
മുംബൈ: ഭൂൽ ഭുലയ്യ എന്ന സിനിമയിലെ കഥാപാത്രത്തെ പുനരാവിഷ്കരിച്ചതിനു പിന്നാലെ ബോളിവുഡ് താരം ഉർഫി ജാവേദിന് വധ ഭീഷണി. ഹിന്ദു ധർമത്തെ പരിഹസിച്ചുവെന്നാരോപിച്ചാണ് സമൂഹമാധ്യമങ്ങൾ വഴി ഉർഫിക്ക് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. ഉർഫി തന്നെയാണ് വധ ഭീഷണിയുടെ സ്ക്രീൻ ഷോട്ടുകൾ സമൂഹ മാധ്യമം വഴി പുറത്തു വിട്ടത്. ഭൂൽ ഭുലയ്യയിൽ രാജ്പാൽ യാദവ് അവതരിപ്പിച്ച ഛോട്ടാ പണ്ഡിറ്റ് എന്ന കഥാപാത്രത്തെയാണ് ഹാലോവീൻ പാർട്ടിക്കു വേണ്ടി ഉർഫി പുനരാവിഷ്കരിച്ചത്. മുഖത്തും ദേഹത്തും ചുവന്ന നിറം പൂശി കാവി നിറമുള്ള ദോത്തി ധരിച്ച് കഴുത്തിൽ പൂമാലയും ചെവിയിൽ ചന്ദനത്തിരികളുമായാണ് ഉർഫി ഒരുങ്ങിയത്.
ചിത്രങ്ങളും വിഡിയോയും പങ്കുവച്ചതിനു പുറകേ ഭീഷണി സന്ദേശങ്ങൾ എത്തിത്തുടങ്ങി. വീഡിയോ ഉടൻ പിൻവലിച്ചില്ലെങ്കിൽ നിന്നെ കൊന്നു തള്ളാൻ അധികം സമയം വേണ്ട എന്നാണ് ഭീഷണി.
ഈ രാജ്യത്തുള്ളവർ എന്നിവർ ഞെട്ടിക്കുകയാണ്.ഒരു സിനിമയിലെ കഥാപാത്രത്തെ പുനരാവിഷ്കരിച്ചതിന്‍റെ പേരിൽ എനിക്ക് വധഭീഷണി സന്ദേശങ്ങൾ ലഭിച്ചു കൊണ്ടിരിക്കുകയാണ് എന്ന കുറിപ്പോടെയാണ് വധഭീഷണിയുടെ സ്ക്രീൻ ഷോട്ടുകൾ ഉർഫി പങ്കു വച്ചത്.