അക്ഷരജാലകം | എം. കെ. ഹരികുമാർ
2021ലെ കിംഗ്സ് ഗോൾഡ് മെഡൽ ഫോർ പോയട്രി നേടിയ ബ്രിട്ടീഷ് കവി മിമി ഖൽവതിയുടെ പുതിയ പുസ്തകമാണ് "ദ് വെരി സെലക്റ്റഡ് മിമി ഖൽവതി'. പുതിയ കാലത്തെ കവികളെക്കുറിച്ച് നല്ല ബോധ്യമുള്ള ഖൽവതി, താൻ ഒരു പ്രത്യേക ഭാവുകത്വത്തിന്‍റെ പേരിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നു പറഞ്ഞത് ശ്രദ്ധിക്കേണ്ടതാണ്. ഇന്നത്തെ കവികൾക്കു കൂടുതൽ വെല്ലുവിളി നേരിടേണ്ടി വരുന്നു. കടവനാട് കുട്ടികൃഷ്ണനോ കെടാമംഗലം പപ്പുക്കുട്ടിക്കോ നേരിടേണ്ടി വന്നതിനേക്കാൾ കൂടുതൽ പ്രശ്നങ്ങൾ ഇന്നത്തെ കവികൾക്കുണ്ട്.
മാധ്യമത്തിൽ എന്തെങ്കിലും ഉള്ളടക്കം കൊണ്ടുവരാൻ ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ അവർക്ക് രാവും പകലും പണിയാണ്. എന്തെന്നാൽ അവർ വായിച്ച പഴയ തലമുറയിലെ കവികളുടെ രചനകളിൽ നിന്നുള്ള മോചനമാണ് പ്രധാനം. വായിച്ച കവിതകൾ മനസിൽ വന്നു താളമുണ്ടാക്കിക്കൊണ്ടിരിക്കും. പഴയകാല കവിതകൾ വാക്കുകളെ എങ്ങനെ അടുക്കി എന്ന് ഈ കവികൾ ആലോചിക്കാതിരിക്കില്ല. ചില പ്രയോഗങ്ങളുടെ വശ്യത അവരെയും പിടികൂടും. പഴയ കവികൾ ഉണ്ടാക്കിയ സ്വപ്നഗോപുരങ്ങൾ പിന്നാലെയുണ്ട്. കുമാരനാശാന്‍റെയും ചങ്ങമ്പുഴയുടെയും പദാവലികൾ ഒഎൻവിയെയും പി. ഭാസ്കരനെയും അലട്ടുന്നുണ്ടായിരുന്നു. ആ സ്വാധീനത്തിൽ നിന്നു രക്ഷപ്പെടാനുള്ള പ്രവൃത്തിയാണ് കവിയുടെ ശില്പശാലയിൽ മുഖ്യമായും സംഭവിക്കുന്നത്.
നക്ഷത്രങ്ങൾക്ക് തിടുക്കം
മിമി ഖൽവതി പറയുന്നത് തന്‍റെ കവിതയുടെ വിഷയത്തെപ്പറ്റിയല്ല, പ്രതിപാദനത്തെപ്പറ്റിയാണ് ആകുലതയെന്നാണ്. മിക്കവാറും കവികൾ ഒരേ വിഷയത്തെക്കുറിച്ച് എഴുതാതിരിക്കില്ല. ഒരു കാലഘട്ടത്തിലെ കവികൾക്ക് പ്രിയപ്പെട്ട വിഷയങ്ങൾ ഉണ്ടാകും. യുഗചേതന എന്നു വിശേഷിപ്പിക്കാവുന്ന ആലോചനകൾ ഉണ്ടായിരിക്കും. അതുകൊണ്ട് പുതിയ കവിക്ക് പൂർവകാലത്തിന്‍റെ ഭാഷയും ചിന്തയും തന്‍റെ കവിതയിൽ നിന്നു എടുത്തുമാറ്റാൻ കഴിയണം. എങ്കിലേ അയാൾക്ക് പരമാവധി ഒറിജിനാലിറ്റി കൊണ്ടുവരാനാവുകയുള്ളൂ.
