമർപ്പിച്ചത് അടുത്തിടെയാണ്. ഡൽഹി സ്വദേശിയായ അക്രമി സമൂഹമാധ്യമങ്ങളിലൂടെ തീവ്രവാദ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് കുറ്റകൃത്യം ചെയ്തതെന്ന് ഇതിൽ വ്യക്തമാക്കുന്നുണ്ട്. കേരളത്തിൽ സമീപകാലത്ത് ഒരാൾ ഒറ്റയ്ക്കു നടത്തിയ വലിയ ആക്രമണമായിരുന്നു അത്. അതിനു ശേഷമാണ് കണ്ണൂർ റെയ്‌ൽവേ സ്റ്റേഷനിൽ മൂന്നാം പ്ലാറ്റ്ഫോമിനടുത്തു നിർത്തിയിട്ടിരുന്ന ട്രെയ്‌നിന്‍റെ ബോഗി‌ രാത്രി ഒന്നരയോടെ അക്രമി കത്തിച്ച സംഭവമുണ്ടായത്. ഭിക്ഷാടനം നടത്തുന്ന പശ്ചിമ ബംഗാൾ സ്വദേശിയായിരുന്നു ഈ കേസിലെ പ്രതി. ഒറ്റപ്പെട്ട അക്രമികൾ വലിയ ദുരന്തങ്ങൾക്കു വഴിവയ്ക്കുന്ന സംഭവങ്ങൾ സംസ്ഥാനത്ത് ഏറിവരുന്നു എന്നതാണ് ഇതൊക്കെ കാണിക്കുന്നത്. ട്രെയ്‌നിനു തീ വയ്ക്കുന്നതും പ്രാർഥന നടക്കുന്ന ഹാളിൽ ബോംബ് സ്ഫോടനങ്ങൾ നടത്തുന്നതുമൊക്കെ കേരളത്തിൽ അസാധാരണ സംഭവങ്ങളാണ്. എന്തും സംഭവിക്കാവുന്ന അവസ്ഥ മുൻകൂട്ടി ക‍ണ്ടുള്ള ജാഗ്രത എവിടെയും പുലർത്തേണ്ടതുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com