നോവൽ എന്ന പ്രഹേളിക
അക്ഷരജാലകം | എം.കെ. ഹരികുമാർ
നോവൽ ഒരു കലാരൂപമാണ്. അതിന്മേൽ തർക്കിക്കുന്നവരുണ്ടാകാം. നോവൽ സ്ത്രീവിമോചനം, ഗ്രാമങ്ങളുടെ ചരിത്രം, വിപ്ലവങ്ങൾ, രാഷ്ട്രീയപ്രശ്നങ്ങൾ തുടങ്ങിയവ വിവരിക്കാനുള്ള ഒരു സ്ഥൂലശരീരമാണെന്ന് കരുതുന്നുവരുണ്ട്. അതൊക്കെ അബദ്ധമാണ്. അവർക്ക് നോവൽ എന്ന കല കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ നേടിയിട്ടുള്ള അത്ഭുതകരമായ വളർച്ചയെക്കുറിച്ച് അറിവില്ല. നോവൽ വളരെ ഗൗരവപൂർണമായ ഒരാത്മാന്വേഷണമെന്ന നിലയിൽ നോക്കി കണ്ടവരുണ്ട്. നോവലിൽ കലയില്ലെങ്കിൽ അത് സാമാന്യം ഭേദപ്പെട്ട ഒരു പരാജയമായിരിക്കും.
മറഞ്ഞിരിക്കുന്ന പൊരുളുകൾ അഴിച്ചെടുക്കാനുള്ള തീവ്രപരിശ്രമമായി നോവൽ എന്ന കലയെ അഭിവീക്ഷിച്ചവരുണ്ട്. റിച്ചാർഡ് ബാക്കിന്‍റെ 'ജോനഥൻ ലിവിംഗ്സ്റ്റൺ സീഗൾ', കാഫ്കയുടെ 'ദ് കാസിൽ', ഹ്വാൻ റുൾഫോയുടെ 'പെഡ്രോ പരാമോ' തുടങ്ങിയ നോവലുകൾ, മിലാൻ കുന്ദേര പറയുന്നതുപോലെ, അസ്തിത്വം എന്ന സമസ്യയെക്കുറിച്ചുള്ള ധ്യാനമാണെന്നു കാണേണ്ടതുണ്ട്.
നോവലിസ്റ്റ് നേരിടുന്നത് സർവ്വത്ര ദുർഗ്രഹതയാണ്. ജീവിതത്തെ മനസ്സിലാക്കുന്നതിനുള്ള പ്രശ്നങ്ങൾ ഏറെയാണ്. അത് വൈകാരികമായി അറിയുന്നതാണ് കലയുടെ ഇന്ധനമായിത്തീരുന്നത്.
മിലാൻ കുന്ദേര മനുഷ്യാവസ്ഥ എങ്ങനെയാണ് അതാര്യമായിരിക്കുന്നതെന്ന്, ദുർഗ്രഹമായിരിക്കുന്നതെന്ന് പറയുന്നത് ഇങ്ങനെയാണ്: 'നമുക്ക് ഒറ്റത്തവണ ജീവിതമേയുള്ളു. നേടിയ അനുഭവം വച്ച് ഒന്നുകൂടി ജീവിച്ചു നോക്കാൻ അവസരമില്ല. മുന്നിലേക്കു വരുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിൽ വീഴ്ചപറ്റിയാൽ അത് പിന്നീട് തിരുത്താനാവില്ല. യൗവ്വനകാലം എന്താണെന്നു അറിയാതെയാണ് നാം ബാല്യകാലം ഉപേക്ഷിക്കുന്നത്. വിവാഹം കഴിച്ചാൽ എന്താണ് സംഭവിക്കുന്നതെന്നു അറിയാതെയാണ് വിവാഹിതരാകുന്നത്. നമ്മൾ വാർദ്ധക്യത്തിലേക്ക് കടക്കുമ്പോൾ പോലും എന്തെല്ലാം പ്രതിസന്ധികളാണ് നേരിടാൻ പോകുന്നതെന്ന് അറിയില്ല. വൃദ്ധന്മാരും വൃദ്ധകളും നിഷ്കളങ്കരായ കുട്ടികളാണ്. അവരുടെ പ്രായത്തെക്കുറിച്ച് യാതൊന്നും അവർക്കറിയില്ല. ഈയർത്ഥത്തിൽ മനുഷ്യന്‍റെ ലോകം പരിചയക്കുറവിന്റെ ഒരു ഗ്രഹമാണ്.'