ഹെൻറി മാറ്റിസ് പറഞ്ഞത് ഒരു പൂ വരയ്ക്കാൻ വല്ലാതെ ബുദ്ധിമുട്ടേണ്ടി വരുന്നുവെന്നാണ്. മറ്റുള്ളവർ വരച്ച പൂവുകളെ ഒഴിവാക്കുന്നതിനെക്കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചത്. ഒരു പൂവ് എന്താണെന്നു വ്യക്തമാക്കുന്ന വിധം പലരും വരച്ചു കഴിഞ്ഞു. ഇനിയൊരു പൂവ് വരയ്ക്കുമ്പോൾ അതുപോലെയാകരുത്. ആകാശത്തെ പലരും വരച്ചിട്ടുണ്ട്, നക്ഷത്രങ്ങളെയും. ഇതു കണ്ട് ബോറടിച്ചിട്ടാണ് വാൻഗോഗ് വ്യത്യസ്തമായ ആകാശം വരച്ചത്. വാൻഗോഗിന്‍റെ നക്ഷത്രങ്ങൾക്ക് അപസ്മാരബാധയുണ്ടന്നു തോന്നും. ആ സമയം വാൻഗോഗ് ഒരു മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു.
അതുകൊണ്ട് തന്‍റെ മനോനില നക്ഷത്രങ്ങളിലും അദ്ദേഹം കണ്ടിരിക്കാം. വാൻഗോഗിന്‍റെ നക്ഷത്രങ്ങൾ ആകാശത്ത് മനോനില വീണ്ടെടുക്കാൻ പാടുപെടുന്നതുപോലെ തോന്നും. ആ നക്ഷത്രങ്ങൾ ദയയുള്ളവരാണ്. അവ മനുഷ്യനോട് സംവദിക്കുന്നു. മനുഷ്യാഭിമുഖമായ ചില അനുഭവങ്ങൾ അവ പങ്കുവയ്ക്കുന്നതുപോലെ തോന്നും. പാപികളും നിരാലംബരും സ്വപ്നങ്ങൾ നശിച്ചവരും തിങ്ങിപ്പാർക്കുന്ന ഈ ഭൂമിയോട് ആ നക്ഷത്രങ്ങൾക്ക് അനുതാപമുണ്ട്. അവർക്ക് പ്രകാശം ചൊരിയുകയാണ് ആ നക്ഷത്രങ്ങൾ. മാനസികമായ പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാനായി നക്ഷത്രങ്ങൾ വ്യഗ്രതയിൽ ചലിക്കുന്നതായി തോന്നും വാൻഗോഗിന്‍റെ "നക്ഷത്രാങ്കിതമായ രാത്രി' കണ്ടാൽ. ഇങ്ങനെയാണ് കലാകാരന്മാർ ഇടപെടുന്നത്.
കവികൾക്ക് പുതിയ ഭാഷ വേണ്ടിവരുന്നത് പഴയ, ഏറെ ചർച്ച ചെയ്യപ്പെട്ട രചനകളുടെ അനുഭവ പരിസരത്തു നിന്നു രക്ഷപ്പെടാനാണ്. ഓരോ പുതിയ കവിക്കും തന്‍റെ തിരുപ്പറവി വിളിച്ചറിയിക്കേണ്ടതുണ്ട്. മറ്റാരും അത് ചെയ്യില്ല. ഓരോ കവിയും എഴുത്തുകാരനും അത് സ്വയം ചെയ്യണം. മിമി ഖൽവതി ഇങ്ങനെ പറഞ്ഞു: എഴുതുന്ന വിഷയത്തിനല്ല ഞാൻ പ്രാധാന്യം കൊടുക്കുന്നത്. വിഷയം എന്തുമാകട്ടെ, താൻ താല്പര്യമെടുക്കുന്നത് അതിനെ എങ്ങനെ നോക്കാം എന്നതിലാണ്; എങ്ങനെ ഓർക്കാം, ചിന്തിക്കാം എന്നതിലാണ്. എന്താണ് മനസിനുള്ളിലൂടെ കടന്നുപോകുന്നത്? അതിനെ പിന്തുടർന്നു കണ്ടുപിടിക്കണം. മിമി ഖൽവതിക്കു ബഹുമാനം വിർജിനിയ വുൾഫിനോടും മാർസൽ പ്രൂസ്തിനോടുമാണ്. അവർ എന്തു വിവരിച്ചാലും കൃത്യതയുണ്ടായിരിക്കും.
