വെള്ളാരങ്കല്ലുകള്‍ | കഥ

അഡ്വ. ശിവകുമാർ മേനോൻ
മകര മാസത്തിലെ മരം കോച്ചുന്ന തണുപ്പ്. ഹൈറേഞ്ചിലെ ചെങ്കുത്തായ മലഞ്ചെരിവിലൂടെ വളഞ്ഞു പുളഞ്ഞ് കയറ്റം കയറിക്കൊണ്ടിരുന്ന വെള്ള മാരുതി ബെലെനോ കാര്‍ കുത്തനെ കയറ്റമുള്ള ഒരു വളവില്‍ പെട്ടെന്ന് ബ്രൈക്കിട്ടു. കാറിന്‍റെ പിന്‍സീറ്റിലിരുന്ന് മിനുസമുള്ള കമ്പിളി പുതപ്പു കൊണ്ട് ചെവിയും മാറിടവും മൂടി പ്രകൃതി രമണീയ കാഴ്ചകള്‍ കണ്ട് മയങ്ങി കൊണ്ടിരുന്ന സോണാലി എന്ന മധ്യവയസ്‌ക പെട്ടെന്ന് ഞെട്ടി ഉണര്‍ന്നു.
പ്രകൃതിഭംഗി ആസ്വദിക്കുന്നതിനിടയില്‍ ഗൗരവമേറിയ എന്തോ ആലോചിച്ചിരിക്കുമ്പോഴാണ് അവര്‍ മയങ്ങിയത്. ജന്മനാ മലയാളിയാണെങ്കിലും കാഴ്ചയില്‍ അവരെ ഒരു വടക്കേ ഇന്ത്യക്കാരിയാണെന്നേ തോന്നൂ, വര്‍ഷങ്ങളായി അവര്‍ വടക്കേ ഇന്ത്യയിലാണ് താമസം.
''ഇനി എത്ര ദൂരമുണ്ട്.''
''ഏകദേശം പതിനഞ്ച് കിലോമീറ്റര്‍. അര മണിക്കൂര്‍ മിനിമം വേണം.''
താന്‍ ബിരുദത്തിനു പഠിച്ചിരുന്ന കോളേജും കാമ്പസും സോണാലിയുടെ മനസ്സിലേക്ക് കടന്നുവന്നു. ശാന്തമായ കായല്‍ തീരവും തീരത്തിനോട് ചേര്‍ന്ന് നിറയെ തെങ്ങുകളാല്‍ ചുറ്റപ്പെട്ട കോളേജ് ഗ്രൗണ്ടും മുന്‍വശത്തുള്ള മനോഹരമായ ഉദ്യാനവും വിശാലമായ ലൈബ്രറിയും എല്ലാവിധ സൗകര്യമുള്ള ആഡിറ്റോറിയവും മാര്‍ഗ്ഗദര്‍ശികളായ അദ്ധ്യാപകരും സ്‌നേഹസമ്പന്നരായ സഹപാഠികളും. വിനയനെ പരിചയപ്പെട്ടതും ആ കോളേജില്‍ വച്ചുതന്നെ, ഏകദേശം മുപ്പത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ്.
പ്രതിരോധ വകുപ്പിലായിരുന്ന തന്‍റെ പിതാവിന് കൊച്ചിയിലേക്ക് ജോലി ട്രാന്‍സ്ഫറായപ്പോഴാണ് താമസം കൊച്ചിയിലേക്ക് മാറേണ്ടി വന്നതും തനിക്ക് ഈ കോളേജില്‍ ചേരേണ്ടി വന്നതും. കോളേജില്‍ എല്ലാ സഹപാഠികളും തീര്‍ത്തും പുതുമുഖങ്ങള്‍ ആയിരുന്നു. ജനിച്ചത് പാലക്കാട് ആണെങ്കിലും വളര്‍ന്നതും പഠിച്ചതും വടക്കേ ഇന്ത്യയില്‍ പലയിടത്തായിട്ടാണ്. വീട്ടില്‍ എല്ലാവരും മാതൃഭാഷയായ മലയാളമാണ് എന്നും സംസാരിച്ചിരുന്നത്. അച്ഛനും അമ്മയ്ക്കും അത് നിര്‍ബന്ധമായിരുന്നു. മാത്രമല്ല അമ്മ വീട്ടിലിരുത്തി മലയാളം വായിക്കാനും എഴുതുവാനും പഠിപ്പിച്ചു. അതു കൊണ്ട് തന്നെ കോളേജിലെ സഹപാഠികളോട് ബന്ധപ്പെടു വാന്‍ യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.
