വർധിക്കുന്ന ആശങ്ക

മനുഷ്യ ജീവനുകൾ നഷ്ടമായതടക്കം വലിയ തോതിലുള്ള നഷ്ടങ്ങൾ ഇരു രാജ്യങ്ങൾക്കും സംഭവിച്ചുകഴിഞ്ഞു.
Growing concern

 വർധിക്കുന്ന ആശങ്ക

Updated on

പത്തു ദിവസം പിന്നിട്ട ഇസ്രയേൽ- ഇറാൻ യുദ്ധം അവസാനിക്കാനുള്ള സാധ്യതകളൊന്നും തെളിയുന്നില്ലെന്നു മാത്രമല്ല, യുഎസ് കൂടി ഇടപെട്ടതോടെ സംഘർഷം കൂടുതൽ വ്യാപ്തി കൈവരിച്ചിരിക്കുന്നു. സമാധാനം ആഗ്രഹിക്കുന്ന മുഴുവൻ ജനങ്ങളെയും നിരാശപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ. ഇറാന്‍റെ ആണവകേന്ദ്രങ്ങൾക്കു നേരേ യുഎസ് നടത്തിയ ആക്രമണത്തിന് വലിയ തിരിച്ചടിയുണ്ടാകുമെന്നാണു ടെഹ്റാന്‍റെ മുന്നറിയിപ്പ്. ഇതിനു പുറമേയാണ് ഇറാനും ഇസ്രയേലും പരസ്പരം നടത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ.

മനുഷ്യ ജീവനുകൾ നഷ്ടമായതടക്കം വലിയ തോതിലുള്ള നഷ്ടങ്ങൾ ഇരു രാജ്യങ്ങൾക്കും സംഭവിച്ചുകഴിഞ്ഞു. അണുവികിരണം ഉണ്ടാവുമെന്നതിനാൽ ആണവ കേന്ദ്രങ്ങൾ ആക്രമിക്കരുതെന്ന രാജ്യാന്തര ആണവോർജ ഏജൻസിയുടെ മുന്നറിയിപ്പൊന്നും ഇസ്രയേൽ പരിഗണിക്കുന്നില്ല. സമാധാന ആവശ്യങ്ങൾക്കു വേണ്ടിയുള്ളതാണ് ഇറാന്‍റെ ആണവ പദ്ധതിയെന്നും നയതന്ത്ര ചർച്ചകൾക്കു തങ്ങൾ തയാറാണെന്നും ഇറാൻ പറയുന്നുണ്ട്. ആദ്യം ഇസ്രയേൽ ആക്രമണം നിർത്തട്ടെ, എന്നിട്ടാവാം ചർച്ച എന്നതാണ് അവരുടെ നിലപാട്.

ആണവശക്തിയാവാനുള്ള ഇറാന്‍റെ നീക്കം പൂർണമായി തടഞ്ഞേ തീരൂ എന്ന നിലപാടിൽ നിന്ന് ഇസ്രയേൽ പിന്നോട്ടുപോകുന്നില്ല. ഇറേനിയൻ ആണവ പദ്ധതിയെ അമെരിക്കയും അതിശക്തമായി എതിർക്കുന്നുണ്ട്. അമെരിക്കയുമായുള്ള ആണവ ചർച്ചയിൽ നിന്ന് ഇസ്രയേൽ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇറാൻ വിട്ടുനിൽക്കുകയാണ്. ഇസ്രയേൽ ആക്രമണം നിർത്താതെ അമെരിക്കയുമായി ആണവ ചർച്ചയ്ക്കില്ലെന്നായിരുന്നു ഇറാൻ ഇതുവരെ പറഞ്ഞിരുന്നത്. എന്നാൽ, ആക്രമണത്തിൽ യുഎസും പങ്കുചേർന്നതോടെ ചർച്ചകൾക്കുള്ള സാധ്യതകൾ അടയുകയാണ്.

അമെരിക്ക ഇസ്രയേലിനൊപ്പം നിലകൊള്ളുമ്പോൾ എതിർപക്ഷത്ത് റഷ്യയും ചൈനയുമുണ്ടാകുമെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. ഇസ്രയേലിന്‍റെ ഇറാൻ ആക്രമണത്തെ അപലപിക്കുന്ന റഷ്യയും ചൈനയും സംഘർഷത്തിൽ അമെരിക്ക ഇടപെടുന്നതിനെതിരേയും മുന്നറിയിപ്പു നൽകുന്നു. റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനും ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിങ്ങും യുദ്ധസാഹചര്യം സംബന്ധിച്ച് ഫോണിൽ ചർച്ച നടത്തുകയുണ്ടായി. അമെരിക്കക്കെതിരേ ഒന്നിച്ചുനിന്നുള്ള പ്രതിരോധത്തിനു ലഭിക്കുന്ന അവസരം റഷ്യയും ചൈനയും നഷ്ടപ്പെടുത്തില്ലെന്നാണു കരുതുന്നത്. ഇസ്രയേലിനൊപ്പം അമെരിക്ക കൂടി ആക്രമണത്തിനിറങ്ങിയതോടെ വളരെ വലിയ പ്രത്യാഘാതമാണു ഭയക്കേണ്ടതെന്ന് റഷ്യയുടെയും ചൈനയുടെയും നിലപാട് കാണിച്ചുതരുന്നുണ്ട്.