മനുഷ്യാഭിമുഖ്യം
ആരും കാണാത്ത സൂക്ഷ്മഭാവങ്ങൾ ഒപ്പിയെടുക്കാൻ ഈ എഴുത്തുകാർക്ക് പ്രത്യേക വൈദഗ്ദ്ധ്യമുണ്ടത്രേ. വളരെ നിസാരമായ ഒരു വസ്തുവാണെങ്കിലും അതുമായി ഒരു മനുഷ്യൻ എങ്ങനെയാണ് ബന്ധം പുലർത്തുന്നതെന്നു ആരായണം. ഏതൊരു വസ്തുവിനും ഒരു മനുഷ്യാഭിമുഖ്യമുണ്ടെന്ന അറിവിലേക്ക് നിരുപാധികം എടുത്തുചാടണം. ഒരു പഴകിയ കത്തിയായാലും അതിൽ മനുഷ്യാഭിമുഖ്യമുള്ള എന്തോ ഉണ്ട്. ആ കത്തി നമ്മുടെ ശ്രദ്ധ പതിയാൻ കാത്തു കിടക്കുകയാണെന്നു തോന്നണം. അപ്പോഴാണ് കവി ജനിക്കുന്നത്. കവി എല്ലാറ്റിനെയും തന്നിലേക്ക് തിരിക്കുന്നു. പുതിയ കവികൾ ഇങ്ങനെയാണ് ആലോചിക്കുന്നത്, ആലോചിക്കേണ്ടത്.
ദുർഗാപ്രസാദ് എഴുതിയ "പാത്തിരിപ്പ് ' (പ്രസാധകൻ, സെപ്റ്റംബർ) എന്ന കവിതയിൽ മരണം തന്‍റെ പിന്നാലെ വരുന്നത് വിവരിക്കുന്നു.
"കടവിൽ, ഈറ്റക്കാട്ടിൽ,
അല്ലെങ്കിൽ മരോട്ടിക്കു
മറവിൽ, അരയറ്റം
പൊന്തിയ പോച്ചയ്ക്കുള്ളിൽ
നിൻ കിതപ്പുകൾക്കെത്താൻ കഴിയാത്തിടം തിര -
ഞ്ഞന്നോടി മറഞ്ഞു ഞാൻ,
പിറകെ വന്നില്ലാരും. '
മരണം പിന്നാലെ വന്നെങ്കിലും കവിയിലെ മർത്ത്യൻ ഓടി രക്ഷപ്പെട്ടു. നഗരത്തിലെ ആശുപത്രിയിൽ ഒരു മേശയ്ക്കിരുപാടുമായി പലവട്ടം ഇരുന്നതും കവി ഓർക്കുന്നു. മനോഹരമായ ഒരു ഭാഗം ഇതാണ്:
"തെരുവിൽ മീഞ്ചന്തയി-
ലെന്‍റെ കൈനീട്ടും മീനിൻ
ചത്ത കണ്ണിലേക്കുറ്റു
നോക്കി നീ നടന്നുപോയ്'.
എന്നാൽ ജീവിതം മടുത്ത് അവസാനിപ്പിക്കാമെന്നു വിചാരിച്ചു നടന്നപ്പോൾ മരണം അകന്നു പോവുകയായിരുന്നു.
