Published:16 December 2022
സനല്‍ കുമാര്‍ ശശിധരന് സംവിധാനം ചെയ്ത് "വഴക്ക് ' രാജ്യാന്തരചലച്ചിത്രമേളയില്‍ ശ്രദ്ധ നേടുകയാണ്. ടൊവിനോ അഭിനയിച്ചതിനൊപ്പം നിര്‍മ്മാണത്തില്‍ പങ്കാളിയാകുകയും ചെയ്ത സിനിമയില്‍ അഡ്വ. സിദ്ധാര്ത്ഥന് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ മിനിട്ടുകളില്‍ തന്നെ അദ്ദേഹത്തിന്റെ സ്വഭാവം വ്യക്തമാക്കുന്ന സിനിമ മികച്ച കൈയടക്കത്തോടെയാണ് സനല്‍ അവതരിപ്പിച്ചിരിക്കുന്നത്.ഐഎഫ്എഫ് കെകളിലൂടെ സിനിമ കണ്ട് വളര്‍ന്ന സനല്‍ കുറച്ച് ഗ്യാപ്പിന് ശേഷമാണ് വീണ്ടും മേളയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.
ചുറ്റുപാടുകളോട് വളരെ കലഹിച്ചതിന് ശേഷം അദ്ദേഹത്തിന്റെതായി പുറത്തിറങ്ങുന്ന ചിത്രം കൂടിയാണ് വഴക്ക്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ വഴക്കുകളുടെ കഥയാണ് സിനിമ പറയുന്നത്. സിദ്ധാര്‍ത്ഥനും ഭാര്യയും ഡിവോഴ്സിന് തീരുമാനിച്ചിരിക്കുന്ന ദിവസം അയാള്‍ക്ക് ഒരു യാത്ര പോകേണ്ടി വന്നു. തിരിച്ച് വരുന്നതിനിടെ അയാള്‍ സതിയെയും മോളെയും വണ്ടിയില്‍ കയറ്റുന്നു. പിന്നീട് നടക്കുന്ന സംഭവങ്ങള്‍ കഥയെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുകയാണ്.ടൊവിനോയ്ക്ക് ഒപ്പം അസീസ് നെടുമങ്ങാട്, കനി കുസൃതി സുദേവ് നായര്‍ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.