അഭിമാനമുയർത്തട്ടെ, ആദിത്യ എൽ 1
ചന്ദ്രയാൻ 3 ദൗത്യം വിജയകരമായി പൂർത്തിയാക്കുന്നതിനൊപ്പം മറ്റൊരു സുപ്രധാന നാഴികക്കല്ലുകൂടി ലക്ഷ്യമിടുകയാണ് നമ്മുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഇസ്രൊ. രാജ്യത്തിന്റെ ആദ്യത്തെ സൗരപര്യവേക്ഷണ ദൗത്യത്തിന് എഎസ്ആർഒ തുടക്കമിട്ടിരിക്കുന്നു. സൂര്യ രഹസ്യങ്ങളുടെ ചുരുളഴിക്കാനുള്ള ഇന്ത്യയുടെ ഈ നീക്കവും ലോക രാജ്യങ്ങൾ വളരെ ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ട്. ശനിയാഴ്ച രാവിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്ന് ആദിത്യ എൽ 1 ഉപഗ്രഹവുമായി പിഎസ്എൽവി സി 57 റോക്കറ്റ് കുതിച്ചുയർന്നപ്പോൾ തന്നെ ശാസ്ത്ര ലോകം ആവേശത്തിലായിട്ടുണ്ട്. അതിനുശേഷം ഇതുവരെയുള്ള പ്രവർത്തനങ്ങളെല്ലാം വേണ്ടവിധത്തിൽ പുരോഗമിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. 125 ദിവസത്തോളം നീണ്ടുനിൽക്കുന്ന യാത്രയ്ക്കു ശേഷമാണ് ലക്ഷ്യസ്ഥാനമായ ഒന്നാം ലഗ്രാൻജ് പോയിന്റിൽ എത്തുക. സൗരോപഗ്രഹം വിക്ഷേപിക്കുന്ന പ്രമുഖ ലോക ബഹിരാകാശ ഏജൻസികൾക്കൊപ്പം ഇസ്രൊയും എന്നതാണ് ഇന്ത്യയുടെ നേട്ടമായി മാറുന്നത്. ഉപഗ്രഹത്തിന്റെ ഭ്രമണപഥം പലഘട്ടമായി ഉയർത്തിക്കൊണ്ടുവന്നാണ് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്.
ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയാണ് ഒന്നാം ലഗ്രാൻജ് (എൽ 1) പോയിന്റ്. അവിടെ വരെയെത്തുന്നതുകൊണ്ട് സൂര്യനെ തൊട്ടു എന്നൊന്നും പറയാനാവില്ല. ചുട്ടുപൊള്ളുന്ന സൂര്യനിലേക്ക് ഒരു യാത്ര ആർക്കും സാധ്യവുമല്ല. അകലെ നിന്ന് നിരിക്ഷിക്കാനേ കഴിയൂ. ഭൂമിയിൽ നിന്ന് ഏതാണ്ട് 15 കോടി കിലോമീറ്ററോളം അകലെയാണു സൂര്യനുള്ളത്. അതിൽ 15 ലക്ഷം കിലോമീറ്റർ എന്നു പറയുന്നത് വളരെ ചെറിയ ദൂരം മാത്രമാണ്. എങ്കിലും കുറെക്കൂടി അടുത്തു നിന്ന് സൂര്യനെ നിരീക്ഷിക്കാൻ കഴിയുന്നു എന്നതാണ് ആദിത്യ എൽ 1 വഴിയുണ്ടാവുന്ന നേട്ടം. അതിലെ ഓരോ ചുവടുവയ്പ്പും ശാസ്ത്ര ലോകത്തിനു വളരെ നിർണായകമാണ്. സൂര്യനും ഭൂമിക്കും ഇടയിലുള്ള ലഗ്രാൻജ് പോയിന്റിൽ ചുറ്റുമുള്ള ഹാലോ ഓർബിറ്റിലാണ് പേടകത്തെ എത്തിക്കുന്നത്. തടസങ്ങളില്ലാതെ മുഴുവൻ സമയവും സൂര്യനെ നിരീക്ഷിക്കാൻ ഈ പോയിന്റിൽ തുടർന്നുകൊണ്ട് ആദിത്യയ്ക്കു കഴിയും. അഞ്ചുവർഷവും എട്ടു മാസവുമാണ് ദൗത്യത്തിന്റെ കാലാവധി. ഇത്രയും സുദീർഘമായ കാലഘട്ടത്തിൽ സൂര്യനെ നിരീക്ഷിക്കാൻ കഴിയുന്ന ആദിത്യയ്ക്ക് വളരെ വിലപ്പെട്ട വിവരങ്ങൾ ശേഖരിക്കാനാവും എന്നുതന്നെയാണു കരുതേണ്ടത്. ഏതായാലും അവിടെ വരെ എത്തുന്നതിന് ഇനിയുള്ള ദിവസങ്ങളിലെ യാത്ര സുഗമമായി തന്നെ പുരോഗമിക്കുമെന്നു കരുതാം.
