
തയാറാക്കിയത്:
എൻ. അജിത്കുമാർ
ലോകത്ത് എവിടെയെങ്കിലുമൊക്കെയായി ഒരുദിവസം ശരാശരി 2 ഭൂകമ്പങ്ങളെങ്കിലും ഉണ്ടാകുന്നുണ്ട്. ഇത് പലപ്പോഴും ശക്തി കുറഞ്ഞവയായതു കൊണ്ട് ആരും അറിയാതെ ഒന്നു കുലുങ്ങി അവസാനിക്കുന്നു. മറ്റു ചിലപ്പോൾ ഇടിമുഴക്കം പോലുള്ള ശബ്ദത്തോടെ കൊടുങ്കാറ്റിന്റെ വേഗതയോടെ ഭൂമിയുടെ ഉപരിതലത്തിൽ തിരമാലകൾ പോലുള്ള അലകളും ചുഴികളുമുയർത്തി സകലതും തകർത്ത് തരിപ്പണമാക്കുന്നു. പ്രപഞ്ചശക്തിയുടെ മുന്നിൽ മനുഷ്യശക്തി ഒന്നുമല്ലെന്ന് ഓർമിപ്പിച്ചുകൊണ്ട് ഇടയ്ക്കിടെ ലോകത്തിന്റെ പല ഭാഗത്തുമുണ്ടാകുന്ന ഈ ഊർജ പ്രവാഹത്തിന്റെ രഹസ്യങ്ങളിതാ.
പ്രഭവകേന്ദ്രവും എപിക് സെന്ററും
ഭൂമിയുടെ അഗാധതലങ്ങളിലെ പാറക്കെട്ടുകളിൽ സ്ഥിതിചെയ്യുന്ന ഭൂകമ്പങ്ങളുടെ ഉത്ഭവസ്ഥാനത്തു നിന്നുമാണ് വൻതോതിൽ ഊർജം പുറപ്പെടുന്നത് എന്ന് നമ്മൾ മനസിലാക്കി. ഇതാണ് ഭൂകമ്പത്തിന്റെ കേന്ദ്ര ബിന്ദു അഥവാ ഫോക്കസ്. കേന്ദ്രബിന്ദുവിനു നേരെ മുകളിൽ ഭൂമിയുടെ ഉപരിതലത്തിലുള്ള പ്രദേശമാണ് ഭൂകമ്പ നാഭി അഥവാ എപിക് സെന്റർ. ഭൂകമ്പത്തിന്റെ കേന്ദ്ര ബിന്ദുവിലേക്ക് ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് എത്ര ആഴം കുറയുന്നുവോ അതിനനുസരിച്ച് ഭൂകമ്പ തീവ്രത കൂടുന്നു.
ഊർജ സഞ്ചാരം മൂന്നുവിധം
ഭൂകമ്പങ്ങളുടെ ഉത്ഭവസ്ഥാനമായ കേന്ദ്ര ബിന്ദുവിൽ നിന്നും പുറത്തേക്ക് പ്രവഹിക്കുന്ന ഊർജം പ്രധാനമായും രണ്ടുതരം ഊർജ തരംഗങ്ങളായി ഭൂമിക്കുള്ളിലൂടെയാണ് സഞ്ചരിക്കുന്നത്. പ്രഥമ ഊർജ തരംഗങ്ങളായും, ദ്വിതീയ ഊർജ തരംഗങ്ങളായും. ഭൂമിയുടെ ഉപരിതലത്തിലൂടെ സഞ്ചരിക്കുന്നത് മൂന്നാമതു തരംഗമാണ്.