നീളന്‍ തലമുടിയും കട്ടിമീശയുമുള്ള സൗമ്യനും സുന്ദരനുമായ വിനയൻ കൂട്ടുകാരോട് ധാരാളം സംസാരിക്കുന്ന പ്രകൃതമായിരുന്നു, നല്ലൊരു ഗായകന്‍ കൂടിയായിരുന്ന അയാളുടെ നിഷ്‌കളങ്കത്വം ആരെയും പെട്ടെന്ന് ചങ്ങാത്തത്തിലാക്കും. താന്‍ താമസിച്ചിരുന്ന വീടിനടുത്താണ് വിനയനും മറ്റു രണ്ടു പേരും ചേര്‍ന്ന് ഒരു മുറിയില്‍ വാടകയ്ക്ക് താമസിച്ചിരുന്നത്.

കോളേജില്‍ വരുന്നതും പോകുന്നതും നടന്നായിരുന്നു. കോളേജിലേക്ക് വരുമ്പോഴും പോകുമ്പോഴും അവധി ദിവസങ്ങളിലും വിനയനെ കാണുമായിരുന്നു. പിന്നീട് ചിലപ്പോഴൊക്കെ വരവും പോക്കും ഒരുമിച്ചായി. ഇടയ്ക്കിടെ വിനയന്‍ വീട്ടിലും വന്നിരുന്നു. അയാളുടെ നിഷ്‌കളങ്കത്വം അച്ഛനും അമ്മയ്ക്കും അനിയനും ഇഷ്ടമായിരുന്നു. ഞങ്ങളുടെ ഇടയില്‍ നല്ലൊരു സൗഹൃദം വളര്‍ന്നുവന്നു. ക്ലാസ്സില്‍ കൂട്ടുകാരൊക്കെ ചില ഗോസ്സിപ്പ് പറഞ്ഞപ്പോഴും സൗഹൃദത്തിന് യാതൊരു വിള്ളലുമേറ്റില്ല. തനിക്ക് ഇഷ്ടമുള്ള ചില ഹിന്ദി ഗാനങ്ങള്‍ പാടി തരുമായിരുന്നു. വീട്ടില്‍ വരുമ്പോള്‍ ചില കീര്‍ത്തനങ്ങളും അമ്മയെ ചൊല്ലി കേള്‍പ്പിക്കും. എന്തും തുറന്നു പറയാനുള്ള സൗഹൃദവും കൊച്ചുകൊച്ചു തമാശകളും കൊണ്ട് ജീവിതം ആനന്ദമയമായി.
ഒരു ദിവസം കോളേജിലെ കായല്‍ക്കരയിലിരുന്ന് കാഴ്ചകള്‍ കണ്ടു കൊണ്ടിരിക്കുന്നതിനിടയില്‍ വിനയന്‍ ചോദിച്ചു.
''എനിക്ക് സോണാലിയെ വളരെ ഇഷ്ടമാണ്. എന്നെ കല്യാണം കഴിക്കാന്‍ സമ്മതമാണോ?''
'' സമയം ആവുമ്പോള്‍ ആലോചിക്കാം.'' ഒരു തമാശയോടെ പറഞ്ഞു.
'' വീട്ടുകാര്‍ എതിര്‍ക്കുമോ?''
'' സാധ്യത ഇല്ലാതില്ല. ഇനി സമ്മതിച്ചാലും ഒരു കണ്ടീഷന്‍ ഉണ്ട്.'' തന്‍റെ കയ്യിലിരിക്കുന്ന പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരനായ ഐസക് അസിമോവിന്‍റെ 'പെബിള്‍ ഇന്‍ ദി സ്‌കൈ' എന്ന പുസ്തകം മറിച്ചുനോക്കി കൊണ്ട് പറഞ്ഞു.
പ്രണയിനിയുടെ സ്‌നേഹം കവരുവാനും മനസ്സ് സ്വന്തമാക്കുവാനും അവരുടെ ഏത് ആഗ്രഹവും അഭ്യര്‍ത്ഥിക്കുന്ന വേളയില്‍ തന്നെ സമ്മതിക്കുന്ന മനസ്സിലെ വസന്തകാലം.
''കണ്ടീഷന്‍ എന്തായാലും സമ്മതിച്ചു.''
''ഒഴുകുന്ന നദിയില്‍ നിന്നും വിനയന്‍ തന്നെ ഒരുപിടി വെള്ളാരങ്കല്ലുകള്‍ വാരിയെടുത്ത് എനിക്ക് തരണം. അതിനുശേഷം മാത്രമേ ഈ വിഷയം ഇനി നമ്മള്‍ തമ്മില്‍ സംസാരിക്കുകയുള്ളൂ.''
''എപ്പോള്‍ കൊണ്ടുവന്നു എന്ന് പറഞ്ഞാല്‍ മതി.'' വിനയന്‍റെ വാക്കുകളില്‍ ഉറച്ച വിശ്വാസമുണ്ടായിരുന്നു.
വെള്ളാരങ്കല്ലുകള്‍ കൊണ്ടുവന്നതിനു ശേഷമേ വിവാഹത്തെ കുറിച്ച് ഇനി ചര്‍ച്ചയാകാവൂ എന്ന തന്‍റെ അഭിപ്രായത്തോട് വിനയന്‍ യോജിച്ചു.
പുറകില്‍ നിന്നും വന്നു കൊണ്ടിരുന്ന പ്രൈവറ്റ് ബസ്സിന്‍റെ നിര്‍ത്താതെയുള്ള ഹോണ്‍ സോണാലിയുടെ ഓര്‍മ്മകള്‍ക്ക് തടസ്സം വരുത്തി. ഡ്രൈവര്‍ ബസ്സിനു സൈഡ് കൊടുത്തു, ബസ്സ് മുന്നോട്ടു പോയി.
സോണാലി വീണ്ടും എന്തൊക്കെയോ ആലോചിച്ചിരുന്നു.
ബിരുദം കഴിഞ്ഞയുടന്‍ വിനയന് നല്ലൊരു ജോലി കിട്ടി ഹൈദരാബാദിലേക്ക് പോയി. പ്രണയം സ്പര്‍ശിക്കാത്ത സൗഹൃദ കത്തുകള്‍ രണ്ടു മൂന്നെണ്ണം കിട്ടിയിരുന്നു. അതില്‍ വെള്ളാരങ്കല്ലുകള്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നു എന്ന് മാത്രം അറിയിച്ചു. താനും രണ്ടുവരി മറുപടി അയച്ചു. അച്ഛന് വീണ്ടും ജോലിയില്‍ പ്രൊമോഷനും ട്രാന്‍സ്ഫറുമായി, പെട്ടെന്ന് ബോംബയിലെക്ക് തിരിച്ചു. തിരക്കിനിടയില്‍ വിനയന്‍റെ ഫോണ്‍ നമ്പരും മേല്‍വിലാസവും എങ്ങിനെയോ നഷ്ടപ്പെട്ടു. പിന്നീട് ആ കൈ അക്ഷരം കാണുവാനോ ആ ശബ്ദം കേള്‍ക്കുവാനോ കഴിഞ്ഞില്ല. എന്നാല്‍ താന്‍ അയാളെ ഇടയ്ക്കിടെ ഓര്‍മ്മിക്കുമായിരുന്നു. തന്‍റെ വിവാഹം പ്രതിരോധ വകുപ്പിലെ തന്നെ ഒരു ഉദ്യോഗസ്ഥനുമായി വീട്ടുകാര്‍ നിശ്ചയിച്ചു. കല്യാണം കഴിഞ്ഞു രണ്ടു മക്കളുമായി. ഭര്‍ത്താവ് ഗൗരവക്കാരനായിരുന്നെങ്കിലും സ്‌നേഹ സമ്പന്നനായിരുന്നു. അദ്ദേഹം അപകടത്തില്‍ മരണപ്പെട്ടപ്പോള്‍ തനിക്ക് പ്രതിരോധ വകുപ്പില്‍ ജോലി ലഭിച്ചു.
