Published:16 December 2022
വിവാദങ്ങൾ ഒരു വശത്ത് കത്തിക്കയറുമ്പോഴും പത്താനിലെ ബേഷറം രംഗ് എന്ന പാട്ട് കാഴ്ച്ചക്കാരുടെ എണ്ണത്തിൽ റേക്കോഡിട്ടിരിക്കുകയാണ്. 3 ദിവസം കൊണ്ട് 5 കോടിയിലധികം ആളുകളാണ് പാട്ട് കണ്ടിരിക്കുന്നത്. ദീപിക പദുക്കോണും ഷാരൂഖ് ഖാനും ഒന്നിച്ചെത്തിയ ഗാനം റിലീസായപ്പോൾ മുതൽ ട്രെൻഡിങ്ങിൽ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്.
ശിൽപ റാവു, കരാലിസ മൊണ്ടേരിയോ, വിശാൽ, ശേഖർ എന്നിവർ ചേർന്നാണു ഗാനം ആലപിച്ചത്. ദീപികയുടെ ഹോട്ട് ലുക്കാണ് ഗാനത്തിന്റെ പ്രധാന ആകർഷണം. ഗാനത്തിലെ ദീപികയുടെ വസ്ത്രത്തെ ചൊല്ലിയാണ് വിവാദങ്ങൾ മുറുകുന്നത്. വസ്ത്രത്തിന്റെ നിറമാണ് വിഷയം. കാവി നിറത്തിലുള്ള വസ്ത്രം ഹിന്ദുത്വത്തെ അപമാനിക്കുന്നതാണെന്നാണ് പ്രധാന വിമർശനം.
2023 ജനുവരിലാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിലെ ഗാനം ഒഴുവാക്കിയാൽ മാത്രമേ മധ്യപ്രദേശിൽ റിലീസിങ്ങിന് അനുവദിക്കു എന്നാണ് മധ്യ പ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ പ്രതികരണം.
വീര്‍ ശിവജി എന്ന സംഘടന അംഗങ്ങൾ ഷാരൂഖ് ഖാന്റേയും ദീപികയുടേയും കോലം കത്തിച്ച് പ്രതിഷേധിച്ചിരുന്നു. ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നും സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്നുമാണ് അവരുടെ ആവശ്യം.