പ്രാഥമിക ഊർജ തരംഗങ്ങൾ അഥവാ പി വേവ്സ്
പ്രഥമ ഊർജതരംഗങ്ങൾ ശബ്ദതരംഗങ്ങൾക്കു സമാനമായവയാണ്. ഭൂകമ്പത്തോടനുബന്ധിച്ചുണ്ടാകുന്ന പേടിപ്പെടുത്തുന്ന മുഴക്കങ്ങൾക്കു കാരണം ഈ ഊർജ തരംഗങ്ങളാണ്. ഇവ സഞ്ചരിക്കുന്ന ദിശയിലുള്ള കണികകളെ കൂട്ടിച്ചേർത്ത് ഞെരുക്കുന്നു. പിന്നീടവയെ നേർത്തവയുമാക്കുന്നു. പ്രാഥമിക ഊർജ തരംഗങ്ങൾ ഖര- ദ്രാവക- വാതക മേഖലകളിലൂടെ എളുപ്പം സഞ്ചരിക്കുന്നു. ഒരു സെക്കന്റിൽ ഏകദേശം 7.4 എന്ന വേഗതയിലാണ് ഭൂമിയുടെ പുറന്തോടിനുള്ളിലൂടെ പ്രാഥമിക ഊർജ തരംഗങ്ങൾ സഞ്ചരിക്കുക. ഇത് ദ്വിതീയ ഊർജ തരംഗങ്ങളെക്കാൾ ഇരട്ടിയോളമുള്ള വേഗതയാണ്. പുറന്തോടിന്റെ ഘടനാവ്യത്യാസം അനുസരിച്ചും സാന്ദ്രതാ വ്യത്യാസം അനുസരിച്ചും ഈ വേഗതയിൽ 6 കി.മീ. മുതൽ 14 കി.മീ വരെ മാറ്റങ്ങളുണ്ടാകാം. ഭൂകമ്പ മാപിനിയിൽ ആദ്യം രേഖപ്പെടുത്തപ്പെടുന്നത് പ്രാഥമിക ഊർജ തരംഗങ്ങളായിരിക്കും.
ഏറ്റവും വേഗം കൂടിയ ഭൂകമ്പ തരംഗങ്ങളാണ് പി തരംഗങ്ങൾ. തരംഗദിശയ്ക്ക് ലംബമായി അഥവാ വിലങ്ങനെ ചലിച്ചുകൊണ്ട് സഞ്ചരിക്കുന്ന ഊർജതരംഗങ്ങളാണ് ദ്വിതീയ തരംഗങ്ങൾ. ദ്വിതീയ ഊർജ തരംഗങ്ങൾ ഖരപദാർഥങ്ങളിൽ കൂടി മാത്രമേ സഞ്ചരിക്കൂ. പി തരംഗങ്ങളുടെ പകുതി വേഗമേ ദ്വിതീയ ഊർജ തരംഗങ്ങൾക്കുള്ളൂ. ഭൂമിയുടെ പുറംന്തോടിലൂടെ ഏകദേശം 4.7 കി.മീ വേഗത്തിലാണിവ സഞ്ചരിക്കുക. ഭൂകമ്പ മാപിനിയിൽ രണ്ടാമതായാണിവ രേഖപ്പെടുക.
ജലത്തിലെ തിരമാലകളോട് സാദൃശ്യമുള്ള ഭൂപ്രതല ഊർജ തരംഗങ്ങൾ പ്രഥമ ഊർജ തരംഗങ്ങളുടെയും ദ്വിതീയ ഊർജതരംഗങ്ങളുടെയും കേന്ദ്ര ബിന്ദുവിൽ നിന്ന് ഉത്ഭവിച്ച് ഭൂപാളികളിലൂടെ അതിവേഗം ഭൂമിയുടെ ഉപരിതലത്തിലെത്തുന്ന ഈ തരംഗങ്ങൾ പിന്നീട് കുളത്തിലിട്ട കല്ലുണ്ടാക്കുന്ന ഓളങ്ങൾക്കു സമാനമായി ഭൂമിയുടെ ഉപരിതലത്തിലൂടെ സഞ്ചരിക്കുന്നു. ഏറ്റവും വേഗം കുറഞ്ഞ ഈ തരംഗങ്ങളാണ് ഭൂകമ്പ പ്രദേശത്ത് ഏറ്റവും നാശനഷ്ടമുണ്ടാക്കുന്നത്.
ഭൂമി കുലുങ്ങുന്ന മേഖലകൾ
ലോകത്തിൽ ഏറ്റവുമധികം ഭൂകമ്പങ്ങൾ ഉണ്ടാകുന്ന മേഖലകൾ ഭൗമശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്.
1. പസഫിക് സമുദ്രത്തിനു ചുറ്റുമുള്ള പ്രദേശങ്ങൾ.
2. മെഡിറ്ററേനിയൻ പ്രദേശങ്ങൾ, യൂറോപ്പിലെ ആൽപ്സ് പർവത പ്രദേശങ്ങൾ, ഇന്ത്യയിലെ ഹിമാലയൻ പ്രദേശങ്ങൾ, വടക്കേ ആഫ്രിക്ക ഉൾപ്പെടുന്ന പ്രദേശങ്ങൾ.
3. സമുദ്രാന്തർഭാഗത്തെ പർവത പ്രദേശങ്ങളിലെ വിള്ളലുള്ള മേഖലകൾ.
