പാർലമെന്‍റ് സമ്മേളനവും അഭ്യൂഹങ്ങളും| മുഖപ്രസംഗം

സർക്കാരിന്‍റെ അജൻഡ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എന്നതാണ് ഊഹാപോഹങ്ങൾ ശക്തമായി പ്രചരിക്കുന്നതിനു കാരണം.
പുതിയ പാർലമെന്‍റ് മന്ദിരം
പുതിയ പാർലമെന്‍റ് മന്ദിരം

ഈ മാസം പതിനെട്ടിന് ആരംഭിക്കുന്ന പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിൽ എന്തു ചർച്ച ചെയ്യാനാണു കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നത് എന്നതിനെച്ചൊല്ലിയുള്ള അഭ്യൂഹങ്ങൾ പലവിധത്തിലാണ്. സർക്കാരിന്‍റെ അജൻഡ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എന്നതാണ് ഊഹാപോഹങ്ങൾ ശക്തമായി പ്രചരിക്കുന്നതിനു കാരണം. പതിനെട്ടിന് പഴയ പാർലമെന്‍റ് മന്ദിരത്തിൽ ആരംഭിക്കുന്ന സമ്മേളനം പിറ്റേന്ന് ഗണേശ ചതുർഥി ദിനത്തിൽ പുതിയ മന്ദിരത്തിലേക്കു മാറ്റുമെന്നും പറയുന്നുണ്ട്.

അഞ്ചു സിറ്റിങ്ങുകളാണ് സമ്മേളനത്തിനുണ്ടാവുക. ഈ വർഷം മേയ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പുതിയ മന്ദിരത്തിൽ ആദ്യമായി സമ്മേളനം നടക്കുന്നു എന്നത് എന്തായാലും പ്രത്യേക പ്രാധാന്യമുള്ളതാണ്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഡ്, തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പുകളും അതിനു പിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ പുതിയ മന്ദിരത്തിലെ പ്രത്യേക സമ്മേളനത്തിന് രാഷ്ട്രീയമായും പ്രസക്തിയേറെയുണ്ട്. സർക്കാർ അതു കണക്കാക്കി തന്നെയാവുമല്ലോ തീരുമാനമെടുത്തിട്ടുള്ളത്.

സാധാരണ നിലയിൽ വർഷം മൂന്നു സമ്മേളനങ്ങളാണ് പാർലമെന്‍റിൽ നടക്കാറുള്ളത്. ബജറ്റ്, മൺസൂൺ, വിന്‍റർ സെഷനുകൾ. അതിനു പുറമേയുള്ള സമ്മേളനം അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനാവണമെന്നു ചിലർ അഭിപ്രായപ്പെടുന്നുണ്ട്. അതുമായി ബന്ധപ്പെട്ടാണ് ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്നതാണ് ചർച്ചാവിഷയം എന്ന അഭ്യൂഹം ഉയർന്നത്. നിയമസഭകളിലേക്കും ലോക്സഭയിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പു നടത്തുന്നതിനുള്ള സാധ്യതകൾ പരിശോധിച്ച് ശുപാർശകൾ സമർപ്പിക്കാൻ സർക്കാർ ഇതിനു പിന്നാലെ ഉന്നതതല സമിതിയെ നിയോഗിക്കുകയും ചെയ്തു. എംപിമാരുടെ ഗ്രൂപ്പ് ഫോട്ടൊ എടുക്കാനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടത്രേ. ഈ സമ്മേളനത്തോടെ നിലവിലുള്ള ലോക്സഭയുടെ കാലാവധി അവസാനിപ്പിക്കാനാണ് സർക്കാരിന്‍റെ പദ്ധതി എന്ന അഭ്യൂഹം ഇതിനൊപ്പം ഉയർന്നു. വനിതാ സംവരണം ചർച്ച ചെയ്യാനാണു പദ്ധതിയെന്നും ചിലർ ഊഹിച്ചെടുക്കുകയുണ്ടായി.

അതിനെല്ലാം പിന്നാലെയാണ് രാജ്യത്തിന്‍റെ പേര് ഇന്ത്യ എന്നതിനു പകരം "ഭാരത്' എന്നു മാറ്റാനാണ് സമ്മേളനമെന്ന അഭ്യൂഹം ഉയർന്നിരിക്കുന്നത്. ഒന്നിനും സർക്കാരിന്‍റെ ഭാഗത്തു നിന്ന് വിശദീകരണം ഉണ്ടായിട്ടില്ല. പാർലമെന്‍ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി സമ്മേളനത്തിന്‍റെ അജൻഡ ഇപ്പോഴും രഹസ്യമായി സൂക്ഷിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അജൻഡ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ രംഗത്തുവന്നിരിക്കുന്നത്. സോണിയ ഗാന്ധി ഇതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചിട്ടുമുണ്ട്. പ്രതിപക്ഷ കക്ഷികളുമായി യാതൊരുവിധ ചർച്ചകളും നടത്താതെയാണ് പ്രത്യേക പാർലമെന്‍റ് സമ്മേളനം വിളിച്ചുചേർത്തതെന്ന് സോണിയ കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. സമ്മേളനത്തിൽ ചർച്ച ചെയ്യാൻ ചില പ്രധാന വിഷയങ്ങളും കത്തിൽ എടുത്തു പറഞ്ഞിരിക്കുന്നു. രാജ്യത്തിന്‍റെ സാമ്പത്തിക നില, വിലക്കയറ്റം, കർഷകരുടെ പ്രശ്നങ്ങൾ, മണിപ്പുർ സംഘർഷം, ചൈനയുടെ അതിർത്തി കൈയേറ്റ നീക്കങ്ങൾ തുടങ്ങി പ്രതിപക്ഷ സഖ്യം ഉയർത്തുന്ന വിഷയങ്ങൾ പലതാണ്.

