
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തീപിടിത്തത്തിനു സാധ്യത കൂടുതലാണ്. പലപ്പോഴും അശ്രദ്ധയാണ് കാരണം. സംസ്ഥാനത്ത് പല സ്ഥലങ്ങളില്‍ നിന്നും ചെറുതും വലുതുമായ തീപിടിത്തങ്ങള്‍ മൂലം പൊള്ളലേറ്റ് ചികിത്സ തേടിവരുന്നുണ്ട്.
അല്പം ശ്രദ്ധിച്ചാല്‍ പല തീപിടിത്തങ്ങള്‍ ഒഴിവാക്കാനും പൊള്ളലില്‍ നിന്നും രക്ഷനേടാനും സാധിക്കും. പൊള്ളലേറ്റവരുടെ വിദഗ്ധ ചികിത്സയ്ക്കായി പ്രധാന ആശുപത്രികളില്‍ സംവിധാനങ്ങളുണ്ട്. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ബേണ്‍സ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തീപിടിത്തമുണ്ടാകാതേയും പൊള്ളലേൽക്കാതേയും എല്ലാവരും ജാഗ്രത പാലിക്കണമെന്നും മന്ത്രി.
തീപിടിത്തം വളരെ ശ്രദ്ധിക്കണം
ചൂട് കാലമായതിനാല്‍ തീപിടുത്തം ഉണ്ടായാല്‍ വളരെവേഗം പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്. തീ, ഗ്യാസ്, ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നിവയില്‍ നിന്നൊക്കെ തീപിടിത്തമുണ്ടാകാം. പേപ്പറോ ചപ്പുചവറോ കരിയിലയോ മറ്റും കൂട്ടിയിട്ട് കത്തിക്കുമ്പോള്‍ തീപിടിത്തമുണ്ടാകാം. പാചകം ചെയ്യുമ്പോഴും ശ്രദ്ധിക്കണം. അലക്ഷ്യമായ വസ്ത്രധാരണവും ശ്രദ്ധക്കുറവുമാണ് പലപ്പോഴും തീപിടിത്തമുണ്ടാക്കുന്നത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തീപിടിത്തമുണ്ടായാല്‍ എത്ര ചെറിയ പൊള്ളലാണെങ്കിലും നിസാരമായി കാണരുത്.
പ്രഥമ ശ്രുശ്രൂഷ നല്കി ചികിത്സ തേടണം.
പരിഭ്രമിച്ച് ഓടരുത്, തീ കൂടുതല്‍ പടരാൻ അത് ഇടയാക്കും.
തീയണച്ച ശേഷം പൊള്ളലേറ്റ ഭാഗത്തേക്ക് തണുത്തവെള്ളം ധാരാളമായി ഒഴിക്കുകയോ തണുത്ത വെള്ളത്തില്‍ 5-10 മിനിട്ട് മുക്കിവയ്ക്കുകയോ ചെയ്യുക.
അധികം തണുത്ത വെള്ളമോ ഐസ് വെള്ളമോ ഒഴിക്കരുത്. അത് രോഗിയുടെ ശരീര താപനില പെട്ടെന്ന് കുറഞ്ഞ് കൂടുതല്‍ പ്രശ്നങ്ങളുണ്ടാകും.
കുമിളകള്‍ ഉരയ്ക്കുകയോ കുത്തിപ്പൊട്ടിക്കുകയോ ചെയ്യരുത്. അണുബാധയ്ക്ക് കാരണമാകും
നെയ്യ്, വെണ്ണ, പൗഡര്‍, എന്തെങ്കിലും ദ്രാവകം, ഓയിന്റ്മെന്റ്, ലോഷന്‍, ടൂത്ത്പേസ്റ്റ് എന്നിവ പൊള്ളലേറ്റ ഭാഗത്ത് പുരട്ടരുത്.
പൊള്ളലേറ്റ ഭാഗത്ത് ഒട്ടിപ്പിടിക്കുന്ന തരം പഞ്ഞിയോ ബാന്‍ഡേജോ ഒട്ടിക്കരുത്.വായിലോ തൊണ്ടയിലോ പൊള്ളലേറ്റും ചൂട് പുക ശ്വസിക്കുന്നത് കാരണവും ശ്വാസതടസം ഉണ്ടാകാം.
ശ്വാസതടസം കൂടുതലാണെങ്കില്‍ അടിയന്തര ചികിത്സ വേണ്ടിവരും.
സമയം നഷ്ടപ്പെടുത്താതെ എത്രയുംവേഗം ചികിത്സ തേടുക.