
എ. എസ്. ദിനേശ്
പതിവു പോലെ ഈ വർഷം വിഷുവിനും പ്രേക്ഷകർക്ക് ആസ്വദിക്കാനായി ഏഴോളം ചിത്രങ്ങൾ തിയറ്ററിലെത്തുന്നു. സൂപ്പർതാര ചിത്രങ്ങളൊന്നും ഇല്ലെങ്കിലും വിഷുവിനു വൈവിധ്യ സിനിമകൾ വിരുന്നൊരുക്കുന്നുണ്ട്. മദനോത്സവം, മെയ്ഡ് ഇൻ കാരവാൻ, ഉപ്പുമാവ്, താരം തീർത്ത കൂടാരം, ഉസ്കൂൾ, അടി, ശാങ്കുന്തളം എന്നിവയാണു വിഷുവിന് പ്രദർശനത്തിനെത്തുന്ന മലയാള ചിത്രങ്ങൾ.
തൊട്ടു മുമ്പ് റിലീസായ പൂക്കാലം, സെക്ഷൻ 306 ഐ പി സി തുടങ്ങിയ ചിത്രങ്ങളും പ്രദർശനം തുടരുന്നുണ്ട്. വിഷു കഴിഞ്ഞ് റംസാൻ ചിത്രങ്ങളായി 'നീലവെളിച്ചം', 'അയൽവാശി','സുലേഖ മൻസിൽ' എന്നിവയും തിയറ്ററുകളിലെത്തും.
മദനോത്സവം
സുരാജ് വെഞ്ഞാറമൂട്, ബാബു ആന്‍റണി, ഭാമ അരുൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മദനോത്സവം. രാജേഷ് മാധവൻ, പി പി കുഞ്ഞികൃഷ്ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴീക്കോടൻ, ജോവൽ സിദ്ധിഖ്, സുമേഷ് ചന്ദ്രൻ, സ്വാതി ദാസ് പ്രഭു എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഷെഹനാദ് ജലാൽ നിർവ്വഹിക്കുന്നു. ഇ. സന്തോഷ് കുമാറിന്‍റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ തിരക്കഥ സംഭാഷണമെഴുതുന്നു. വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക് ക്രിസ്റ്റോ സേവിയർ സംഗീതം പകരുന്നു. ക്രിയേറ്റീവ് പ്രൊഡ്യൂസർ- ജെയ്. കെ, പ്രൊഡക്ഷൻ കൺട്രോളർ-രഞ്ജിത് കരുണാകരൻ, എഡിറ്റർ-വിവേക് ഹർഷൻ.
മെയ്ഡ് ഇൻ കാരവാൻ
ആനന്ദം, ഹൃദയം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അന്നു ആന്‍റണിയെ കേന്ദ്ര കഥാപാത്രമാക്കി ജോമി കുര്യാക്കോസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് "മെയ്ഡ് ഇൻ കാരവാൻ ". ഇന്ദ്രൻസ്, പ്രിജിൽ Jr, മിഥുൻ രമേശ്, ആൻസൺ പോൾ തുടങ്ങിയവർക്കൊപ്പം വിദേശ താരങ്ങളായ ഹാഷീം കഡൗറ, അനിക ബോയിൽ, എല്ല സെന്‍റ്സ്, നസ്ഹ എന്നിവരും അഭിനയിക്കുന്നു. സിനിമ കഫേ പ്രൊഡക്ഷൻസ്, ബാദുഷ പ്രൊഡക്ഷൻസ്, എ വൺ പ്രൊഡക്ഷൻസ് എന്നീ ബാനറിൽ ബാദുഷ എൻ എം, മഞ്ജു ബാദുഷ എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഷിജു എം ഭാസ്ക്കർ നിർവ്വഹിക്കുന്നു. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് വിനു തോമസ് സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം-ഷെഫീഖ് റഹ്മാൻ, എഡിറ്റർ-വിഷ്ണു വേണുഗോപാൽ. കോ പ്രൊഡ്യൂസർ- ഡെൽമി മാത്യു, വിതരണം-ആൻ മെഗാ മീഡിയ.
ഉപ്പുമാവ്
കൈലാഷ്, സരയു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാം ശിവരാജൻ കഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉപ്പുമാവ്. കാട്ടൂർ ഫിലിംസിന്‍റെ ബാനറിൽ പ്രിജി കാട്ടൂർ, കെ. അജിത് കുമാർ എന്നിവർ നിർമിക്കുന്ന ചിത്രത്തിൽ ശിവജി ഗുരുവായൂർ, സീമ ജി നായർ, ജയശങ്കർ, ആദിഷ് പ്രവീൺ, മോളി കണ്ണമാലി, ആതിര പ്രവീൺ, ഷാജി മാവേലിക്കര, കൊല്ലം ഷാ, മായ, മാസ്റ്റർ സഞ്ജയ്, തസ്‌ലീമ മുജീബ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.