സൂര്യന്റെ അന്തരീക്ഷം കൊറോണയെക്കുറിച്ചുള്ള പഠനം ആദിത്യയുടെ ലക്ഷ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. സൗരവാതം, സൗരവികിരണം, പ്ലാസ്മാ പ്രവാഹം, കാന്തിക ക്ഷേത്രം തുടങ്ങിയവയെക്കുറിച്ചെല്ലാം കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ ആദിത്യയ്ക്കു കഴിയുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഭൂമിയടക്കം ഗ്രഹങ്ങളെയെല്ലാം സ്വാധീനിക്കുന്ന സൂര്യനെ ചുറ്റിപ്പറ്റി എത്രയെത്ര രഹസ്യങ്ങളാണ് ഇനിയും ചുരുളഴിയാനിരിക്കുന്നത്. ലോകത്തെ പ്രമുഖ ബഹിരാകാശ ഏജൻസികളെല്ലാം ഇക്കാര്യത്തിൽ വലിയ താത്പര്യം കാണിക്കുന്നുമുണ്ട്. അത്തരം ഏജൻസികളോടൊപ്പമുള്ള നമ്മുടെ പ്രവർത്തനം ഇന്ത്യൻ ശാസ്ത്ര മേഖലയുടെ കരുത്താണു തെളിയിക്കുക.
സൂര്യനെക്കുറിച്ചുള്ള വിശദമായ പഠനത്തിന് ഏഴു വ്യത്യസ്ത പേലോഡുകളാണ് ആദിത്യ എൽ1ൽ ഉള്ളത്. ഇതിൽ നാല് ഉപകരണങ്ങൾ സൂര്യനെ നേരിട്ടു പഠിക്കാനുള്ളവയാണ്. ബാക്കി മൂന്ന് ഉപകരണങ്ങൾ ലഗ്രാൻജ് പോയിന്റിലെ കണങ്ങളെക്കുറിച്ചും മറ്റും പഠിക്കും. ഈ ഏഴ് ശാസ്ത്രീയ ഉപകരണങ്ങളും ഇന്ത്യ തദ്ദേശീയമായി നിർമിച്ചതാണ് എന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം അഭിമാനം ഉയർത്തുന്നതാണ്. തിരുവനന്തപുരം വിക്രം സാരാഭായ് സ്പെയ്സ് സെന്ററിലെ സ്പെയ്സ് ഫിസിക്സ് ലബോറട്ടറി, ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആസ്ട്രോ ഫിസിക്സ്, പൂനെയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോ ഫിസിക്സ്, ബംഗളൂരുവിലെ യു.ആർ. റാവു സാറ്റലൈറ്റ് സെന്റർ, ബംഗളൂരുവിലെ തന്നെ ഇലക്ട്രോ ഒപ്റ്റിക്സ് സിസ്റ്റംസ് ലബോറട്ടറി, അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറി തുടങ്ങിയ സ്ഥാപനങ്ങൾ വികസിപ്പിച്ചെടുത്തതാണ് ഈ ഉപകരണങ്ങൾ എല്ലാം. സൂര്യനെക്കുറിച്ചു കൂടുതൽ വ്യക്തതയുണ്ടാക്കാൻ ഈ ഉപകരണങ്ങൾക്കു സാധിക്കുമ്പോൾ ലോകത്തിനു മുന്നിൽ രാജ്യത്തിനു ലഭിക്കുന്ന മറ്റൊരു അംഗീകാരം കൂടിയായി അതു മാറും.
ഏതാണ്ട് ഒന്നര പതിറ്റാണ്ടോളം നീണ്ട തയാറെടുപ്പുകൾക്കു ശേഷമാണ് ഇസ്രൊ സൂര്യനെ നിരീക്ഷിക്കാനുള്ള പദ്ധതിക്കു തുടക്കമിട്ടിരിക്കുന്നത്. നാസയും യൂറോപ്യൻ സ്പെയ്സ് ഏജൻസിയും ജപ്പാൻ എയ്റോ സ്പെയ്സ് എക്സ്പ്ലൊറേഷൻ ഏജൻസിയും ചൈനയുമൊക്കെ സൂര്യനെ ലക്ഷ്യമിട്ടുള്ള ഗവേഷണങ്ങളിൽ വ്യാപൃതരായിട്ടുള്ളതാണ്. സൂര്യന് ഏറ്റവും അടുത്തെത്തി പഠനം നടത്തിയിട്ടുള്ളത് നാസയാണ്. ഈ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും കയറുന്നു എന്നതു നമ്മെ സംബന്ധിച്ചിടത്തോളം അഭിമാനകരം തന്നെ.