ചൂട് കൂടുന്നു ശ്രദ്ധിച്ചാല്‍ സൂര്യാഘാതം ഒഴിവാക്കാം

അന്തരീക്ഷത്തില്‍ ചൂട് കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും.
ചൂട് കൂടുന്നു ശ്രദ്ധിച്ചാല്‍ സൂര്യാഘാതം ഒഴിവാക്കാം

അതികഠിനമായ ചൂടിലൂടെയാണു കേരളം ഇപ്പോൾ കടന്നു പോകുന്നത്. അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്നു. ഇത്തരം സാഹചര്യത്തില്‍ സൂര്യാഘാതം കൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ഒന്നു ശ്രദ്ധിച്ചാല്‍ സൂര്യതാപം കൊണ്ടുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും അറിഞ്ഞിരിക്കേണ്ടതുണ്ട്.

സൂര്യാഘാതം അഥവാ ഹീറ്റ് സ്‌ട്രോക്ക്

അന്തരീക്ഷതാപം ഉയരുമ്പോള്‍ ശരീരത്തിലെ താപനില നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്ന അവസ്ഥയാണ് സൂര്യാഘാതം. ഹീറ്റ് സ്ട്രോക്ക് അഥവാ സബ് സ്ട്രോക്ക് എന്നും അറിയപ്പെടുന്നു.

ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാം

ഉയര്‍ന്ന ശരീര താപനില (103 ഡിഗ്രി ഫാരന്‍ഹീറ്റ്), വറ്റിവരണ്ട ചുവന്ന് ചൂടായ ശരീരം, ശക്തിയായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍, അബോധാവസ്ഥ ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ഡോക്ടറുടെ സേവനം തേടണം.

താപ ശരീരശോഷണം

സൂര്യാഘാതത്തെക്കാള്‍ കുറച്ച് കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപശരീര ശോഷണം. കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ധാരാളം ജലവും ലവണവും വിയര്‍പ്പിലൂടെ നഷ്ടപ്പെട്ടതിനെ തുടര്‍ന്നുണ്ടാകുന്ന അവസ്ഥ. ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛര്‍ദ്ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞനിറം ആകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് ലക്ഷണങ്ങള്‍. ഇക്കാര്യത്തിലും കൃത്യമായ ചികിത്സ തേടേണ്ടതുണ്ട്.

ഉപ്പിട്ടനാരാങ്ങാവെള്ളം, കരിക്കിന്‍ വെള്ളം, കഞ്ഞിവെള്ളം

വെയിലത്ത് ജോലി ചെയ്യുന്നവര്‍ക്ക് നേരിട്ട് വെയില്‍ ഏല്‍ക്കുന്ന ശരീരഭാഗങ്ങള്‍ സൂര്യതാപമേറ്റ് ചുവന്നു തുടുത്ത് വേദനയും പൊള്ളലുകളും സംഭവിച്ചേക്കാം. ഇങ്ങനെ ഉണ്ടാകുന്ന പൊള്ളിയ കുമിളകള്‍ ഒരിക്കലും പൊട്ടിക്കരുത്. അന്തരീക്ഷത്തില്‍ ചൂട് കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളില്‍ ഉപ്പിട്ട നാരങ്ങാവെള്ളം, കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം തുടങ്ങിയവ കുടിച്ച് വിശ്രമിക്കുകയാണ് ഉത്തമം. ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയര്‍പ്പു മൂലം ശരീരം ചൊറിഞ്ഞ് തിണര്‍ക്കുന്ന അവസ്ഥയാണ് ഹീറ്റ് റാഷ്. കൂടുതലായും കുട്ടികളെ ബാധിക്കുന്ന ഹീറ്റ് റാഷ് തടയുന്നതിന് തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കണം.

സൂര്യാഘാതം താപ ശരീരശോഷണം ഉണ്ടായാല്‍

* സൂര്യാഘാതമേറ്റതായി സംശയം തോന്നിയാല്‍ തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കുക.

* ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്യുക.

* തണുത്ത വെള്ളം ഉപയോഗിച്ച് ശരീരം തുടയ്ക്കുക, ഫാന്‍, എ.സി എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക.

* ധാരാളം പാനീയങ്ങള്‍ കുടിക്കുക.

* ഫലങ്ങളും സാലഡുകളും കഴിക്കുക.

* ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ ബോധക്ഷയം ഉണ്ടാകുകയോ ചെയ്താല്‍ ചികിത്സ ഉറപ്പുവരുത്തുക.

അധികശ്രദ്ധ വേണ്ടവര്‍

* 65 വയസ്സിനു മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍

* നാലു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍

* പ്രമേഹം, വൃക്ക രോഗങ്ങള്‍, ഹൃദ്രോഗം പോലുള്ള രോഗമുള്ളവര്‍

* വെയിലത്ത് ജോലി ചെയ്യുന്നവര്‍

* പോഷകാഹാര കുറവുള്ളവര്‍

* തെരുവുകളിലും തുറസ്സായ സ്ഥലങ്ങളിലും താല്‍കാലിക പാര്‍പ്പിടങ്ങളിലും താമസിക്കുന്ന അഗതികള്‍.

* കൂടുതല്‍ സമയവും പുറത്ത് ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍

* മദ്യപാനികള്‍

ധാരാളം വെള്ളം കുടിക്കാം

* ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക.

* വെയിലത്ത് ജോലി ചെയ്യുന്നവര്‍ ഉച്ചയ്ക്ക് 12 മുതല്‍ 3 വരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.

* കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്.

* വീടിന്റെ വാതിലുകളും ജനലുകളും തുറന്നിട്ട് കാറ്റ് കടക്കാന്‍ അനുവദിക്കുക.

* കട്ടി കുറഞ്ഞതും വെളുത്തതോ ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക.

* വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ കുട്ടികളെ ഇരുത്തി പോകരുത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com