
രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും പുറത്തുനിന്നും ഭക്തലക്ഷങ്ങൾ ശബരിമലയിൽ എത്തുന്ന ദിവസങ്ങളാണ് ഇനി. വ്രതശുദ്ധിയുടെ മണ്ഡലകാലം പിറന്നുകഴിഞ്ഞു. ഡിസംബർ 27നാണ് മണ്ഡലപൂജ. അതു കഴിഞ്ഞു നട അടച്ചാൽ പിന്നെ മകരവിളക്ക് തീർഥാടനത്തിന് ഡിസംബർ 30നു വീണ്ടും തുറക്കും. ജനുവരി 15നാണു മകരവിളക്ക്.
ഈ കാലയളവിലൊക്കെ ഇരുമുടിക്കെട്ടുമേന്തി മലകയറാനെത്തുന്ന അയ്യപ്പ ഭക്തർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കേണ്ടത് കേരളത്തിന്റെ ഉത്തരവാദിത്വമാണ്. അതു സർക്കാരിന്റെയോ ദേവസ്വം ബോർഡിന്റെയോ മാത്രം കാര്യവുമല്ല. ശബരിമല തീർഥാടനത്തിന് സംസ്ഥാനത്ത് എത്തുന്നവരെ നല്ല നിലയിൽ സ്വീകരിക്കാനും കഴിയുംവിധം അവർക്കു സഹായങ്ങൾ ചെയ്തുകൊടുക്കാനും കഴിയേണ്ടതാണ്. വിവിധ തീർഥാടന കേന്ദ്രങ്ങളിൽ ദർശനം നടത്തിയാണ് അവരുടെ യാത്ര. അവിടെയൊക്കെ അവർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുമ്പോഴാണ് അതിഥികളോടുള്ള കേരളത്തിന്റെ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റപ്പെടുന്നത്. തീർഥാടകരുമായി ബന്ധപ്പെടേണ്ടിവരുന്ന എല്ലാവരുടെയും മനസിൽ അതുണ്ടാവേണ്ടതാണ്.
തീർഥാടനം നിയന്ത്രിക്കുന്ന സർക്കാർ, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ പ്രത്യേകിച്ച് ഓരോ കാര്യത്തിലും വലിയ ശ്രദ്ധ തന്നെ നൽകേണ്ടതുണ്ട്. ഒരുക്കങ്ങൾ പൂർത്തിയായി എന്നു പറയുമ്പോഴും, ഇനിയും തീരാനുള്ള പ്രധാന ജോലികൾ പലതുമുണ്ട് എന്നാണു റിപ്പോർട്ടുകൾ. എമർജൻസി മെഡിക്കൽ കെയർ സെന്ററുകളുടെ പണികൾ നടക്കുന്നതു മുതൽ കെട്ടിടങ്ങളുടെ പെയ്ന്റിങ്ങും ശുചീകരണ പ്രവർത്തനങ്ങളും അടക്കം ശബരിമലയിൽ ബാക്കിയുള്ള എല്ലാ ജോലികളും എത്രയും വേഗം പൂർത്തിയാക്കേണ്ടതാണ്. ദേവസ്വം ബോർഡിന്റെ ലേല നടപടികൾ പൂർത്തിയായിട്ടില്ല എന്നതിനാൽ സന്നിധാനത്തും പമ്പയിലും നിലയ്ക്കലും ഹോട്ടലുകൾ കുറവാണെന്നും ഭക്ഷണത്തിനു ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്നും പറയുന്നു. പതിനെട്ടാംപടിക്കു മേൽ പുതുതായി സ്ഥാപിക്കുന്ന ഫോൾഡിങ് റൂഫിന്റെ നിർമാണം ഈ സീസണിലും പൂർത്തിയായില്ല. നിലയ്ക്കൽ കുടിവെള്ള പദ്ധതി എങ്ങും എത്താത്തതിനാൽ ഇക്കുറിയും ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കേണ്ടിവരുന്നു. തമിഴ്നാട്, കർണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭക്തരടക്കം ശബരിമലയിലേക്കു പോകുന്നതിന് ആശ്രയിക്കുന്ന പ്രധാന പാതകളിലൊന്നായ സത്രത്തിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. എല്ലാ ഇടത്താവളങ്ങളിലും ഭക്തർക്കു സൗകര്യങ്ങൾ ഉറപ്പുവരുത്താൻ ദേവസ്വം ബോർഡിനു കഴിയണം. സമയമേറെയുണ്ടായിട്ടും പണികൾ ഇത്രയേറെ വൈകിയതിനും വൈകിപ്പിച്ചതിനും യാതൊരു ന്യായീകരണവുമില്ല.
