ഒരു കാര്യം, വ്യത്യസ്ത ഭാവങ്ങൾ

അടുത്തെത്തിയ മകനെ ആലിംഗനം ചെയ്യാൻ എഴുന്നേറ്റ ദശരഥൻ കുഴഞ്ഞുവീണു.
One thing, different expressions- ramayanam special story

ഒരു കാര്യം, വ്യത്യസ്ത ഭാവങ്ങൾ

Updated on

രാമായണ ചിന്തകൾ- 5 | വെണ്ണല മോഹൻ

വസ്തുത ഒന്നായിരിക്കും. പക്ഷേ, ഓരോരുത്തരിലും അതുണ്ടാക്കുന്ന ഭാവവും വികാരവും പ്രതികരണങ്ങളും വ്യത്യസ്തമായിരിക്കുകയും ചെയ്യും. അങ്ങനെ വരുമ്പോൾ ധർമാടിസ്ഥാനത്തിൽ, കർത്തവ്യബോധത്താൽ എന്തു നിലപാടായിരിക്കണം എടുക്കേണ്ടതെന്ന് വ്യക്തമായും ശക്തമായും കാണിച്ചുതരുന്നതാണ് രാമായണത്തിലെ വിച്ഛിന്നാഭിഷേകം! അവിടെ കൈകേയിയുടെ വാക്കുകൾ സ്ത്രീകളുടെ (?) സാമാന്യേനയുള്ള വൈഭവത്തിന്‍റെ ദൃഷ്ടാന്തവുമാണ്. കൈകേയിയുടെ ആവശ്യത്തിന് വഴങ്ങേണ്ടി വന്ന ദശരഥ മഹാരാജൻ പിറ്റേന്ന് രാമനെ വിളിച്ചുവരുത്തി. അടുത്തെത്തിയ മകനെ ആലിംഗനം ചെയ്യാൻ എഴുന്നേറ്റ ദശരഥൻ കുഴഞ്ഞുവീണു.

ഉടനെ, പിതാവിനെ ചെന്നെടുത്ത് ആദരാലിംഗനം ചെയ്ത് രാമൻ മടിയിൽ കിടത്തി. അച്ഛന്‍റെ സങ്കടത്തിനു കാരണം എന്തെന്ന് ആരാഞ്ഞു. അവിടെയാണ് കൈകേയി എന്ന സ്ത്രീയുടെ തന്ത്രം വീണ്ടും തെളിയുന്നത്. അച്ഛന്‍റെ ദുഃഖത്തിന് കാരണം നീയാണെന്നും അച്ഛന്‍റെ ദുഃഖം ഒഴിവാക്കാൻ നീ വിചാരിക്കണമെന്നും സത്യവാദിയായ അച്ഛന്‍റെ സത്യപ്രതിജ്ഞ നിറവേറ്റേണ്ടത് നീയാണെന്നും അവർ പറയുന്നു.

എത്ര തന്ത്രപരമായാണ് അവർ കരുക്കൾ നീക്കിയത്. ഒരേസമയം തന്നെ ഇരയും വേട്ടക്കാരനുമാകുക, പിന്നെ തന്നാവശ്യത്തിനു വേണ്ടി ബുദ്ധിപൂർവം കാര്യങ്ങളെ മാറ്റിമറിക്കുക. ചില സ്ത്രീബുദ്ധികൾക്ക് (?) ഉദാഹരണമായി മാറുന്നു ഈ സംഭവം. രാമനെക്കൊണ്ടു തന്നെ വനവാസം സമ്മതിപ്പിക്കുക! തന്‍റെ മകൻ ഭരതന്‍റെ അഭിഷേകം സാധ്യമാക്കുക! തികച്ചും നിഷ്കളങ്കം എന്ന് തോന്നിപ്പിക്കാവുന്ന വിധത്തിൽ ഇങ്ങനെയാണ് തൻ വരുതിക്ക് പരിധിയുണ്ടാക്കുന്നതെന്ന കാര്യം ഏറ്റവും ശ്രദ്ധേയമായി മാറുന്നു! രാമന്‍റെ മറുപടി കേമമായി മാറുകയും ആ കഥാപാത്രം പ്രോജ്വലമാക്കുകയും ചെയ്യുന്ന മുഹൂർത്തം കൂടിയാണിത്! "അമ്മേ അച്ഛന് വേണ്ട കാര്യങ്ങൾ പറയാതെ അറിഞ്ഞു ചെയ്യുന്ന പുത്രൻ ഉത്തമൻ, പറഞ്ഞാൽ ചെയ്യുന്നവൻ മധ്യമൻ, പറഞ്ഞാലും വയ്യ എന്ന് പറയുന്നവൻ പിതാവിന്‍റെ മലവും ആണെന്നല്ലേ സജ്ജനങ്ങൾ പറയുന്നത്'.

