അഭിമാനകരം, ഈ ജനപങ്കാളിത്തം | മുഖപ്രസംഗം

വോട്ടെടുപ്പു നടന്ന മൂന്നു ദിവസവും നല്ല പോളിങ് തന്നെയാണു രേഖപ്പെടുത്തിയത്
jammu kashmir election 3rd round
അഭിമാനകരം, ഈ ജനപങ്കാളിത്തം | മുഖപ്രസംഗംrepresentative image
Updated on

രാജ്യത്തെ ജനങ്ങൾ മാത്രമല്ല അന്താരാഷ്‌ട്ര സമൂഹവും കാര്യമായി ശ്രദ്ധിച്ചിരുന്ന വോട്ടെടുപ്പാണ് മൂന്നു ഘട്ടമായി ജമ്മു കശ്മീരിൽ പൂർത്തിയായത്. ഭീകരരും അവരെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാനും ഉയർത്താവുന്ന അട്ടിമറി സാധ്യതകൾ തടഞ്ഞുകൊണ്ട് സമാധാനപരമായ വിധത്തിൽ വോട്ടെടുപ്പു പൂർത്തിയാക്കാൻ തെരഞ്ഞെടുപ്പു കമ്മിഷനും കേന്ദ്ര സർക്കാരിനും ജമ്മു കശ്മീരിലെ ഭരണസംവിധാനങ്ങൾക്കും കഴിഞ്ഞു. കശ്മീരിലെ ജനങ്ങൾ ഈ തെരഞ്ഞെടുപ്പിനു നൽകിയ സഹകരണം ജനാധിപത്യത്തിന്‍റെ കരുത്തായി മാറുകയും ചെയ്തു.

ജമ്മു കശ്മീരിൽ ജനാധിപത്യം വിജയിച്ചുവെന്നും പാക്കിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരപ്രവർത്തനത്തെ ജനങ്ങൾ തള്ളിക്കളയുന്നുവെന്നും പോളിങ് ശതമാനം വ്യക്തമാക്കുന്നുണ്ട്. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ഭരിക്കുന്നതിനുള്ള അവസരമാണ് വീണ്ടും ജമ്മു കശ്മീരിനു കിട്ടുന്നത്.

അങ്ങനെയൊരു സർക്കാരിനെ തെരഞ്ഞെടുക്കാൻ ഭൂരിപക്ഷം വോട്ടർമാരും പങ്കാളികളായി എന്നത് അഭിമാനകരം തന്നെയാണ്. വോട്ടെടുപ്പിൽ കണ്ട ജനപങ്കാളിത്തം സാധാരണ നിലയിലേക്കുള്ള ജമ്മു കശ്മീരിന്‍റെ തിരിച്ചുവരവ് വ്യക്തമാക്കുന്നതുമാണ്. സുസ്ഥിരമായ ഒരു സർക്കാർ അവിടെയുണ്ടാവുന്നത് വികസന പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്ക് അത്യാവശ്യമാണെന്നു ജനങ്ങൾ തിരിച്ചറിയുന്നുണ്ട്.

വോട്ടെടുപ്പു നടന്ന മൂന്നു ദിവസവും നല്ല പോളിങ് തന്നെയാണു രേഖപ്പെടുത്തിയത്. സെപ്റ്റംബർ 18നു നടന്ന ഒന്നാം ഘട്ടം വോട്ടെടുപ്പിൽ 61.38 ശതമാനം പേർ വോട്ടു ചെയ്തെന്നാണു കണക്ക്. സെപ്റ്റംബർ 26ന് രണ്ടാം ഘട്ടത്തിൽ 57.31 ശതമാനം പോളിങ്ങാണുണ്ടായത്. മൂന്നാം ഘട്ടത്തിൽ ഇന്നലെ വൈകിട്ട് അഞ്ചുവരെയുള്ള റിപ്പോർട്ട് പ്രകാരം 65 ശതമാനത്തിലേറെ പേർ വോട്ടു ചെയ്തിട്ടുണ്ട്. അവസാന കണക്കിൽ പോളിങ് ശതമാനം ഇനിയും ഉയരും.

കശ്മീരിൽ സമാധാനം പുലരണം എന്നാഗ്രഹിക്കുന്ന ജനങ്ങൾ വോട്ടെടുപ്പിനോടു വലിയ തോതിൽ താത്പര്യം കാണിച്ചുവെന്നു നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. വോട്ടെടുപ്പു വിജയിപ്പിക്കാൻ ജനങ്ങൾ സ്വമേധയാ രംഗത്തിറങ്ങി. പലയിടത്തും വോട്ടു ചെയ്യാൻ നീണ്ട ക്യൂവായിരുന്നു. മൂന്നാം ഘട്ടത്തിൽ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ തന്നെ 44 ശതമാനത്തിനു മുകളിൽ വോട്ടർമാർ സമ്മതിദാനം വിനിയോഗിച്ചു കഴിഞ്ഞിരുന്നു.