ലോകത്ത് ആകെ ഉണ്ടായിട്ടുള്ള ഭൂകമ്പങ്ങളിൽ 80 ശതമാനവും ഉണ്ടായിട്ടുള്ളത് പസഫിക് സമുദ്രത്തിനു ചുറ്റുമുള്ള പ്രദേശങ്ങളെ ഉൾക്കൊള്ളുന്ന മേഖലയിലാണ്.
ഏറ്റവും കൂടുതൽ ഭൂകമ്പങ്ങളുണ്ടാകുന്ന രണ്ടാമത്തെ മേഖല പർവതതീര പ്രദേശങ്ങളാണ്. ലോകത്തെ പ്രായം കുറഞ്ഞ പർവതങ്ങളുടെ തീരപ്രദേശങ്ങളിൽപ്പെടുന്നതാണ് ഈ മേഖല. ആഫ്രിക്കയുടെ പടിഞ്ഞാറു തീരത്തുള്ള ജിബ്രാൾട്ടർ പ്രദേശത്തു നിന്നാരംഭിച്ച് കിഴക്കോട്ട് വ്യാപിച്ച് അറ്റ്ലസ് പർവതനിരകൾ, ആൽപ്സ് പർവതനിരകൾ, ബാൽക്കൺ പർവതനിരകൾ, ഏഷ്യാ മൈനർ എന്നിവ കടന്ന് ഹിമാലയൻ പർവത നിരകളിലൂടെ ഇൻഡോനേഷ്യൻ ദ്വീപസമൂഹങ്ങൾ വരെ വ്യാപിച്ചു കിടക്കുന്ന ഈ മേഖല ആസ്ട്രേലിയയുടെ വടക്കുഭാഗത്ത് പസഫിക് മേഖലയുമായി സന്ധിക്കുന്നു.
കടലിനടിയിലൂടെ ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന മേഖലയാണ് ശക്തി കുറഞ്ഞ ഭൂകമ്പങ്ങൾ ഉണ്ടാകുന്ന മൂന്നാമത്തെ മേഖല.
ഇന്ത്യയിൽ കുലുങ്ങുന്ന മേഖലകൾ
ഇന്ത്യയിലെ വടക്കുപടിഞ്ഞാറൻ പർവതപ്രദേശമായ ഗുജറാത്ത് - കച്ച് പ്രദേശങ്ങൾ, വടക്ക് ജമ്മു കശ്മീർ - ഹിമാചൽ പ്രദേശ് ഹിമാലയ പർവതനിരകൾ, ഡൽഹിയുടെ വടക്ക് പടിഞ്ഞാറൻ മേഖല, ബിഹാറിന്റെ വടക്കൻ പ്രദേശങ്ങൾ, അസം, മേഘാലയ, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പുർ, മിസോറാം തുടങ്ങിയ വടക്കുകിഴക്കൻ മേഖലകളാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതകളുള്ള പ്രദേശങ്ങൾ. ഈ മേഖലയിൽ റിക്റ്റർ സ്കെയിലിൽ 6 മുതൽ 9വരെ തീവ്രതയുള്ള കിടിലൻ ഭൂകമ്പങ്ങൾക്ക് സാധ്യതയുണ്ട് എന്നാണ് ഭൗമശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.
ഹിമാലയം എന്ന ഭൂകമ്പ മേഖല
ഇന്ത്യൻ ഉപഭൂഖണ്ഡങ്ങൾ ഉൾക്കൊള്ളുന്ന 20 മുതൽ 30 വരെ കിലോമീറ്റർ കട്ടിയുള്ള ഇന്ത്യൻ പ്ലേറ്റ് വടക്കുദിശയിലേക്ക് നിരന്തരം നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഹിമാലയത്തിനപ്പുറത്തുള്ള ടിബറ്റൻ പ്ലേറ്റാകട്ടെ എതിർ ഭാഗത്തേക്കും നീങ്ങിക്കൊണ്ടിരിക്കുന്നു. ഈ രണ്ടു പ്ലേറ്റുകൾ തമ്മിൽ കൂട്ടിമുട്ടി ഇടിച്ചുകയറിയാണ് ഹിമാലയ പർവതമുണ്ടായത്. ഈ മേഖല ഉൾക്കൊള്ളുന്ന ഹിമാലയ പർവതപ്രദേശത്ത് നിരന്തരം വമ്പൻ ഭൂകമ്പങളുണ്ടാകുന്നതിന്റെ രഹസ്യം ഇതാണ്. ഈ രണ്ടു പ്ലേറ്റുകൾ തമ്മിൽ കൂട്ടിമുട്ടുമ്പോൾ അവയ്ക്കിടയിലുള്ള പ്രദേശത്ത് മർദം കുമിഞ്ഞുകൂടുകയും ഊർജം സംഭരിക്കപ്പെടുകയും ചെയ്യുന്നു. ഈ സമ്മർദം പാറക്കെട്ടുകൾക്ക് താങ്ങാവുന്നതിനും അപ്പുറമാകുമ്പോൾ സംഭരിക്കപ്പെട്ട ഊർജം പുറത്തുചാടുന്നു. ഇത് ഭൂകമ്പങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.
