Published:18 January 2023
കൊച്ചി: അടുത്ത സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് മാംസഭക്ഷണവും വിളമ്പുമെന്ന പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രഖ്യാപനത്തിനു പിന്നാലെ, വിവിധ വിവാദങ്ങളും ചര്‍ച്ചകളും തലപൊക്കുന്നു. ഏതാനും ദിവസത്തെ ഇടവേളയ്ക്കും ശാന്തതയ്ക്കും ശേഷം, കോഴിയിറച്ചിയും പന്നിയിറച്ചിയും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇപ്പോള്‍ ഗംഭീരമായി ആരംഭിച്ചിരിക്കുന്നത്.
കലോത്സവത്തിനാവശ്യമായ മുഴുവന്‍ കോഴിയിറച്ചിയും സൗജന്യമായി നല്കാന് തയാറാണെന്ന് ഒരു സംഘടന പത്രസമ്മേളനത്തിലൂടെ പ്രഖ്യാപിച്ചതോടെ, പന്നിയിറച്ചി തങ്ങള്‍ സൗജന്യമായി നല്‍കാമെന്ന വാഗ്ദാനവുമായി മറ്റു ചില സംഘടനകളും രംഗത്തെത്തി. അടുത്ത സംസ്ഥാന കലോത്സവത്തിന് മാംസഭക്ഷണം വിളമ്പുന്നുണ്ടെങ്കില്‍ ആവശ്യമായ കോഴിയിറച്ചി സൗജന്യമായി നല്കാന് തയാറെന്നു പൗള്‍ട്രി ഫാര്‍മേഴ്സ് ട്രേഡേഴ്സ് സമിതി സംസ്ഥാന ഭാരവാഹികള്‍ കഴിഞ്ഞദിവസം തൃശൂരിലാണ് അറിയിച്ചത്. സംസ്ഥാനത്ത് എവിടെ കലോത്സവം നടന്നാലും ആവശ്യമായത്ര മികച്ച ഇറച്ചി എത്തിക്കാന്‍ സന്നദ്ധമാണെന്ന് സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി, സെക്രട്ടറി ടി.എസ്. പ്രമോദ് എന്നിവര്‍ പറഞ്ഞു. സിപിഎം നേതൃത്വം നല്കുന്ന കേരള വ്യാപാരി വ്യവസായി സമിതിയുടെ നേതാവു കൂടിയാണ് ബെന്നി ഇമ്മട്ടി.
ഇതിനു പിന്നാലെ, സ്കൂള്‍ കലോത്സവങ്ങള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ മാംസഭക്ഷണം വിളമ്പിയാല്‍ അതിനാവശ്യമായ പന്നിയിറച്ചി സൗജന്യമായി ക്രിസ്ത്യന്‍ അസോസിയേഷന് ആന്‍ഡ് അലൈയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസ) നല്‍കുമെന്ന് സംഘടനയുടെ ഫെയ്സ്ബുക്ക് പേജില്‍ വ്യക്തമാക്കി. വരുന്ന 3 സംസ്ഥാന കലോത്സവങ്ങള്‍ക്ക് സൗജന്യമായി കേരളത്തില്‍ എവിടെയായാലും ആരോഗ്യവകുപ്പിനെ കൊണ്ട് സാക്ഷ്യപ്പെടുത്തിയ ശുദ്ധമായ പന്നിയിറച്ചി എത്തിച്ചു നല്‍കുമെന്നും കാസ പറയുന്നു.
കോഴിയിറച്ചി നല്‍കാമെന്ന പൗള്‍ട്രി ഫാര്‍മേഴ്സ് ട്രേഡേഴ്സ് അസോസിയേഷന്റെ വാഗ്ദാനമാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാസയ്ക്ക് പ്രചോദനമായതെന്നും, മാംസാഹാരം വിളമ്പുമ്പോള്‍ എല്ലാത്തരം മാംസാഹാരവും വിളമ്പേണ്ടതുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി.
''കോഴിയിറച്ചിയും കോഴി ബിരിയാണിയും കഴിക്കാത്ത കുട്ടികള്‍ക്ക് പന്നിമാംസം കഴിക്കാനുള്ള സൗകര്യം ഒരുക്കേണ്ടതുണ്ട്. പന്നിമാംസം അതില്‍ അടങ്ങിയിരിക്കുന്ന വിവിധ മൂലകങ്ങളാല്‍ ഇത്തരം കലോത്സവങ്ങള്‍ക്ക് വളരെയധികം പ്രയോജനപ്പെടും. പന്നിമാംസത്തില്‍ വിറ്റാമിന്‍ ബി6, ബി12, ഇരുമ്പുസത്ത്, നിയാസിന് ബി3, തിയാമിന്‍ ബി1 തുടങ്ങിയവ അടങ്ങിയതിനാല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ക്ഷീണം അകറ്റുവാനും നല്ല എനര്‍ജി ലഭിക്കുവാനും സഹായിക്കും. സ്കൂള്‍ കലോത്സവങ്ങള്‍ക്ക് പന്നിമാംസം സൗജന്യമായി നല്‍കുന്നത് സംബന്ധിച്ച് പന്നിഫാം ഉടമകളുമായി സംസാരിച്ചപ്പോള്‍ അവര്‍ പൂര്‍ണ സഹകരണമാണ് വാഗ്ദാനം ചെയ്തത്.
സ്കൂള്‍ കലോത്സവം എന്നു പറയുന്നത് എല്ലാ തലത്തിലുമുള്ള കുട്ടികളും അവരുടെ മാതാപിതാക്കളും അധ്യാപകരും മറ്റുള്ളവരുമെല്ലാം പങ്കെടുക്കുന്ന ഒരു വലിയ കലാമേളയാണ് . അവിടെ മാംസാഹാരം വിളമ്പും എന്നുള്ള വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാര്‍ഹം തന്നെ. അതുകൊണ്ടു തന്നെ 3 വര്‍ഷത്തേക്ക് കലോത്സവങ്ങള്‍ക്ക് പന്നിമാംസം സൗജന്യമായി നല്‍കുമെന്ന വാഗ്ദാനം ഔദ്യോഗികമായി വകുപ്പ് മന്ത്രിയെ നേരിട്ട് അറിയിക്കും''- കാസയുടെ പോസ്റ്റില്‍ പറയുന്നു.
ആന്റി ടെററിസം സൈബര്‍ വിങ് എന്ന സംഘടനയുടെ ഡയറക്റ്റര്‍ ജിജി നിക്സണും പന്നിയിറച്ചി കലോത്സവത്തിലേക്ക് സൗജന്യമായി നല്‍കുമെന്ന വാഗ്ദാനം ഫെയ്സ്ബുക്കിലൂടെ മുന്നോട്ടുവച്ചിട്ടുണ്ട്. കാസയുടെയും ജിജിയുടെയും പോസ്റ്റുകള്‍ക്കു താഴെ വലിയ തോതില്‍ വീണ്ടും കലോത്സവത്തിലെ നോണ്‍ വെജ് ഭക്ഷണം ചര്‍ച്ചയായിട്ടുമുണ്ട്.