
ഭീകരപ്രവർത്തനത്തിന്റെ പേരിൽ പാക്കിസ്ഥാൻ കുപ്രസിദ്ധി നേടിയിട്ടു വർഷങ്ങൾ ഏറെയായി. ഇന്ത്യക്കെതിരേ പ്രവർത്തിക്കുന്ന ഭീകരർക്ക് സഹായവും പരിശീലനവും നൽകുകയും അതിർത്തികടന്നുള്ള ഭീകരപ്രവർത്തനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രാജ്യമാണല്ലോ നമ്മുടെ അയൽവക്കത്തുള്ളത്. പാക്കിസ്ഥാനിൽ ഭീകരർ തഴച്ചുവളരുന്നതിനെതിരേ പല ലോക രാജ്യങ്ങളും പലവട്ടം മുന്നറിയിപ്പു നൽകിയിട്ടുള്ളതാണ്. പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾക്കെതിരേ യുഎസ് ശക്തമായ നിലപാടു സ്വീകരിച്ചിട്ടുണ്ട്. ഭീകരപ്രവർത്തകർക്കു സഹായം ലഭിക്കുന്നു എന്നതിന്റെ പേരിലാണ് മുൻപ് യുഎസ് പാക്കിസ്ഥാനുള്ള സൈനിക സഹായം നിർത്തിവച്ചത്. പാക് സഹായത്തോടെയുള്ള ഭീകരാക്രമണങ്ങൾക്കെതിരായ പ്രവർത്തനങ്ങൾക്ക് ഇന്ത്യയ്ക്കു പിന്തുണ നൽകാനും യുഎസ് അടക്കം ലോക രാജ്യങ്ങൾ തയാറായിട്ടുണ്ട്. പാക്കിസ്ഥാനിൽ ഭീകരപ്രവർത്തനം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത എത്രയോ വട്ടം ലോക നേതാക്കൾ എടുത്തു പറഞ്ഞിരിക്കുന്നു.
എന്നാൽ, ഇതൊന്നും പാക്കിസ്ഥാൻ ലോകത്തിന് ഉയർത്തുന്ന ഭീകര ഭീഷണി ഒഴിവാക്കുന്നില്ല എന്നതാണ് വളരെയേറെ ആശങ്കപ്പെടുത്തുന്ന വിഷയം. ഏറ്റവുമധികം ഭീകരപ്രവർത്തനം നടക്കുന്ന രാജ്യങ്ങളുടെ മുൻനിരയിലാണു പാക്കിസ്ഥാനെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ആഗോള ഭീകരതാ സൂചിക കാണിക്കുന്നത്. ഓസ്ട്രേലിയയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് പുറത്തുവിട്ട ഇതു സംബന്ധിച്ച റിപ്പോർട്ട് അതീവ ഗൗരവത്തിൽ തന്നെ നോക്കി കാണേണ്ടതാണ്. ദക്ഷിണേഷ്യയിൽ ഏറ്റവുമധികം ഭീകരാക്രമണങ്ങളും അതേത്തുടർന്നുള്ള മരണവും നടക്കുന്ന രാജ്യം പാക്കിസ്ഥാനായിരിക്കുന്നു. ഇതുവരെ അഫ്ഗാനിസ്ഥാനായിരുന്നു മുന്നിൽ. അഫ്ഗാനെ കടത്തിവെട്ടിയ ഭീകര പ്രവർത്തനം പാക്കിസ്ഥാൻ എന്ന രാജ്യത്തെ ഭരണാധികാരികളുടെ സംഭാവനയാണ്. ഭീകരരെ പോറ്റി വളർത്തിയാലുള്ള ദോഷം തിരിച്ചറിയാൻ അവർ ഏറെ വൈകിയിരിക്കുന്നു എന്നാണിതു കാണിക്കുന്നത്.
ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള മരണത്തിൽ 120 ശതമാനം വർധനയാണ് പാക്കിസ്ഥാനിലുണ്ടായിട്ടുള്ളത്. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ)യും പാക്കിസ്ഥാൻ താലിബാൻ എന്നറിയപ്പെടുന്ന തെഹ്രീക്-ഇ-താലിബാൻ പാക്കിസ്ഥാനു (ടിടിപി)മാണ് അവിടുത്തെ ഭീകരഗ്രൂപ്പുകളിൽ മുന്നിലുള്ളതെന്നും റിപ്പോർട്ട് പറയുന്നു. ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള 36 ശതമാനം മരണത്തിനും കാരണക്കാർ ബിഎൽഎയാണെന്നാണ് റിപ്പോർട്ട്. മുൻ വർഷത്തെക്കാൾ ഒമ്പതിരട്ടി വർധനയാണ് ബിഎൽഎയുടെ ആക്രമണങ്ങൾ മൂലമുണ്ടായ മരണത്തിലുള്ളതത്രേ. അഫ്ഗാനിസ്ഥാനും ഇറാനുമായി അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാൻ പ്രവിശ്യയുടെ സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്നതാണ് ബിഎൽഎ. യുഎസും യുകെയും പോലുള്ള ലോകരാജ്യങ്ങൾ ഈ സംഘടനയെ ഭീകര സംഘമായി പ്രഖ്യാപിച്ചിട്ടുണ്ട്.
അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പാക്കിസ്ഥാൻ മേഖലകളിലാണ് കൂടുതൽ ഭീകരപ്രവർത്തകരുള്ളതെന്നും റിപ്പോർട്ട് പറയുന്നുണ്ട്. ഭീകരാക്രമണങ്ങളിൽ 63 ശതമാനവും മരണത്തിൽ 74 ശതമാനവും ഈ മേഖലയിലാണ്. ടിടിപിയുടെയും ഐഎസ്-ഖൊറാസന്റെയും ഭീകര പ്രവർത്തനങ്ങൾ ഈ മേഖലയിൽ വർധിച്ചിരിക്കുന്നു. അഫ്ഗാൻ താലിബാനുമായി അടുത്തു സൗഹൃദമുള്ള പാക്കിസ്ഥാനി താലിബാന്റെ നേതാക്കളും കമാൻഡർമാരും അഫ്ഗാനിസ്ഥാൻ താവളമാക്കി പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഐഎസ് ഖൊറാസന്റെ 2022ലെ ആക്രമണങ്ങളെക്കുറിച്ചും റിപ്പോർട്ട് വിശദീകരിക്കുന്നു.
അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണവും പാക്കിസ്ഥാനിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും പാക് താലിബാന്റെ വളർച്ചയ്ക്കു സഹായിക്കുന്നുണ്ടെന്നാണ് പാക്കിസ്ഥാനിലെ സ്ഥിതിഗതികൾ പഠിക്കുന്ന വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഏതാണ്ടു രണ്ടു മാസം മുൻപാണ് പെഷവാറിലെ ഒരു മസ്ജിദിൽ പാക് താലിബാൻ നടത്തിയ ചാവേർ ആക്രമണത്തിൽ നൂറിലേറെ പേർ കൊല്ലപ്പെട്ടത്. പാക്കിസ്ഥാനിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഭീകരാക്രണമായിരുന്നു ഇത്. ഇവരുടെ ഭീഷണി ഏറിവരുമ്പോൾ പോറ്റിവളർത്തിയവർ അതിന്റെ ദോഷം അനുഭവിക്കേണ്ടിവരുന്ന സാഹചര്യമാണു പാക്കിസ്ഥാനുള്ളത്.
പാക് സൈന്യത്തെ എതിർക്കുന്നവരെ നേരിടാനുള്ള മാർഗമെന്ന നിലയിലാണ് 2007ൽ ടിടിപി നിലവിൽ വരുന്നത്. സ്വഭാവികമായും സൈന്യത്തിന്റെ തണലിൽ അവർ വളർന്നു. പിന്നീട് വിഷപ്പാമ്പിനെ വളർത്തി വലുതാക്കി അതിന്റെ കൊത്തുകൊള്ളേണ്ട അവസ്ഥയായി പാക് സൈന്യത്തിനും സർക്കാരിനും. അഫ്ഗാൻ താലിബാന്റെ പിന്തുണയോടെ പാക് താലിബാൻ നടത്തുന്ന ഭീകരനീക്കങ്ങളെ പാക്കിസ്ഥാൻ മാത്രമല്ല മറ്റു പല രാജ്യങ്ങളും സൂക്ഷിക്കേണ്ടിവരും. ഇത്തരം ഭീകരരെ പാക്കിസ്ഥാൻ എങ്ങനെ നേരിടുന്നു എന്നത് മേഖലയിലെ സമാധാനത്തെ തന്നെ ബാധിക്കുന്ന വിഷയമാണ്.