ആദായ നികുതി നൽകുന്ന ഇടത്തരക്കാരെ തൃപ്തിപ്പെടുത്തിയും പൊതുവിൽ നിക്ഷേപകർക്കു വിശ്വാസം പകർന്നും ധനമന്ത്രി നിർമല സീതാരാമന്റെ കേന്ദ്ര ബജറ്റ്. കാർഷിക വായ്പാലക്ഷ്യം വർധിപ്പിക്കുകയും എല്ലാവർക്കും പാർപ്പിടം എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പിഎം ആവാസ് യോജനയുടെ വിഹിതം 66 ശതമാനം ഉയർത്തുകയും ചെയ്തുകൊണ്ട് കൂടുതൽ സാധാരണക്കാരിലേക്ക് എത്തിച്ചേരാനുള്ള വിശാല പദ്ധതിയും ധനമന്ത്രി മനസിൽ കാണുന്നുണ്ട്. ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും നൽകുന്ന പരിഗണനയും ബജറ്റിനെക്കുറിച്ചുള്ള അഭിപ്രായ രൂപീകരണത്തിൽ പങ്കുവഹിക്കുന്നവയാണ്. അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ ജനപിന്തുണയാർജിക്കാവുന്ന നടപടികൾ ഉൾക്കൊള്ളുന്നതാണു നിർമല സീതാരാമന്റെ അഞ്ചാമത്തെ ബജറ്റ് എന്നു സാരം. ജനവിരുദ്ധം എന്നു കുറ്റപ്പെടുത്തി പ്രതിപക്ഷത്തിനു കളംപിടിക്കാൻ ധനമന്ത്രി അവസരം നൽകുന്നില്ല.
പുതിയ സ്കീമിൽ ആദായ നികുതി റിബേറ്റ് പരിധി അഞ്ചു ലക്ഷത്തിൽ നിന്ന് ഏഴു ലക്ഷം രൂപയായി ഉയർത്തിയും ആറു സ്ലാബുകൾ അഞ്ചായി കുറച്ചും വരുത്തിയ പരിഷ്കാരങ്ങൾ ഇടത്തരം വരുമാനക്കാരെ ആകർഷിക്കുന്നതാണ്. കൊവിഡ് പ്രതിസന്ധിയിൽ നിന്നു തിരിച്ചുവരുന്ന ഈ സമയത്ത് ആദായ നികുതിയിൽ ഇളവുകൾ വേണമെന്ന ആവശ്യം പൊതുവായി ഉയർന്നിരുന്നു. തെരഞ്ഞെടുപ്പു കാലത്ത് ജനങ്ങളുടെ വ്യക്തിഗത നികുതിഭാരം കുറയ്ക്കണമെന്ന ആവശ്യം ബിജെപിയിലും ഉണ്ടായിരുന്നു. രാഷ്ട്രീയമായി കൂടി ഏറെ പ്രാധാന്യമുള്ള ഈ തീരുമാനം ധനമന്ത്രി പ്രഖ്യാപിച്ചത് ബജറ്റ് പ്രസംഗത്തിന്റെ ഏറ്റവും അവസാനമാണ്.
80 സി പ്രകാരമുള്ള നിക്ഷേപം, ആരോഗ്യ ഇൻഷ്വറൻസ്, വീട്ടുവാടക അലവൻസ് തുടങ്ങി പ്രത്യേകം പ്രത്യേകം കിഴിവുകളൊന്നും ബാധകമല്ലാത്ത പുതിയ നികുതി സ്കീം പഴയ സ്കീം നിലനിർത്തിക്കൊണ്ടു തന്നെ ധനമന്ത്രി കൊണ്ടുവന്നത് 2020-21ലെ ബജറ്റിലാണ്. നികുതിയിളവിനായി നിക്ഷേപങ്ങൾ നടത്തിവരുന്ന ശമ്പളവിഭാഗക്കാർക്ക് ആദ്യം അത്ര ആകർഷകമായി തോന്നിയില്ല പുതിയ സ്കീം എന്നാണു കണക്കുകൾ കാണിക്കുക. ഈ സ്കീമിൽ റിബേറ്റ് വർധിപ്പിച്ച് കൂടുതൽ പേരെ ഇതിലേക്ക് ആകർഷിക്കാനാണ് ധനമന്ത്രി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്തായാലും ഏഴു ലക്ഷം രൂപ വരെ നികുതിയടക്കേണ്ട എന്നത് ബജറ്റിനെ ഒറ്റനോട്ടത്തിൽ തന്നെ ശ്രദ്ധേയമാക്കുന്നു.
