ക്ഷേത്ര സ്വത്ത് തട്ടിപ്പ്: കുറ്റക്കാരെല്ലാം പിടിക്കപ്പെടണം

സംസ്ഥാനത്തെ അപ്പാടെ ഞെട്ടിച്ച വൻ സ്വർണക്കവർച്ചയിൽ ബോർഡിനോ അതിന്‍റെ ഭരണക്കാർക്കോ യാതൊരറിവും പങ്കുമില്ല എന്ന അവകാശവാദങ്ങൾക്കുള്ള കനത്ത പ്രഹരമാണ് രാഷ്‌ട്രീയത്തിലും അതിശക്തനായിരുന്ന വാസുവിന്‍റെ അറസ്റ്റ്
sabrimala gold theft case editorial

ക്ഷേത്ര സ്വത്ത് തട്ടിപ്പ്: കുറ്റക്കാരെല്ലാം പിടിക്കപ്പെടണം

file

Updated on

ശബരിമലയിലെ സ്വർണക്കവർച്ച സംബന്ധിച്ച് ഹൈക്കോടതി നിയോഗിച്ച പൊലീസിന്‍റെ പ്രത്യേക സംഘം (എസ്എടി) നടത്തുന്ന അന്വേഷണം നിർണായകമായ ഘട്ടത്തിലെത്തിയിരിക്കുകയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ. വാസുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നു. സംസ്ഥാനത്തെ അപ്പാടെ ഞെട്ടിച്ച വൻ സ്വർണക്കവർച്ചയിൽ ബോർഡിനോ അതിന്‍റെ ഭരണക്കാർക്കോ യാതൊരറിവും പങ്കുമില്ല എന്ന അവകാശവാദങ്ങൾക്കുള്ള കനത്ത പ്രഹരമാണ് രാഷ്‌ട്രീയത്തിലും അതിശക്തനായിരുന്ന വാസുവിന്‍റെ അറസ്റ്റ്.

കേസിൽ ഇനിയും പല സംഭവവികാസങ്ങളും ഉണ്ടാകാനിരിക്കുന്നു എന്നാണു കരുതേണ്ടത്. കൂടുതൽ സുപ്രധാന അറസ്റ്റുകൾക്കുള്ള സാധ്യത തള്ളിക്കളയാനാവില്ല. ശബരിമല ക്ഷേത്രത്തിലെ സ്വർണം മോഷ്ടിച്ചവർ ആരൊക്കെയായാലും അവരെ കണ്ടെത്തുക തന്നെ വേണം. അവർ ചെയ്തിരിക്കുന്ന കുറ്റം ഈ നാട്ടിലെ നിഷ്കളങ്കരായ വിശ്വാസികളെ മുഴുവൻ വഞ്ചിച്ചു എന്നതാണ്. അതും ചെറിയ തോതിലൊന്നുമല്ല സ്വർണം അടിച്ചുമാറ്റിയിരിക്കുന്നത് എന്നാണല്ലോ പുറത്തുവരുന്ന റിപ്പോർട്ടുകളെല്ലാം വ്യക്തമാക്കുന്നത്. ഈ സ്വർണക്കടത്തിനു പിന്നിൽ ഒന്നോ രണ്ടോ ആളുകളല്ല, ദീർഘകാല ഗൂഢപദ്ധതികൾ തയാറാക്കിയ ഒരു സംഘം തന്നെയുണ്ടെന്നു തുടക്കം മുതലേ സംശയമുണ്ടായിരുന്നു. അവർ ആരൊക്കെ എന്നു കൃത്യമായി അറിയേണ്ടതുണ്ട്. ആ കള്ളനാണയങ്ങളെ പുറത്തുകൊണ്ടുവരേണ്ടതു പൊലീസാണ്.

വാസു ദേവസ്വം കമ്മിഷണറും ദേവസ്വം ബോർഡ് പ്രസിഡന്‍റും ആയിരുന്ന കാലത്തു നടന്ന തട്ടിപ്പുകളിൽ അദ്ദേഹത്തിനും പങ്കുണ്ടെന്ന ആരോപണം നേരത്തേ ഉയർന്നതാണ്. എന്നാൽ, ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരാണു കുറ്റക്കാർ എന്ന വാദം ഉയർത്തി അതിനെ നേരിടാനായിരുന്നു ശ്രമം. ഇപ്പോൾ പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ടിൽ വാസുവിനെ നേരിട്ടു തന്നെ കുറ്റപ്പെടുത്തുന്നുണ്ട്. സ്വർണം പൊതിഞ്ഞ കട്ടിളപ്പാളികൾ എന്നതിനു പകരം ചെമ്പു പാളികൾ എന്നെഴുതാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയത് അന്നു ദേവസ്വം കമ്മിഷണറായിരുന്ന വാസുവാണെന്നാണു പറയുന്നത്. സ്വർണം കവരാൻ അദ്ദേഹം ഗൂഢാലോചന നടത്തിയെന്നാണു റിമാൻഡ് റിപ്പോർട്ട്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്കു സ്വർണം പൊതിഞ്ഞ കട്ടിളപ്പാളികൾ ചെമ്പ് എന്നെഴുതി കൈമാറാൻ വാസു ഇടപെട്ടു എന്നും പറയുന്നു. കേസിലെ മറ്റു പ്രതികളുടെ മൊഴികളാണ് വാസുവിനെ കുടുക്കിയത്. ഈ മൊഴികളുമായി യോജിക്കുന്ന രേഖകൾ ദേവസ്വം ബോർഡിൽ നിന്ന് അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. സ്വർണം പൂശിയ പാളികൾ രേഖകളിൽ ചെമ്പായി മാറിയത് മുകളിൽ നിന്നുള്ള നിർദേശപ്രകാരമായിരുന്നു എന്ന മൊഴികൾ ബോർഡിന്‍റെ തലപ്പത്തേക്ക് അന്വേഷണത്തെ എത്തിച്ചിരിക്കുകയാണ്. സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചത് ദേവസ്വം ബോർഡ് ഭാരവാഹികളുടെ അറിവോടെയായിരുന്നുവെങ്കിൽ അവരെല്ലാം അയ്യപ്പഭക്തരോടു സമാധാനം പറയേണ്ടതുണ്ട്.

