Published:21 January 2023
കൊച്ചി: കുതിച്ചുയരുന്ന നാണയപ്പെരുപ്പം നേരിടാന്‍ റിസര്‍വ് ബാങ്ക് തുടര്‍ച്ചയായി മുഖ്യ പലിശ നിരക്കില്‍ വരുത്തിയ വർധന മുതലാക്കി രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ വന്‍ ലാഭം നേടുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം ത്രൈമാസക്കാലയളവില്‍ രാജ്യത്തെ മുന്‍നിര ബാങ്കുകളുടെ അറ്റ ലാഭത്തില്‍ സ്വപ്ന സമാനമായ വർധനയാണുണ്ടായത്. അറ്റ പലിശ മാര്‍ജിന്‍ ഗണ്യമായി മെച്ചപ്പെട്ടതാണ് ബാങ്കുകള്‍ക്ക് ലോട്ടറിയായതെന്ന് അവരുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കൊവിഡ് രോഗ വ്യാപനത്തിനു മുമ്പ് ബിസിനസിലും ലാഭത്തിലും തുടര്‍ച്ചയായി തിരിച്ചടി നേരിട്ടിരുന്ന സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍ പലതും രണ്ട് വര്‍ഷത്തിനുള്ളില്‍ മികച്ച പ്രകടനത്തിലേക്ക് മടങ്ങിയെത്തുകയാണ്. രാജ്യാന്തര മേഖലയിലെ രാഷ്ട്രീയ അസന്തുലിതാവസ്ഥയും വിവിധ കേന്ദ്ര ബാങ്കുകള്‍ പ്രഖ്യാപിച്ച ഉത്തേജക പാക്കെജുകളുടെയും ബലത്തില്‍ ഇന്ത്യന്‍ സാമ്പത്തിക മേഖല മികച്ച വളര്‍ച്ചയിലേക്ക് മടങ്ങിയെത്തിയതാണ് ബാങ്കുകളുടെ ബിസിനസിലും ലാഭത്തിലും ഉണര്‍വ് സൃഷ്ടിച്ചത്.
കഴിഞ്ഞവര്‍ഷം മേയ് മാസത്തിനു ശേഷം നാണയപ്പെരുപ്പം അപകടകരമായി ഉയര്‍ന്നതോടെ റിസര്‍വ് ബാങ്ക് പല തവണയായി മുഖ്യ പലിശ നിരക്ക് 2.25% വർധിപ്പിച്ചതോടെ സാമ്പത്തിക സ്ഥിരതയുള്ള വലിയ ബാങ്കുകളുടെ ലാഭക്ഷമത മെച്ചപ്പെടുകയാണ്. ഇതോടെ ഭവന, വാഹന, വ്യക്തിഗത, കോര്‍പ്പറേറ്റ് വായ്പകളുടെയെല്ലാം പലിശ നിരക്കില്‍ 2.5 ശതമാനം മുതല്‍ 3.5% വരെ വർധനയാണ് ബാങ്കുകള്‍ വരുത്തിയത്. അതേസമയം നിക്ഷേപങ്ങളുടെ പലിശ താരതമ്യേന കാര്യമായി കൂടിയിട്ടുമില്ല. അതിനാല്‍ പണക്കരുത്തുള്ള വലിയ ബാങ്കുകള്‍ക്കെല്ലാം പുതിയ സാഹചര്യം വന്‍ നേട്ടമുണ്ടാക്കാനുള്ള അവസരമായി മാറി.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിന്റെ അറ്റാദായം ഒക്റ്റോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്ന് മാസക്കാലയളവില്‍ 18.5% ഉയര്‍ന്ന് 12,259 കോടി രൂപയിലെത്തി. ബാങ്കിന്റെ അറ്റ പലിശ വരുമാനം ഇക്കാലയളവില്‍ 24.5% ഉയര്‍ന്നത്. അതേസമയം കിട്ടാക്കടങ്ങള്‍ കൂടാത്തതിനാല്‍ പ്രൊവിഷനിങ്ങിനായി കാര്യമായി പണം മാറ്റി വെക്കേണ്ടിയും വരുന്നില്ല.
മറ്റൊരു മുന്‍ നിര സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കിന്റെ അറ്റാദായം ഡിസംബര്‍ വരെയുള്ള മൂന്ന് മാസത്തില്‍ 34.2% ഉയര്‍ന്ന് 8, 312 കോടി രൂപയിലെത്തി. ബാങ്കിന്റെ അറ്റ പലിശ വരുമാനം ഇക്കാലത്ത് 35 ശതമാനമാണ് കൂടിയത്. പലിശ വരുമാനത്തിലെ മാര്‍ജിന്‍ 4.5 ശതമാനമായും ഉയര്‍ന്നിട്ടുണ്ട്. അതേസമയം ബാങ്കിന്റെ മൊത്തം കിട്ടാക്കടം കുറയുകയാണ്. സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ അറ്റാദായം ഒക്റ്റോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 31% വർധനയോടെ 2792 കോടി രൂപയായി. അറ്റ പലിശ വരുമാനം മുന്‍വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 30 ശതമാനമാണ് കൂടിയത്.