പശ്ചിമേഷ്യയിലെ യുദ്ധഭീതി വ്യാപിക്കുന്നതിന്‍റെ ആശങ്കയിലാണു ലോക രാജ്യങ്ങൾ. മേഖലയിലെ സമാധാനം പൂർണമായി തകരുകയാണ്. യുദ്ധം നിരവധി മനുഷ്യ ജീവനുകൾ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഗാസയിലും ലെബനനിലും എതിരാളികൾക്കെതിരേ ആക്രമണം തുടരുന്ന ഇസ്രയേലിനെതിരേ ഇറാന്‍റെ വ്യോമാക്രമണം ഉണ്ടായതാണു സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിരിക്കുന്നത്. ഇസ്രയേലിന്‍റെ മാത്രമല്ല അമെരിക്കയുടെയും മുന്നറിയിപ്പ് അവഗണിച്ചാണ് ഇറാൻ ഇസ്രയേലിലേക്കു മിസൈൽ വർഷം നടത്തിയത്. ഇരുനൂറോളം മിസൈലുകളാണ് ഇറാൻ പ്രയോഗിച്ചത് എന്നാണു റിപ്പോർട്ടുകൾ. ഇതിനു ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഇസ്രയേൽ തിരിച്ചടിച്ചാൽ കൂടുതൽ ശക്തമായ പ്രഹരമേൽപ്പിക്കുമെന്നാണ് ഇറാൻ അവകാശപ്പെടുന്നത്. ആൾനാശമൊന്നും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ഇറാന്‍റെ ആക്രമണം ഇസ്രയേൽ കൈയും കെട്ടി നോക്കിയിരിക്കില്ലെന്നു തന്നെയാണ് പല വിദഗ്ധരും പ്രവചിക്കുന്നത്. ഇപ്പോൾ തന്നെ ഇസ്രയേലിനെതിരായ പോരാട്ടത്തിന് ഇറാനിൽ നിന്നുള്ള പിന്തുണയുണ്ട്. ഇറാൻ നേരിട്ട് ആക്രമണത്തിന് ഇറങ്ങുക കൂടി ചെയ്താൽ അശാന്തി കൂടുതൽ പടരും. ഈ വർഷം ഇതു രണ്ടാം തവണയാണ് ഇറാനിൽ നിന്ന് ഇസ്രയേലിനു നേരേ ആക്രമണമുണ്ടാവുന്നത്.
ഏപ്രിലിൽ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് അവർ ഇസ്രയേലിനെ ആക്രമിച്ചിരുന്നു. ഡമാസ്കസിലെ ഇറേനിയൻ കോൺസുലേറ്റിനു നേരേ ഇസ്രേലി വ്യോമാക്രമണം ഉണ്ടായതിനെത്തുടർന്നായിരുന്നു ഇത്. അന്നും അമെരിക്കയുടെ മുന്നറിയിപ്പ് അവഗണിച്ചുകൊണ്ടാണ് ഇറാൻ ഇസ്രയേലിനെ ആക്രമിച്ചത്. ഇസ്രയേലിനെ നിയന്ത്രിക്കാൻ കഴിയാത്ത അമെരിക്ക അവർക്കു നൽകുന്ന പിന്തുണ പശ്ചിമേഷ്യയിലെ സമാധാനത്തിനു ഭീഷണിയാണെന്ന നിലപാടിലാണ് ഇറാനുള്ളത്.
തങ്ങൾക്കെതിരേ ആയുധമെടുക്കുന്ന മുഴുവൻ "ഭീകര ഗ്രൂപ്പുകളെ'യും ഇല്ലാതാക്കുമെന്ന പ്രതിജ്ഞയെടുത്താണ് ഇസ്രയേലിന്‍റെ ആക്രമണങ്ങൾ. ലെബനനിൽ ഇറാൻ പിന്തുണയുള്ള സായുധ സംഘമായ ഹിസ്ബുള്ളക്കെതിരായ യുദ്ധത്തിനിടെയാണ് കഴിഞ്ഞ ദിവസം ഇസ്രയേൽ യെമനിലെ ഹൂതി വിമതരുടെ കേന്ദ്രങ്ങളും ആക്രമിച്ചത്. ഹൂതികൾ എണ്ണ ഇറക്കുമതിക്ക് ആശ്രയിക്കുന്ന തുറമുഖവും ഒരു വൈദ്യുതി നിലയവും ആക്രമണത്തിൽ തകർന്നു. ഇസ്രയേലിനു കനത്ത തിരിച്ചടി നൽകുമെന്നു ഹൂതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ലെബനനിൽ ഇസ്രയേലിന്‍റെ ആക്രമണത്തിൽ ഇതുവരെ നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടു.
