Published:20 January 2023
കൊച്ചി: രാജ്യത്തെ റീട്ടെയ്ൽ വിപണി മികച്ച വളർച്ച നേടി കുതിക്കുന്നു. കൊവിഡ് കാലത്തിനു മുൻപുള്ള വിൽപ്പനയേക്കാൾ 16% വളർച്ചയാണ് ഡിസംബറിൽ വിപണിയിൽ ദൃശ്യമായത്. സാമ്പത്തിക മേഖലയിലെ മികച്ച മുന്നേറ്റവും വിപണിയിലെ പണലഭ്യത മെച്ചപ്പെട്ടതും റീട്ടെയ്ൽ വിപണിക്ക് കരുത്ത് പകരുന്നുവെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു.
അപ്പാരൻസ്, ഹോം ഡെക്കോർ ഉത്പന്നങ്ങൾ, ഫാസ്റ്റ് ഫുഡ് റസ്റ്ററന്റ്സ്, ഭക്ഷ്യ- ബെവ്റിജസ് ഉത്പന്നങ്ങൾ, സൗന്ദര്യവർധക സാമഗ്രികൾ, ബ്രാൻഡഡ് വസ്ത്രങ്ങൾ തുടങ്ങിയവയെല്ലാം മികച്ച വിൽപ്പനയാണ് കഴിഞ്ഞ ഡിസംബറിൽ നേടിയത്. സാങ്കേതികവിദ്യയുടെ വളർച്ചയും ഓൺലൈൻ വിപണനവും ഉപഭോക്താക്കളുടെ വാങ്ങൽ രീതികളിലുള്ള മാറ്റങ്ങളും റീട്ടെയ്ൽ വിൽപ്പന രംഗത്ത് വിപ്ലവകരമായ മുന്നേറ്റമാണ് സൃഷ്ടിക്കുന്നത്. പശ്ചാത്യ രാജ്യങ്ങളിലെ പോലെ സിംഗിൾ യൂസ് രീതികൾ ഇന്ത്യയിലും അതിവേഗം വളരുകയാണെന്ന് ഒരു പ്രമുഖ റീട്ടെയ്ൽ ബ്രാൻഡിന്റെ കേരളത്തിലെ തലവൻ പറഞ്ഞു.
വൻകിട റീട്ടെയ്ൽ ബ്രാൻഡുകൾ നഗരങ്ങൾക്കൊപ്പം ഗ്രാമ പ്രദേശങ്ങളിലേക്കും അതിവേഗം ബിസിനസ് വ്യാപിപ്പിക്കുന്നതിനാൽ അസംഘടിത മേഖലയിലെ ചെറുകിട വ്യാപാരികളുടെ വിപണി വിഹിതത്തിൽ കഴിഞ്ഞ 3 വർഷത്തിനിടെ 40 ശതമാനത്തിലധികം ഇടിവുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലുള്ള ചെറുകിട കച്ചവടക്കാർ പലരും ബ്രാൻഡഡ് ഷോറൂമുകളുടെ ലേ ഔട്ടിലേക്ക് മാറി ബിസിനസ് മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്.
ആഗോള ഭീമന്മാരായ ആമസോണും വാൾമാർട്ടും മുതൽ ഇന്ത്യയിലെ വമ്പൻ കോർപ്പറേറ്റുകളായ റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ സൺസ്, ആദിത്യ ബിർള , ലുലു ഗ്രൂപ്പ് തുടങ്ങിയവയെല്ലാം രാജ്യത്തെ റീട്ടെയ്ൽ വിപണിയിലെ മികച്ച വളർച്ച കണക്കിലെടുത്ത് വൻ നിക്ഷേപമാണ് ഈ മേഖലയിലേക്ക് ഒഴുക്കുന്നത്. റീട്ടെയ്ൽ വിപണിയിലെ മത്സരം ശക്തമായതോടെ ഉപഭോക്താക്കൾക്കും മികച്ച നേട്ടങ്ങൾ ലഭിക്കുന്നു. ടെക്നോളജിയുടെ സഹായത്തോടെ മികച്ച പർച്ചേസുകൾ നടത്തുന്ന ഉപഭോക്താക്കൾക്ക് കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളും വില ഇളവുകളുമാണ് വൻകിട ബ്രാൻഡഡ് റീട്ടെയ്ൽ സ്ഥാപനങ്ങൾ ലഭ്യമാക്കുന്നത്.
റീട്ടെയ്ൽ വിപണിയിലെ വൻ വളർച്ച രാജ്യത്തെ കർഷകർക്കും ചെറുകിട, ഇടത്തരം വ്യവസായ ഉത്പാദകർക്കും മികച്ച നേട്ടങ്ങളാണ് നൽകുന്നതെന്ന് ഡൽഹി ആസ്ഥാനമായ ഒരു പ്രമുഖ എൻജിഒയിലെ ഗവേഷകനായ റെജി ജോസഫ് പറയുന്നു. ഈ രംഗത്തെ മത്സരം ശക്തമായതോടെ മികച്ച വില നൽകി ഗുണമേന്മയുള്ള ഉത്പന്നങ്ങൾ വാങ്ങാൻ വൻകിട കോർപ്പറേറ്റുകൾ മടി കാട്ടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നിലവിൽ രാജ്യത്തെ പുതിയ തൊഴിൽ അവസരങ്ങളിൽ പത്ത് ശതമാനത്തിലധികം വൻകിട ബ്രാൻഡഡ് സ്ഥാപനങ്ങളാണ് സൃഷ്ടിക്കുന്നതെന്നും റെജി ജോസഫ് കൂട്ടിച്ചേർത്തു.