പെട്ടെന്ന് റോഡില്‍ വലിയൊരു ബ്ലോക്ക്. കാര്‍ വഴിയില്‍ വീണ്ടും നിറുത്തി ഇടേണ്ടി വന്നു. ഡ്രൈവര്‍ കാറില്‍ നിന്നും ഇറങ്ങി മുമ്പോട്ടു നോക്കി.
''മുമ്പില്‍ രണ്ട് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ തമ്മില്‍ കാര്യമായി വഴക്കടിക്കുകയാണ്.''
സോണാലി വണ്ടിയില്‍ നിന്നും ഇറങ്ങി കൈകളും കാലുകളും കുടഞ്ഞു ചുറ്റുപാടും ഒന്ന് നോക്കി. വാഹനങ്ങള്‍ ഇഴഞ്ഞു തുടങ്ങി. അവര്‍ കാറില്‍ കയറി, തലചായ്ച്ച് ഇരുന്നു.
അവിചാരിതമായാണ് ഫേസ്ബുക്കില്‍ ''കാത്തിരിക്കുന്ന വെള്ളാരങ്കല്ലുകള്‍'' എന്ന തലക്കെട്ടോട് കൂടിയ ഒരു വിവരണവും വെള്ളാരങ്കല്ലുകളുടെ കുറെ ഫോട്ടോകളും കണ്ടത്.
'ഈ വെള്ളാരങ്കല്ലുകള്‍ അമൂല്യമാണ്. കേരളത്തിനകത്തും പുറത്തുമായി പല സമയങ്ങളില്‍ പല നദികളിലും നദികളുടെ തീരങ്ങളിലും വെള്ളാരങ്കല്ലുകള്‍ തിരഞ്ഞു നടന്നു. ചില നദികളില്‍ നിറച്ചും വെള്ളം, ചിലയിടങ്ങളില്‍ നദി വറ്റി വരണ്ടു കിടക്കുന്നു. വെള്ളം കുറവുള്ളിടത്തു കല്ലുകളില്ല. വെള്ളമുള്ളിടത്ത് ഉണ്ടോ എന്നറിയുകയില്ല. ചിലയിടങ്ങളില്‍ വഴുക്കലുള്ള കൂര്‍ത്ത പാറകള്‍, ഇറങ്ങി നോക്കുവാന്‍ കഴിയുന്നില്ല. മറ്റു ചിലയിടത്ത് ശക്തമായ ഒഴുക്ക്. പല നദികളുടെയും പല ഭാഗങ്ങളിലായി തിരഞ്ഞു നടന്നെങ്കിലും വെള്ളാരങ്കല്ലുകള്‍ കാണുവാനേ കഴിഞ്ഞില്ല. ഭാഗ്യമെന്നു പറയട്ടെ അപ്രതീക്ഷിതമായി നര്‍മ്മദാനദിയുടെ തീരത്ത് പോകുവാന്‍ ഒരു അവസരമുണ്ടായി. വെള്ളം കുറവായ സമയത്ത് നദിയുടെ മടിത്തട്ടില്‍ കല്ലുകള്‍ നിറഞ്ഞു കിടക്കുന്നത് കണ്ടു. നര്‍മ്മദാ നദിയെ വണങ്ങി രണ്ടു കൈകളും ചേര്‍ത്ത് ഒരു പിടി വാരിയെടുത്തു. തിരച്ചില്‍ തുടങ്ങി ഏകദേശം രണ്ടര വര്‍ഷത്തിനു ശേഷമാണ് വെള്ളാരങ്കല്ലുകള്‍ ലഭിച്ചത്. വര്‍ഷങ്ങളായി കണ്ണിലെ കൃഷ്ണമണി പോലെ ഈ കല്ലുകളെ സൂക്ഷിക്കുന്നു. ഈ കല്ലുകള്‍ ആരെയോ കാത്തിരിക്കുന്നു. ഈ കല്ലുകളും കാത്തിരിപ്പുമാണ് ഇന്ന് എന്റെ ഊര്‍ജ്ജം.'
ഫേസ്ബുക്കിലെ വിവരണം വായിച്ചപ്പോള്‍ ചില ഓര്‍മ്മകള്‍ പതഞ്ഞു പൊങ്ങി. തന്‍റെ ജീവിതത്തിലുണ്ടായ വെള്ളാരങ്കല്ലുകളുടെ ഒരു ഓര്‍മ്മ. ഫേസ്ബുക്ക് ചികഞ്ഞു നോക്കിയപ്പോള്‍ വിനയന്‍റെ ഫോട്ടോ കണ്ട് ആളെ തിരിച്ചറിഞ്ഞു. നീളന്‍ മുടിയും കട്ടിമീശയും ഇപ്പോഴില്ല. ചെറിയ കഷണ്ടി വന്നു തുടങ്ങി. മുഖത്തുണ്ടായിരുന്ന പ്രസന്നത കാണുന്നില്ല. എന്തോ വിനയനെ കാണുവാനുള്ള ഒരു ആവേശമുണ്ടായി. സാങ്കേതിക വിദ്യയുടെ കാലഘട്ടമല്ലേ മേല്‍വിലാസം കണ്ടു പിടിക്കുവാന്‍ ബുദ്ധിമുട്ട് ഉണ്ടായില്ല. വിനയന് ഒരു സര്‍പ്രൈസ് കൊടുക്കണമെന്ന് ആഗ്രഹിച്ചു. മൂന്നാറിലേക്ക് ഒരു വിനോദയാത്ര ഉറപ്പിച്ചു, ഒപ്പം വര്‍ഷങ്ങള്‍ക്ക് ശേഷം വിനയനുമായി ഒരു കൂടിക്കാഴ്ച. ഒരുപാട് ചോദ്യങ്ങളും കുറെ വിശേഷങ്ങളുമായി.
'' മേഡം, സ്ഥലം എത്താറായീന്നു തോന്നുന്നു.'' ഡ്രൈവര്‍ കാറില്‍ നിന്നും ഇറങ്ങി അടുത്തു കണ്ട കടയില്‍ കയറി മേല്‍വിലാസം കൃത്യമായി ചോദിച്ചു മനസ്സിലാക്കി. കാര്‍ മുന്നോട്ടു നീങ്ങി.
കാര്‍ വിനയന്‍റെ വീടിനു മുമ്പിലെത്തി. കാറില്‍ നിന്നും ഇറങ്ങി വീടിന്‍റെ പറമ്പിലേക്ക് കയറുമ്പോള്‍ മൂകമായ അന്തരീക്ഷം അനുഭവപ്പെട്ടു. മുറ്റത്ത് ഒരു താര്‍പ്പോള വലിച്ചു കെട്ടിയിട്ടുണ്ട്. കുറച്ചു പ്ലാസ്റ്റിക് കസേരകള്‍ തലങ്ങും വിലങ്ങുമായി കിടക്കുന്നു. അവിടവിടെയായി ആളുകള്‍ ഇരുന്നു സംസാരിക്കുന്നു. അവിടെയിരുന്ന ഒരാള്‍ വന്ന് അവരെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അയാള്‍ അവരോട് ഒന്നും ചോദിച്ചില്ല, അവരും.