ആയിരക്കണക്കിനാളുകൾ അഭയാർഥി ക്യാംപുകളിലാണ്. ഹിസ്ബുള്ളയുടെ നേതൃത്വം തകർത്തു കഴിഞ്ഞതായാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. ഹിസ്ബുള്ളയുടെ പ്രധാന നേതാവായ ഹസൻ നസറുള്ളയടക്കം കൊല്ലപ്പെട്ടിട്ടുണ്ട്. ഹിസ്ബുള്ളയുടെ തലപ്പത്തെ ഇരുപതിലേറെ കമാൻഡർമാരെ ഇസ്രയേൽ വധിച്ചിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ. അതേസമയം, ഇസ്രയേലിലേക്ക് ഹിസ്ബുള്ള മിസൈലുകളും റോക്കറ്റുകളും പ്രയോഗിക്കുന്നുണ്ട്.
പശ്ചിമേഷ്യയെ ഒന്നാകെ യുദ്ധത്തിലേക്കു വലിച്ചിഴയ്ക്കുകയാണ് ഇസ്രയേലിന്‍റെ പദ്ധതിയെന്നാണ് ഇറാൻ കുറ്റപ്പെടുത്തുന്നത്. യുദ്ധം വ്യാപിച്ചാൽ അതിന്‍റെ പ്രത്യാഘാതം വളരെ വലുതാവുമെന്നും ഇറാൻ ആവർത്തിച്ചു മുന്നറിയിപ്പു നൽകുന്നുണ്ട്. ഏതാണ്ട് ഒരു വർഷം മുൻപാണ് ഗാസയിൽ ഹമാസിനെതിരേ ഇസ്രയേൽ യുദ്ധം ആരംഭിച്ചത്.
കഴിഞ്ഞവർഷം ഒക്റ്റോബറിൽ ഹമാസിന്‍റെ ഇസ്രയേൽ ആക്രമണത്തെത്തുടർന്ന് ആരംഭിച്ച യുദ്ധത്തിൽ ഗാസയിൽ കൊല്ലപ്പെട്ടത് നാൽപ്പതിനായിരത്തിലേറെ പലസ്തീനികളാണ്. ഹമാസും ഹിസ്ബുള്ളയും സാധാരണ ജനങ്ങളെ കവചമാക്കുന്നുവെന്നാണ് ഇസ്രയേൽ പറയുന്നത്. അതുകൊണ്ടുതന്നെ അവരുടെ ശക്തികേന്ദ്രങ്ങൾ ആക്രമിക്കുമ്പോൾ സാധാരണ ജനങ്ങളും കൊല്ലപ്പെടുന്നുവെന്നാണു വിശദീകരണം.
ഫലത്തിൽ യുദ്ധത്തിന്‍റെ ഫലം ജനവാസ മേഖലകളിൽ ചോരയൊഴുകുന്നു എന്നതാണ്. സാധാരണ ജനങ്ങളെ കരുതി എത്രയും വേഗം ഈ യുദ്ധം അവസാനിക്കണമെന്നു സമാധാനം ആഗ്രഹിക്കുന്നവർ പ്രാർഥിക്കുന്നുണ്ടാവും. ലെബനനിലും ഗാസയിലും യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ ഊർജിതമാവണമെന്നു തന്നെയാണു ജനങ്ങൾ ആഗ്രഹിക്കുക.
യുദ്ധം അന്താരാഷ്ട്ര വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്നത് ഇന്ത്യയടക്കം രാജ്യങ്ങൾക്കു വിനയാണ്. ഇസ്രയേൽ- ഇറാൻ സംഘർഷം രാജ്യാന്തര ഇന്ധന വിപണിയിൽ പ്രതിഫലനമുണ്ടാക്കും. ക്രൂഡ് ഓയിൽ വില ഇപ്പോൾ തന്നെ ഉയർന്നു തുടങ്ങിയിട്ടുണ്ട്. ലോകത്തെ പ്രധാന എണ്ണ ഉത്പാദകരിൽ ഉൾപ്പെട്ട രാജ്യമാണ് ഇറാൻ.
യുദ്ധം എണ്ണ വിതരണത്തിനു തടസം സൃഷ്ടിക്കുന്നത് വലിയ വിലക്കയറ്റമുണ്ടാക്കിയേക്കാം. ഇതു സംബന്ധിച്ചുള്ള ആശങ്കകളും ചർച്ച ചെയ്യപ്പെടുന്നുണ്ട്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്‍റെ ഡിമാൻഡും യുദ്ധം വർധിപ്പിക്കുകയാണ്. ഇപ്പോൾ തന്നെ സാധാരണക്കാർക്കു പിടിച്ചാൽ കിട്ടാത്ത സ്വർണവില ഇനിയും ഉയരുമോയെന്നും കണ്ടറിയണം.