പഠിച്ചതെല്ലാം തെറ്റ്
നോവൽ ഒരു പ്രഹേളികയാവുന്നത് ഇങ്ങനെയാണ്. അത് അജ്ഞാതത്വത്തെ, അപ്രാപ്യതയെ, അടഞ്ഞലോകത്തെ തകർക്കാനാണ് ഒരുമ്പെടുന്നത്, അതിനു കഴിയില്ലെങ്കിൽ പോലും. ഈ ലോകം നാം പരിചയിക്കും തോറും അകലുകയാണ് ചെയ്യുന്നത്. എത്ര പഠിച്ചു എന്നു വിചാരിച്ചാലും അതെല്ലാം തെറ്റാണെന്ന് ബോധ്യപ്പെടാൻ അധിക സമയം വേണ്ട. പഠിച്ചതെല്ലാം തെറ്റാണെന്നു മനസ്സിലാക്കുകയും വീണ്ടും പഠിക്കുകയും അതെല്ലാം ഉപേക്ഷിക്കുകയുമാണ് മനുഷ്യന്‍റെ വിധി. അതുകൊണ്ട് നമുക്ക് അറിയാവുന്നതു മാത്രമാണ് ഈ ലോകമെന്ന ധാരണ വേണ്ട.
ചിലിയൻ കവി പാബ്ളോ നെരൂദ ജീവിതത്തിന്റെ മറഞ്ഞിരിക്കുന്ന മഹോത്സവത്തെക്കുറിച്ച് വിശദീകരിക്കാനുണ്ട്. എല്ലാ സ്നേഹങ്ങളുടെയും അപ്പുറത്ത് വേറെ സ്നേഹങ്ങൾ അവശേഷിക്കുന്നു. നാം വിലമതിക്കുന്ന സ്നേഹം നമ്മുടെ പ്രിയപ്പെട്ടവരുടേതാണ്. അതിനപ്പുറമോ? നെരൂദ എഴുതുന്നു : 'സാഹോദര്യമുള്ളവരുടെ അടുപ്പം അനുഭവിക്കുന്നത് അതിശയകരമാണ്. നമ്മൾ സ്നേഹിക്കുന്നവരുടെ സ്നേഹം അറിയുന്നത് നമ്മുടെ ജീവിതം തന്നെ നിലനിർത്തും. എന്നാൽ നമ്മൾ അറിയാത്തവരുടെ സ്നേഹത്തെ അറിയുകയാണെങ്കിലോ? നമ്മൾക്ക് അജ്ഞാതമായവരുടെ കാര്യമോ? അവർ നമ്മെ ഉറക്കത്തിലും ഏകാന്തതയിലും നിരീക്ഷിക്കുകയാണ്; നമ്മുടെ ദുരവസ്ഥകളിലും നഷ്ടങ്ങളിലും. അത് വളരെ മഹത്വമുള്ളതാണ്, സുന്ദരമാണ്. എന്തെന്നാൽ അത് നമ്മുടെ അസ്തിത്വത്തിന്‍റെ അതിർത്തികളെ വിപുലമാക്കും, എല്ലാ മനുഷ്യരെയും ഒന്നാക്കും.'ഒരു മൂന്നാം കണ്ണിനെക്കുറിച്ചാണ് നെരൂദ പറയുന്നത്. നാം സഞ്ചരിക്കുമ്പോൾ നമ്മുടെ പിറകിൽ ഒരു ലോകമുണ്ട്. ആ ലോകം നമ്മെ നോക്കുന്നുണ്ട്. അല്ലെങ്കിൽ ഒരു ദൃശ്യമുണ്ട്. ആ ദൃശ്യത്തിന്റെ ഉടമസ്ഥതയിൽ നമുക്കും പങ്കുണ്ട്. ഒരാളെ വെട്ടിക്കൊല്ലുന്നവൻ ഒരു ഭീകര ദൃശ്യം അവശേഷിപ്പിക്കുന്നു. ചോരയും മാംസവും മറ്റുമായി രൂപപ്പെടുന്ന ആ ദൃശ്യം അയാൾ മാത്രമല്ല കാണുന്നത്. അയാൾക്ക് നേരിട്ട് അറിയാത്ത അനേകം പേർ കാണുന്നു. അവർ അത് കാണുന്നത് അവരുടെ ജീവിതബോധത്തിനനുസരിച്ചാണ്; അവരുടെ കലയും ദുരന്തബോധവും സമന്വയിപ്പിച്ചാണ്. അവരുടെ കണ്ണുകൾ ആ കൊലപാതകിക്ക് അജ്ഞാതമാണ്. അതാണ് നെരൂദ പറയുന്നത്, നമ്മെ ഉറക്കത്തിലും ഏകാന്തതയിലും നിരീക്ഷിക്കുന്നവരുണ്ടെന്ന്.നമ്മെ കാണുന്നതിന്‍റെ സാധ്യതയാണത്. ഒരു അജ്ഞാതൻ നമ്മെ കാണുന്നു എന്നു സങ്കൽപ്പിക്കുക; അപ്പോൾ വേറൊരു കാഴ്ച തന്നെയുണ്ട്. ഇങ്ങനെ കാണുന്നവരോട് നമുക്ക് സ്നേഹം തോന്നുമെന്നാണ് നെരൂദ പറയുന്നത്. നമ്മുടെ ഇടുങ്ങിയ ലോകത്ത് നിന്നു പുറത്തു കടക്കാൻ അത് സഹായിക്കും. സ്ഥിരം പരിചയക്കാരും സുഹൃത്തുക്കളും മാത്രം അടങ്ങുന്ന ലോകത്തിനു പുറത്ത് അജ്ഞാതരുടെ ആശിർവാദങ്ങളുണ്ട്. അവരാണ് യഥാർത്ഥത്തിൽ നമ്മെ വിശാലലോകത്തിന്‍റെ അവകാശികളാക്കുന്നത്. ഒരു നോവലിസ്റ്റിനു ഇതാവശ്യമാണ്.