വീട്ടിലെ സ്വീകരണ മുറിയാകെ ശോകമയം. സോണാലി ചുറ്റും വീക്ഷിച്ചു. മേശയുടെ മുകളിലായി വിനയന്‍റെ ഫോട്ടോ മാലയിട്ടു വച്ചിരിക്കുന്നു. സോണാലിയുടെ ഹൃദയമിടിപ്പ് പെട്ടെന്ന് കൂടി. അവര്‍ അടുത്ത കിടന്ന കസേരയില്‍ ഇരുന്നു. ചൂട് അനുഭവപ്പെട്ട് കമ്പിളി പൊതപ്പ് ശരീരത്തില്‍ നിന്നും മാറ്റി.
അകത്തുനിന്ന് ഒരു യുവതി വന്നു.
'' ആരാണ്. ഇതുവരെ കണ്ടിട്ടില്ല.''
''വിനയന്‍റെ ക്ലാസ്സ്മേറ്റ് ആണ്. കുട്ടി ആരാണ്.''
''ഞാന്‍ മോളാണ്.''
''പെട്ടെന്ന് എന്ത് സംഭവിച്ചു.''
''രണ്ടു മൂന്നു മാസമായി കിടപ്പായിരുന്നു. പെട്ടെന്നാണ് പടര്‍ന്നത്. ആരോടും അച്ഛന്‍ ഒന്നും പറഞ്ഞിരുന്നില്ല. എന്നും എല്ലാ വിഷമവും ഉള്ളില്‍ ഒതുക്കുന്ന പ്രകൃതം ആയിരുന്നു.''
സോണാലി ഒന്നും മിണ്ടാതിരുന്നു. ചോദിക്കാന്‍ കരുതിയതിനൊന്നും ഇനി ഉത്തരമില്ല.
''കോളേജില്‍ അച്ഛന്‍റെ ഒപ്പം പഠിച്ച ആരെയും ഞങ്ങള്‍ കണ്ടിട്ടില്ല.'' മകള്‍ പരിഭവം അറിയിച്ചു.
''എന്നും എപ്പോഴും എല്ലാവരെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കൂട്ടുകാരനായിരുന്നു വിനയന്‍. നന്നായി പാട്ട് പാടുമായിരുന്നു.'' സോണാലി മകളുടെ ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചു.
''അച്ഛന്‍ പാടുമായിരുന്നു എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഒരിക്കല്‍ പോലും പാടുന്നത് പോയിട്ട് മൂളുന്നത് പോലും ഞാന്‍ കേട്ടിട്ടില്ല.''
വിനയന്‍ പാടുന്നത് ഒരിക്കലും കേട്ടിട്ടില്ല എന്നുകേട്ട് സോണാലി അത്ഭുതപ്പെട്ടു. പാട്ടു പാടാതെ വിനയന് ജീവിക്കാന്‍ കഴിയുമായിരുന്നോ?
''കുട്ടി എന്ത് ചെയ്യുന്നു?''
''ഡിഗ്രി കഴിഞ്ഞു. ആന്‍റി ഇവിടത്തെ കാര്യം എങ്ങിനെ അറിഞ്ഞു?''
''അറിഞ്ഞിരുന്നില്ല. ഇവിടെ എത്തിയപ്പോഴാണ് മനസ്സിലായത്. അറിഞ്ഞിരുന്നെങ്കില്‍ വരില്ലായിരുന്നു. സത്യം. '
അവര്‍ അവളുടെ കൈകള്‍ പിടിച്ചു. മുഖം നോക്കി. വിനയന്‍റെ നല്ല ഛായ.
''ചോദിക്കാന്‍ മറന്നു പോയി. മോളുടെ പേരെന്താണ്?''
''സോണാലി. സോണാലി വിനയന്‍.''
സോണാലി ഒരു നിമിഷം സ്തബ്ധയായി. അവരുടെ തൊണ്ടയില്‍ നിന്നും വാക്കുകള്‍ വരാതെയായി. ഇതിനിടയില്‍ കൊണ്ടുവന്ന ചായ കുടിച്ചു അവളെ അടുത്തിരുത്തി തലയില്‍ തലോടി. സ്വീകരണ മുറിയില്‍ ഇരുവരും തനിച്ചായി.