സന്നിധാനത്തും പരിസര പ്രദേശങ്ങളിലും തീർഥാടകരുടെ തിരക്കു നിയന്ത്രിക്കാനും സമയബന്ധിതമായി ദർശനം ഉറപ്പാക്കാനുമുള്ള ഉത്തരവാദിത്വം പൊലീസിനുണ്ട്. തിരക്കു നിയന്ത്രിക്കാൻ ഇത്തവണ ഡൈനാമിക് ക്യൂ കൺട്രോൾ സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ്. സന്നിധാനത്തെ തിരക്ക് നിലയ്ക്കലും പമ്പയിലുമുള്ളവരെ വിഡിയൊ ദൃശ്യത്തിലൂടെ അറിയിക്കുന്നു. 15 കൗണ്ടറുകളിലായാണ് വെര്‍ച്വല്‍ ക്യു സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ആറു ഘട്ടങ്ങളിലായി 13,000 പൊലീസുകാരാണ് തീര്‍ഥാടനകാലയളവില്‍ ഡ്യൂട്ടിയിലുണ്ടാകുക. തീർഥാടകരുടെ സുരക്ഷ, യാത്ര, വാഹനങ്ങളുടെ പാർക്കിങ് അടക്കം കാര്യങ്ങളിൽ പൊലീസിന്റെ സഹായം ആവശ്യമായി വരും. സന്നിധാനം, നിലയ്ക്കല്‍, വടശേരിക്കര എന്നിവിടങ്ങളില്‍ മൂന്നു താത്കാലിക പൊലീസ് സ്റ്റേഷനുകള്‍ നിര്‍മിക്കുന്നത് ഇതുമായി ബന്ധപ്പെട്ടാണ്. ഇവിടെ നിന്ന് ഡ്രോണ്‍ സംവിധാനം ഉപയോഗിച്ചു നിരീക്ഷണം നടത്തുമെന്നും പൊലീസ് കേന്ദ്രങ്ങൾ അറിയിക്കുന്നുണ്ട്. പമ്പയിലെത്തുന്ന തീര്‍ഥാടകരുടെ വാഹനം പാർക്ക് ചെയ്യുന്നതിന് നിലയ്ക്കലിൽ 17 ഗ്രൗണ്ടുകളിലായി സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
പൊലീസ് എത്രമാത്രം ജാഗ്രത കാണിക്കേണ്ടതുണ്ടോ അതുപോലെ പ്രധാനമാണ് ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളും. അടിയന്തര വൈദ്യസഹായം ഉറപ്പാക്കുന്നതിൽ യാതൊരു വീഴ്ചയും ഉണ്ടാവാതെ നോക്കേണ്ടതുണ്ട്. അടിയന്തര മെഡിക്കൽ കേന്ദ്രങ്ങളിൽ ആവശ്യത്തിന് ഡോക്റ്റർമാരെയും മറ്റു ജീവനക്കാരെയും നിയോഗിച്ചുവെന്ന് ഉന്നത തലത്തിൽ തന്നെ പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്. ഭക്ഷണവും കുടിവെള്ളവും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനങ്ങൾ കാര്യക്ഷമമായി തന്നെ പ്രവർത്തിക്കണം. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ ചുമതല ഒട്ടും ചെറുതല്ല എന്നു സാരം.
ഇതുപോലെ തന്നെയാണു യാത്രാസൗകര്യങ്ങളുടെ കാര്യവും. പമ്പയിലും നിലയ്ക്കലും കെഎസ്ആർടിസി ബസ് സ്റ്റേഷനുകളുടെ പ്രവർത്തനം മികച്ച രീതിയിൽ നടക്കേണ്ടതുണ്ട്. ഡിസംബർ ആദ്യ ആഴ്ച വരെ 473 ബസുകളും തുടർന്ന് മകരവിളക്കു വരെ കൂടുതൽ സർവീസുകളും നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ലോ ഫ്ലോർ നോൺ എസി, വോൾവോ ലോ ഫ്ലോർ എസി, ഡീലക്സ്, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ്, സൂപ്പർ എക്സ്പ്രസ് എന്നിങ്ങനെ വിവിധ തരം സർവീസുകൾ നടത്തുന്നുണ്ട്. 40ലേറെ യാത്രക്കാർ ഗ്രൂപ്പായി ബുക്ക് ചെയ്താൽ ഏതു സ്ഥലത്തുനിന്നും സ്പെഷ്യൽ സർവീസുകൾ നടത്താനുള്ള തീരുമാനം സംഘമായി എത്തുന്ന തീർഥാടകർക്കു ഗുണകരമാവും. പമ്പ- നിലയ്ക്കൽ ചെയ്ൻ സർവീസ് ഏറ്റവും മികച്ച രീതിയിൽ നടത്താനാവണം. കഴിഞ്ഞ സീസണിൽ കണ്ടക്റ്റർമാരില്ലാതെ ആളെ കുത്തിനിറച്ച് ചെയ്ൻ സർവീസ് നടത്തിയത് അയ്യപ്പ ഭക്തർക്കു ബുദ്ധിമുട്ടു സൃഷ്ടിച്ചിരുന്നു. ഇക്കുറി സർവീസിൽ കണ്ടക്റ്റർമാരുണ്ടാകണമെന്നും അനുവദനീയമായതിലേറെ ആളുകളെ കയറ്റരുതെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. സർക്കാരിന്റെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഏറ്റവും നല്ല രീതിയിൽ തീർഥാടനം മുന്നോട്ടുകൊണ്ടുപോകാൻ ദേവസ്വം ബോർഡിനു കഴിയട്ടെ.