പുള്ളിയാൻ
സോമൻ കടലൂരിന്റെ 'പുള്ളിയാൻ'(ഡിസി)ബിലഹരിയുടെ 'വ്യുൽപരിണാമം'(കറന്‍റ് ബുക്സ്, തൃശൂർ) എന്നീ നോവലുകൾ ഇപ്പോൾ വായിച്ചതേയുള്ളൂ. കഴിഞ്ഞ ഒരു ദശകത്തിലേറെ നീണ്ട അപചയത്തിന്റെയും കൂമ്പുചീയലിന്‍റെയും ദുർദശ കടന്നു നോവൽ തിരിച്ചുവരികയാണ്. പുതിയ പ്രമേയങ്ങളും ആലോചനകളുമുണ്ടാകുന്നു. നോവലിനെ കലയിലേക്ക് ആനയിക്കാർ കഴിവുള്ള യുവനിര വരുകയാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ പല എഴുത്തുകാരെയും മറികടന്നു പോകാൻ ശേഷിയുള്ളവർ തന്നെയാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. സാഹിത്യരചനയുടെ ഗഹനമായ പാഠങ്ങളിലൂടെ സഞ്ചരിക്കാൻ പുതിയ നോവലിസ്റ്റുകൾക്ക് കഴിയുന്നുണ്ട്.ഒ.വി. വിജയൻ അവസാനത്തെ നോവലിസ്റ്റ് എന്ന എന്റെ പ്രസ്താവന പിൻവലിക്കേണ്ട സമയമായെന്നു തോന്നുന്നു. ഗായത്രിയുടെ 'പരേതരുടെ തെരുക്കൂത്ത്'(ഗ്രീൻ ബുക്സ്).വി.ജി തമ്പിയുടെ 'ഇദം പാരമിതം'(മാതൃഭൂമി ബുക്സ്) എന്നീ നോവലുകളെക്കുറിച്ച് മുൻപ് എഴുതിയത് ഓർക്കുമല്ലോ.ഇപ്പോൾ സോമൻ കടലൂരിന്‍റെ 'പുള്ളിയൻ' വായിച്ചപ്പോൾ ആഹ്ലാദം തോന്നി. ഒരു പുതിയ ഭാഷയുടെ ക്ഷീരപഥം സൃഷ്ടിച്ചിരിക്കുകയാണ് നോവലിസ്റ്റ്. കടലിലെ മീൻവേട്ടയും കടൽമണവും ചൂടും ദുസ്വപ്നങ്ങളും അസാധാരണമായ വിധം പ്രത്യേക ധാരണകളോടെ അനുഭവിപ്പിക്കുകയാണ്.
