Published:13 January 2023
ഇന്ത്യ- 2, സ്പെയിൻ- 0
റൂര്‍ക്കല: ലോകകപ്പ് ഹോക്കിയിൽ ഇന്ത്യ ജയത്തോടെ തുടങ്ങി. രാത്രി നടന്ന പ്രാഥമിക റൗണ്ട് പോരാട്ടത്തിൽ ഇന്ത്യ സ്പെയിനിലെ ഏകപക്ഷീയമായ രണ്ടു ഗോളിനു പരാജയപ്പെടുത്തി. ഇന്ത്യക്കായി അമിത് രോഹിദാസും ഹാർദി സിങ്ങും ഗോളുകൾ നേടി. മലയാളി താരം പി.ആർ. ശ്രീജേഷിന്റെ ഗോൾ പോസ്റ്റിനു മുന്നിലെ പ്രകടനവും വളരെ മികച്ചതായി. ഈ വിജയത്തോടെ ഇന്ത്യ പൂള് ഡിയില്‍ രണ്ടാം സ്ഥാനത്തെത്തി. മൂന്ന് പോയന്റാണ് ഇന്ത്യയ്ക്കുള്ളത്. ഇംഗ്ലണ്ടാണ് ഒന്നാമത്. ഇംഗ്ലണ്ടിനും മൂന്ന് പോയന്റാണുള്ളതെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ അവര്‍ മുന്നിലെത്തി.
രണ്ട് ക്വാര്‍ട്ടര്‍ പിന്നിടുമ്പോള്‍ ഇന്ത്യ എതിരില്ലാത്ത രണ്ട് ഗോളിന് മുന്നിലായിരുന്നു. ആദ്യ ക്വാര്‍ട്ടറില്‍ ഇന്ത്യയാണ് ആധിപത്യം പുലര്‍ത്തിയത്. നിരന്തരം ആക്രമിച്ച് കളിച്ച് ഇന്ത്യ സ്പാനിഷ് പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചു. 12-ാം മിനിറ്റില്‍ ഇന്ത്യയ്ക്ക് അനുകൂലമായി പെനാല്‍റ്റി കോര്‍ണര്‍ വന്നു. എന്നാല്‍ ഈ അവസരം മുതലാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല.
എന്നാല്‍ 13-ാം മിനിറ്റില്‍ ഇന്ത്യ സ്പാനിഷ് പ്രതിരോധം പൊളിച്ച് ഗോളടിച്ചു. അമിത് രോഹിദാസാണ് ഇന്ത്യയ്ക്ക് വേണ്ടി വലകുലുക്കിയത്. പെനാല്‍റ്റി കോര്‍ണറിലൂടെയാണ് ഗോള്‍ പിറന്നത്. ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ 200-ാം ഗോള്‍ കൂടിയാണിത്. വൈകാതെ ആദ്യ ക്വാര്‍ട്ടര്‍ അവസാനിച്ചു.രണ്ടാം ക്വാര്‍ട്ടറില്‍ 11-ാം മിനിറ്റില്‍ സ്പെയിനിന്റെ ഗോളെന്നുറച്ച ഷോട്ട് മലയാളി ഗോള്‍കീപ്പര്‍ പി.ആര്.ശ്രീജേഷ് അത്ഭുതകരമായി രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ ഇന്ത്യയുടെ വക അടുത്ത ഗോള്‍. 12-ാം മിനിറ്റില്‍ ഹാര്‍ദിക് സിങ്ങാണ് ഇന്ത്യയ്ക്ക് വേണ്ടി വലകുലുക്കിയത്. മികച്ച മുന്നേറ്റത്തിലൂടെയാണ് താരം ഗോളടിച്ചത്. ആദ്യ രണ്ട് ക്വാർട്ടറിലും ഇന്ത്യയ്ക്ക് സമ്പൂർണ ആധിപത്യമുണ്ടായിരുന്നു. ഇന്നലെ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന ആദ്യമത്സരത്തില്‍ അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി.