Published:13 January 2023
ദുരന്താനന്തര പുനര്‍നിര്‍മാണത്തില്‍ ഏറ്റവും പ്രാധാന്യം വീടുകള്‍ക്കാണ്. എന്നാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍, അവശ്യസൗകര്യങ്ങളോടെ വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ പലപ്പോഴും സാധിക്കാറില്ല. അതിനൊരു പോംവഴി നിര്‍ദ്ദേശിച്ചിരിക്കുകയാണ് വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പിൻ്റെ ചെയര്‍മാനുമായ ആനന്ദ് മഹീന്ദ്ര. ലാസ് വെഗാസ് ആസ്ഥാനമായ ബോക്സബ്ള് എന്ന കമ്പനിയുടെ പോര്‍ട്ടബ്ള്‍ വീടിൻ്റെ വീഡിയോയാണ് ആനന്ദ് മഹീന്ദ്ര ട്വിറ്ററിലൂടെ പങ്ക് വച്ചിരിക്കുന്നത്. മടക്കിയെടുക്കാവുന്ന ഈ വീടിനു ദ കാസിറ്റ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.
An un-foldable, 500 sq ft house for about 40L rupees. Probably could be manufactured even cheaper in India. Perfect for post-disaster shelters also. Innovation is the answer to our problems of providing affordable homes. pic.twitter.com/1CRPPpvla1
— anand mahindra (@anandmahindra) January 12, 2023
ഒരു സ്റ്റുഡിയോ അപ്പാര്‍ട്ട്മെന്റിന്റെ വലുപ്പമുള്ള വീടിന്റെ വിസ്തീര്‍ണം 500 സ്ക്വയര്‍ ഫീറ്റ്. ഏകദേശം നാല്പതു ലക്ഷത്തോളം രൂപ ചെലവ് വരും. ഇതിലും കുറഞ്ഞ ചെലവില്‍ ഈ വീടുകള്‍ ഇന്ത്യയില്‍ നിര്‍മിച്ചെടുക്കാന്‍ സാധിക്കുമെന്നും ആനന്ദ് മഹീന്ദ്ര വീഡിയോക്കൊപ്പം പങ്കുവച്ച കുറിപ്പില്‍ പറയുന്നു. കുറഞ്ഞ സമയത്തിനുള്ള ഒരുക്കിയെടുക്കാനും സാധിക്കും. വീട് ഒരുക്കിയെടുക്കുന്നതിൻ്റെ ടൈംലാപ്സ് വീഡിയോയാണ് മഹീന്ദ്ര പങ്കുവച്ചിരിക്കുന്നത്. ഒരു സാധാരണ വീട്ടിലുണ്ടാവുന്ന എല്ലാവിധ സൗകര്യങ്ങളും ഈ പോര്‍ട്ടബ്ള്‍ വീട്ടില്‍ ഉണ്ടാവും.
ആനന്ദ് മഹീന്ദ്ര ഈ വീഡിയോ പങ്കുവച്ചതോടെ നിരവധി പേരാണ് ലൈക്കും ഷെയറും ചെയ്തത്. തുക അല്‍പ്പം കൂടുതലാണെന്നും, ഇതിലും കുറഞ്ഞ ചെലവില്‍ മഹീന്ദ്ര ഗ്രൂപ്പിനു തന്നെ ഈ വീടുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ സാധിക്കുമെന്നുള്ള കമന്റുകൾ വീഡിയോക്ക് താഴെ നിറയുന്നുണ്ട്.