ഛായാഗ്രഹണം മാദേഷ്. രാജൻ കാർത്തികപള്ളി, ഫൈസൽ പൊന്നാനി എന്നിവരുടെ വരികൾക്ക് സിബു സുകുമാരൻ സംഗീതം പകരുന്നു. വൈക്കം വിജയലക്ഷ്മി, വിജേഷ് ഗോപാൽ, അനന്യ ശ്രീഹരി, നിസാം നിജു എന്നിവരാണ് ഗായകർ. എഡിറ്റർ-റയാൻ ടൈറ്റ്‌സ്.
താരം തീർത്ത കൂടാരം
കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ, ആയിൻ സാജിദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് താരം തീർത്ത കൂടാരം. വിനീത് വിശ്വം, ശങ്കർ രാമകൃഷ്ണൻ, ജെയിംസ് ഏലിയ, ഉണ്ണിരാജ, ഫുക്രു, മുസ്തഫ, വിജയൻ കാരന്തൂർ, നിഷാന്ത് നായർ, മാല പാർവതി, ഡയാന ഹമീദ്, വിനോദിനി വൈദ്യനാഥൻ, അനഘ ബിജു, അരുൾ ഡി ശങ്കർ, അനഘ മരിയ വർഗീസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
അഭിരാമി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നിഷാന്ത് നായർ നിർമ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിഖിൽ സുരേന്ദ്രൻ നിർവ്വഹിക്കുന്നു. അർജുൻ പ്രഭാകരൻ, ഗോകുൽ രാമകൃഷ്ണൻ എന്നിവർ തിരക്കഥ സംഭാഷണമെഴുതുന്നു. ബി കെ ഹരിനാരായണൻ, അരുൺ ആലത്ത്, മോഹൻ രാജൻ എന്നിവരുടെ വരികൾക്ക് മെജോ ജോസഫ് സംഗീതം പകരുന്നു. എഡിറ്റർ-പരീക്ഷിത്.
ഉസ്കൂൾ
കവി ഉദ്ദേശിച്ചത് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പി.എം തോമസ് കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് "ഉസ്കൂൾ". അഭിജിത്, നിരഞ്ജൻ, അഭിനന്ദ് ആക്കോട്, ഷിഖിൽ ഗൗരി, അർച്ചന വിനോദ്, പ്രിയനന്ദ, ശ്രീകാന്ത് വെട്ടിയാർ,ലാലി പി.എം, ലിതിലാൽ എന്നിവരാണ് പ്രധാന താരങ്ങൾ.
ബോധി മൂവി വർക്സിന്‍റെ ബാനറിൽ ബീബു പരങ്ങേൻ, ജയകുമാർ തെക്കേ കൊട്ടാരത്ത്, ബെൻസിൻ ഓമന, കെ.വി.പ്രകാശ്, പി. എം. തോമസ്കുട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം പ്രസൂൺ പ്രഭാകർ നിർവ്വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഷൈബിൻ ടി, അരുൺ എൻ ശിവൻ. വിനായക് ശശികുമാർ, മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് ഷഹബാസ് അമൻ,സാമുവൽ അബി,ഹിമ ഷിൻജു എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ-എൽ കട്ട്സ്.
അടി
ദുല്‍ഖര്‍ സല്‍മാന്‍റെ വേഫേറര്‍ ഫിലിംസ് നിര്‍മ്മിച്ച് ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ, ധ്രുവന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാക്കി ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങൾക്കു ശേഷം പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അടി. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരാണ് മറ്റു താരങ്ങൾ . തിരക്കഥ-രതീഷ് രവി, ഛായാഗ്രഹണം- ഫായിസ് സിദ്ധിഖ്, എഡിറ്റർ- നൗഫൽ.
ശാകുന്തളം
സാമന്ത, ദേവ് മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, മഹാഭാരതത്തിലെ ശകുന്തള-ദുഷ്യന്തൻ പ്രണയകഥയായ 'അഭിജ്ഞാന ശാകുന്തളം' എന്ന കൃതിയെ ആസ്പദമാക്കി ഗുണശേഖർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ശാങ്കുന്തളം. അദിതി ബാലൻ, മോഹൻ ബാബു, സച്ചിൻ ഖേദേക്കർ, കബീർ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഐക്കൺ സ്റ്റാർ അല്ലു അർജുന്‍റെ മകൾ അല്ലു അർഹയും അഭിനയിക്കുന്നുണ്ട്.
ദിൽ രാജു അവതരിപ്പിക്കുന്ന ഈ ചിത്രം ഗുണാ ടീംവർക്സിന്‍റെ ബാനറിൽ നീലിമ ഗുണ നിർമിക്കുന്നു. സംഗീതം-മണി ശർമ്മ,ശേഖർ വി ജോസഫ് ഛായാഗ്രഹണം-ശേഖർ വി ജോസഫ്, എഡിറ്റർ- പ്രവീൺ പുഡി. ത്രിഡി യിലും ശാങ്കുന്തളം പ്രേക്ഷകരുടെ മുന്നിലെത്തുന്നുണ്ട്.