
മലയാള സീരിയല്‍ സിനിമാ, മേഖലകളില്‍ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ ടി.എസ്. രാജു അന്തരിച്ചു എന്ന വാർത്ത വ്യാജമെന്ന് സീരിയൽ താരങ്ങളുടെ സംഘടനയായ ‘ആത്മ’ ഭാരവാഹി കിഷോർ സത്യ. ഞാന്‍ അദ്ദേഹത്തോട് രാവിലെ സംസാരിച്ചുവെന്നും ടി.എസ്. രാജു പൂര്‍ണ ആരോഗ്യവാനായി തന്നെയുണ്ടെന്നും കിഷോർ സത്യ ഫേസ്ബുക്കിൽ കുറിച്ചു.
”പ്രശസ്ത നടന്‍ ടി.എസ്. രാജു ചേട്ടന്‍ പൂര്‍ണ ആരോഗ്യവാനായി തന്നെയുണ്ട്. ഞാന്‍ അദ്ദേഹത്തോട് രാവിലേ സംസാരിക്കുകയും ചെയ്തിരുന്നു. വ്യാജ വാര്‍ത്തകളില്‍ വഞ്ചിതരാവാതിരിക്കുക” എന്നാണ് കിഷോര്‍ സത്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
ഒരു പ്രമുഖ നടൻ്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടി.എസ്. രാജു അന്തരിച്ചു എന്ന തരത്തിലുള്ള പോസ്റ്റ് ഇന്ന് രാവിലെ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് ചില മാധ്യമങ്ങളും മരണവാര്‍ത്ത നല്‍കിയിരുന്നു. രാജുവിന്‍റെ ജോക്കര്‍ സിനിമയിലെ സര്‍ക്കസ് നടത്തിപ്പുകാരൻ ഗോവിന്ദൻ എന്ന വേഷം ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ദേവീമാഹാത്മ്യം സീരിയലിലെ വില്ലൻവേഷവും പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രമാണ്. നിരവധി മെഗാ സീരിയലുകളിലൂടെ അദ്ദേഹം ജനഹൃദയങ്ങളിൽ ഇടം നേടി. പ്രജാപതി, നഗരപുരാണം തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പ്രത്യേക രീതിയുള്ള സംഭാഷണമാണ് അദ്ദേഹത്തെ വേറിട്ട് നിർത്തിയത്.