"കണ്ടുമുട്ടുമ്പോൾ, പിടി-
നൽകണം, കളി തീർക്കാ-
മെന്ന തീരുമാനത്തിൽ
വന്നു ഞാൻ പലപ്പോഴും
കണ്ടിട്ടും കണ്ടില്ലെന്ന
ഭാവത്തിൽ മറവിലേ-
ക്കൊളിക്കുന്നതാരിപ്പോൾ?
സുഹൃത്തേ നീയോ? ഞാനോ?'
ബിനോയ് പി.ജെ എഴുതിയ "മനസ്സിലെ മധുശാല' (മാധ്യമം, സെപ്റ്റംബർ 2) എന്ന കവിത എങ്ങനെ വിഷയത്തെ നോക്കണം, ഒരു വിഷയം എങ്ങനെ തന്നിലേക്ക് വരുന്നു തുടങ്ങിയ കാര്യങ്ങൾ അനുഭവിപ്പിക്കുന്നു. വിഷയം പരിചിതമായാലും ഭാഷ അങ്ങനെയാകരുത്. ഭാഷയാണ് ഭാവന ചെയ്യാൻ പ്രേരിപ്പിക്കുന്നത്. ചില കവികൾ എഴുതുന്നത് നമുക്ക് ഭാവന ചെയ്യാനൊക്കില്ല. യാന്ത്രികമായ കടന്നാക്രമണമായി അത് അവശേഷിക്കുന്നു. ബിനോയിയുടെ കവിത വ്യക്തിപരമായ പരിപ്രേക്ഷ്യം കൊണ്ടാണ് ശ്രദ്ധ നേടുന്നത്.
"അൽപ്പമൊന്നു കഴിക്കുവാനെന്തുള്ളൂ?വെന്നു
സകൗതുകം ചോദ്യം തൊടുത്തും
നമ്മളെയാകെ ബാധിച്ച ഭൂതത്തെ
വർത്തമാനത്തിലെത്തി തിരുത്തിയും
മാറിമാറിയീ തീരത്തണയുന്ന
ഭിന്നലോകങ്ങൾ വ്യക്തികൾ
കാലങ്ങൾ ഒക്കെയും പതിർ പോക്കി വേർതിരി
ച്ചെൻ കിനാവതല്ലിതല്ലെന്നുറപ്പിച്ചും
നിന്‍റെ സന്ദേഹ സന്ദിഗ്ദ്ധതകളെ
ഒന്നിച്ചുമേയാനയച്ചും
വഴിവക്കിൽ വീശുന്ന കാറ്റിനൊത്താടിയും
പകൽ വന്നു രാവിനെ മുത്തും തുടിപ്പിനെ
മാനത്തുടക്കിപ്പിടിച്ചും
വേർപിരിയുവാനായുമ്പോഴേക്കതാ
വെൺനിലാവു തെളിയുന്നു
പണിതീർന്ന നോവുകൾ
വളവിയന്ന വഴികളിലൂടതാ
നേർവരകൾ വരയ്ക്കുന്നു, മായ്ക്കുന്നു'.
കവിതയുടെ വഴി ഇങ്ങനെ പുരോഗമിക്കുകയാണ്. ഭൂതകാലത്തെ പൂർണമായി മാറ്റാൻ കവിക്കു കഴിയില്ല. ഓരോ തലമുറയിലെയും കവികൾ ഭാഷയിൽ എത്രത്തോളം സ്വതന്ത്രരാകുന്നുവെന്നതാണ് പ്രധാന ചോദ്യം. ഇവിടെ കവി തന്നെ വന്നു മൂടിയ പഴയ ഭാഷയുടെ കരിമ്പടക്കെട്ടുകൾ തള്ളിമാറ്റാൻ ശ്രമിക്കുന്നതായി കാണാം. "പണിതീർന്ന നോവുകൾ' എന്ന പ്രയോഗം ആദ്യമായി കാണുകയാണ്.
