
ഇന്നു തിരുവോണമാണ്. മറ്റെല്ലാം മാറ്റിവച്ച് ലോകത്തിന്റെ ഏതു ഭാഗത്തും മലയാളികൾ ആഘോഷിക്കുന്ന ദിവസം. നിത്യജീവിതത്തിലെ നിരവധി പ്രശ്നങ്ങൾക്കു പരിഹാരം കാണാനുള്ള ഓട്ടത്തിലാണു നാമെല്ലാം. അതിനിടയിലും ഇങ്ങനെയൊരു ആഘോഷ ദിവസം, അതു മലയാളിയുടെ അഭിമാനമാണ്. സർക്കാർ തലത്തിലും വിവിധ സംഘടനകളുടെ നേതൃത്വത്തിലും കുടുംബങ്ങൾ കേന്ദ്രീകരിച്ചും എല്ലാം പലവിധ ആഘോഷങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാണിച്ചതു പോലെ ഭേദചിന്തയില്ലാതെ എല്ലാവരും ഓണം ആഘോഷിക്കുന്നു എന്നതാണ് നമ്മുടെ നാട്ടിലെ പ്രത്യേകത. മലയാളികൾ എവിടെയുണ്ടോ അവിടെയെല്ലാം ഓണമുണ്ട്. യുവാക്കളും വിദ്യാർഥികളും കൂടുതലായി വിദേശ രാജ്യങ്ങളിലേക്കു തൊഴിലും വിദ്യാഭ്യാസവും തേടി പോകുന്ന കാലമാണിത്. അവരെല്ലാം ആ രാജ്യങ്ങളിൽ ഓണത്തിന്റെ പ്രസക്തി എത്തിക്കുന്നുമുണ്ട്. ഇത്രമാത്രം ഗൃഹാതുരത്വം നിറഞ്ഞ ഒരാഘോഷം കേൾക്കുന്നവരിൽ പോലും വിസ്മയം ജനിപ്പിക്കുന്നതാണ്.
സമൃദ്ധിയും സമാധാനവും ഐക്യവുമാണ് ഓണം ഓർമിപ്പിക്കുന്നത്. കള്ളവും ചതിയും പൊളിവചനവുമില്ലാത്ത, മാനുഷരെല്ലാരും ഒന്നുപോലെ കഴിയുന്ന, മാവേലി നാട് ഇന്നത്തെ നമ്മുടെ ജീവിത ചുറ്റുപാടുകളിൽ നിന്ന് എത്രയോ അകലെയാണ്. അഴിമതിയും അക്രമവും തട്ടിപ്പും വെട്ടിപ്പും കമ്മിഷനും കോഴയും ഒക്കെയാണ് നമ്മുടെ ജനാധിപത്യ സംവിധാനത്തിലെ കറുത്ത പൊട്ടുകളായി മാറുന്നത്. ഇവയ്ക്കെതിരേയെല്ലാമുള്ള ശബ്ദങ്ങൾ പലപ്പോഴും ഒതുങ്ങിപ്പോവുന്നു, അല്ലെങ്കിൽ ഒതുക്കിക്കളയാനുള്ള ശ്രമങ്ങളുണ്ടാവുന്നു. വെട്ടിപ്പുകാരുടെ കുതന്ത്രങ്ങളുടെ ഫലമായി സമൃദ്ധി മാറുന്നതു തടയാനുള്ള പരിശ്രമങ്ങൾ ഊർജിതപ്പെടുത്തേണ്ടതുണ്ട്. മാവേലി നാടിന്റെ ഒരറ്റത്തെങ്കിലും എത്തിപ്പെടണമെങ്കിൽ തട്ടിപ്പും വെട്ടിപ്പുമൊക്കെ ഫലപ്രദമായി ചെറുക്കേണ്ടിയിരിക്കുന്നു. നാം തന്നെ ഇത്തരക്കാർക്കു വളം വച്ചുകൊടുക്കുന്നുണ്ടോയെന്ന് ഓരോ മലയാളിയും ചിന്തിക്കേണ്ടതാണ്. നാടിനോടും സഹജീവികളോടുമുള്ള ഉത്തരവാദിത്വം ഓർമിപ്പിക്കുന്നതാണ് ഓണം. കള്ളപ്പറയും ചെറുനാഴിയും ഉപയോഗിക്കില്ലെന്ന് ഓരോരുത്തരുമാണ് തീരുമാനിക്കേണ്ടത്. സാമൂഹിക വിരുദ്ധരെ പ്രോത്സാഹിപ്പിക്കില്ലെന്ന് തീരുമാനിക്കേണ്ടതും നമ്മൾ ഓരോരുത്തരും തന്നെ.