ഇതിനിടെ, യൂറോപ്യൻ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി നടത്തിയ കൂടിക്കാഴ്ചയും ഫലം കണ്ടില്ല. അമെരിക്കയുമായുള്ള ചർച്ചകൾ പുനരാരംഭിക്കാൻ യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും ആദ്യം ഇസ്രയേൽ ആക്രമണം നിർത്തട്ടെയെന്ന നിലപാട് ഇറാൻ ആവർത്തിക്കുകയായിരുന്നു. യൂറോപ്യൻ രാജ്യങ്ങളുടെ നയതന്ത്ര ശ്രമങ്ങളെ തള്ളിക്കളഞ്ഞ ഡോണൾഡ് ട്രംപാവട്ടെ ഇറാൻ ആക്രമണം നിർത്താൻ തയാറായില്ലെങ്കിൽ വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ് ആവർത്തിക്കുകയാണ്.

ഇതിനിടെ, ഇറാനെതിരായ ആക്രമണങ്ങൾ തുടരുന്നതിന് അമെരിക്കയുടെ അനുമതി ആവശ്യമില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറയുന്നുണ്ട്. ഇറാനിലെ എല്ലാ ആണവ കേന്ദ്രങ്ങളും തകർത്തിട്ടേ അടങ്ങൂ എന്നതാണ് അദ്ദേഹത്തിന്‍റെ നിലപാട്. അതിനുള്ള ശേഷി ഇസ്രയേലിനുണ്ടെന്നും നെതന്യാഹു അവകാശപ്പെടുന്നു. ഇറാന്‍റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയെ വധിക്കുമെന്ന ഇസ്രയേലിന്‍റെ പ്രഖ്യാപനവും സംഘർഷത്തിന് അയവു വരുത്തുന്നതിനു തടസമായിട്ടുണ്ട്.

തെക്കൻ ഇസ്രയേലിലെ ആശുപത്രിയിലും ടെൽ അവീവിലെ പാർപ്പിട സമുച്ചയത്തിലും ഇറാൻ മിസൈൽ ആക്രമണം നടത്തിയതിനു പിന്നാലെയാണ് ഖമനേയിയെ വധിക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചത്. ഖമനേയിയെ വധിക്കരുതെന്ന് താൻ ഇസ്രയേലിനോടു നിർദേശിച്ചിരുന്നതായി നേരത്തേ ട്രംപ് വെളിപ്പെടുത്തിയിരുന്നു. സംഘർഷം അവസാനിക്കാനുള്ള സാധ്യത തെളിയാത്ത സാഹചര്യത്തിൽ ഇറാനിലും ഇസ്രയേലിലുമുള്ള ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുണ്ട്.

ഇരു രാജ്യങ്ങളുമായും സൗഹൃദം സൂക്ഷിക്കുന്ന രാജ്യമാണ് ഇന്ത്യ. രണ്ടിടത്തും ധാരാളം ഇന്ത്യക്കാരുമുണ്ട്. അവരെ നാട്ടിലേക്കു തിരിച്ചുകൊണ്ടുവരുന്നതിനുള്ള നടപടി "ഓപ്പറേഷൻ സിന്ധു' പുരോഗമിക്കുകയാണ്. ഇറാനിൽ നിന്നുള്ള ഇന്ത്യക്കാരെയും കൊണ്ട് ഏതാനും വിമാനങ്ങൾ ഇന്ത്യയിലെത്തിക്കഴിഞ്ഞു. ഇന്ത്യൻ പൗരന്മാരെ കൊണ്ടുവരുന്ന ദൗത്യത്തെ വ്യോമപരിധി നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയാണ് ഇറാൻ സഹായിച്ചതെന്നത് പ്രത്യേകം ഓർക്കേണ്ടതുണ്ട്.

ഇന്ത്യക്കാർ ഞങ്ങളുടെ സ്വന്തം ആളുകളാണെന്നും അവർക്കു സുരക്ഷിത പാതയൊരുക്കുമെന്നും ഡൽഹിയിലെ ഇറേനിയൻ എംബസി വ്യക്തമാക്കുകയുണ്ടായി. ഇസ്രയേലിൽ നിന്ന് മടങ്ങാൻ താത്പര്യമുള്ള ഇന്ത്യക്കാരെയും തിരികെ നാട്ടിലെത്തിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്.

എല്ലാ ഇന്ത്യക്കാരും എംബസിയിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്നു നിർദേശിച്ചിട്ടുണ്ട്. ഇസ്രയേലിലും ഇറാനിലുമുള്ള മുഴുവൻ ഇന്ത്യൻ പൗരന്മാരുടെയും സഹായത്തിന് അവിടങ്ങളിലെ ഇന്ത്യൻ ഉദ്യോഗസ്ഥർ ഏതു സമയവും രംഗത്തുണ്ടാവേണ്ടതുണ്ട്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് ആവശ്യമായ നടപടികൾ അപ്പപ്പോൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാരും ശ്രദ്ധിക്കണം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com