കവിതയ്ക്കു വേണ്ടത് സ്നേഹം
അനിത തമ്പിയുടെ കവിതകളോട് ഞാൻ പലപ്പോഴും വിയോജിച്ചിട്ടുണ്ട്. എന്നാൽ "ആടിന്‍റെ വഴിയിലെ പ്ലാവിൻ തൈയ്യേ' (മാതൃഭൂമി ഓണപ്പതിപ്പ് 2024) എന്ന രചന പുതിയ കവിതയുടെ ആകാശത്തെയും സൂര്യനെയും പിടികൂടാനുള്ള ശ്രമമാണ്. ഏതൊരു വസ്തുവിനും ഒരു മനുഷ്യാഭിമുഖ്യമുണ്ട്. മനുഷ്യനെ കാത്തു കഴിയുകയാണ് മണ്ണിരയും, ഒന്നു മനുഷ്യത്വവൽക്കരിക്കപ്പെടാൻ എന്നു മഹർഷി അരബിന്ദോ എഴുതിയത് ഓർക്കുകയാണ്. അനിത തമ്പിയുടെ കവിതയിലെ പ്ലാവിൻ തൈ ഒരു പ്രതിസന്ധിയിലാണ്. അത് മനുഷ്യത്വവത്ക്കരിക്കപ്പെടാൻ ആഗ്രഹിക്കുന്നു.
"മിന്നൽക്കുതിയുണ്ട് മുക്രയുണ്ട്
ദിക്കുപൊട്ടും മണിയൊച്ചയുണ്ട്
നട്ടുച്ച കുത്തിമലർത്തിയിട്ട്
ഞെട്ടറ്റതെല്ലാം ചവിട്ടിയിട്ട്
സൂര്യനെയീമ്പി വലിച്ചെറിഞ്ഞ്
പച്ചകൾ പാടേ ചവച്ചുതുപ്പി
കൊമ്പല്ലും കൂർത്ത നഖവുമായി
ചോരദാഹിക്കും കിതപ്പുമുണ്ട്
ആകാശം മുട്ടെ വളർന്നു മുറ്റി
ആരാണിതാടായ ബാധയാണോ
ആട്ടിൻതോലിട്ട മറ്റാരാനാണോ
ആരായാലെന്ത് ഞാനാരുമല്ല
ഞാനെങ്ങും പോകാനും ഭാവമില്ല
ഞാനുമീ മണ്ണിൽ പിറന്നതല്ലേ.'
ആടിന്‍റെ വഴിയിലെ പ്ലാവിൻ തൈയ്ക്കും ഒരു ജീവചരിത്രമുണ്ട്, വർത്തമാനമുണ്ട്. ഏതൊരു വസ്തുവും മനുഷ്യനെ കാത്തു കിടക്കുകയാണല്ലോ. ഒരു പ്ലാവിൻ തൈയ്യിലേക്ക് മനുഷ്യരാശിയുടെ സമരവീര്യം പ്രവേശിക്കുകയാണ്. ഈ കവിതയിൽ ബാലസാഹിത്യത്തിന്‍റെ ഒരു നേരിയ സ്വരമുണ്ട്. അത് കവിതയിലെ വിഷയത്തിന്‍റെ പ്രാധാന്യം കുറയ്ക്കാൻ വേണ്ടി സ്വീകരിച്ച മാർഗമാണ്. പുരാതനമായ പദ്യത്തിന്‍റെയോ ആധുനികമായ ഗദ്യത്തിന്‍റെയോ വഴി സ്വീകരിക്കാതെ രണ്ടിനും ഇടയിലുള്ള ഒരു പാത കണ്ടെത്തുകയാണ്.