ഭാഷയുടെ പ്രാർത്ഥനയുടെ വഴികളാണ് തെളിയുന്നത്. കടലിൽ പോയവർക്ക് അത് വേറൊരു പ്ലാനറ്റാണ്. അവിടെ സഹപാഠികളോ ഗുരുക്കന്മാരോ ദിനരാത്രങ്ങളോ ഇല്ല; ഏകാന്തതയും ഏകാന്തതയുടെ പ്രതിഫലനങ്ങളും മാത്രമേയുള്ളൂ. നോവലിൽ കടലനുഭവം ഇങ്ങനെ വിവരിക്കുന്നു: 'ബോധം തെളിയുമ്പോൾ കടലിന്റെ അടിത്തട്ടിലാണ്. വലിയൊരു കല്ലിൽ എന്നെ ആരോ നഗ്നനായി കിടത്തിയിരിക്കുന്നു. നാലു കനിമീനുകൾ എന്‍റെ കൈകാലുകൾ തൊട്ടുനിൽക്കുന്നു.നിശ്ശബ്ദതയുടെ കുമിളകൾ വായിൽ നിന്നു മുകളിലേക്ക് പോയിക്കൊണ്ടിരുന്നു. കരയാനും പറയാനും തോന്നുന്നുണ്ടായിരുന്നു. പക്ഷേ എനിക്ക് മിണ്ടാനോ അനങ്ങാനോ പറ്റുന്നില്ല. അപ്പോഴതാ സ്രാവിനെപ്പോലെ തോന്നിക്കുന്ന ഒരു മീൻ പ്രത്യേകമായൊരു ചലനത്തോടെ വരുന്നു. അതിന്‍റെ കൈയിൽ നീണ്ട കത്തി പോലുള്ള വാളുണ്ടായിരുന്നു. തിരണ്ടിയെപ്പോലൊരു മീൻ കൈയിൽ വലിയൊരു താലവുമായി പിന്നാലെ വന്നു. കത്തി കൊണ്ടുള്ള ഒറ്റ വീശലിൽ കാലു മുതൽ തല വരെ പിളർന്നു പോയി. എന്‍റെ ശരീരത്തിലൂടെ തലങ്ങും വിലങ്ങും കത്തി സഞ്ചരിച്ചു. ഏതാനും നിമിഷം കൊണ്ട് ഞാൻ തുണ്ടം തുണ്ടമായി. പിന്നെയാണത്ഭുതം. എന്‍റെ ഓരോ മാംസക്കഷണവും കൺമിഴിച്ച്, ചിറകുവിടർത്തി വാൽ കുടഞ്ഞ് ഓരോ മീനായി. ഞാൻ ഇത്രയും കാലം തിന്ന മീനുകളാണവയെന്ന് അറിയാൻ കഴിഞ്ഞു. പലതരം മീനുകളായി എന്‍റെ ജീവിതം മാറിയപ്പോൾ എനിക്ക് എന്തെന്നില്ലാത്ത ആഹ്ളാദമുണ്ടായി.'
വിഭ്രാമക അവസ്ഥകൾ
ഇത് സ്വപ്നമോ യാഥാർത്ഥ്യമോ എന്നു വേർതിരിക്കാനാവാത്ത വിധം അസ്തിത്വത്തിന്‍റെ വിഭ്രാമകമായ അവസ്ഥയാണ് പകരുന്നത്. കടൽയാഥാർത്ഥ്യങ്ങളിലെ അതീന്ദ്രിയമായ അറിവുകൾ ശേഖരിക്കുന്ന നോവലിസ്റ്റ് താൻ എഴുതുന്നത് നോവലാണെങ്കിലും അത് കലയാണെന്നു ഉത്തമബോധ്യത്തോടെയാണ് നീങ്ങുന്നത്.കാടും പടലും വാരി വലിച്ചിടുന്ന രചനാരീതിയല്ല സോമൻ കടലൂരിന്‍റേത്. അദ്ദേഹം മനുഷ്യാവസ്‌ഥയെ സാവധാനം സമീപിക്കുകയാണ്. അജ്ഞാതമായ ഒരു പന്ഥാവ് യാദൃച്ഛികമായി തുറക്കുകയാണ്. അത് ഭാഷ തന്നെയാണ്. ചൂണ്ടയിട്ടു കൊണ്ടിരുന്നയാൾ മീനായി മാറുന്നതിനെക്കുറിച്ച് നോവലിൽ പറയുന്നുണ്ട്.
കേവല യാഥാർത്ഥ്യത്തിനപ്പുറത്തെ കലാകാരനു അന്വേഷിക്കാൻ പലതുണ്ട്. കടലിൽ വെളുത്തപാറയോടുള്ള ആഭിമുഖ്യം പകർത്തുമ്പോൾ ഈ ലാവണ്യധാര കാണാം.'കാറ്റിൽ ഡമരുവിന്റെ ഒച്ചയാണോ കേൾക്കുന്നത്. തീവിരലുകളുള്ള കൈകൾ മുട്ടിനു താഴെ എത്തിയിരിക്കുന്നു. കണ്ണുകൾക്ക് പുതിയൊരു തെളിച്ചം കിട്ടിയിരിക്കുന്നു. മറ്റൊരു കണ്ണ് മിഴിഞ്ഞു വരുന്നു. നെഞ്ചിൽ നിന്ന് പ്രചണ്ഡമായി കാറ്റലറുന്നു. കടലിൽനിന്ന് പ്രക്ഷുബ്ധമായി തിരമാലകൾ അട്ടസഹിക്കുന്നു. കറുപ്പിൽ വെള്ളപ്പുള്ളികളോടെ ചിറുകുവീശി വരുന്നത് കടലോ ആകാശമോ? പുള്ളിയാൻ തിരണ്ടിയുടെ അപസ്മാര വേഗത്തെ ചവിട്ടിമെതിച്ച് താണ്ഡവമാടാൻ ചിരുകണ്ടന്റെ ഉള്ള് കൊതിച്ചു.'ഈ ആഖ്യാനം നവീനമായ ഒരു തരംഗത്തെ ഓർമ്മിപ്പിക്കുന്നുണ്ട്.