സോണാലി ഫോട്ടോയുടെ അടുത്ത് വന്നു നോക്കി, കൈകൂപ്പി. ഫോട്ടോയുടെ അടുത്തായി നല്ല ആകര്‍ഷകമായ ഒരു സ്ഫടിക കുപ്പിയില്‍ കുറെ ചെറിയ വെള്ളാരങ്കല്ലുകള്‍. അവരുടെ ഹൃദയമിടിപ്പ് ഒന്നുകൂടി കൂടി. സ്ഫടികക്കുപ്പി നോക്കി ചോദിച്ചു.

''ഇത്.''
''ഈ കല്ലുകള്‍ അച്ഛന്‍റെ ഭാഗ്യമാണെന്ന് പറഞ്ഞു സൂക്ഷിച്ചിരിക്കുകയായിരുന്നു.''
''ഇതെന്താ ഇവിടെ വച്ചിരിക്കുന്നത്.''
'' ഈ കല്ലുകള്‍ എപ്പോഴും അച്ഛനോടൊപ്പം ഉണ്ടായിരുന്നു. ഞാന്‍ ജനിക്കുന്നതിനു മുമ്പേ ഉണ്ടായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്. ദീര്‍ഘദൂര യാത്ര ചെയ്യുമ്പോള്‍ ഒരു പൗച്ചിലാക്കി കൊണ്ടുപോകും. അമ്മ ഇടയ്ക്കിടെ അത് മാറ്റി വെക്കുമ്പോള്‍ അച്ഛന്‍ ദേഷ്യപ്പെട്ടിരുന്നു. ഇനി അത് കാണാനും ദേഷ്യപ്പെടാനും ആരുമില്ല.'' അവള്‍ ചുമരില്‍ തൂങ്ങി കിടന്ന അവളുടെ അമ്മയുടെ ഫോട്ടോയില്‍ നോക്കി.
''കുട്ടിയുടെ അമ്മ.''
''കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് വിട്ടുപിരിഞ്ഞു. അണലിയെയാണ് ചവുട്ടിയത്.''
സോണാലി വീണ്ടും കസേരയില്‍ ഇരുന്നു.
''ഈ കല്ലുകള്‍ അച്ഛന്‍റെ ചിതയില്‍ ഇടണമെന്ന് അച്ഛന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒരു മാസം മുമ്പ് അത് സൂക്ഷിക്കണമെന്നും അതിന് ഒരു അവകാശി ഉണ്ടെന്നും അയാള്‍ വരുമ്പോള്‍ കൊടുക്കണമെന്നും പറഞ്ഞു. ഞാന്‍ തമാശയായി ചോദിച്ചു. അവകാശിയെ എങ്ങനെ അറിയും? അതെല്ലാം വഴിപോലെ മനസ്സിലാവുമെന്നും പറഞ്ഞു.''
സോണാലി മൗനമായിരുന്നു. അവരുടെ കണ്ണുകള്‍ ചെറുതായി ഈറനണിഞ്ഞ് പെട്ടെന്ന് ചുമന്നു. കവിളുകളും വല്ലാതെ ചുമന്നു. വല്ലാതെ കരച്ചില്‍ വരുന്നു. പിടിച്ചു നിര്‍ത്താന്‍ കഴിയുന്നില്ല, കരയാനും. തൊണ്ട ഇടറുന്നു.
''ആന്‍റിയുടെ പേര് ചോദിക്കാന്‍ മറന്നു. ഇപ്പോള്‍ എവിടെ നിന്നും വരുന്നു.''
''ബോംബെയില്‍ നിന്നും. ഇന്നലെ മൂന്നാറിലെത്തി.''
''പേര് പറഞ്ഞില്ല.''
''സോണാലി.''
''ആന്‍റിയുടെ പേരാണ് ചോദിച്ചത്.''
''സോണാലി ചന്ദ്രശേഖര്‍.'' വിനയന്‍റെ ഫോട്ടോ നോക്കിക്കൊണ്ട് പറഞ്ഞു.