കവിതയ്ക്ക് വേണ്ടത് സ്നേഹമാണെന്നു മിമി ഖൽവതി പറയുന്നുണ്ട്. ഈ പ്രപഞ്ചത്തിൽ കവിതയുണ്ട്, നാം ജീവിക്കുന്ന ഈ ലോകത്തിലും. ഇത് അറിയണമെങ്കിൽ ഒരു കവി "ജീവിച്ചിരിക്കണം'. ഇന്ദ്രിയങ്ങളുടെ ജീവിതം തന്നെയാണത്. താൻ ജീവിച്ചിരിക്കുന്നു എന്ന സുവിശേഷത്തെ ഉൾക്കൊള്ളാനുള്ള സന്ദർഭമാണ് വിലപ്പെട്ടത്. അതിലൂടെ നാം ഈ ലോകത്തിലെ വിവിധ വസ്തുക്കളിലേക്കുള്ള പാലം കണ്ടുപിടിക്കണം. ലോകത്തിലെ വസ്തുക്കളെ അനുഭവമായി സ്വീകരിക്കാൻ വേണ്ടി നാം ഉണർന്നിരിക്കണം. അയാൾക്ക് എല്ലാ സൂചനകളും ആദ്യം തന്നെ തിരിച്ചറിയാനാകണം. അതിലാണ് സ്നേഹമുള്ളത്.
ഓരോന്നിനെയും നാം പിന്തുടരുന്നത് സ്നേഹത്തിന്‍റെ ഭാഗമാണ്. എഴുതപ്പെടാത്ത ആ കവിതയാണ് കവി പിന്നീട് വാക്കുകളിലേക്ക് ആവാഹിക്കാൻ ശ്രമിക്കുന്നത്. കവി ഈ ലോകത്തെ ഒരു രാസപ്രക്രിയയിലൂടെ നവമാക്കുന്നു, സുവിശേഷമാക്കുന്നു. നാം ഇതുവരെ കാണാത്ത ജീവിതം കാണിക്കുന്നു. കേൾക്കാത്ത സുവിശേഷം കേൾപ്പിക്കുന്നു. എങ്ങനെയെല്ലാം ഓരോ വസ്തുവും അനന്യമായ ജീവിതം ജീവിക്കുന്നു എന്നറിയാൻ സ്വാർഥ താല്പര്യത്തോടെ നിൽക്കുന്നവർക്ക് സാധിക്കില്ല. ഒരാൾക്ക് അയാളുടെ ഇഷ്ടങ്ങൾക്കാണ് മുൻഗണന. അപ്പോൾ അപരസ്വരങ്ങളെ എങ്ങനെ കേൾക്കും? കവിത അതിനുള്ളതാണ്. എല്ലാവരും കവിത എഴുതേണ്ട. വൈകാരികമായ ബന്ധങ്ങളുള്ളവരാണ് എഴുതേണ്ടത്. തന്നെ ബാധിച്ചിരിക്കുന്ന ഒരു ആവേശം, ചിന്ത, ആകുലത എല്ലാം സ്വയം ബോധ്യപ്പെടുന്നവരുടെ ലോകമാണിത്.
രജത രേഖകൾ
1) മഹാ പണ്ഡിതനായിരുന്ന ഡോ. ശൂരനാട് പി. എൻ. കുഞ്ഞൻപിള്ളയെക്കുറിച്ച് മകനും പ്രമുഖ നാഡീരോഗ ചികിത്സകനും വൈദ്യശാസ്ത്ര അധ്യാപകനും എഴുത്തുകാരനുമായ ഡോ. കെ. രാജശേഖരൻ നായർ എഴുതിയ ലേഖനം "മഹാമതേ പ്രണാമം' (പ്രഭാതരശ്മി, ആഗസ്റ്റ്) വിലപ്പെട്ട ഒരു രേഖയാണ്. ശൂരനാട് കുഞ്ഞൻപിള്ള ഒരു കാലഘട്ടമായിരുന്നു. വിജ്ഞാനകേന്ദ്രമായിരുന്നു. ദീർഘകാലത്തെ അധ്വാനം കൊണ്ട് അദ്ദേഹം സാക്ഷാത്കരിച്ച മലയാള മഹാനിഘണ്ടു മലയാളം ഉള്ള കാലത്തും അതിനപ്പുറവും ജീവിക്കും.