വ്യുൽപരിണാമം
നവകോപായം, രഹസ്യവിചാരണ എന്നീ കൃതികൾക്ക് ശേഷം ബിലഹരി എഴുതിയ നോവലാണ് 'വ്യുൽപരിണാമം'.നോവലിസ്റ്റ് ഒരു മിത്ത് സൃഷ്ടിക്കുകയാണ്. രാഷ്ട്രീയവും സാമൂഹികവുമായ ക്രൂരയാഥാർത്ഥ്യങ്ങൾ തുറന്നുപറയാൻ എഴുത്തുകാർ മിത്തുകൾ സൃഷ്ടിക്കാറുണ്ട്. അടിയന്തരാവസ്ഥക്കാലത്തെ ദുരനുഭവങ്ങളെ ഒ.വി.വിജയൻ അവതരിപ്പിച്ചത് 'അരിമ്പാറ' എന്ന കഥയിലൂടെയാണ്. മുഖത്ത് പ്രത്യക്ഷപ്പെടുന്ന 'അരിമ്പാറ' എങ്ങനെ നീക്കാമെന്നതാണ് കുഴയ്ക്കുന്ന പ്രശ്നം. അതിലൂടെ വിജയൻ തന്നെ അലട്ടിയ അധികാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും ദിനങ്ങളെ വിശകലനം ചെയ്തു.ഋഷി, മഹാരാജ്യം, ഗണികാഗേഹം, സൈനികൻ, സംഘപതി, പ്രാഗീശഖണ്ഡം, തെരുവ്, പ്രാഗീശൻ, യോഗേന്ദ്ര ബൃഹസ്പതി തുടങ്ങിയവരിലൂടെയാണ് നോവലിസ്റ്റ് കഥ പറയുന്നത്. അതാകട്ടെ സമകാല ജീവിതത്തിന്റെ നേർക്കുള്ള ശസ്ത്രങ്ങളായി പരിണമിക്കുകയും ചെയ്യുന്നു. വളർച്ച മുരടിച്ച ഒരു സമൂഹത്തിന്‍റെ ബുദ്ധിപരവും ക്രിയാത്മകവുമായ അപചയങ്ങളെ, വ്യുൽപരിണാമങ്ങളെ തൊട്ടുകാണിക്കുന്ന ഈ നോവലിനു പ്രസക്തിയുണ്ട്.
നമ്മുടെ ദൈനംദിന വ്യവഹാരങ്ങളിലെ രാഷ്ട്രീയവും മതപരവുമായ ഇടപെടലുകൾ ഏതെല്ലാം തരത്തിൽ സങ്കീർണവും അർത്ഥശൂന്യവുമാണെന്ന് നോവലിസ്റ്റ് സൂചിപ്പിക്കുന്നുണ്ട്. ജീവിതം ഒരു അനുഷ്ഠാനമാണെന്നു ഇതിൽ നിന്ന് മനസ്സിലാക്കാം. ജീവിതം എവിടെയുമില്ല. അത് ഷേക്സ്പിയർ പറഞ്ഞതുപോലെ ഒരു വിഡ്ഢി പറഞ്ഞ കഥയാകാം. ജീവിതത്തിനായി അന്വേഷിക്കുന്നവൻ അതിൽ നിന്നു പുറത്തു കടക്കുന്നു. ആത്മാവിനെ, മോക്ഷത്തെ, സത്യത്തെ തേടുന്നവൻ ജീവിതത്തെ വിട്ടു മറ്റെന്തല്ലാമോ ആയി മാറുന്നു. പ്രവൃത്തികളിൽ ശ്രദ്ധയില്ലാത്തവർ അന്ധവിശ്വാസങ്ങളിൽ അമരുന്നു. നോവലിലെ ഒരു ഭാഗം നോക്കുക: 'മരോട്ടിശലഭങ്ങളെ കാണുന്ന മാത്രയിൽ സംഘപതിയുടെ അനുയായികളും അവരുടെ ആരാധകരും ഭക്ത്യാദരപൂർവ്വം തലകുനിക്കുകയും പ്രാഗീശ്വരനെ തന്നെ അതുകളിൽ കണ്ടു ഉച്ചത്തിൽ ജയഭേരി മുഴക്കുകയും ചെയ്തുപോന്നു. വേര്, കുരുന്നില, കായ, എണ്ണ ഇവകളിലൊക്കെ ദേവാംശം വഹിക്കുന്ന വൃക്ഷമായി ആ നാട് മരോട്ടിയെ അവരോധിക്കുകയും മേലിൽ കായകൾ പറിക്കാതെ സൂക്ഷിക്കാൻ വൈകാരികമായ സത്യസന്ധതയോടെ ജനത തയ്യാറാവുകയും ചെയ്തതിനെ തുടർന്ന് മരോട്ടിയെണ്ണ ഉണ്ടാക്കുന്ന ചക്കുകൾ ആക്രമിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും വിളക്കുതീയിൽ ഉരുകുന്നതിനു മേലിൽ ഒരു തുള്ളി മരോട്ടിയെണ്ണ പോലും ഇല്ലാതാവുകയും ചെയ്തു. '
വർഷങ്ങൾക്കു മുമ്പ് ഒ.വി.വിജയൻ 'ധർമ്മപുരാണ'ത്തിൽ ഒരു പ്രജാപതിയുടെയും സൈന്യാധിപന്‍റെയും അസംബന്ധജീവിതങ്ങളെ ആലേഖനം ചെയ്തത് ഓർക്കുകയാണ്. ഇതുപോലുള്ള തീക്ഷ്ണമായ ആക്രമണങ്ങൾ സാഹിത്യത്തിൽ ഇനിയും ഉണ്ടാകണം. ബിലഹരി വളരെ പക്വതയോടെയാണ് തന്‍റെ മാധ്യമത്തെ സമീപിച്ചിരിക്കുന്നത്. കാലത്തിന്റെയുള്ളിൽ വേവുന്ന തീ മനസ്സിൽ നിന്ന് മാറ്റിയിട്ടും മാറാത്തതു കൊണ്ടാണ് ഇതുപോലുള്ള കൃതികൾ ഉണ്ടാകുന്നത്. പ്രതികരണക്ഷമതയുടെ സാഹിത്യമാണിത്. സമൂഹത്തോട് പ്രതിബദ്ധതയുള്ള ഒരു എഴുത്തുകാരനെയാണ് ഇവിടെ കാണുന്നത്.
രജതരേഖകൾ
1) സാബു കോട്ടുക്കൽ എഴുതിയ രണ്ടു കവിതകൾ 'തറാൽ' (ഭാഷാപോഷിണി, സെപ്റ്റംബർ), 'അല്ലാത്തത് ഇല്ലാത്തത്' (കേരളകൗമുദി ഓണപ്പതിപ്പ് 2024) വ്യത്യസ്ത എന്ന ഗുണം കൊണ്ട് ശ്രദ്ധേയമായി.ചരിത്രത്തിൽ നിലപാടിന്‍റെയും വർഗബോധത്തിന്‍റെയും അടിസ്ഥാനത്തിൽ പോരാടാൻ ഇറങ്ങിയ ഒരാൾ ചരിത്രത്തിന്‍റെ സ്വന്തമായി മാറുന്നതാണ് 'തറാൽ' എന്ന കവിത.
'നെരിയാണി വെയിലിലും
കണ്ണിൽക്കുത്തുന്ന ഇരുട്ടിലും
ആ മനുഷ്യൻ നടന്നു ;
പിഴച്ച ചരിത്രത്തിന്റെ കുഴമണ്ണിൽ
പുതിയ ശില്പമുണ്ടാക്കാൻ'
നിശിതമായ ജീവിതവ്യാഖ്യാനവും പ്രതിഷേധവും വിമർശനവുമാണ് 'അല്ലാത്തത് ഇല്ലാത്തത്.' ജീവിതം ഒരു നല്ല നുണയാണെന്നു സമർത്ഥിക്കപ്പെടുന്നു.
'പച്ചവെള്ളത്തിനു പച്ചനിറമില്ല;
പച്ചരിയിലും പച്ചച്ചിരിയിലും പച്ചയില്ല
പച്ചയ്ക്ക് തിന്നാമെന്നും
പച്ചയ്ക്ക് കത്തിക്കുമെന്നും
പറയുമ്പോൾ
പച്ചക്കള്ളമാണ് പറയുന്നത്.'
കവിതയും തത്ത്വചിന്തയും ഒരുമിച്ചു സഞ്ചരിക്കുന്ന രചനയാണിത്;ചിന്തിപ്പിക്കുന്ന കവിത.