60 ശതമാനം ഭൂകമ്പസാധ്യതയുള്ള മേഖലയിലാണ് കേരളത്തിന്റെ കിടപ്പ്. റിക്റ്റർ സ്കെയിൽ പമാവധി 6 വരെയുള്ള ഭൂചലനങ്ങൾ ഈ മേഖലയിൽ പ്രതീക്ഷിക്കാം. ശരിയായ ഭൗമപഠനം നടത്താതെ നഗരങ്ങളിലുയരുന്ന കെട്ടിട സമുച്ചയങ്ങളും മുല്ലപ്പെരിയാർ പോലുള്ള അണക്കെട്ടുകളും താപനിലയങ്ങളുമെല്ലാം കേരളത്തിലെ ഈ ചെറിയ കുലുക്കം പോലും അപകടമേറിയതാക്കും.
കേരളത്തിനേക്കാൾ ഭൂകമ്പ സാധ്യത കുറഞ്ഞ മേഖലയായ മഹാരാഷ്ട്രയിലെ ലാത്തൂരിൽ 1993 സെപ്റ്റംബർ 30ൻ റിക്റ്റർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയപ്പോൾ 10,000ത്തിലധികം പേരാണ് മരിച്ചത്. വേണ്ട മുൻകരുതലുകൾ എടുക്കേണ്ട സമയം അതിക്രമിച്ചു എന്ന് പ്രകൃതി കേരളീയരെ ബോധ്യപ്പെടുത്തിയെങ്കിലും യാതൊരു മുൻകരുതലും നാം ഇതുവരെ കൈക്കൊണ്ടിട്ടില്ല. 2000 ഡിസംബർ 12നും 2001 ജനുവരി 7നും കേരളത്തിലെ പാലായ്ക്കടുത്തുള്ള ഈരാറ്റുപേട്ട കേന്ദ്രമായി ഉണ്ടായ റിക്റ്റർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും നമുക്ക് പ്രകൃതി നൽകിയ മുന്നറിയിപ്പാണ്.
കേരളത്തെ കുലുക്കുന്നതാര്
ഭൂഗർഭത്തിലെ പാറക്കെട്ടുകൾ പരസ്പരം തെന്നിമാറിയുണ്ടായ ഭ്രംശമേഖലയും ഭൂഗർഭത്തിലെ പാറക്കെട്ടുകളിലുണ്ടായിട്ടുള്ള നിരവധി ചെറുതും വലുതും വിള്ളലുകളുള്ള പ്രദേശങ്ങൾ കേരളത്തിലുണ്ട്. അച്ചൻകോവിൽ, പെരിയാർ, തെന്മല എനിവയാണ് കേരളത്തിലെ പ്രധാന ഭ്രംശ മേഖലകൾ. ഇടമലയാർ, കമ്പം, ബാവലി, ഭവാനി, കബനി, ഹുൻസൂർ, മാട്ടുപ്പെട്ടി എന്നിവയാണ് കേരളത്തിലെ പ്രധാന വിള്ളലുകൾ. കേരളത്തിലെ പല നദികളും ഒഴുകുന്നത് ഈ വിള്ളലുകളിലൂടേയും ഭ്രംശ മേഖലകളിലൂടെയുമാണ്. ഈ വിള്ളലുകളും ഭ്രംശമേഖലകളും കേരളത്തിൽ ശക്തി കുറഞ്ഞ ഭൂകമ്പങ്ങൾക്ക് കാരണമാകാം.