ഇപ്പോൾ കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്ന് ലഹരി വസ്തുക്കളുടെ ഉപയോഗമാണ്. വളർന്നുവരുന്ന തലമുറകളെ ലഹരിക്ക് അടിമയാക്കി കോടികൾ സമ്പാദിച്ചുകൂട്ടാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന സമൂഹദ്രോഹികൾ ഒന്നും രണ്ടുമല്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പേരാണ് ലഹരി കൈവശം വച്ചതിനും ഉപയോഗിച്ചതിനും പിടിയിലാവുന്നത്. വിദ്യാലയങ്ങൾ ചുറ്റിപ്പറ്റിയുള്ള ലഹരി സംഘങ്ങളുടെ പ്രവർത്തനം നിരവധി കുട്ടികളുടെ സുരക്ഷയിലാണ് ഭീഷണി ഉയർത്തുന്നത്. ഏതൊക്കെ തരത്തിലുള്ള ദുരന്തങ്ങളാണു ലഹരി വരുത്തിവയ്ക്കുന്നതെന്ന് ഞെട്ടലോടെയാണ് കേരളം നോക്കിക്കാണുന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ കഞ്ചാവ് ലഹരിയിൽ കുത്തിക്കൊലപ്പെടുത്തിയ അധ്യാപകൻ കേരളത്തെ ഭയപ്പെടുത്തുന്ന നിരവധി മയക്കുമരുന്ന് ഉപയോഗക്കാരിൽ ഒരാൾ മാത്രമാണ്. ലഹരിക്ക് അടിമപ്പെട്ട പേരമകൻ വൃദ്ധദമ്പതികളെ അതിക്രൂരമായി കൊലപ്പെടുത്തുന്നതും ലഹരി മൂത്ത ഭർത്താവ് ഭാര്യയെ നിർദയം വെട്ടിക്കൊന്നതും ഒക്കെ സമീപകാലത്ത് കേരളം കണ്ടിട്ടുണ്ട്. ലഹരിക്കെതിരേയുള്ള ബോധവത്കരണം വഴിപാടായി മാറുന്ന അവസ്ഥയാണുള്ളത്. വിവിധ കുറ്റങ്ങൾക്കു പിടികൂടപ്പെടുന്നവരിൽ ഏറെയും ലഹരി വഴിതെറ്റിച്ചവരാണ്. നൂറു കണക്കിനു കുട്ടികൾ ലഹരി വലയിൽ അകപ്പെടുന്നുണ്ടെന്നുള്ള റിപ്പോർട്ടുകളും ആശങ്കയോടെയല്ലാതെ കാണാനാവില്ല. ഏതാനും ദിവസം മുൻപ് കോഴിക്കോട് തൊട്ടിൽപാലത്ത് കോളെജ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ ശേഷം അടച്ചിട്ട വീട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ട സംഭവത്തിലെ പ്രതിയായ ഇരുപത്താറുകാരൻ ലഹരിക്ക് അടിമയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇയാളുടെ വീട്ടിൽ നിന്ന് എംഎഡിഎംഎയും പൊലീസ് കണ്ടെടുക്കുകയുണ്ടായി.
