
ജയൻ ചേർത്തല
കൊച്ചി: 'അമ്മ'യുടെ ഓഫിസിനു മുന്നിൽ റീത്ത് വെച്ച സംഭവം താരങ്ങളെ അപമാനിക്കുന്നതാണെന്ന് നടൻ ജയൻ ചേർത്തല. റീത്ത് സംഭവം നൽകിയത് വലിയ പാഠമാണെന്നും ജയൻ ചേർത്തല അമ്മ വാർഷിക ജനറൽ ബോഡി യോഗത്തിൽ പറഞ്ഞു.
സംഘടനയിലെ അംഗങ്ങൾക്കെതിരേ പീഡന ആരോപണം ഉയർന്നപ്പോൾ എറണാകുളം ലോ കോളജിലെ വിദ്യാർഥികളാണ് 'അച്ഛനില്ലാത്ത അമ്മ' റീത്തുമായി ഓഫിസിലെത്തിയത്.
അതേസമയം, 'അമ്മ' പ്രസിഡന്‍റ് സ്ഥാനത്ത് മോഹൻലാൽ തുടർന്നേക്കുമെന്നും സൂചനയുണ്ട്. മത്സരം ഉണ്ടെങ്കിൽ ഒരു പദവിയും സ്വീകരിക്കില്ലെന്ന് മോഹൻലാൽ അഡ്ഹോക് കമ്മിറ്റിയെ അറിയിച്ചിരുന്നു.13 വർഷത്തിനുശേഷം നടൻ ജഗതി ശ്രീകുമാർ യോഗത്തിന് എത്തിയതും ശ്രദ്ധേയമായി.
മേയ് 31 ന് നടന്ന അഡ്ഹോക് കമ്മിറ്റി യോഗത്തിലാണ് പ്രസിഡന്‍റ് സ്ഥാനത്ത് തുടരണമെന്ന പൊതു അഭിപ്രായം മോഹന്‍ലാലിന് മുന്നില്‍ അംഗങ്ങള്‍ അവതരിപ്പിച്ചത്. മോഹൻലാലിനെ മുന്നിൽ നിർത്തി കരുത്തുറ്റ ഭരണസമിതിയെ തെരഞ്ഞെടുക്കുകയാണ് അഡ്ഹോക് കമ്മിറ്റിയുടെ ലക്ഷ്യം.