വ്യവസായിയായിരുന്ന വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളികൾ സന്നിധാനത്തു നിന്നു പുറത്തേക്കു കൊണ്ടുപോയ 2019ല്‍ ദേവസ്വം കമ്മിഷണറായിരുന്ന വാസുവിനും അയാളുടെ ഓഫിസിനും വീഴ്ച സംഭവിച്ചതായി ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നതാണ്. വാസുവിന്‍റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് "ചെമ്പു പാളികള്‍' സ്വര്‍ണം പൂശാന്‍ ദേവസ്വം ബോര്‍ഡ് അംഗീകാരം നല്‍കിയത്. ഉദ്യോഗസ്ഥരുടെ കത്തില്‍ ഒപ്പിടുക മാത്രമാണു താന്‍ ചെയ്തതെന്നും ബാക്കി കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നും വാസു പ്രത്യേക അന്വേഷണ സംഘത്തോടു പറഞ്ഞെങ്കിലും അതു കണക്കിലെടുക്കാൻ അവർ തയാറായില്ല. വാസുവിന്‍റെ കത്ത് അംഗീകരിച്ചാണ് 2019 മാര്‍ച്ച് 19ലെ ദേവസ്വം ബോര്‍ഡ് യോഗം സ്പോൺസറായി എത്തിയ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയില്‍ ഈ പാളികള്‍ ""സ്വർണ പൂശാൻ'' ചെന്നൈയ്ക്കു കൊടുത്തുവിടാമെന്നു തീരുമാനമെടുത്തത്. ദേവസ്വം സെക്രട്ടറി എസ്. ജയശ്രീയുടെ ഇതനുസരിച്ചുള്ള ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് അന്നു പാളികള്‍ കടത്തിയത്. സ്വര്‍ണക്കൊള്ള നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയ 2019ല്‍ തന്നെയാണു വാസു കമ്മിഷണര്‍ സ്ഥാനത്തു നിന്ന് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടതെന്നതും ശ്രദ്ധേയം.

ശബരിമലയിൽ സ്വർണപ്പാളിയും സ്വർണം പൂശലുമായി ബന്ധപ്പെട്ടു ഗുരുതരമായ ക്രമക്കേടുകളുണ്ടായിട്ടുണ്ടെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. പിന്നീട് പുറത്തുവന്ന റിപ്പോർട്ടുകളെല്ലാം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുടേതായിരുന്നു. ഇതുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും എസ്എടി കണ്ടെത്തുമെന്നു പ്രതീക്ഷിക്കാം. ദേവസ്വം ബോർഡുകളെ നിയന്ത്രിക്കുന്നവർ അഴിമതിക്കു കൂട്ടുനിൽക്കുന്നവരോ അഴിമതിക്കാർ തന്നെയോ ആകുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതു സർക്കാരാണ്. അതിൽ പരാജയപ്പെട്ടാൽ വിശ്വാസികൾ വഞ്ചിക്കപ്പെടുകയും സർക്കാരിന്‍റെ പ്രതിച്ഛായയെ തന്നെ അതു ബാധിക്കുകയും ചെയ്യും.

ശബരിമലയിൽ തീർഥാടകരുടെ ക്ഷേമത്തിനു മുൻഗണന നൽകിയുള്ള സമൂല മാറ്റം ലക്ഷ്യമിടുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ പുതിയ പ്രസിഡന്‍റായി നാളെ ചുമതലയേൽക്കുന്ന മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്തിന്‍റെ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണു പുതിയ പ്രസിഡന്‍റ് വരുന്നത്. ശബരിമലയിൽ നിന്ന് മാരീചന്മാരെ മാറ്റിനിർത്തുമെന്ന വാഗ്ദാനം പാലിക്കാൻ ഉറച്ച ക്ഷേത്രവിശ്വാസിയായ ജയകുമാറിനു കഴിയട്ടെ. പല കാര്യങ്ങൾക്കായി ശബരിമലയെ ദുരുപയോഗം ചെയ്യുന്നവരെ തടയുക എന്നത് ഉറച്ച മനസോടെ ഏറ്റെടുക്കേണ്ട ജോലിയാണ്. ലോകത്തിന്‍റെ നാനാഭാഗങ്ങളിലുള്ള കോടിക്കണക്കിന് അയ്യപ്പഭക്തരെയാണ് ദേവസ്വം ബോർഡ് ഭാരവാഹികൾ ഓരോ ചുവടിലും ഓർക്കേണ്ടത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com