2) ജി.ആർ. ഇന്ദുഗോപൻ "അത്ഭുതമാന ഒരു മനുഷ്യൻ, ദിവസം (പ്രസാധകൻ, സെപ്റ്റംബർ) എന്ന പേരിൽ എഴുതിയ അനുഭവക്കുറിപ്പ് ദുർബലമായ ഭാഷ കൊണ്ട് നിർജീവമായി. സാഹിത്യമെഴുതുന്നവരുടെ ഭാഷ ഇത്രയും വരണ്ടുപോകുന്നതെങ്ങനെയാണ്? ഒരു അനുഭവമാണ് വിവരിക്കുന്നത് എന്നോർക്കണം. എന്നാൽ അതിൽ ജീവിക്കുന്നില്ല. അതുകൊണ്ട് ഒരു വികാരവും ജനിക്കുന്നില്ല.
3) ലിസി ജയ്സൺ ഭരത എഴുതിയ "പളുങ്കിൽ വീണ കറുത്ത മഷിത്തുള്ളികൾ' (ഹരിതം ബുക്സ്) എന്ന നോവൽ കാപട്യമില്ലാത്ത രചനാരീതികൊണ്ട് തനിമയാർന്നു നിൽക്കുന്നു. ജീവിതത്തിൽ ഒറ്റയ്ക്ക് പൊരുതിയ ഒരുവളുടെ സംഘർഷങ്ങളും ഓർമ്മകളുമാണ് ഈ കൃതിയിലുള്ളത്. സത്യസന്ധമായി ജീവിതത്തെ നോക്കുകയാണ്. ഈ ഭാഗം നോക്കുക: "ഇനിയും എനിക്ക് ഈ താലിയുടെ തണൽ ആവശ്യമില്ല. തന്നെക്കൊണ്ടുള്ള ആവശ്യങ്ങൾ അവസാനിച്ചപ്പോൾ തന്നെ പുറംകാലുകൊണ്ട് തട്ടിത്തെറിപ്പിച്ചു. അസ്തമനത്തിന്‍റെ നിമിഷം മാത്രം ബാക്കിയാവുന്നു. താലിയുമെടുത്ത് കടലിലേക്കിറങ്ങി താലി കൈയിൽ പിടിച്ച് അസ്തമനത്തിന് ഒരുങ്ങി നിൽക്കുന്ന സൂര്യനു നേരെ നീട്ടി. '
4) ബാലചന്ദ്രൻ വടക്കേടത്ത് എഴുതിയ "ന്യൂ തിയേറ്റർ അരാഷ്‌ട്രീയതയുടെ അരങ്ങോ? (പ്രസാധകൻ, സെപ്റ്റംബർ) ശ്രദ്ധേയമായി. പുതിയ നാടകങ്ങളെക്കുറിച്ച് അധികമൊന്നും ഇവിടെ എഴുതപ്പെടുന്നില്ല. "വർത്തമാനകാലത്തിന്‍റെ രാഷ്‌ട്രീയം ആഭ്യന്തരമിഴിവോടെ പ്രത്യക്ഷപ്പെടുന്നു എന്നതാണ് ന്യൂ തിയേറ്ററിന്‍റെ ഒരു പ്രത്യേകത' എന്ന നിരീക്ഷണം നന്നായി. ഖസാക്കിന്‍റെ ഇതിഹാസം, കുറത്തി, മറിമാൻ കണ്ണി, താരം തുടങ്ങിയ നാടകങ്ങളെ ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്.