ലഹരി ഉപയോഗിക്കുന്നവരുടെ മാനസിക വിഭ്രാന്തിയിൽ നിരപരാധികളുടെ ജീവിതം തകരുന്നതു കണ്ടുനിൽക്കാൻ കേരളത്തിനു കഴിയില്ല. സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും മയക്കുമരുന്നുകൾ സുലഭമായി ലഭിക്കുന്ന അവസ്ഥ ഇല്ലാതാക്കേണ്ടതാണ് ഇന്നത്തെ കേരളം നേരിടുന്ന പ്രധാന വെല്ലുവിളി. പൊലീസും എക്സൈസും പോലുള്ള ഏജൻസികളും ഭരണാധികാരികളും മാത്രമല്ല ഓരോ പൗരനും ഇതിനായി കൈകോർക്കേണ്ടതുണ്ട്. ലഹരി മാഫിയ കരുത്താർജിക്കുന്നതു തടയണമെങ്കിൽ ജനങ്ങൾ ഒന്നിച്ചു നിന്നു ചെറുക്കണം. തനിക്കു ചുറ്റും മാഫിയകളുടെ പദ്ധതികൾ നടപ്പാവുന്നില്ലെന്ന് ഉറപ്പുവരുത്താനാവണം. ഓണം പോലുള്ള ആഘോഷങ്ങൾ ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതാവാതെ ലഹരിക്കെതിരായ സന്ദേശം സമൂഹത്തിനു നൽകുന്നതാവട്ടെ. സാമൂഹിക ബന്ധങ്ങളിലെ ഇഴയടുപ്പം ഉറപ്പിച്ചാൽ ഇത്തരം വിപത്തുകളെ നേരിടാൻ എളുപ്പമാണ്. ഓണക്കാലവും ഓണാഘോഷവും സാമൂഹിക കൂടിച്ചേരലുകളുടേതാവുമ്പോൾ ഈ ഇഴയടുപ്പവും വർധിക്കും. സോഷ്യൽ മീഡിയയിലേക്ക് ഒതുങ്ങിപ്പോവുന്ന സാമൂഹിക സൗഹൃദത്തിൽ നിന്ന് നാട്ടിൻപ്രദേശങ്ങളിൽ ഒന്നിച്ചുചേർന്നുള്ള ആഘോഷങ്ങളിലേക്കു മലയാളി തിരിച്ചെത്തേണ്ടിയിരിക്കുന്നു. പരസ്പരം അറിയാനും ശ്രദ്ധിക്കാനും സഹായിക്കാനും എല്ലാം കൂട്ടായ്മകൾ രൂപപ്പെടുന്നത് ഉപകരിക്കും. ഞാൻ, എന്റെ കാര്യം എന്നല്ല മഹാബലി ആലോചിച്ചത്. തന്റെ പ്രജകളുടെ കാര്യമാണ്. സമൂഹത്തിന്റെ മൊത്തത്തിലുള്ള ക്ഷേമമാണ്.
ഓണം ഓർമിപ്പിക്കുന്ന മറ്റൊരു വിഷയം കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ജാഗ്രതയാണ്. ""കാറ്റും പോയ് മഴക്കാറും പോയ് കർക്കിടകം പുറകേ പോയ്'' എന്ന വയലാർ ഗാനം ഓണവും കാലാവസ്ഥയും തമ്മിലുള്ള ബന്ധം ഓർമിപ്പിക്കുന്നതാണ്. മഴ തിമർത്തു പെയ്യുന്ന കർക്കിടകം ഒഴിഞ്ഞ് ഓണത്തിനൊരുങ്ങുന്ന ചിങ്ങം എത്തുന്നത് പ്രകൃതിക്കാകെ ആവേശം പകർന്നുകൊണ്ടാണ്. കാലാവസ്ഥയുടെ വരദാനമാണ് വസന്തം വിരിഞ്ഞുനിൽക്കുന്ന കേരളക്കര. മഹാപ്രളയത്തിന്റെ ഇരുണ്ട നാളുകൾ നൽകിയ ദുരിതങ്ങൾക്കു ശേഷം ഇപ്പോൾ മഴ കിട്ടാതെ വരാനിരിക്കുന്ന കൊടുംവരൾച്ചയിൽ ആശങ്കപ്പെട്ടു കഴിയുന്ന നാടിന് പൊന്നിൻ ചിങ്ങത്തിന്റെ സമൃദ്ധിയൊന്നും ഉൾക്കൊള്ളാനായെന്നു വരില്ല. പഴയ കർക്കിടകവും പഴയ ചിങ്ങവും ഇന്നില്ലല്ലോ. ലോകം അതിവേഗമാണു മാറുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലം. പക്ഷേ, അതിനനുസരിച്ച് നമ്മുടെ ഏറ്റവും നല്ലതായിരുന്ന കാലാവസ്ഥയും ഇങ്ങനെ മാറിപ്പോയതിനു കാരണം പ്രകൃതിയോടുള്ള നമ്മുടെ ചെയ്തികൾ തന്നെയാണ് എന്നു തിരിച്ചറിയേണ്ടിവരും.