2) സി.ആർ. അജയകുമാർ എഴുതിയ 'ഒരു സിസിടിവി സ്മാർത്തവിചാരണയും ലൗലോലിക്ക മണവും' (മെട്രൊ വാർത്ത വാർഷികപ്പതിപ്പ്) ഒരു ക്രൂരനായ പ്രവാസിയുടെ പ്രതികാരത്തിന്‍റെ കഥയാണ് പറയുന്നത്. തന്‍റെ കാമുകി തന്നെ തള്ളിക്കളഞ്ഞതിലുള്ള രോഷം അയാളെ അധമനാക്കുന്നു. അയാൾ അവളെ കൊല്ലുകയാണ്. അവളുടെ ശരീരം തന്‍റെ സുഹൃത്തുക്കളെ കൊണ്ട് തീറ്റിക്കുന്നു. അവർ അവളുമായി രഹസ്യബന്ധം പുലർത്തിയെന്ന ധാരണയിലാണ് അവരോട് പക തീർക്കുന്നത്. പ്രതികാരബുദ്ധി ഏറിയാൽ ഒരു മനുഷ്യന്‍റെ മനോനില എത്രമാത്രം തകരാറിലാകും എന്നാണ് കഥ സൂചിപ്പിക്കുന്നത്.മനുഷ്യമനസിന്റെ ഏറ്റവും നിന്ദ്യമായ ഒരു ഭാഗം അനാവരണം ചെയ്യുകയാണ് കഥാകൃത്ത്.
3) എന്താണ് സെൻ? ജ്ഞാനത്തിന്റെ പരമമായ ഉദയമാണത്. സതോറി എന്നാണ് അതിന്റെ പേര്. ബുദ്ധന്‍റെ ബോധോദയമാണ് ബുദ്ധമതത്തിന്റെ പ്രാണൻ. എന്നാൽ സതോറി ധ്യാനമാണ്, ജ്ഞാനോദയമാണ് സെൻ സങ്കല്പത്തിൽ. ആർക്കും ഇത് നിർവ്വചിക്കാനാവില്ല. അത് ബുദ്ധിക്കും അപ്പുറത്താണ്. അവിടെ കവിയും കവിതയും ഒന്നാകുന്നു.
4) ഒരു ജീവിതകാലമത്രയും വായിച്ചാലും പഠിച്ചാലും സാഹിത്യത്തിന്റെ ആഴം പൂർണമായി വെളിപ്പെടുകയില്ല. ഈ ലോകം തന്നെ ഒരു പ്രഹേളികയാണെന്നും അതിനെ വ്യാഖ്യാനിക്കാനുള നമ്മുടെ ഭ്രാന്തമായ ശ്രമം ഭയാനകമായ ഒരവസ്ഥയിൽ എത്തിക്കുകയാണെന്നും അതിനിടയിലാണ് സത്യം ഒളിച്ചിരിക്കുന്നതെന്നും ഇറ്റാലിയൻ തത്ത്വചിന്തകനും നോവലിസ്റ്റുമായ ഉമ്പർട്ടോ എക്കോ പറഞ്ഞത് എത്ര വാസ്തവം !.
5) ഇന്ത്യൻ യുവതികൾ, വിശേഷിച്ച് മധ്യവയസ്കകൾ അവരുടെ യുവത്വത്തെ ആഘോഷിക്കുന്നത് 'ത്രഡ്' സൈറ്റിലാണ്. സ്ത്രീത്വത്തിന്റെ ഉദാരവും പ്രേമാവൃതവും സൗന്ദര്യാത്മകവുമായ ഒരു പുതിയ അധ്യായമാണ് ത്രെഡിൽ വിടരുന്നത്. സ്ത്രീകൾ അവരുടെ പാരമ്പര്യത്തെ, സൗന്ദര്യത്തെ അർത്ഥപൂർണ്ണവും വ്യക്തിപരവും സ്വപ്നാത്മകവുമായ ഒരു തലത്തിൽ എത്തിച്ചിരിക്കുന്നു.
6) ബ്രിജിയുടെ 'നാലാമത്തെ ചക്രവർത്തി'(ബുദ്ധബുക്സ്) എന്ന കഥാസമാഹാരം ലോലമായ മനസ്സുകൾക്കിടയിലെ സംഘർഷങ്ങളാണ് അവതരിപ്പിക്കുന്നത്. ഒരു നല്ല കഥാകൃത്ത് വാസ്തവത്തിൽ ഒരു കഥ പറയുകയല്ല ചെയ്യുന്നത്, കഥയെ നിരീക്ഷിക്കുകയാണ്. 'നിറയെ ശംഖുപുഷ്പങ്ങൾ പൂത്തു കിടക്കുന്ന ആ വലിയ മതിൽക്കെട്ടിനകത്തെ തേന്മാവുകളും നീലാകാശത്തിനു കുത്തു കൊടുക്കുന്ന നെടുംതൂണുകൾ പോലുള്ള കവുങ്ങുകളും. .. തെങ്ങുകളും. ..കീഴ്ത്താടി വിറപ്പിച്ചു കരയുന്ന തവളകൾ പാർക്കുന്ന അതിർവരമ്പുകൾ ഉള്ള കോളു നിലവും എല്ലാം അമ്മ അടിച്ചുകൂട്ടിയ കരയിലകൾക്കിടയിൽ കിടന്ന് ദ്രവിച്ചുപോയ ഭൂതകാലമായി.'(അടുത്ത ഓണത്തിന്) ഇതാണ് ആ നിരീക്ഷണം. അനുഭവങ്ങൾക്ക് പഞ്ഞമില്ല. അനുഭവങ്ങളെ നിരീക്ഷിക്കുമ്പോഴാണ് കലയുണ്ടാകുന്നത്. കഥ പറയാൻ പ്രത്യേക സിദ്ധിയുള്ള എഴുത്തുകാരിയാണ് ബ്രിജി.
