
ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപുള്ള സെമി ഫൈനൽ പോരാട്ടത്തിനു രാഷ്ട്രീയ കക്ഷികൾ കളത്തിലിറങ്ങുകയായി. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഡ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു തീയതികൾ തെരഞ്ഞെടുപ്പു കമ്മിഷൻ പ്രഖ്യാപിച്ചു കഴിഞ്ഞു. അഞ്ചു സംസ്ഥാനങ്ങളിലും വോട്ടെടുപ്പു നടക്കുന്നത് അടുത്ത മാസമാണ്. ഛത്തിസ്ഗഡ് ഒഴികെ നാലിടത്തും ഒരൊറ്റ ഘട്ടമായാണ് വോട്ടെടുപ്പു നടക്കുന്നത്. ഛത്തിസ്ഗഡിൽ രണ്ടു ഘട്ടം. ഡിസംബർ മൂന്നിനു വോട്ടെണ്ണുമ്പോൾ ആർക്കാണ് ആധിപത്യം എന്നതു ദേശീയ രാഷ്ട്രീയത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്നതാണ്. മാസങ്ങൾക്കകം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രവർത്തനങ്ങൾക്ക് ആവേശം പകരാൻ നിയമസഭാ ഫലങ്ങൾ ഉപകരിക്കും.
ഉത്തരേന്ത്യയിൽ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഡിലും ബിജെപിയും കോൺഗ്രസും തമ്മിലുള്ള മത്സരം കടുത്തതാവുമെന്നതിൽ സംശയമില്ല. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിനു ശേഷം മൂന്നിടത്തും അധികാരത്തിലെത്തിയതാണു കോൺഗ്രസ്. ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ബിജെപി പക്ഷത്തേക്കു പോയതോടെയാണ് മധ്യപ്രദേശിലെ കമൽ നാഥ് സർക്കാർ വീണതും ബിജെപിയുടെ ശിവരാജ് സിങ് ചൗഹാൻ വീണ്ടും മുഖ്യമന്ത്രിയായതും. രാജസ്ഥാനിൽ അശോക് ഗെഹ് ലോട്ടും ഛത്തിസ്ഗഡിൽ ഭൂപേഷ് ബഘേലും 2018 ഡിസംബർ മുതൽ കോൺഗ്രസ് മുഖ്യമന്ത്രിമാരായി അധികാരത്തിലുണ്ട്. വിമതനീക്കങ്ങളിൽ അടിതെറ്റാതെ അഞ്ചു വർഷവും തികച്ചു ഭരിക്കാൻ രണ്ടു പേർക്കും കഴിഞ്ഞു എന്നത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ്. രാജസ്ഥാനിൽ സ്വന്തം ചേരിയിൽ നിന്നുകൊണ്ട് സച്ചിൻ പൈലറ്റ് ഉയർത്തിയ ഭീഷണി അതിജീവിച്ച ഗെഹ് ലോട്ട് കോൺഗ്രസിലെ കരുത്തുറ്റ നേതാക്കളുടെ മുൻനിരയിൽ തന്നെയുണ്ട്. ഗെഹ് ലോട്ടിന്റെയും ബഘേലിന്റെയും സർക്കാരുകളുടെ ജനക്ഷേമ പദ്ധതികളിലാണ് രണ്ടു സംസ്ഥാനത്തും ഭരണത്തുടർച്ചയ്ക്കു കോൺഗ്രസ് പ്രതീക്ഷ വയ്ക്കുന്നത്. മധ്യപ്രദേശിൽ കമൽ നാഥ് സർക്കാരിനെ വീഴ്ത്തിയവരോടുള്ള ജനങ്ങളുടെ പ്രതികാരം കോൺഗ്രസിനു വോട്ടായി മാറുമെന്നും അവർ അവകാശപ്പെടുന്നു. ബിജെപിക്കെതിരായ "ഇന്ത്യ' മുന്നണിയുടെ നേതൃത്വത്തിൽ അവകാശവാദം ഉറപ്പിക്കാൻ ഈ മൂന്നു സംസ്ഥാനത്തും വിജയം കോൺഗ്രസിന് ആവശ്യവുമാണ്.
അതേസമയം, കേന്ദ്ര സർക്കാരിന്റെ ഭരണനേട്ടങ്ങൾ ഉയർത്തിപ്പിടിച്ചാണു ബിജെപി പ്രചാരണത്തിന് ഇറങ്ങുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപിന്തുണ പാർട്ടിയുടെ കരുത്തായി അവർ കാണുന്നു. കോൺഗ്രസിനെയും ബിജെപിയെയും മാറിമാറി അധികാരത്തിലേറ്റുന്നതാണ് രാജസ്ഥാന്റെ പതിവ്. അത് ഇക്കുറിയും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണു ബിജെപി. കോൺഗ്രസിലെ ചേരിപ്പോരുകൾ തങ്ങൾക്കു ഗുണകരമാവുമെന്നും അവർ കരുതുന്നു. ഛത്തിസ്ഗഡിൽ കോൺഗ്രസ് സർക്കാരിന്റെ അഴിമതിയാണു ബിജെപിയുടെ മുഖ്യവിഷയം. തുടർച്ചയായി 15 വർഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചാണ് വൻ ഭൂരിപക്ഷത്തിൽ കഴിഞ്ഞ തവണ ബഘേൽ അധികാരത്തിൽ വന്നത്. ദീർഘകാല ഭരണം ഉയർത്തിയ ഭരണവിരുദ്ധ വികാരമാണ് കഴിഞ്ഞ തവണ തോൽവിക്കു കാരണമായതെങ്കിൽ ഇക്കുറി ഭരണവിരുദ്ധ വികാരം കോൺഗ്രസിനെതിരേയാവുമെന്നും ബിജെപി കണക്കുകൂട്ടുന്നു.
മധ്യപ്രദേശിൽ ഇരുപത്തൊമ്പതും രാജസ്ഥാനിൽ ഇരുപത്തഞ്ചും ഛത്തിസ്ഗഡിൽ പതിനൊന്നും ലോക്സഭാ സീറ്റുകളാണുള്ളത്. മൊത്തം 65 സീറ്റുകൾ. ഭരണ, പ്രതിപക്ഷ മുന്നണികളെ നയിക്കുന്നവർക്ക് എത്രമാത്രം നിർണായകമാണ് ഈ തെരഞ്ഞെടുപ്പെന്ന് ഇതിൽ നിന്നു വ്യക്തം. കഴിഞ്ഞ തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചിട്ടും ബിജെപി ഏതാണ്ട് തൂത്തുവാരിയതാണ് ഈ സംസ്ഥാനങ്ങളിലെ ലോക്സഭാ സീറ്റുകൾ എന്നതും ശ്രദ്ധേയം. എന്നാൽ, അന്നത്തെ സാഹചര്യമല്ല ഇന്നുള്ളതെന്നും നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലം ലോക്സഭാ ഫലത്തെ സ്വാധീനിക്കാമെന്നും നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്തായാലും ദേശീയ രാഷ്ട്രീയത്തിലെ പ്രധാന കക്ഷികൾ തമ്മിലുള്ള പോരാട്ടം ജനാധിപത്യത്തിനു കരുത്തുകൂട്ടുന്നതാവട്ടെ. മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കാതെ പ്രചാരണം നടത്താനും വോട്ടിനായി അവിശുദ്ധ മാർഗങ്ങൾ സ്വീകരിക്കാതിരിക്കാനും എല്ലാ നേതാക്കളും സന്നദ്ധരാവട്ടെ.