മകള്‍ സോണാലിയെയും സ്ഫടികക്കുപ്പിയും മാറി മാറി നോക്കി. അവള്‍ക്ക് എന്തൊക്കെയോ പൊരുത്തക്കേട് തോന്നി. സോണാലി കണ്ണുകള്‍ അടച്ചിരുന്നു. മൂന്നു നാല് തുള്ളി കണ്ണുനീര്‍ കവിളിലൂടെ ഒഴുകാന്‍ തുടങ്ങി. തോളില്‍ കിടന്നിരുന്ന ഷാള്‍ കൊണ്ട് കണ്ണുനീര്‍ തുടച്ചു. കണ്ണുനീര്‍ വരുത്താതിരിക്കാനുള്ള ശ്രമം വിഫലമായി. അവര്‍ സ്ഫടികക്കുപ്പിയില്‍ തന്നെ നോക്കിയിരുന്നു.
'ഇത്രയും കാലമായിട്ടും എന്നെ ഓര്‍ത്തിരിക്കുകയായിരുന്നോ? എനിക്ക് ഇതുവരെ അതിനു കഴിഞ്ഞില്ലല്ലോ. ജീവനോടെ ഒന്ന് കാണാന്‍ പോലും. പക്വത ഇല്ലാത്ത പ്രായത്തില്‍ എന്തോ തമാശയ്ക്ക് പറഞ്ഞത് ഇത്രയും ഗൗരവത്തില്‍ എടുത്തുവോ ' അവര്‍ മനസ്സില്‍ പറഞ്ഞു.
മകള്‍ ചുറ്റും നോക്കി, അവിടെ ആരുമില്ല. അവള്‍ മേശയില്‍ നിന്നും സ്ഫടികക്കുപ്പി എടുത്തു സോണാലിയുടെ മുമ്പിലെത്തി.
ഒരു നിമിഷം സോണാലി സ്തബ്ധയായി. പിന്നെ രണ്ടു കൈകളും നീട്ടി അപേക്ഷിച്ചു. ''അത് എനിക്ക് തന്നോളൂ. ഞാനിത് പൊന്നുപോലെ സൂക്ഷിച്ചോളാം, എന്‍റെ ജീവന്‍പോലെ.''
മകള്‍ രണ്ടു കൈകളും ചേര്‍ത്ത് സ്ഫടികക്കുപ്പി അവര്‍ക്ക് കൊടുത്തു. അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. ആ കുട്ടിയുടെ മുഖത്ത് പലവിധ ഭാവവ്യത്യാസം ഒരേ സമയം കാണുകയുണ്ടായി. എന്നാല്‍ അതെന്താണെന്ന് കൃത്യമായി തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
സോണാലി വെള്ളാരങ്കല്ലുകള്‍ സ്ഫടികക്കുപ്പിയില്‍ നിന്നും സാവധാനം പുറത്തെടുത്തു. പല വര്‍ണ്ണങ്ങളിലുള്ള അതിമനോഹരവും മിനുസ്സവുമായ ഒരുപിടി കല്ലുകള്‍. കല്ലിലും കുപ്പിയിലും ഒരു തരി പൊടിപോലുമില്ല. ആ കല്ലുകളിലേയ്ക്ക് നോക്കിയപ്പോള്‍ അവരുടെ കണ്ണുകളില്‍ നിന്നും ഉത്ഭവിച്ച അശ്രുകണങ്ങള്‍ കവിളുകളില്‍കൂടി ഒഴുകി താടിയില്‍ നിന്നും വേര്‍പെട്ട് ആ കല്ലുകളില്‍ പതിച്ചു അതിനെ തഴുകി കഴുകി പവിത്രമാക്കി.
സോണാലി വീട്ടില്‍ നിന്നും ഇറങ്ങി കാറില്‍ കയറുമ്പോള്‍ വിനയന്‍റെ മകളുടെ നെറ്റി തടവി അവളെ സ്വാന്തനിപ്പിച്ചു പറഞ്ഞു:
''മോളെ ഞാന്‍ ഇനിയും വരും.''