Published:20 January 2023
ബാഴ്സലോണ: ബാഴ്സലോണയുടെയും ബ്രസീലിന്റേയും മിന്നും താരമായിരുന്ന ഡാനി ആല്‍വസ് ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിൽ. 2022 ഡിസംബറില്‍ തനിക്കെതിരെ ഉയര്‍ന്ന പരാതിയിന്മേലാണ് ഡാനി ആല്‍വസിന്റെ അറസ്റ്റ്. ബാഴ്സലോണയിൽവച്ചാണ് ഇദ്ദേഹം അറസ്റ്റിലായതത്രേ. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31ന് ബാഴ്സലോണയിലെ ഒരു നൈറ്റ് ക്ലബില്‍ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം എന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.
ഡാനിയെ വിചാരണയ്ക്കായി ബാഴ്സലോണയിലെ കോടതിയില്‍ ഹാജരാക്കും. എന്നാല്‍ തനിക്കെതിരായ ലൈംഗികാരോപണങ്ങള്‍ ഡാനി ആല്‍വസ് നിഷേധിച്ചിട്ടുണ്ട്. 'സംഭവസ്ഥലത്ത് ഞാനുണ്ടായിരുന്നു. എന്റെ കൂടെ വേറെയും കുറെ പേരുണ്ടായിരുന്നു. ഞാന്‍ ഡാന്‍സ് ഇഷ്ടപ്പെടുന്ന ആളാണെന്ന് എന്നെ അറിയാവുന്നവര്‍ക്ക് അറിയാം. മറ്റാരുടേയും വ്യക്തിത്വത്തിലേക്ക് കടന്നുകയറാതെ ഞാന്‍ ഡാന്‍സ് ആസ്വദിക്കുകയായിരുന്നു. ആരോപണം ഉന്നയിച്ച വനിത ആരാണെന്ന് തനിക്കറിയില്ല' എന്നുമാണ് ഡാനി ആല്‍വസിന്റെ പ്രതികരണമായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ട്രോഫികള്‍ സ്വന്തമാക്കിയ താരമാണ് മുപ്പത്തിയൊമ്പതുകാരനായ ഡാനി ആല്‍വസ്.