Published:21 January 2023
സ്വന്തം വീട്ടില്‍ കള്ളന് കയറുന്നതുവരെ കള്ളനോളം വലിയ കൗതുകമില്ല. മോഷണം കലയാണെന്നും വൈദഗ്ധ്യം ആവശ്യമുള്ള പണിയാണെന്നുമൊക്കെ വിശേഷിപ്പിക്കുന്നവരും ധാരാളം. ഇപ്പോള്‍ പട്നയില്‍ നിന്നൊരു മോഷണക്കഥ പുറത്തുവരുന്നുണ്ട്. പട്നയിലെ സബ്സിബാഗില്‍ കള്ളന്മാര് മോഷ്ടിച്ചതൊരു മൊബൈല്‍ ടവറാണ്. 29 അടി ഉയരമുള്ള ടവര്‍ വളരെ നൈസായിട്ടങ്ങ് അടിച്ചുമാറ്റി കൊണ്ടുപോയി. മോഷ്ടാക്കളെക്കുറിച്ച് ഇതുവരെ പൊലീസിന് ഒരു വിവരവും കിട്ടിയിട്ടില്ല. ടവര്‍ മോഷ്ടിക്കപ്പെട്ടുവെന്ന വിവരം കമ്പനി അറിഞ്ഞതു തന്നെ നാലു മാസത്തിനു ശേഷമാണ്.
സംഭവം ഇങ്ങനെ. 2006ല്‍ ഷഹീര്‍ ഖയൂം എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ എയര്‍സെല്‍ കമ്പനി സ്ഥാപിച്ച ടവറായിരുന്നു ഇത്. പിന്നീട് ജിടിഎല്‍ കമ്പനിക്ക് വിറ്റു. നാലു മാസങ്ങള്‍ക്ക് മുമ്പ് കമ്പനിയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരെന്ന വ്യാജേനെ ഒരു സംഘം എത്തി ടവര്‍ അഴിച്ചു മാറ്റി കൊണ്ടു പോവുകയായിരുന്നു. അധികം വൈകാതെ പുതിയ ടവര്‍ സ്ഥാപിക്കുമെന്ന് ഉടമയെ അറിയിക്കുകയും ചെയ്തു. കമ്പനിയിലെ യഥാര്‍ഥ ഉദ്യോഗസ്ഥര്‍ ടവറിന്റെ അറ്റകുറ്റപണികള്‍ക്കായി എത്തിയപ്പോഴാണ് മോഷണകഥ പുറത്തുവന്നത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.