മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു

മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നു
മോഹൻലാൽ, മമ്മൂട്ടി Mohanlal, Mammootty
മോഹൻലാൽ, മമ്മൂട്ടി
Updated on

മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരുമിക്കുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രത്തിൽ മമ്മൂട്ടിയെയും മോഹൻലാലിനെയും കൂടാതെ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും കൂടിയുണ്ടാകും എന്നാണ് സ്ഥിരീകരിക്കാത്ത വിവരം.

മമ്മൂട്ടി കമ്പനിയും ആശിർവാദ് സിനിമാസും ഈ സിനിമയുടെ സാക്ഷാത്കാരത്തിനായി സഹകരിക്കുന്നതിന്‍റെ സൂചനകളും പുറത്തുവന്നുകഴിഞ്ഞു. ബിഗ് ബജറ്റ് ചിത്രം കേരളത്തിനു പുറമേ ന്യൂഡൽഹി, ശ്രീലങ്ക, ലണ്ടൻ എന്നിവിടങ്ങളിലും ചിത്രീകരണം നടത്തുമെന്നാണ് അറിയുന്നത്. പ്രധാന ലോക്കേഷൻ ശ്രീലങ്ക ആയിരിക്കുമെന്നും, അവിടെ ഒരു മാസത്തോളം ഷൂട്ടിങ് ഉണ്ടാവുമെന്നും റിപ്പോർട്ട്.

നേരത്തെ, നിർമാതാവ് ആന്‍റണി പെരുമ്പാവൂരാണ് മമ്മൂട്ടി കമ്പനിയും ആശിർവാദ് സിനിമാസും സഹകരിച്ചു പ്രവർത്തിക്കുന്ന പ്രോജക്റ്റിനെക്കുറിച്ച് സൂചന നൽകിയത്. പിന്നീട് മഹേഷ് നാരായണനും നിർമാതാവ് ആന്‍റോ ജോസഫും ശ്രീലങ്കയിൽ പോയി മുൻ പ്രധാനമന്ത്രി ദിനേശ് ഗുണവർധനയെ കാണുകയും ചെയ്തിരുന്നു.

മമ്മൂട്ടിയും മോഹൻലാലും മുൻപ് ഒരുമിച്ച സിനിമകൾ മിക്കവയും ഇന്നും ഐക്കോണിക് പദവിയിൽ നിലനിൽക്കുന്നതാണ്. 11 വർഷം മുൻപ്, കടൽ കടന്നൊരു മാത്തുക്കുട്ടി എന്ന സിനിമയിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. മമ്മൂട്ടി നായകനായ സിനിമയിൽ മോഹൻലാലിന് മോഹൻലാൽ ആയി തന്നെയുള്ള ഗസ്റ്റ് റോൾ മാത്രമാണ് ഉണ്ടായിരുന്നത്. എം.ടി. വാസുദേവൻ നായരുടെ ചെറുകഥകളെ അടിസ്ഥാനമാക്കിയ മനോരഥങ്ങൾ എന്ന വെബ് സീരീസിൽ ഇരുവരും ഉൾപ്പെട്ടിരുന്നെങ്കിലും, ആന്തോളജി ആയതിനാൽ കോംബിനേഷൻ സീനുകൾ ഉണ്ടായിരുന്നില്ല.

ഇതുവരെ അമ്പതിലധികം സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇവയിൽ ഏറെയും ഇരുവരുടെയും കരിയറുകളുടെ ആദ്യ കാലങ്ങളിലായിരുന്നു. ഹരികൃഷ്ണൻസ്, ട്വന്‍റി20 എന്നിവയാണ് ഇക്കൂട്ടത്തിൽ മുഴുനീള കോംബോ ആയി വന്ന ഏറ്റവും ഒടുവിലത്തെ ഹിറ്റ് സിനിമകൾ.

മോഹൻലാൽ, മമ്മൂട്ടി Mohanlal, Mammootty
മലയാള സിനിമയുടെ ഇരട്ടച്ചങ്ക്: മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച 50 സിനിമകൾ

Trending

No stories found.

Latest News

No stories found.