അപാരമായ ഊർജപ്രവാഹം
ഭൂമി ആദ്യം ഒരൊറ്റ പാളിയായിരുന്നു എന്ന് നമുക്കറിയാം. കോടിക്കണക്കിനു വർഷങ്ങളിലൂടെ അതു പിളർന്നു തെന്നിമാറിയാണ് 7 വൻകരകളും ഡസൻ കണക്കിനു ചെറുപാളികളുമുണ്ടായത്. ഓരോ പാളിക്കും 20 മുതൽ 30 മൈൽ വരെ കട്ടിയുണ്ട്. ഇതിൽ ഒരു പാളിയെ അനക്കി മാറ്റാൻ നൂറുകണക്കിനു ഹൈഡ്രജൻ ബോംബ് പോലും പ്രയോഗിച്ചാൽ കഴിയില്ല. ഈ പാളികളെ നിസാരമായി തെന്നി മാറ്റാൻ ഭൂകമ്പങ്ങൾക്കു കഴിയുന്നു. അപ്പോൾ അതിന്റെ ശക്തിയെക്കുറിച്ച് ആലോചിച്ചു നോക്കൂ. ഇങ്ങനെ തെന്നിമാറുന്ന ഭൂപാളികൾ ഭൂമി കറങ്ങുന്നതിനാൽ പിന്നീട് സ്വയം ക്രമീകരിക്കപ്പെടുന്നുമുണ്ട്.
റിങ് ഓഫ് ഫയർ
ശാന്തസമുദ്രത്തിലെ (പസഫിക് സമുദ്രം) റിങ് ഓഫ് ഫയർ അഥവാ അഗ്നിവളയം എന്നറിയപ്പെടുന്ന പ്രദേശത്താണ് ഭൂമിയിലെ 90 ശതമാനം ഭൂകമ്പങ്ങളും ഉണ്ടാകുന്നത്. ഒരു കുതിരലാടത്തിന്റെ ആകൃതിയിൽ ഏതാണ്ട് 40,000ത്തോളം കിലോമീറ്റർ ദൂരം റിങ് ഓഫ് ഫയർ വിള്ളൽ നീണ്ടു കിടക്കുന്നു. ജപ്പാനും ഈ മേഖലയിലാണ്.
ജപ്പാനെ കണ്ടുപഠിക്കാം
പസഫിക് അഗ്നിവലയം എന്ന പ്രത്യേക മേഖലയിൽ സ്ഥിതി ചെയ്യുന്ന 3,000ത്തിലധികം ദ്വീപുകൾ ചേർന്നതാണ് ജപ്പാൻ. അതുകൊണ്ട് ദുർബലമായ ഭൂചലനം പോലും അവിടെ സുനാമി ഭീഷണിയുയർത്തുന്നു. ചെറിയ ചെറിയ അഗ്നിപർവത സ്ഫോടനങ്ങളും ഭൂചലനങളും ജപ്പാനിൽ പതിവാണ്. അതുകൊണ്ട് ഭൂകമ്പ പ്രതിരോധം അവരുടെ സ്കൂളുകളിലെ ഒരു പ്രധാന പാഠ്യവിഷയമാണ്. ഭൂകമ്പങ്ങളെ പ്രതിരോധിക്കുന്ന കെട്ടിടങ്ങളും വീടുകളും മാത്രമേ അവിടെ നിർമിക്കാൻ ഗവണ്മെന്റ് അനുമതി നൽകുകയുള്ളൂ. ഹുക്കുഷിമ പോലുള്ള ഭീകരമായ ഭൂകമ്പങ്ങളുണ്ടായിട്ടും നാശനഷ്ടങ്ങളെ ഇത്ര കുറഞ്ഞ നിലയിലേക്ക് പരിമിതപ്പെടുത്താൻ ജപ്പാനെ സഹായിക്കുന്നത് ഈ മുൻകരുതലുകളാണ്.
ഉള്ളുകളി അറിയാൻ
കാൽക്കീഴിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് നമുക്കുള്ള അറിവ് വളരെ പരിമിതമാണ്. ഭൂമിയുടെ ഉൾഭാഗത്തെക്കുറിച്ച് അറിയുന്നതിനേക്കാൾ കൂടുതൽ സൂര്യന്റെ ആന്തര ഘടനയെപ്പറ്റി നമുക്കറിയാം എന്നതാണ് വസ്തുത. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ഭൂകേന്ദ്രത്തിലേക്കുള്ള ദൂരം ഏകദേശം 6,370 കിലോമീറ്ററാണ്. ഭൂമിയുടെ കേന്ദ്രബിന്ദുവിലെത്തുന്ന ഒരു കിണറു കുഴിച്ച് മുകളിൽ നിന്നൊരു കല്ലെടുത്തിട്ടാൽ മുക്കാൽ മണിക്കൂർ കൊണ്ട് ഭൂകേന്ദ്രത്തിലെത്തുമെന്ന് സങ്കൽപിക്കാം. ഭൂമിയുടെ ഇത്തരം ആന്തരിക ഘടനയെപ്പറ്റിയൊക്കെ മനസിലാക്കുന്നതിനു മനുഷ്യനെ സഹായിച്ച പ്രധാന ഘടകം ഭൂകമ്പങ്ങളാണ്.
