Published:15 January 2023
വെറുത്ത് വെറുത്ത് ഒടുവില്‍ ഉള്ളിയെ സ്നേഹിച്ചു പോയി എന്ന അവസ്ഥയിലാണ് ശ്രീലങ്ക. ഫുഡ് ഡെലിവറി ആപ്ലിക്കേഷനായ ഊബര്‍ ഈറ്റ്സിന്റെ ശ്രീലങ്കയിലെ പോയവര്‍ഷത്തെ ഓര്‍ഡറുകളുടെ ശീലങ്ങള്‍ പുറത്തുവന്നപ്പോഴാണ് രസകരമായ ഇക്കാര്യം വ്യക്തമായത്. 2022ല്‍ ശ്രീലങ്കയിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്ത പലവ്യഞ്ജന ഐറ്റത്തില്‍ ഉള്ളിയുണ്ട്. അതേസമയം ഭക്ഷണവിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതും ഉള്ളി തന്നെ. ഉള്ളിയോട് ലവ്-ഹേറ്റ് റിലേഷന്‍ഷിപ്പിലാണ് ദ്വീപ് രാജ്യം. 2022ലെ ഊബര്‍ ക്രേവിങ് റിപ്പോര്‍ട്ടിലാണ് രസകരമായ ഭക്ഷണശീലങ്ങള്‍ വ്യക്തമായത്.
ഏറ്റവും കൂടുതല്‍ ചായപ്പൊടി കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ശ്രീലങ്ക. എന്നാല്‍ ദ്വീപ്നിവാസികള്‍ക്ക് പ്രിയം ഐസ്ഡ് കോഫിയോടാണ്. പാനീയങ്ങളില്‍ ഐസ്ഡ് കോഫിയാണ് മുന്‍പന്തിയില്‍. അല്‍പ്പം എരിവും പുളിയും വേണം, പഞ്ചസാര ഒഴിവാക്കണം എന്ന ആവശ്യമൊക്കെ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ നല്കിയവരുമേറെ. ഇക്കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുമ്പോള്‍ വളരെയധികം എളിമ പ്രകടിപ്പിച്ചിരുന്നു ശ്രീലങ്കക്കാര്‍. ബഹുഭൂരിപക്ഷം പേരും പ്ലീസ് എന്നു ചേര്‍ത്തേ ഇത്തരം നിര്‍ദ്ദേശങ്ങള്‍ നല്‍കാറുള്ളൂ.
ഗ്രോസറി ഐറ്റത്തില്‍ തക്കാളിയും ക്യാരറ്റും ബീന്സുമൊക്കെയുണ്ട്. ചെറുകടികളില്‍ പ്രിയം ചിക്കന്‍ പഫ്സ്, ഫിഷ് ബണ്‍ എന്നിവ. സ്പൈസി ചിക്കന്‍ സബ്, മിക്സഡ് ഫ്രൈഡ് റൈസ് തുടങ്ങിയവയാണ് ഡിഷുകളില്‍ ഇടംപിടിച്ചത്.
ഊബര്‍ ഈറ്റ്സ് വഴി ഒരേ റെസ്റ്റോറന്റില്‍ നിന്നും 294 പ്രാവശ്യം ഓര്‍ഡര്‍ ചെയ്തയാളും, സിംഗിള്‍ ഓര്‍ഡറില്‍ 62,000ല്‍ അധികം രൂപയുടെ സാധനങ്ങള്‍ വാങ്ങിയയാളുമുണ്ട്. 2022ല്‍ ഡെലിവറി ഏജന്റുമാര്‍ക്ക് ശ്രീലങ്ക ടിപ്പ് ആയി നല്‍കിയത് എട്ടു കോടിയിലധികം ശ്രീലങ്കന്‍ റുപ്പിയാണ്.