തിരുവനന്തപുരം: ഇത്തവണത്തെ ഇന്‍റർനാഷണൽ ഇൻഡീ മ്യൂസിക് ഫെസ്റ്റിവലിൽ എട്ട് രാജ്യങ്ങളിൽ നിന്നായി 15 സംഗീത ബാൻഡുകൾ പങ്കെടുക്കും. വെള്ളാറിലെ കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജിൽ നവംബർ 10, 11, 12 തിയതികളിലാണ് ഐഐഎംഎഫിന്‍റെ രണ്ടാംപതിപ്പ്. രാജ്യാന്തര മ്യൂസിക് കമ്യൂണിറ്റിയായ ലേസി ഇന്‍ഡീയുമായി ചേര്‍ന്നാണ് കേരള ടൂറിസത്തിന്‍റെ അനുബന്ധ സ്ഥാപനമായ ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലെജ് ആതിഥേയത്വം വഹിക്കുന്നത്.
ഓസ്‌ട്രേലിയൻ റോക് ബാൻഡായ എസി/ഡിസിയുടെ പ്രധാന ഗായകനായ ഡേവ് ഇവാൻസായിരിക്കും ഐഐഎംഎപിലെ പ്രധാന ആകർഷണം. ജോർജിയൻ നാടോടി ബാൻഡായ ബാനി ദി ഹിൽ ബാൻഡ്, ഇന്ത്യൻ റോക്കിലെ മുൻനിരക്കാരായ ഇൻഡ്യൻ ഓഷ്യൻ, തിരുവനന്തപുരം ആസ്ഥാനമായ കടൽ, തായ്‌വാനിൽ നിന്നുള്ള ബാൻഡായ ധർമയുടെ ബുദ്ധിസ്റ്റ് മെറ്റൽ എന്നിവ ഫെസ്റ്റിവലിനെ ആവേശത്തിലാഴ്ത്തും.
മലയാളികളായ സ്വതന്ത്ര സംഗീതജ്ഞരും ബാൻഡ് ലേസി ജെയുടെ പങ്കാളികളുമായ ജയ്, മനോജ് എന്നിവരാണ് ഇൻഡീ മ്യൂസിക് ഫെസ്റ്റിവല്‍ ക്യൂറേറ്റ് ചെയ്യുന്നത്.
സ്വതന്ത്ര സംഗീതജ്ഞർക്ക് അവസരങ്ങൾ ലഭിക്കുന്ന ഒട്ടേറെ വേദികളുണ്ടെങ്കിലും വിഭവങ്ങളുടെയും വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളുടേയും പരിമിതികള്‍ മൂലം അവരുടെ പ്രകടനങ്ങള്‍ ചുരുക്കം ചില മേഖലകളില്‍ മാത്രമായി ഒതുങ്ങിപ്പോകുന്നുണ്ടെന്നും ഇതിനൊരു പരിഹാരമായിക്കൂടിയാണ് ടൂറിസ്റ്റ് കേന്ദ്രമായ കോവളത്തോടനുബന്ധിച്ച് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതെന്നും ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലെജ് സിഇഒ ശ്രീപ്രസാദ് പറഞ്ഞു.