സാമ്പത്തിക വ്യവസ്ഥയുടെ ആരോഗ്യകരമായൊരു ചിത്രം ലോകത്തിനു മുന്നിൽ കാണിക്കാൻ ധനമന്ത്രിക്കു കഴിയുന്നുണ്ട്. കൊവിഡാനന്തര തിരിച്ചുവരവിൽ നിക്ഷേപകരെ ആകർഷിക്കുന്നതിൽ അതു പ്രധാന പങ്കുവഹിക്കും. ലോകരാജ്യങ്ങൾ മാന്ദ്യഭീഷണി നേരിടുമ്പോഴും ഏഴും അതിനടുത്തും ശതമാനം വളർച്ച നേടാൻ ഇന്ത്യയ്ക്കു കഴിയുമെന്നാണ് ധനമന്ത്രി ബോധ്യപ്പെടുത്തുന്നത്. നാണയപ്പെരുപ്പമുണ്ടെങ്കിലും മറ്റു പല പ്രമുഖ രാജ്യങ്ങളുമായുള്ള താരതമ്യത്തിൽ നമ്മുടേതു കുറവാണ്. ധനക്കമ്മി ഫലപ്രദമായി നിയന്ത്രിക്കുന്നുണ്ടെന്ന് നിർമലയുടെ ബജറ്റ് കാണിക്കുന്നു. ഈ വർഷം 6.4 ശതമാനവും അടുത്ത വർഷം 5.9 ശതമാനവും ധനക്കമ്മിയാണു നിർമല അവകാശപ്പെടുന്നത്. 2025-26ഓടെ ധനക്കമ്മി നാലര ശതമാനത്തിൽ താഴെയാവുമെന്നും ധനമന്ത്രി പറയുന്നു.
കഴിഞ്ഞ ഒമ്പതു വർഷക്കാലം കൊണ്ട് രാജ്യത്തെ പ്രതിശീർഷ വരുമാനം ഇരട്ടിയിലേറെയായെന്നും ബജറ്റ് അവകാശപ്പെടുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്ത സാമ്പത്തിക വ്യവസ്ഥയായി ഇന്ത്യയുടേത്. ഒമ്പതു വർഷം മുൻപ് പത്താം സ്ഥാനത്തായിരുന്നു. ഇത്തരം കണക്കുകൾ എല്ലാം കാണിക്കുന്നത് അടിസ്ഥാനപരമായി രാജ്യത്തിനുള്ള സാമ്പത്തിക കരുത്താണ്. ഇതിനൊപ്പം അടിസ്ഥാന സൗകര്യ മേഖലയിൽ സർക്കാർ വൻതോതിൽ പണം ചെലവഴിക്കുന്നു എന്നു കൂടി വരുമ്പോൾ അതു നിക്ഷേപകർക്കു പ്രചോദനമാവും. തൊഴിൽ അവസരങ്ങളും ഇതുവഴി വർധിക്കും. ബജറ്റ് അവതരിപ്പിക്കുന്ന പശ്ചാത്തലത്തിൽ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും ഇന്ത്യയിലേക്കാണെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ആഗോള സാമ്പത്തിക സാഹചര്യങ്ങൾ മോശമായിരിക്കെ ഇന്ത്യയുടെ പ്രതീക്ഷാനിർഭരമായ ചിത്രം നിർമല വരച്ചുകാണിക്കുന്നുണ്ട്.
മൂലധന നിക്ഷേപം 33 ശതമാനം വർധനയോടെ 10 ലക്ഷം കോടി രൂപയായി ഉയർത്തുകയാണ്. തുടർച്ചയായി മൂന്നാം വർഷമാണ് മൂലധന നിക്ഷേപത്തിൽ ഇതുപോലെ വർധന വരുത്തുന്നത്. സാമ്പത്തിക വളർച്ചയ്ക്കും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള മാർഗമായാണ് സർക്കാർ ഇതിനെ കണക്കാക്കുന്നതും. വിമാനത്താവളങ്ങളും ഹെലിപാഡുകളും അടക്കം ഗതാഗത മേഖലയിൽ നിരവധി വികസന പദ്ധതികളാണു നടപ്പാക്കുന്നത്. റെയ്ൽവേയുടെ മൂലധന വിഹിതം മുൻപെങ്ങും ഇല്ലാത്തവിധം 2.40 ലക്ഷം കോടിയായി ഉയർത്തിയിരിക്കുന്നു. 2013-14ൽ നിന്ന് ഒമ്പതിരട്ടിയോളം വർധനയാണ് റെയ്ൽവേയുടെ വിഹിതത്തിൽ ഉണ്ടായിരിക്കുന്നത്. നൈപുണ്യ വികസനത്തിന് അന്താരാഷ്ട്ര കേന്ദ്രങ്ങൾ ആരംഭിക്കുന്നത് രാജ്യത്തിനു പുറത്ത് അവസരങ്ങൾ തേടുന്ന യുവാക്കളെ സഹായിക്കാൻ ഉതകുന്നതാണ്.