ജമ്മു കശ്മീരിന്‍റെ പ്രത്യേകാധികാരങ്ങൾ റദ്ദാക്കിയതിനെത്തുടർന്നുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ പടിഞ്ഞാറൻ പാക്കിസ്ഥാൻ അഭയാർഥികൾ, വാൽമീകികൾ, ഗൂർഖകൾ എന്നിവർക്കു വോട്ടവകാശം ലഭിച്ചു എന്നതും പ്രത്യേകതയാണ്. ഈ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന ഒന്നര ലക്ഷത്തിലേറെ ആളുകളാണ് ജമ്മു കശ്മീരിലുള്ളത്. 370ാം വകുപ്പ് റദ്ദാക്കിയതോടെ ഇവർക്കു ഭൂമി വാങ്ങാനും ജോലിക്ക് അപേക്ഷിക്കാനും തെരഞ്ഞെടുപ്പിൽ പങ്കെടുക്കാനും എല്ലാം അവസരമായി.

ഒരു പുതിയ കാലഘട്ടത്തിന്‍റെ തുടക്കമാണിതെന്നാണ് ഇവർ ആവേശത്തോടെ പ്രതികരിച്ചത്. ജമ്മു കശ്മീരും ലഡാഖും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കും മുൻപ്, 370ാം വകുപ്പ് നിലനിൽക്കുന്ന സംസ്ഥാനമായിരുന്നപ്പോൾ, ജമ്മു കശ്മീരിൽ നടന്ന അവസാന നിയമസഭാ തെരഞ്ഞെടുപ്പ് 2014ൽ ആയിരുന്നു.

അഞ്ചു ഘട്ടമായി നടന്ന അന്നത്തെ വോട്ടെടുപ്പിൽ 25 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പോളിങ്ങാണ് രേഖപ്പെടുത്തിയത്- 65 ശതമാനം. 60 ശതമാനത്തിലേറെ പോളിങ് 2008ലെ നിയമസഭാ തെരഞ്ഞെടുപ്പിലും രേഖപ്പെടുത്തിയിരുന്നു. എന്നാൽ, 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 45 ശതമാനത്തിൽ താഴെയായിരുന്നു ജമ്മു കശ്മീരിലെ പോളിങ്. ഈ വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അത് 58 ശതമാനത്തിലേറെയായി ഉയർന്നു. അതിനെക്കാൾ മെച്ചമായ പോളിങ് ശതമാനമാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പിൽ കാണുന്നത്.

ഈ മാസം 8ന് വോട്ടെണ്ണിക്കഴിയുമ്പോൾ അധികാരത്തിലേറുന്നത് ഏതു രാഷ്‌ട്രീയ കക്ഷിയായാലും അവർ ജമ്മു കശ്മീരിന്‍റെ ക്ഷേമത്തിന് ഉതകുന്ന ജനാധിപത്യ നയങ്ങളിലൂടെ സുസ്ഥിരമായ ഭര‍ണം കാഴ്ചവയ്ക്കട്ടെ. ജമ്മു കശ്മീരിന് സംസ്ഥാന പദവി എത്രയും വേഗം തിരികെ നൽകുമെന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയിട്ടുള്ളത്. ആ വാക്കു പാലിക്കാൻ കേന്ദ്ര സർക്കാരിനു കഴിയട്ടെ.

ഭീകരവാദത്തെയും അതിർത്തികടന്നുള്ള വെടിവയ്പ്പിന്‍റെ ഭീഷണിയെയും ഭയപ്പെടാതെ സമാധാനത്തോടെ ജീവിക്കാനുള്ള അവസരം ജനങ്ങൾക്ക് ഉറപ്പുവരുത്തുന്നതിൽ കേന്ദ്ര സർക്കാരും പുതുതായി അധികാരത്തിൽ വരുന്ന ജമ്മു കശ്മീരിലെ സർക്കാരും വിവിധ രാഷ്‌ട്രീയ പാർട്ടികളുടെ നേതാക്കളും ജനപ്രതിനിധികളും എല്ലാം ഒറ്റക്കെട്ടായി അണിനിരക്കേണ്ടതുണ്ട്. വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ ഈ തെരഞ്ഞെടുപ്പിലെ ജനപങ്കാളിത്തവും നടത്തിപ്പും സസൂക്ഷ്മം വിലയിരുത്തിയിട്ടുണ്ടാവും. കശ്മീരിലെ ജനത മഹത്തായ ജനാധിപത്യ പ്രക്രിയയിൽ പ്രകടമാക്കിയ ആവേശം അവരെയൊക്കെ സ്പർശിച്ചുകാണുമെന്ന് ഉറപ്പാണ്.

Trending

No stories found.

Latest News

No stories found.