സത്യം കരോമൃഹം

സത്യം കരോമൃഹം

സത്യം മയോക്തം

മറിച്ചു രണ്ടായ് വരാ'

എന്ന് സത്യം ചെയ്യുന്നു. കൈകേയിയുടെ നാവ് ഇരുതല മൂർച്ചയുള്ള മൂർച്ച കൈവരിച്ചു. രാമന്‍റെ നേരേയും രാജാവിന്‍റെ നേരെയും പ്രതികരിച്ചു. വനവാസവും അഭിഷേകവും രാമനിൽ ഉണ്ടാക്കിയ പ്രതികരണം ഇതായിരുന്നുവെങ്കിൽ കൗസല്യയുടെ കാര്യത്തിലോ?! അച്ഛൻ കൊടുത്ത വാക്കും താൻ ചെയ്ത സത്യവും മറ്റുമെല്ലാം ശ്രീരാമൻ തന്‍റെ അമ്മ കൗസല്യയെ അറിയിക്കുമ്പോൾ ആ മാതാവ് മോഹിച്ചു വീഴുകയാണ്.

"ഭരതൻ നാടു വാഴട്ടെ. എന്നാൽ നീ കാടു വാഴണം എന്നുണ്ടോ?! എന്ത് തെറ്റാണ് നീ ചെയ്തത്?! മകനേ... കുമാരാ... ആലോചിച്ചു നോക്കൂ, നിനക്ക് ഗുരുസ്ഥാനീയരായിട്ടുള്ളത് അച്ഛൻ മാത്രമല്ല അമ്മയും കൂടിയുണ്ട്. അച്ഛൻ പോകണം എന്നു പറഞ്ഞാൽ ഞാൻ പോകേണ്ട എന്നു പറയുന്നു. എന്‍റെ വാക്യത്തെ ലംഘിച്ച് ഭൂപതിയുടെ വാക്ക് അനുസരിച്ചാൽ ഞാൻ മൃത്യുവിനെ ആശ്രയിക്കും'.

എന്നാൽ ഇതേ കാര്യത്തിൽ ലക്ഷ്മണന്‍റെ പ്രതികരണമോ?

"ഭ്രാന്തചിത്തം, ജഡം,

വൃദ്ധം വധു ജിതം'

ഭാര്യാഹിതം മാത്രം നോക്കുന്ന അച്ഛന് ഭ്രാന്താണ്, വയസാംകാലത്ത് ഇങ്ങനെയുള്ള അച്ഛനേയും കൂടെയുള്ളവരെയും ബന്ധിച്ച് കൊന്നുകളഞ്ഞ ശേഷം ശ്രീരാമചന്ദ്രന്‍റെ അഭിഷേകം താൻ നടത്തുമെന്നായി അദ്ദേഹം.

ചരിത്രത്തിൽ, അധികാരത്തിനു വേണ്ടി ചെങ്കോലും കിരീടവും കരസ്ഥമാക്കാൻ സ്വപിതാവിനെ കാരാഗൃഹത്തിൽ അയച്ച വൈദേശിക രാജാക്കന്മാരുടെ കഥകൾ നമുക്കറിയാം! ഇവിടെയോ, അധികാരമല്ല പുത്രധർമം പാലിക്കാനാണ് ശ്രീരാമൻ തയാറാകുന്നത്. ഇത് ഭാരത സംസ്കൃതിയുടെ പാരമ്പര്യത്തിന്‍റെ മഹോന്നത മാതൃകാ കാഴ്ചയാണ്!

"വത്സ, സൗമിത്രേ

കുമാരാ നീ കേൾക്കണം

മത്സരാദ്യം വെടിഞ്ഞ്

എന്നുടെ വാക്കുകൾ'

ലക്ഷ്മണനെ ഉപദേശിച്ചു സമാധാനിപ്പിക്കാനായി രാമൻ ഒരുമ്പെടുകയാണ്. ഈ ഉപദേശം - ലക്ഷ്മണോപദേശം - വലിയൊരു തത്വത്തിലേക്ക് അനുവാചകനെ അടുപ്പിക്കുകയും ജീവിതാർഥത്തെ കുറിച്ചുള്ള അവബോധം നൽകുകയും ചെയ്യുന്നു!

"ദൃശ്യമായുള്ളൊരു രാജ്യദേഹാദിയും

വിശ്വവും നിശ്ശേഷ ധാന്യ ധനാധിയും

സത്യമെന്നാകിലേ തത് പ്രയാസം തവ

യുക്തമല്ലായ്കിലെന്തതിനാൽ ഫലം'.

ലക്ഷ്മണോപദേശം എന്ന് പേരിലുള്ളത് ജീവിതത്തെക്കുറിച്ച് ഒരു കാഴ്ചപ്പാട് ഉണ്ടാകാനായി ഏവർക്കും ഉള്ള ഗുരോപദേശം തന്നെയാണ്. എന്തൊക്കെയായാലും ഒരു "കാര്യ'ത്തിൽ ഓരോരുത്തരുടെ നിലയും വിലയും അനുസരിച്ച് എങ്ങനെയൊക്കെയാകും പ്രതികരിക്കുക എന്നത് ഏറെ വൈകാരികവും ഹൃദയസ്പൃക്കുമായ രംഗങ്ങളിലൂടെ ഇവിടെ ആ ആവിഷ്കരിച്ചിരിക്കുന്നു.

ഇതിലൂടെ ശ്രീരാമന്‍റെ വ്യക്തിത്വം ജാജ്വല്യമാനമായി തീരുന്നു! ഭാരത പൈതൃകത്തിന്‍റെ, സംസ്കൃതിയുടെ, പാരമ്പര്യത്തിന്‍റെ നേർക്കാഴ്ച കൂടി ഇതിൽ കാണാം.

(അടുത്തത്: അഹല്യാ മോക്ഷത്തെ ഇങ്ങനേയും അറിയാം).

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com