അതേസമയം, പ്രത്യേക സമ്മേളനത്തിന് അതൊന്നും വിഷയങ്ങളായി സർക്കാരും ഭരണ‍പക്ഷവും കരുതുന്നുണ്ടാവില്ല. അതായത് ഭരണപക്ഷവും പ്രതിപക്ഷവും രണ്ടു തട്ടിൽ നിന്നാണ് തെരഞ്ഞെടുപ്പ് അടുത്തുവരുന്ന ഈ സമയം പ്രത്യേക സമ്മേളനത്തിനെത്തുക. കക്ഷി രാഷ്ട്രീയമാവും സമ്മേളനത്തിൽ മുഖ്യമായും ഉയർന്നു നിൽക്കുന്ന വികാരം. തെരഞ്ഞെടുപ്പു പരിഷ്കരണവും രാജ്യത്തിന്‍റെ പേരുമാറ്റവും പോലുള്ള അതിപ്രധാനമായ തീരുമാനങ്ങൾ ഇങ്ങനെയൊരു വികാരത്തിന്‍റെ പുറത്തുനിന്നാണോ എടുക്കേണ്ടത് എന്ന ചോദ്യം തീർച്ചയായും പ്രസക്തമാണ്. വിവിധ തലങ്ങളിൽ വിശദമായ ചർച്ചകൾ നടത്തേണ്ട വിഷയങ്ങളിൽ ഏതാനും ദിവസങ്ങൾ കൊണ്ടു മാത്രം തീരുമാനമെടുക്കുന്നത് എത്രമാത്രം ജനാധിപത്യപരമാണ് എന്ന ചോദ്യവുമുണ്ട്.

ജി 20 ഉച്ചകോടിയുടെ ഭാഗമായ അത്താഴ വിരുന്നിന്‍റെ ക്ഷണക്കത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു "പ്രസിഡന്‍റ് ഒഫ് ഇന്ത്യ' എന്നതിനു പകരം "പ്രസിഡന്‍റ് ഒഫ് ഭാരത്' എന്നു രേഖപ്പെടുത്തിയത് ശ്രദ്ധയിൽ വന്നതോടെയാണ് രാജ്യത്തിന്‍റെ പേരു മാറ്റാൻ കേന്ദ്ര സർക്കാർ ശ്രമം ആരംഭിച്ചു എന്ന അഭ്യൂഹം പരക്കാൻ തുടങ്ങിയത്. അതിനു പിന്നാലെ ആസിയാന്‍ ഉച്ചകോടിക്കായി ഇന്തോനേഷ്യയിലേക്കു പോകുന്നതിന്‍റെ ഔദ്യോഗിക കുറിപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും "പ്രൈംമിനിസ്റ്റര്‍ ഓഫ് ഭാരത്' എന്നു രേഖപ്പെടുത്തിയിട്ടുണ്ടെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രതിപക്ഷം അവരുടെ മുന്നണിക്ക് "ഇന്ത്യ' എന്ന പേരു സ്വീകരിച്ചതുകൊണ്ടാണ് എത്രയും പെട്ടെന്ന് രാജ്യത്തിന്‍റെ പേര് "ഭാരത്' എന്നു മാറ്റാൻ ബിജെപി ആഗ്രഹിക്കുന്നതെന്നു ചിലർ പറയുന്നുണ്ട്. "ഇന്ത്യ' എന്നു രാഷ്ട്രീയ മുന്നണിക്കു പേരിട്ടത് സങ്കുചിത രാഷ്ട്രീയ താത്പര്യം മാത്രം കണക്കിലെടുത്താണ് എന്നത്രേ ഇവർ ചൂണ്ടിക്കാണിക്കുന്നതും. എന്തായാലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ വോട്ട് മാത്രം ലക്ഷ്യമാക്കിക്കൊണ്ടുള്ള നീക്കങ്ങൾക്കപ്പുറത്ത് രാജ്യതാത്പര്യം കൂടി കാണാൻ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും കഴിയട്ടെ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com