7) ഡോണാ മയൂര എഴുതിയ 'വാക്കിന്‍റെ അനാറ്റമി'(വൈജ്ഞാനിക മലയാളം, ജൂലൈ) കവിതയിലെ വാക്കുകളെ സ്വതന്ത്രമാക്കി വിടുകയാണ്. വാക്കുകളെ വികാരങ്ങളുടെ ബന്ധനമില്ലാതെ പറക്കാൻ അനുവദിക്കുകയാണ് കവി. അനുഭവം വാക്കായി ഉയർത്തെഴുന്നേൽക്കുന്നു.
'പാദങ്ങളിൽ നടന്ന്
കുഴഞ്ഞൊരു വാക്ക്
വിരലുകളിലോരോന്നിലും
ഫണം വിടർത്തും വാക്ക്
നോക്കിനില്ലൊരു വാക്കും
കേൾക്കും
വാക്കിനുള്ളിൽ മൂളും
മൂർച്ചയുള്ള നേര്.'
വാക്കിനെ ഇനിയും കണ്ടെത്താനുണ്ടെന്ന ആശയമാണ് ഈ കവിതയുടെ പിന്നിലുള്ളത്.
8) 'പുതിയ കവിതയുടെ ദർശനം' എന്ന പുസ്തകം ഞാൻ എഴുതിയത് 2001ലാണ്. ഒൻപത് അധ്യായങ്ങളുള്ള ഒരു ചെറിയ പുസ്തകമായിരുന്നു അത്. ആധുനികതയ്ക്കു ശേഷമുള്ള പുതിയ കവികളെയാണ് അതിൽ ഫോക്കസ് ചെയ്തത്.കെ.ജി. അമർനാഥ്, അഗസ്റ്റിൻ ജോസഫ്, സാവിത്രി രാജീവൻ, ടി.പി. രാജീവൻ, രാജൻ സി.എച്ച്, സാബു ഷണ്മുഖം, വി.ജി. തമ്പി തുടങ്ങിയവരുടെ കവിതകളെയാണ് സ്പർശിച്ചത്. ഏതാനും നാൾ മുമ്പ് എസ്. ജോസഫിനെ കണ്ടപ്പോൾ താൻ അന്ന് കവിത എഴുതി തുടങ്ങിയിരുന്നില്ല എന്നു പറഞ്ഞത് ഓർക്കുകയാണ്.
9) ഇന്നത്തെ യഥാർത്ഥ മതം സ്വഭാവദാർഢ്യത്തിനോടുള്ള ആദരവാണെന്നു അമേരിക്കൻ കവിയും പ്രകൃതിവാദിയുമായ എമേഴ്സൺ പറഞ്ഞു. ഇന്നു ദൈവശാസ്ത്രമില്ല, ധാർമികത മാത്രമേയുള്ളൂ എന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം.അനശ്വരതയിൽ നിന്നുള്ള ഒരു പ്രകാശകിരണത്താൽ നാം ഓരോ ദിവസവും ആശ്ചര്യപ്പെടണമെന്ന് അദ്ദേഹം പ്രസ്താവിച്ചത് ജീവിതത്തിനു അർത്ഥം കണ്ടെത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായിരുന്നു.
10) സാധാരണജീവിതത്തെ, നിത്യ ജീവിതത്തെ തടവറയായി കാണാത്ത ഒരു മതവുമില്ലെന്നാണ് റൊമേനിയൻ നാടകകൃത്ത് യൂജിൻ അയനസ്കോ പറഞ്ഞത്. നമ്മൾ ജീവിക്കുന്നത് എല്ലാത്തിൽ നിന്നും വേർപെട്ടാണെന്നു സ്ഥാപിക്കാത്ത ചിന്തയോ പ്രത്യയശാസ്ത്രമോ ഇല്ലെന്നു അദ്ദേഹം പ്രഖ്യാപിക്കുന്നു.അന്യവത്ക്കരണത്തിന്‍റെ വാഴ്ത്തലാണത്രേ എല്ലാറ്റിലുമുള്ളത്.
9995312097
mkharikumar33@gmail.com