കൊച്ചി: 'പാവപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കുക’ എന്ന ബാനറും കൈയില്‍ പിടിച്ചായിരുന്നു നടൻ ഭീമന്‍ രഘുവിൻ്റെ ഒറ്റയാൾ സമരം. കൈകളിൽ പഴയ ചാണയും കീറിയ സഞ്ചിയും പിടിച്ച്, കൈലി മുണ്ടുമിട്ടാണ് ഭീമൻ രഘു സെക്രട്ടറിയേറ്റിന് മുന്നിലെത്തിയത്. പക്ഷെ താരം എന്തിനാണ് സമരം ചെയ്യുന്നതെന്ന് ചുറ്റും കൂടിയവര്‍ക്ക് മനസിലായില്ല. ഇതിനെ തുടർന്ന് അദ്ദേഹം തന്നെ തൻ്റെ ലക്ഷ്യം വ്യക്തമാക്കുകയും ചെയ്തു. തൻ്റെ ചിത്രമായ ‘ചാണ’യുടെ പ്രമോഷനുവേണ്ടി എത്തിയതായിരുന്നു താരം.
''കൂടെയുള്ള ആർട്ടിസ്റ്റുകളൊന്നും ഇതേപോലെ ഒരു പ്രമോഷനുവേണ്ടി ഇറങ്ങില്ല. ജനങ്ങളുമായി ഇന്‍ട്രാക്ട് ചെയ്യണം. എങ്കില്‍ മാത്രമേ പടത്തിന് ഗുണം കിട്ടുകയുള്ളൂ. ഹീറോയിസത്തിലേക്ക് ഇതുവരെ വരാന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ ഒരു ഹീറോയിസത്തിലേക്ക് വന്നപ്പോള്‍ എനിക്ക് തന്നെ തോന്നി ഞാന്‍ ചെയ്തിരിക്കുന്ന കഥാപാത്രം വളരെ രസകരമാണെന്ന്. ഭീമൻ രഘു പറയുന്നു. എറെ രസകരമായിരുന്നു താരത്തിൻ്റെ വേറിട്ട സമരം.
ഭീമൻ രഘു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ 'ചാണ' നാളെ (17 ന് ) തിയേറ്ററിലെത്തുകയാണ്. ചിത്രത്തിൻ്റെ പരസ്യപ്രചാരണത്തിൻ്റെ ഭാഗമായാണ് ഭീമൻ രഘു ഒറ്റയാൾ സമരം നടത്തിയത്. സാധാരണ ജനങ്ങളുടെ ജീവിത പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഒറ്റയാൾ സമരം. ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഭീമൻ രഘുവാണ്.
ഉപജീവനത്തിനായി തെങ്കാശിയില്‍ നിന്ന് തന്‍റെ തൊഴില്‍ ഉപകരണമായ ചാണയുമായി കേരളത്തിലേക്ക് വരുന്ന ഒരു തമിഴ് യുവാവിന്‍റെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങളാണ് ചാണയുടെ ഇതിവൃത്തം.
പുതുമുഖനായിക മീനാക്ഷി ചന്ദ്രനാണ് ചിത്രത്തിലെ നായിക. കെ. സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന 'ചാണ' സ്വീറ്റി പ്രൊഡക്ഷന്‍സ്, നിർമ്മാണവും വിതരണവും നടത്തുന്നു. നിര്‍മ്മാണം-കെ ശശീന്ദ്രന്‍ കണ്ണൂര്‍, കഥ, തിരക്കഥ, സംഭാഷണം-അജി അയിലറ. പി ആര്‍ ഓ - പി ആര്‍ സുമേരന്‍