Published:19 January 2023
സാധാരണമെന്നു നിസംശയം വിശേഷിപ്പിക്കാവുന്ന ഒരു യാത്രയുടെ, അസാധാരണമായൊരു തിരിയലില്‍ പ്രേക്ഷകനും ഒപ്പം നടന്നു തുടങ്ങുന്നു, ചോളപ്പാടങ്ങള്‍ക്കു നടുവിലെ ഉറക്കച്ചടവുള്ള ആ തമിഴ് ഗ്രാമത്തിലേക്ക്. ഒരു ഉച്ചയുറക്കത്തിൻ്റെ ചെറു ദൈര്ഘ്യത്തിനപ്പുറത്ത് കാത്തുനില്ക്കുന്ന, ചിന്തിക്കാനാവാത്ത സാഹചര്യങ്ങളിലേക്കുള്ള സഞ്ചാരം. മലയാള സിനിമയുടെയും, തൻ്റെ തന്നെയും പതിവു സിനിമാവഴികളില്‍ നിന്നും മാറിയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമ സഞ്ചരിക്കുന്നത്. ഒരു ചെറുകഥ പോലെ വ്യത്യസ്തമായ ആഖ്യാനം.
കേരളത്തിലെ പ്രൊഫഷണല്‍ നാടകട്രൂപ്പിൻ്റെ ഉടമയായ ജെയിംസിന്റേയും കുടുംബത്തിന്റേയും നാടകസംഘാംഗങ്ങളുടെയും വേളാങ്കണി തീര്‍ഥാടനത്തില്‍ നിന്നാണു കഥയുടെ തുടക്കം. തിരികെ മടങ്ങുന്നതിനിടെ എല്ലാവരും മയങ്ങുമ്പോള്‍, ചോളപ്പാടങ്ങള്‍ക്കു നടുവിലെ വഴിയില്‍ നാടകവണ്ടി നിര്‍ത്താന്‍ ജെയിംസ് ആവശ്യപ്പെടുന്നു. വാഹനത്തില്‍ നിന്നിറങ്ങുന്ന ജെയിംസ് പരിചിതവഴികളിലൂടെ എന്ന പോലെ ഒരു തമിഴ്ഗ്രാമത്തിലേക്ക് നടക്കുന്നു. എല്ലാവഴികള്ക്കും ഒരേ ഛായയുള്ള ഒരുള്‍നാടന്‍ തമിഴ്ഗ്രാമം.
ഗ്രാമത്തിലെത്തുമ്പോള്‍ ജെയിംസ് സുന്ദരമായി മാറുന്നു. കുറെക്കാലം മുമ്പ് വീട്ടില്‍നിന്നിറങ്ങി തിരികെ വരാത്ത ഒരു തമിഴ്ഗ്രാമീണനാണ് സുന്ദരം. കാണാതായിട്ട് ഏറെക്കാലമായതിനാല്‍ മരണപ്പെട്ടുവെന്നു വിധിയെഴുതിയ, കുടുംബത്തിന്റേയും നാട്ടുകാരുടെയും ഇടയില്‍ സുന്ദരം പുനര്‍ജനിക്കുന്നു. സുന്ദരമായി ജെയിംസിന്റെ പരകായപ്രവേശം. അവിടുത്തെ ഓരോ വ്യക്തിയേയും തെരുവുകളേയും സംഭവങ്ങളേയുമൊക്കെ സുന്ദരമായി മാറിയ ജെയിംസിനറിയാം.
പൂര്‍വകാലത്തെ ആ വാഹനത്തിലുപേക്ഷിച്ചിറങ്ങി നടന്ന ജെയിംസിനെ തേടി നാടകസംഘാംഗങ്ങളും കുടുംബാംഗങ്ങളും ആ ഗ്രാമത്തിലേക്കെത്തുന്നു. പിന്നെയങ്ങോട്ട് ജെയിംസിനെ നാട്ടിലേക്കും ഓര്‍മകളിലേക്കും തിരികെ കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍. ആ ഗ്രാമത്തിനും ജെയിംസിന്റെ കുടുംബത്തിനും പ്രേക്ഷകനും ഉള്‍ക്കൊള്ളാനാവാത്ത ഉള്‍ക്കിടിലത്തോടെയാണ് സിനിമയുടെ സഞ്ചാരം. ഭാഷയുടെയും നാടിന്റേയും അതിര്‍ത്തികളെ ഇല്ലാതാക്കി പരസ്പരം സ്നേഹിക്കുകയും തിരിച്ചറിയുകയും ചെയ്യുന്ന മനുഷ്യരുടെ കഥ കൂടിയാണ് നന്‍പകല്‍ നേരത്ത് മയക്കം.
പകര്‍ന്നാട്ടത്തില്‍ പകരം വയ്ക്കാനില്ലാത്ത നടനെന്ന വിശേഷണം ഊട്ടിയുറപ്പിക്കുകയാണു മലയാളത്തിന്റെ മഹാനടന്. വഴുതിവീഴാവുന്ന വൈകാരിക പ്രകടനങ്ങളുടെ വരമ്പുകളില്‍ പോലും അസാമാന്യമായ കൈയടക്കം. ജെയിംസായും സുന്ദരം എന്ന കഥാപാത്രമായും പ്രേക്ഷകനെ വിസ്മയിപ്പിക്കുന്നുണ്ട് മമ്മൂട്ടി.
സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ പഴയ തമിഴ് ക്ലാസിക്കല്‍ ചലച്ചിത്രസംഭാഷണങ്ങളും പാട്ടുകളുമൊക്കെയാണ് പശ്ചാത്തലമാവുന്നത്. സന്ദര്‍ഭത്തിന്റെ തീവ്രതയ്ക്കനുസരിച്ച് ഇഴചേര്‍ന്നൊഴുകുന്ന പശ്ചാത്തലസംഗീതം. പട്ടു നെയ്യുന്ന ചാരുതയോടെ അതിസൂക്ഷ്മമായിത്തന്നെ, ഓരോ രംഗത്തോടൊപ്പവും പശ്ചാത്തലസംഗീതത്തെ ചേര്‍ത്തുനിര്‍ത്തിയിരിക്കുന്നു. രംഗനാഥ് രവിയാണു ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍. തേനി ഈശ്വറിന്റെ ക്യാമറാക്കാഴ്ചകളിലും ഏച്ചുകെട്ടലുകളില്ല. സിനിമയുടെ സ്വഭാവത്തിനോടിണങ്ങി പകര്‍ത്തിയ ഫ്രെയ്മുകള് കാഴ്ചയുടെ വിരുന്നൊരുക്കുന്നു. ലിജോയുടെ കഥയില്‍ എസ്. ഹരീഷാണു ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
ഒട്ടേറെ തമിഴ് അഭിനേതാക്കള്‍ക്കൊപ്പം അശോകന്, രമ്യ പാണ്ഡ്യന്, രാജേഷ് ശര്‍മ്മ, പൂ രാം, രമ്യ സുവി തുടങ്ങിയവരും മികവാര്‍ന്ന പ്രകടനം തന്നെ ചിത്രത്തില്‍ കാഴ്ചവച്ചു. മമ്മൂട്ടി കമ്പനി, ആമേന്‍ ഫിലിം മൊണസ്ട്രി എന്നീ ബാനറുകളില്‍ മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വിതരണം വേഫേറര്‍ ഫിലിംസ്.