5) ഡോണാ മയൂര എഴുതിയ "വാക്കിന്‍റെ അനാറ്റമി' (വൈജ്ഞാനിക മലയാളം, ജൂലൈ) എന്ന കവിതയിൽ വാക്കുകളെ സ്വതന്ത്രമാക്കി വിടുകയാണ്. വാക്കുകളെ വികാരങ്ങളുടെ ബന്ധനമില്ലാതെ പറക്കാൻ അനുവദിക്കുകയാണ് കവി. അനുഭവം വാക്കായി ഉയർത്തെഴുന്നേൽക്കുന്നു.
"പാദങ്ങളിൽ നടന്ന്
കുഴഞ്ഞൊരു വാക്ക്
വിരലുകളിലോരോന്നിലും
ഫണം വിടർത്തും വാക്ക്
നോക്കിനില്ലൊരു വാക്കും
കേൾക്കും
വാക്കിനുള്ളിൽ മൂളും
മൂർച്ചയുള്ള നേര്. '
വാക്കിനെ ഇനിയും കണ്ടെത്താനുണ്ടെന്ന ആശയമാണ് ഈ കവിതയുടെ പിന്നിലുള്ളത്.
6) "പുതിയ കവിതയുടെ ദർശനം' എന്ന പുസ്തകം ഞാൻ എഴുതിയത് 2001ലാണ്. ഒൻപത് അധ്യായങ്ങളുള്ള ഒരു ചെറിയ പുസ്തകമായിരുന്നു അത്. ആധുനികതയ്ക്കു ശേഷമുള്ള പുതിയ കവികളെയാണ് അതിൽ ഫോക്കസ് ചെയ്തത്. കെ.ജി. അമർനാഥ്, അഗസ്റ്റിൻ ജോസഫ്, സാവിത്രി രാജീവൻ, ടി.പി. രാജീവൻ, രാജൻ സി.എച്ച്, സാബു ഷണ്മുഖം, വി.ജി. തമ്പി തുടങ്ങിയവരുടെ കവിതകളെയാണ് സ്പർശിച്ചത്. ഏതാനും നാൾ മുമ്പ് എസ്. ജോസഫിനെ കണ്ടപ്പോൾ താൻ അന്ന് കവിത എഴുതി തുടങ്ങിയിരുന്നില്ല എന്നു പറഞ്ഞത് ഓർക്കുകയാണ്.
7) ഇന്നത്തെ യഥാർഥ മതം സ്വഭാവദാർഢ്യത്തിനോടുള്ള ആദരവാണെന്നു അമേരിക്കൻ കവിയും പ്രകൃതിവാദിയുമായ എമേഴ്സൺ പറഞ്ഞു. ഇന്നു ദൈവശാസ്ത്രമില്ല, ധാർമികത മാത്രമേയുള്ളൂ എന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. അനശ്വരതയിൽ നിന്നുള്ള ഒരു പ്രകാശകിരണത്താൽ നാം ഓരോ ദിവസവും ആശ്ചര്യപ്പെടണമെന്ന് അദ്ദേഹം പ്രസ്താവിച്ചത് ജീവിതത്തിനു അർഥം കണ്ടെത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായിരുന്നു.
8) സാധാരണ ജീവിതത്തെ, നിത്യജീവിതത്തെ തടവറയായി കാണാത്ത ഒരു മതവുമില്ലെന്നാണ് റൊമേനിയൻ നാടകകൃത്ത് യൂജിൻ അയനസ്കോ പറഞ്ഞത്. നമ്മൾ ജീവിക്കുന്നത് എല്ലാത്തിൽ നിന്നും വേർപെട്ടാണെന്നു ഉറപ്പുവരുത്താത്ത ചിന്തയോ പ്രത്യയശാസ്ത്രമോ ഇല്ലെന്നു അദ്ദേഹം പ്രഖ്യാപിക്കുന്നു. അന്യവത്ക്കരണത്തിന്‍റെ വാഴ്ത്തലാണത്രേ എല്ലാറ്റിലുമുള്ളത്.
9995312097
mkharikumar33@gmail. com