ഇന്ത്യയെ കുലുക്കിയ പ്രധാന ഭൂകമ്പങ്ങൾ
1988 ആഗസ്റ്റ് 6: അസം- റിക്റ്റർ സ്കെയിലിൽ 6.5.
1988 ആഗസ്റ്റ് 21: ബീഹാർ- തീവ്രത 6.7
1993 സെപ്റ്റബർ 30: മഹാരാഷ്ട്ര- തീവ്രത 6.3 ലാത്തൂർ - ഖിലാരി മേഖലകളിൽ പതിനായിരക്കണക്കിനാളുകൾ മരിച്ചു.
2001 ജനുവരി 26: ഗുജറാത്ത്- തീവ്രത 8.1. ഭുജ്, കച്ച് മേഖലയിലും പരിസരപ്രദേശങ്ങളിലും 30,000ത്തിലധികം പേർ മരിച്ചു.
എങ്ങനെയാണ് ഈ കുലുക്കം?
ഭൂതലത്തിനു താഴെ കിലോമീറ്ററുകളോളം താഴത്തിലുണ്ടാകുന്ന വലിയ തോതിലുള്ള ഊർജമാണ് ഭൂകമ്പങ്ങൾക്ക് കാരണമാകുന്നത്. ഭൂമിക്കുള്ളിൽ വൻതോതിലുള്ള ഈ ഊർജം കുമിഞ്ഞു കൂടുന്നതെങ്ങനെയാവാം?! പ്രധാനമായും 6 വമ്പൻ ശിലാഫലകങ്ങളും മറ്റനേകം ചെറു പ്ലേറ്റുകളും കൊണ്ട് പൊതിഞ്ഞതാണ് ഭൂമിയുടെ ഉപരിതലം. ഏതാണ്ട് 20 മുതൽ 30 കിലോമീറ്റർവ രെ കട്ടിയുള്ളതാണ് ഭൂമിയുടെ പുറന്തോട്. ഈ പുറന്തോടിനുള്ളിലാണ് ഈ ശിലാഫലകങ്ങളുടെ കിടപ്പ്.
ഭൂമിക്കുള്ളിലെ ഖരാവസ്ഥയിലുള്ള കാമ്പിനു മുകളിലെ കുഴമ്പിൽ ക്കൂടി ഈ ശിലാഫലകങ്ങൾ സാവധാനം തെന്നിനീങ്ങുന്നു. ഇങ്ങനെ തെന്നി നീങ്ങുമ്പോൾ ശിലാഫലകങ്ങൾ പരസ്പരം കൂട്ടിയിടിക്കാം. ഒരു ഫലകത്തിനടിയിലേക്ക് മറ്റൊരു ഫലകം ആഴ്ന്നിറങ്ങാം. അതുമൂലം ഈ മേഖലയിലെ ശിലകളിൽ വൻ മർദം അനുഭവപ്പെടുന്നു. ഭൂഗർഭത്തിലെ ഉരുകിയ പാറകളും ഇത്തരത്തിൽ മർദം കുമിഞ്ഞുകൂടാൻ കാരണമാകാം. ഭൂമിയുടെ പുറന്തോടിനുള്ളിലെ പാറക്കെട്ടുകൾക്കിടയിൽ നിരവധി വർഷങ്ങളായി ഇങ്ങനെ കുമിഞ്ഞുകൂടുന്ന ഊർജം അവയ്ക്കു താങ്ങാവുന്നതിലധികമാവുമ്പോൾ പുറത്തേക്ക് പ്രവഹിക്കുന്നു. ഭൗമോപരിതലത്തിലെത്തുന്നതോടെ ഈ ഉർജപ്രവാഹം തിരമാലകൾപോലെ തരംഗരൂപത്തിൽ അതിവേഗം സഞ്ചരിക്കുന്നു. കൂടാതെ അഗ്നിപർവത സ്ഫോടനങ്ങൾ, വൻ മണ്ണിടിച്ചിലുകൾ, വൻ അണക്കെട്ടുകൾ ശിലാപാളികളിൽ ചെലുത്തുന്ന സമ്മർദം എന്നിവ മൂലമെല്ലാം ഭൂകമ്പങ്ങളുണ്ടാകാം.
