Published:05 January 2023
മൊറോക്കോ: വിയന്ന ആസ്ഥാനമായി 2016-ൽ രൂപം കൊണ്ട ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ വേൾഡ് മലയാളി ഫെഡറേഷൻ വടക്കെ ആഫ്രിക്കൻ രാജ്യമായ മൊറോക്കയിൽ തുടക്കമായി. ഗ്ലോബൽ ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേലിന്റെ മൊറോക്കോ സന്ദർശനത്തോടനുബന്ധിച്ച് മരക്കേഷിലെ ചിക്കാൻഡി റസ്റ്റോറൻറിൽ വച്ച് കൂടിയ യോഗത്തിലായിരുന്നു പ്രഖ്യാപനം.
162 രാജ്യങ്ങളിൽ സാന്നിദ്ധ്യമുള്ള ഡബ്ലിയുഎംഎഫ് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾക്കും മറ്റുപൊതുസമൂഹത്തിനും എങ്ങിനെ പ്രയോജനപ്പെടുന്നുവെന്ന് ഡോ.പ്രിൻസ് പള്ളിക്കുന്നേൽ തൻറെ മുഖ്യപ്രഭാഷണത്തിൽ വിശദീകരിച്ചു.
ജാതി മത രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ പ്രവൃത്തിക്കുന്ന ഡബ്ലിയുഎംഎഫ്, മൊറോക്കോയിൽ വരും കാലങ്ങളിൽ നല്ല നിലയിലുള്ള പ്രവർത്തനങ്ങൾ കാഴ്ച്ചവയ്ക്കാൻ ശ്രമിക്കുമെന്ന് യോഗത്തിൽ പങ്കെടുത്തവർ ചർച്ചയിൽ അഭിപ്രായപ്പെട്ടു. വിദേശ യാത്രയിലായിരുന്ന നാഷണൽ കോഡിനേറ്റർ സുനീർ കാണ്ടി വീഡിയോ കോൺഫെറെൻസിങ്ങിലൂടെ ആശംസകൾ നേർന്നു സംസാരിച്ചു.
പ്രളയവും കോവിദഃ മഹാമാരിയും മൂലം കഷ്ടത അനുഭവിച്ച ലോകമെമ്പാടുമുള്ള മലയാളികൾക്ക് സാന്ത്വനമേകാൻ ഡബ്ലിയുഎംഎഫ് എന്നും കൂടെ ഉണ്ടായിരുന്നു. ഉക്രൈൻ യുദ്ധത്തിൽ അകപ്പെട്ടുപോയ നിരവധി മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ മുൻപതിയിൽ നിന്ന സംഘടനയാണ് ഡബ്ലിയുഎംഎഫ്. ഇതിനുവേണ്ടി പ്രയത്നിച്ച ഡബ്ലിയുഎംഎഫ് പ്രവർത്തകർക്ക് ഇന്ത്യൻ പ്രധാന മന്ത്രിയുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റിയിരുന്നു.
പ്രഥമ ഡബ്ലിയുഎംഎഫ് യോഗത്തിൽ ഭാവി പ്രവർത്തനങ്ങൾക്കായി പുതിയ ഭാരവാഹികളായി സുനീർ കാൻഡി (നാഷണൽ കോഓർഡിനേറ്റർ), അബുബക്കർ ഇബ്ൻ ഉമർ (നാഷണൽ പ്രസിഡന്റ്), സജിത് വി നമ്പ്യാർ (സെക്രട്ടറി), റിഹാൻ പി.കെ (ട്രഷറർ), റിസ്വാൻ മോറിസ് (വൈസ് പ്രസിഡന്റ്), ആമിർ അബ്ദുൽ അസീസ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു.