Published:19 December 2022
ന്യൂഡല്‍ഹി: അര്‍ജന്റീനയുടെ ലോകകപ്പ് നേട്ടത്തിൽ അഭിനന്ദിച്ച ട്വീറ്റിൽ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് എംപി അബ്ദുള്‍ ഖലീഹി. അര്‍ജന്റീനയുടെ ഇതിഹാസ നായകന് ലയണല്‍ മെസിയുടെ ജന്മനാട് അസം എന്നാണ് അബ്ദുള്‍ ഖലീഹി ട്വീറ്റിൽ കുറിച്ചത്. നിമിഷങ്ങൾക്കുള്ളിൽ ട്വീറ്റ് വൈറലായി.
''ലോകകപ്പ് നേടിയതിന് നിങ്ങളെ ഹൃദയത്തിൻ്റെ ഭാഷയില്‍ അഭിനന്ദിക്കുന്നു മെസി, നിങ്ങളുടെ അസം ബന്ധത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു എന്നായിരുന്നു അബ്ദുള്‍ ഖലീഹി ട്വീറ്റ് ചെയ്തത്. പിന്നാലെ മെസിയുടെ അസം ബന്ധം എന്താണെന്ന മറ്റൊരാളുടെ ട്വീറ്റിന് ''മെസി ജനിച്ചത് അസമിലാണെന്നായിരുന്നു'' അബ്ദുള്‍ ഖലീഹിയുടെ മറുപടി ട്വീറ്റ്.
ട്വീറ്റിൽ അമളിപറ്റിയ വിവരം മനസിലാക്കിയ അബ്ദുള്‍ ഖലീഹി പോസ്റ്റ് ഡിലീറ്റ് ചെയ്തു എന്നാൽ നിമിഷ നേരംകൊണ്ട് ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരുന്നു. ട്വീറ്റിന് താഴെ നിരവധിപേരാണ് കമന്റുമായി രംഗത്തെത്തിയത്. ലോകകപ്പ് നേടിയ മെസി ഭാര്യയും ഒത്ത് അസമിലേക്ക് വരുന്നുണ്ടെന്നും താങ്കള്‍ അവിടെ ഉണ്ടാകണമെന്നുമാണ് ഒരാളുടെ രസകരമായ കമന്റ്. മെസി എൻ്റെ ക്ലാസ്മേറ്റായിരുന്നു എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. എന്നാൽ ഇതുവരെ അബ്ദുള്‍ ഖലീഹി ട്വീറ്റിൻ്റെ വിശദീകരണം നൽകിയിട്ടില്ല.