നിശ്ചലമായ ഒരു കുളത്തിന്റെ മധ്യത്തിലുള്ള ഒരു കടലാസു വഞ്ചിയുടെ സമീപത്തേക്ക് ഒരു കല്ലെടുത്തെറിഞ്ഞാൽ ഉണ്ടാകുന്ന ഓളങ്ങൾ പോലുള്ള തരംഗരൂപത്തിലാണ് ഈ ഊർജസഞ്ചാരം. ഒന്നിനു പിറകെ ഒന്നായി ഓളങ്ങൾ കടന്നുപോകുമ്പോഴും കടലാസു വഞ്ചി നിശ്ചിത സ്ഥാനത്തു തന്നെ തുടരുന്നു. ഓളങ്ങളോടൊപ്പം കടലാസു വഞ്ചി അകന്നുപോകുന്നില്ല. കല്ല് വീണപ്പോൾ ജലത്തിലേക്കു പകർന്ന ഊർജം മാത്രം പകർന്നു നൽകി ഓളങ്ങൾ കടന്നുപോകുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഭൂകമ്പങ്ങളുടെ ഊർജ തരംഗങ്ങൾ കടന്നുപോകുന്നതും ഏകദേശം ഇതുപോലെ തന്നെയാണ്.
ഭൂകമ്പങ്ങളുടെ തീവ്രതയും അതുണ്ടാക്കുന്ന നാശനഷ്ടങ്ങളും
ഭൂകമ്പ തരംഗങ്ങളുടെ തീവ്രത അളക്കുന്നത് റിക്റ്റർ സ്കെയിൽ ഉപയോഗിച്ചാണ്. റിക്റ്റർ സ്കെയിലിൽ 8.1 മുതൽ 9 വരെ തീവ്രതയുള്ള ഭൂകമ്പം സർവ നാശം വിതയ്ക്കുന്നവയാണ്. ഭൂമിയുടെ ഉപരിതലം തിരമാലകൾ പോലെ ഉയരുകയും താഴുകയും ചെയ്യുന്നു.
7.4 മുതൽ 8.1 വരെ തീവ്രത രേഖപ്പെടുത്തുന്ന ഭൂകമ്പങ്ങൾ ഏതുതരം കെട്ടിടങ്ങളെയും തകർത്തു തരിപ്പണമാക്കും. ഉരുൾപൊട്ടലും വെള്ളപ്പൊക്കവുമുണ്ടാക്കും.
7 മുതൽ 7.3 വരെ: ഭൂമിയിൽ വ്യാപകമായ വിള്ളലുകൾ വീഴ്ത്തുന്നു. കെട്ടിടങ്ങളെ തകർക്കുന്നു.
6.2 മുതൽ 6.9 വരെ: വീടുകൾ തകർക്കുകയും വിള്ളലുകളുണ്ടാക്കുകയും ചെയ്യും.
5.5 മുതൽ 6.1 വരെ: ഇടിമുഴക്കം പോലുള്ള ശബ്ദമുണ്ടാക്കും. ഭിത്തികളിൽ വിള്ളലുകൾ വീഴ്ത്തും.
4.5 മുതൽ 5.4 വരെ: മരങ്ങളെ കടപുഴക്കും, ഇളകിയിരിക്കുന്ന വസ്തുക്കളെ മറിച്ചിടും.
പ്രതല ബിന്ദുവിൽ നിന്ന് അകലും തോറും തീവ്രത കുറഞ്ഞുവരുന്നതു കൊണ്ട് നാശത്തിന്റെ തോതിലും അതിനനുസരിച്ചുള്ള കുറവുണ്ടാകുന്നു. നാശത്തിന്റെ തോത് കൂടുന്നതിനും കുറയ്ക്കുന്നതിനും ഓരോ പ്രദേശത്തിന്റെയും ഭൗമഘടനയും ജനസാന്ദ്രതയും കെട്ടിട നിർമാണ രീതിക്കുമൊക്കെ സ്വാധീനം ചെലുത്തുന്നുണ്ട്.
ഓരോ തട്ടുകൾ കൂടും തോറും പത്തിരട്ടി ശക്തി
ഭൂകമ്പം അളക്കാൻ ശാസ്ത്രീയമായതും കൃത്യതയാർന്നതുമായ സ്കെയിലിനു രൂപം നൽകിയത് കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസറായിരുന്ന ചാൾസ് റിക്റ്ററാണ്. ഓരോ ഭൂചലനത്തിന്റെയും ഭൂകമ്പ കേന്ദ്രത്തിൽ നിന്നും പ്രവഹിക്കുന്ന ഊർജത്തിന്റെ അളവിനെ അടിസ്ഥാനമാക്കിയുള്ള സ്കെയിലാണിത്. പൂജ്യം മുതൽ മുകളിലേയ്ക്കു ഭൂചലനങ്ങളുടെ ശക്തി കൂടിവരുന്നു. പല തട്ടുകളുള്ള റിക്റ്റർ സ്കെയിലിലെ അളവുകളിൽ ഓരോ തട്ടുകൾ കൂടുംതോറും മുൻ തട്ടുകളേക്കാൾ പത്തിരട്ടി ശക്തി കൂടിവരുന്നു. ഉദാഹരണത്തിന് തീവ്രത 8 ഉള്ള ഭൂചലനത്തിന് തീവ്രത 7 ഉള്ള ഭൂചലനത്തേക്കാൾ പത്തിരട്ടി ശക്തി കൂടുതലായിരിക്കും. തീവ്രത 6 ഉള്ളതിനേക്കാൾ 100 ഇരട്ടി ശക്തി കൂടിയതായിരിക്കും. 5 ഉള്ളതിനേക്കാൾ 1000 ഇരട്ടി ശക്തി കൂടിയതുമായിരിക്കും. റിക്റ്റർ സ്കെയിലിൽ 5നു താഴെയുള്ളവ വലിയ നാശനഷ്ടങ്ങളൊന്നുമുണ്ടാക്കില്ല.
സുനാമിയും
സമുദ്രങ്ങളുടെ അടിത്തട്ടിൽ ശക്തമായ ഭൂകമ്പങ്ങൾ ഉണ്ടാകുന്നതിന്റെ ഫലമായി ഉടലെടുക്കുന്ന വമ്പൻ തിരയാണ് സുനാമി. തീരത്തേക്കുള്ള തിരമാലകൾ എന്നാണ് സുനാമി എന്ന ജാപ്പനീസ് വാക്കിന്റെ അർഥം. റിക്റ്റർ സ്കെയിലിൽ 6.9നു മുകളിലേയ്ക്കുള്ള ഭൂകമ്പമാണ് മിക്ക സുനാമികൾക്കും കാരണമാകുന്നത്. കടലിനടിയിലുള്ള വമ്പൻ കുന്നുകളിലെ മണ്ണിടിച്ചിൽ, അഗ്നിപർവതം, കടലിലെ ഉൽക്ക വീഴ്ച എന്നിവയും അപൂർവമായി സുനാമികൾ ഉണ്ടാക്കാറുണ്ട്.
ഭൂകമ്പം മൂലം ആഴക്കടലിൽ 0.5 മീറ്ററിൽ താഴെ തരംഗ ഉയരമുണ്ടാക്കുന്ന ഭൂകമ്പം പോലും കരയിൽ 50 അടി വരെ ഉയരത്തിൽ അടിച്ചുകയറുന്ന വമ്പൻ തിരമാലകൾക്കു കാരണമാകാം. മണിക്കൂറിൽ 700 കി.മീ. വരെ വേഗത്തിൽ സഞ്ചരിക്കുകയും ചെയ്യുന്നു. തുടർന്ന് തെങ്ങോളം ഉയരത്തിലുള്ള തിരമാലകൾ കരയിലേക്കടിച്ചു കയറി സർവതും തച്ചുടച്ച് കുതിച്ചുപായുന്നു. ഇതാണ് സുനാമി.
കേരളം കണ്ട ആദ്യ സുനാമി
2004 ഡിസംബർ 24ൻ ഇൻഡോനേഷ്യയിലെ സുമാത്ര ദ്വീപിനടുത്ത് ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ ഭൂകമ്പത്തിന്റെ (റിക്റ്റർ സ്കെയിലിൽ 6.8) ഫലമായി സൃഷ്ടിക്കപ്പെട്ട സുനാമി തിരമാലകളാണ് കേരളമുൾപ്പെടെ ഇന്ത്യയുടെയും ലോകത്തിന്റെ പല ഭാഗത്തും അടിച്ചുകയറിയത്. അതിൽ 2 ലക്ഷത്തിലധികം പേർ മരിച്ചു. കേരളത്തിൽ കൊല്ലം, ആലപ്പുഴ തീരങ്ങളിലാണ് കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. സംസ്ഥാനത്തൊട്ടാകെ 180 പേർ മരിച്ചു. 805 വീടുകൾ തകർന്നു. 2,000ത്തോളം പേർക്കു പരിക്കേറ്റു. കേരളത്തിലെ ഈ തലമുറ കണ്ട ആദ്യ സുനാമിയായിരുന്നു ഇത്.